scorecardresearch

സഞ്ചാരപ്രിയർ, പ്രണയിനികൾ: എഞ്ചിനിയറിങ്, രാഷ്ട്രീയം, അധ്യാപനം ഈ നാളുകാര്‍ ശോഭിക്കുന്ന ജോലികൾ ഇവയാണ്

മൂലം മുതൽ രേവതി വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

മൂലം മുതൽ രേവതി വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Horoscope: ഓരോ നക്ഷത്രത്തിലും ജനിച്ച സ്ത്രീ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, എന്താണ് അവൾക്ക് ലോകം നൽകുന്ന അനുഭവം?

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം. 

ഗ്രഹങ്ങളിലും രാശികളിലും മാത്രമല്ല നക്ഷത്രങ്ങളിലുമുണ്ട്, പ്രപഞ്ചത്തിൻ്റെ ആ മധുരമനോഹരമായ അർദ്ധനരത്വവും അർദ്ധനാരീത്വവും ചേർന്ന മുഴുമനുഷ്യത്വം. 

Advertisment

27 നക്ഷത്രങ്ങളിൽ 14 എണ്ണം പുരുഷനക്ഷത്രം. 13 എണ്ണം സ്ത്രീനക്ഷത്രം. പക്ഷേ പുരുഷനിൽ സ്ത്രീയും, സ്ത്രീയിൽ പുരുഷനും അടങ്ങുന്നതുപോലെ ഓരോ നാളിലും അവിഭാജ്യമായ വിധത്തിൽ മനുഷ്യത്വം പൂർണ്ണത തേടുന്നത് കാണാനാവും.

ഇവിടെ ഓരോ നക്ഷത്രത്തിലും ജനിച്ച സ്ത്രീ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, എന്താണ് അവൾക്ക് ലോകം നൽകുന്ന അനുഭവം.? തണലിൻ്റെ കുട നൽകുകയാണോ ലോകം? അതോ ചവുട്ടിക്കയറാൻ ഊഷരമായ വഴിത്താര മുന്നിലേക്ക് നീട്ടിയിട്ടുകൊടുക്കുകയാണോ? അവളുടെ പഠിപ്പ് ? പ്രണയം? ദാമ്പത്യം? തൊഴിൽ അന്വേഷണത്തിൻ്റെ വിശദ വാങ്മയം ഈ ലേഖനത്തിൽ ഇതൾ വിടരുന്നു.

മൂലം മുതൽ രേവതി വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പൊതുസ്വഭാവം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. നക്ഷത്ര ചിന്തയിലെ വ്യത്യസ്തമായ 'തോന്ന്യാക്ഷരങ്ങൾ' (ഒ. എൻ.വിയുടെ പ്രയോഗം) എന്ന വിശേഷണം ഇവിടെ അനുരൂപമാവും.

മൂലം

Advertisment

നിരൃതിയാണ് നക്ഷത്രദേവത. വേരുകൾ എന്നാണ് മൂലം നാളിൻ്റെ ആശയം. വളരെ ദാർഢ്യമുള്ള ഹൃദയത്തിൻ്റെ ഉടമകളാവും. മുന്നോട്ടുവെച്ച കാൽ പിന്നോട്ട് എടുക്കില്ല.  പ്രതിസന്ധികളെ മൂലം നക്ഷത്രക്കാരികൾ ധൈര്യപൂർവ്വം നേരിടും.

കുടുംബാംഗങ്ങളുടെ ആശയങ്ങളെ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വിജയം കാണും. ഇവർക്ക് വൈകാരികമായ ചില പരാജയങ്ങൾ സംഭവിച്ചു കൂടായ്കയില്ല. പ്രണയത്തിൽ കബളിപ്പിക്കപ്പെടാം. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ സംഭവിക്കാം.

അസുരഗണ നക്ഷത്രമാണ് മൂലം.ഇവരുടെ ചില കടുംപിടിത്തങ്ങൾ അനുരഞ്ജനത്തിൻ്റെ വഴികളടയ്ക്കാം. സാധാരണക്കാർ പരാജയപ്പെടുന്ന തൊഴിൽ മേഖലകളിൽ മൂലം നക്ഷത്രജാത വിജയം വരിക്കുന്നതാണ്. 

സർക്കാർ, പോലീസ്, ഔഷധം, സൂപ്പർവൈസറി തസ്തിക, മൃഗപരിപാലനം, ഭക്ഷണ നിർമ്മാണം, സിവിൽ/ മെക്കാനിക് എഞ്ചിനിയറിംഗ് എന്നിവയിൽ മുന്നേറും.

പൂരാടം

ധനുക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂരാടം. പുരുഷ നക്ഷത്രവും മനുഷ്യഗണ നക്ഷത്രവും ആണ്. വസ്തുനിഷ്ഠമായ സമീപനമാവും, പൂരാടം നാളുകാരികളുടെ മുഖമുദ്ര. അതിവൈകാരികത ഉണ്ടാവില്ല. മറ്റുള്ളവരെ സഹായിക്കാൻ സ്വയം മുന്നോട്ടുവരുന്നതാണ്.

പക്ഷേ നന്ദികേടാവും പ്രതിഫലം. കുടുംബത്തിൻ്റെ ഉയർച്ചക്കായും അധ്വാനിക്കുന്നതാണ്. ഭൗതികവും ആത്മീയവുമായ താല്പര്യം ഒരുപോലെ കൂടെകൊണ്ടുപോവും. സ്നേഹവും ആർദ്രതയും പ്രണയവും ഇവരുടെ മനസ്സിലെ നിത്യഭാസുര ഭാവങ്ങളത്രെ!

എഞ്ചിനീയറിംഗ്, ഔഷധ മേഖല,  കരകൗശലോല്പന്നങ്ങൾ, പുതിയ കാലത്തിൻ്റെ ചലഞ്ചിംഗ് ആയിട്ടുള്ള തൊഴിലുകൾ, ഇവൻ്റ് മാനേജ്മെൻ്റ് ഒപ്പം പാരമ്പര്യമായ കർമ്മമേഖലകൾ എന്നിവയിൽ ശോഭിക്കുന്നതിന് കഴിവുള്ളവരാണ്.

അരങ്ങത്ത് വരുന്നതിനെക്കാൾ അണിയറയിൽ പ്രവർത്തിക്കും. ഇവരുടെ കർമ്മഭൂമിക അതാവും. ദാമ്പത്യത്തിൻ്റെ വിജയത്തിന് ധാരാളം വിട്ടുവീഴ്ചകൾ വേണ്ടിവരുന്നതാണ്.

ഉത്രാടം

ധനു - മകരം രാശികളിലായി വരുന്ന നക്ഷത്രമാണ്. ഉത്തര ആഷാഢം എന്ന പേരാണ് ഉത്രാടം ആയത്. മനുഷ്യപ്പറ്റുള്ളവരാവും. സ്വന്തം കാര്യം മറക്കും. അന്യന് ഉതകി, നന്മ ചെയ്ത് ജീവിക്കും. ഔപചാരികമായ പഠിപ്പറിവിനെക്കാൾ ലോകപരിചയം ഇവർ നേടുന്നതായിരിക്കും.

മനുഷ്യഗണ നക്ഷത്രമാകയാൽ പ്രായോഗികതയും മുന്നിട്ടുനിൽക്കും. സ്വന്തം നിലപാടുകളിൽ മനുഷ്യത്വം ചാലിച്ചു ചേർക്കാൻ മറക്കില്ല. കൗമാരം മുതൽ ഒത്ത യൗവ്വനം വരെ ചൊവ്വയും രാഹുവും കൂടി ഭരണം നടത്തുന്നത് തൊഴിൽപരമായും കുടുംബപരമായും ക്ലേശങ്ങൾ സൃഷ്ടിക്കാം. അർഹിക്കുന്നത് വൈകിയാവും ലഭിക്കുക.

ഗുമസ്തപ്പണി മുതൽ രാഷ്ട്രീയം വരെ ഇവരുടെ കർമ്മഭൂമികയാവും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടാനിടയുണ്ട്. ദാമ്പത്യത്തിൽ പൊതുവേ സന്തുഷ്ടിയുണ്ടാവും.

തിരുവോണം

'ശ്രവണം' എന്നാണ് സംസ്കൃത നാമം. ക്ളാസ്സിൽ വളരെ ശ്രദ്ധിച്ചിരിക്കും. പെട്ടെന്ന് പാഠങ്ങൾ ഉൾക്കൊള്ളും. തിരുവോണം ഒരു ദേവഗണനക്ഷത്രമാണ്. മഹാവിഷ്ണുവാണ് ദേവത. ആത്മശക്തിയും വിപൽധൈര്യവും ഇവർക്ക് ആവോളമുണ്ടാവും.

ശനിയുടെ രാശിയായ മകരക്കൂറിൽ വരികയാൽ ചിലപ്പോൾ കഠിനഹൃദയകളാവും. ചരരാശിയിൽ ജനിച്ചതുകൊണ്ട് പ്രവാസ ജീവിതം സാധ്യതയാണ്.

ഭരണനിർവഹണം, ഇവൻ്റ് മാനേജ്മെൻ്റ്, പ്രൊജക്ട് ലീഡർഷിപ്പ്,  കേറ്ററിംഗ്, അധ്യാപനം, അക്കൗണ്ടിംഗ്, പബ്ലിക്കേഷൻസ്, രോഗീപരിചരണം, പ്രൈവറ്റ് സ്ഥാപനങ്ങളുടെ മേൽനോട്ടം  തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ തിരുവോണം നാളുകാരിക്ക് വ്യക്തിമുദ്ര പതിപ്പിക്കാനാവും.

ദാമ്പത്യത്തിൽ വിജയിക്കുവാൻ കഴിഞ്ഞേക്കും. ഒരു വീട്ടിൽ, തീരുമാനം കൈക്കൊള്ളലും ഭേദഗതി വരുത്തലും ഭർത്താവിൻ്റെ മക്കളുടെയും ചുമതലകൾ നിർണ്ണയിക്കുന്നതും മറ്റും  തിരുവോണം നാളുകാരി തന്നെയാവും.

അവിട്ടം

വസുക്കളാണ് നക്ഷത്രദേവതകൾ. ശ്രവിഷ്ഠാ, ധനിഷ്ഠാ തുടങ്ങിയ പേരുകളുണ്ട്. അസുരഗണത്തിൽ വരുന്നു. സ്ത്രീ - പുരുഷൻ എന്ന വിഭജനത്തിൽ സ്ത്രീ വിഭാഗത്തിൽ ഉൾപ്പെടുന്ന നക്ഷത്രവുമാണ്.

ചൊവ്വ ഭരിക്കുന്ന മൂന്നുനക്ഷത്രങ്ങൾ മകയിരം, ചിത്തിര, അവിട്ടം എന്നിവയാണ്. ഈ നക്ഷത്രങ്ങൾക്ക് തമ്മിൽ വേധദോഷമുള്ളതിനാൽ പരസ്പരം വിവാഹബന്ധം വർജ്യമാണ്.

അവിട്ടം നാളിൽ ജനിക്കുന്നവർ സാമ്പത്തികമായും ഭൗതികമായും മെച്ചം നേടുന്നവരാവും. പാരമ്പര്യമായ സമ്പത്തിനൊപ്പം സ്വയം നേടുന്ന സമ്പത്തുമുണ്ടാവും. ഇവരെ ഭാഗ്യം പലരൂപത്തിൽ തുണയ്ക്കാറുണ്ട്.

സഞ്ചാരത്തിൽ താല്പര്യം പ്രകടിപ്പിക്കും. 'ട്രാവൽ & ടൂറിസം'  വിഭാഗത്തിൽ വരുന്ന  തൊഴിലുകളിൽ തിളങ്ങാൻ കഴിയും. പൊതുവേ ഭൗതികവാദികളാണ്. ശാസ്ത്രീയ വിഷയങ്ങളിൽ പഠനം നടത്തുന്നത് ഭാവിയിൽ പ്രയോജനം ചെയ്യും.

ചതയം 

രാഹുദശയിൽ ജനിക്കുന്നവരാണ് ചതയം നാളുകാർ. അതിനാൽ പ്രാരബ്ധങ്ങളും പങ്കപ്പാടുകളും ചെറുപ്പത്തിൽ തന്നെ അവർ പരിചയപ്പെടുന്നു. 

തീയിൽക്കുരുത്തവരാണ് എന്നുപറയാം. പിന്നീടുള്ള സങ്കടങ്ങളെ അവർക്ക് മറികടക്കാൻ കഴിയുന്നത് ഈ അനുഭവം കൈമുതലായി ഉള്ളതിനാലാണ്. താങ്ങും തണലും ഉണ്ടാവില്ല.  കാൽവെക്കുന്നിടത്ത് പൂവിരിച്ച പട്ടുമെത്തകളും കണ്ടേക്കില്ല. 

സ്വന്തം വിയർപ്പിൻ്റെ വിലയാണ് അവർക്ക് ജീവിതം എന്ന് നിർവചിക്കുന്നത് അനൗചിത്യമാവില്ല. പഠിച്ച വിഷയത്തിൽ ജോലി കിട്ടുക ന്യൂനപക്ഷത്തിനാണ്. കിട്ടിയതിൽ ആത്മാർത്ഥത കൊണ്ട് പിടിച്ചുകയറും. ജീവിതത്തിനു നേരെ ദാർശനിക സമീപനമാവും ഇവർക്കുണ്ടാവുക. 

ബാങ്കിംഗ്, ഔഷധമേഖല, കോടതി ജോലി, ആതുര ശുശ്രൂഷ, സിവിൽ എഞ്ചിനിയറിംഗ്, കായികാധ്വാനം വേണ്ട ജോലികൾ എന്നിവയിൽ മുന്നേറാറുണ്ട്. ദാമ്പത്യം സമ്മിശ്രമാവും.

പൂരൂരുട്ടാതി

പുരുഷനക്ഷത്രവും മനുഷ്യഗണ നക്ഷത്രവുമാണ് പൂരൂരുട്ടാതി. കുംഭം - മീനം രാശികളിലായി വരുന്നു. പരാശ്രയം ഇവരുടെ നിഘണ്ടുവിലില്ല. തന്നത്താൻ ഉയർന്നുവന്നവരാവും. അതിൻ്റെ ചില ശൗര്യവും  തനിക്കാം പോരിമയും ഇവരിൽ നിറയും.  മുഖം നോക്കി പറയാനുള്ളത് പറയും. അതിനാൽ അഹങ്കാരികളായി മറ്റുള്ളവർ ഇവരെ മുദ്രകുത്തുന്നതാണ്. 

കൗമാര -യൗവ്വനങ്ങളിൽ ശനിദശ വരുന്നത് ഇവരെ അല്പം പിറകോട്ടടിക്കാം. പഠനം പൂർത്തിയാക്കാനോ, ജോലി കിട്ടാനോ, വിവാഹത്തിനോ കാലവിളംബം വരാം. 

ഏതുതൊഴിലായാലും അതിൽ അധികാരവും പദവിയുമുണ്ടെങ്കിൽ 
പൂരൂരുട്ടാതിക്കാരി വിജയിക്കും. അതിലുപരി ആത്മതൃപ്തി വരും. ഇവരുടെ ദാമ്പത്യം വിജയിക്കണമെങ്കിൽ ഇവരുടെ ജീവിതപങ്കാളിക്ക് സഹനവും അനുരഞ്ജന മനസ്സും ഉണ്ടാവണം.

ഉത്രട്ടാതി

ഉത്തരഭാദ്രപദം എന്നാണ് സംസ്കൃത നാമം. ജീവിതത്തിൻ്റെ രണ്ടാം പകുതിയിലോ വാർദ്ധക്യത്തിലോ കൂടുതൽ നല്ല അനുഭവങ്ങൾ ഉണ്ടാവുന്നതായിരിക്കും  സ്ത്രീനക്ഷത്രമാണ് ഉത്രട്ടാതി. ശനിദശയിലാണ് ജനനം. ബാല്യകൗമാരങ്ങളിൽ രോഗഗ്രസ്തത, 
പഠന വൈകല്യം, അവ്യക്തത എന്നിവയുണ്ടാവാം. ദിശാബോധം ഉണ്ടാവുന്നത് രണ്ടാംദശയായ ബുധദശയിലായിരിക്കും. ചിലർക്ക് മുന്നേറ്റംഅതുമുതലാവും. മനുഷ്യഗണത്തിലാണ് ഉത്രട്ടാതി  ഉൾപ്പെടുന്നത്. പ്രായോഗികത മുന്നിട്ടു നിൽക്കും. സ്വന്തവും ബന്ധവും നിലനിർത്തുന്നതിൽ വിജയിക്കുന്നവരാണ്. പ്രണയത്തിലും ദാമ്പത്യത്തിലും ആത്മാർത്ഥത  ഉണ്ടായിരിക്കും. അധ്യാപനം , മാനവ വിഭവശേഷി, പൂന്തോട്ട നിർമ്മാണം, കായിക ശക്തി വേണ്ട ജോലികൾ, മൃഗസംരക്ഷണം എന്നിവയിൽ വിജയിക്കുന്നു.

രേവതി

നക്ഷത്രങ്ങളിൽ ക്രമസംഖ്യ കൊണ്ട് ഒടുവിലാണെങ്കിലും അനുഭവം കൊണ്ട് ഒരിക്കലും പിന്നിലായിപ്പോകാത്തവരാണ് രേവതിയിൽ ജനിക്കുന്നവർ. ബുദ്ധിശക്തി വേണ്ടുവോളമുണ്ടാവും. ആഗ്രഹിച്ച വിഷയങ്ങളിൽ പഠനം പൂർത്തീകരിക്കാനും ഉന്നത ബിരുദം നേടാനും കഴിഞ്ഞേക്കും.  കലാപരമായ സിദ്ധികളെ സാധനയിലൂടെ മുൻനിരയിലെത്തിക്കാനും സാഹചര്യം ഇണങ്ങി വരും. ബുധൻ നക്ഷത്രനാഥനാകയാൽ ബന്ധുബലം ഉണ്ടായിരിക്കും. ദേവഗണനക്ഷത്രമാകയാൽ രേവതി നാളുകാരിയുടെ ആദർശപ്രിയം സമൂഹത്തിൻ്റെ ആദരം നേടുന്നതാണ്. ചാർട്ടേട് അക്കൗണ്ടൻ്റ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ, ആധുനികവും പാരമ്പര്യവുമായ വൈദ്യം, അധ്യാപനം, കലാപരമായ തൊഴിലുകൾ, പൊതു പ്രവർത്തനം എന്നിവ ഉപജീവനമായാൽ വിജയം നേടും. പ്രണയികളാവും, എന്നും, രേവതിക്കാർ. ദാമ്പത്യം സന്തോഷവും സമാധാനവും സമ്മാനിക്കും.

Read More

International Womens Day Astrology Horoscope Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: