/indian-express-malayalam/media/media_files/2025/03/06/march-30-to-april-5-2025-weekly-horoscope-astrological-predictions-makam-to-thriketta-686024.jpg)
Weekly Horoscope, August 17- August 23
Weekly Horoscope: ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിലും. ആഗസ്റ്റ് 22/23 ദിവസങ്ങളിലായിട്ടാണ് അമാവാസി വരിക. 24 ന് വെളുത്തപക്ഷം ആരംഭിക്കുന്നു.
ശുക്രൻ മിഥുനം രാശിയിലാണ്. ആഗസ്റ്റ് 21 വെളുപ്പിന് കർക്കടകം രാശിയിൽ പ്രവേശിക്കും. ബുധൻ കർക്കടകം രാശിയിൽ തുടരുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്.
രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ പിൻഗതിയായി നീങ്ങുന്നു. രാഹു പൂരൂരുട്ടാതിയിലും കേതു പൂരം നക്ഷത്രത്തിലുമാണ്. രോഹിണി മുതൽ മകം വരെ നക്ഷത്രങ്ങളാണ് ഈ ആഴ്ചയിൽ.
മേല്പറഞ്ഞ ഗ്രഹനിലയനുസരിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം വായിക്കാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
മകം
വളരെ അനുകൂലമായ വാരമാണ്. പ്രയത്നത്തിന് അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നതാണ്. തൊഴിൽ മേഖലയിൽ പലതരം മാറ്റങ്ങൾ ദൃശ്യമാവും. കാലത്തിനനുസരിച്ച് മാറാൻ സന്നദ്ധതയുണ്ടാവും. ബിസിനസ്സിൻ്റെ വളർച്ചക്കായി പരസ്യത്തിൻ്റെ സഹായം കൈക്കൊള്ളുന്നതാണ്. കൈവായ്പ മടക്കാൻ സാധിക്കും. വ്യക്തിപരമായി സന്തോഷാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. കുടുംബകാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിൽ / ചെലവ് ഇവയ്ക്ക് സാധ്യത. ശനിയാഴ്ച ദൈവിക സമർപ്പണങ്ങൾ ഫലവത്താകുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
പൂരം
പ്രധാന കാര്യങ്ങൾ ഭംഗിയായി നടത്താനാവും. ഒപ്പമുള്ളവർ സൗഹാർദ്ദത്തോടെ പെരുമാറും. സാങ്കേതികമായ അറിവ് നേടാൻ കഴിയുന്നതാണ്. ജോലിഭാരം കൂടുമെങ്കിലും ആലോസരമുണ്ടാവില്ല. വായ്പ കുടിശ്ശിക അടയ്ക്കാൻ സാധിച്ചേക്കും. ഏജൻസി വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ പുരോഗതിയുണ്ടാവും. ചൊവ്വ രണ്ടാം ഭാവത്തിലുള്ളതും ജന്മരാശിയിൽ കേതു - രവിയോഗം ഉള്ളതും വാരാന്ത്യത്തിൽ പിരിമുറുക്കം സൃഷ്ടിക്കാം. സംഭാഷണം ചിലപ്പോൾ പരുഷമായിത്തീരും. വിട്ടുവീഴ്ചകൾ ഗാർഹസ്ഥ്യത്തെ കൂടുതൽ മധുരമാക്കും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ഉത്രം
പലകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടിവരുന്ന വാരമാണ്. ചുമതലകൾ കൂടാനിടയുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് വേതനം മെച്ചപ്പെടും. ആശയ വിനിമയശേഷി പ്രയോജനം ചെയ്യുന്നതാണ്. സ്വന്തം ബിസിനസ്സിൽ വളർച്ചയുണ്ടാവും. ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതികൾ കൊണ്ടുവരും. അലച്ചിലുണ്ടാവും. വരവിൽ നല്ലൊരുപങ്കും ചെലവായിപ്പോകും. ചിലരുടെ കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തും. വിദേശത്തു പോകാൻ ഇച്ഛിക്കുന്നവർക്ക് രേഖകൾ ശരിയായിക്കിട്ടും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
അത്തം
ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ വിജയിക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ / സ്വന്തം വ്യാപാരത്തിൽ ലാഭം ഉയരും. ഉദ്യോഗാർത്ഥികൾക്ക് ചെറിയ ജോലികൾ ലഭിക്കുന്നതാണ്. കലാപ്രവർത്തകർക്ക് അവസരങ്ങൾ സംജാതമാകും. മനസ്സന്തോഷത്തിനുള്ള കാര്യങ്ങൾ ഭവിക്കുന്നതാണ്. പ്രണയത്തിൽ വിഘ്നമകലും. ദാമ്പത്യത്തിൽ സുഖാനുഭവം പ്രതീക്ഷിക്കാം. ചൊവ്വയും കേതുവും അനിഷ്ടന്മാരാകയാൽ ധനകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. തിടുക്കപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളരുത്. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാവേണ്ടതുണ്ട്.
ചിത്തിര
വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. പരസ്യതന്ത്രങ്ങൾ വിജയം കാണും. കിടമത്സരങ്ങളിൽ നിന്നും പിന്മാറുകയില്ല. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാനിടയുണ്ട്. സ്വകാര്യസ്ഥാപനത്തിൽ പദവികൾ ലഭിക്കുന്നതാണ്. അയവില്ലാത്ത നിലപാടുകളാൽ സംഘടനയിൽ ഒറ്റപ്പെടാൻ സാധ്യത കാണുന്നു. സന്താനങ്ങളുടെ കാര്യത്തിൽ നല്ലശ്രദ്ധ ആവശ്യമുള്ള സമയമാണ്. കൂട്ടുകെട്ടുകളിൽ ജാഗ്രതയുണ്ടാവണം. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയാം. വ്യവഹാരങ്ങൾക്ക് മുതിരരുത്. തുലാക്കൂറുകാർക്ക് സർക്കാരിൽ നിന്നും അനുമതി രേഖ കൈവരും.
Also Read: Venus Transit 2025: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ചോതി
വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണ്ടതുണ്ട്. ശുഭാരംഭങ്ങൾക്ക് നന്നല്ലാത്ത ദിവസങ്ങളാണ്. വാഗ്വാദങ്ങൾക്ക് മുതിരരുത്. ഏറ്റെടുത്ത കാര്യങ്ങളിൽ ആലസ്യത്തിന് സാധ്യത കാണുന്നുണ്ട്. മറ്റു ദിവസങ്ങളിൽ ക്രമാനുഗതമായ ഗുണം പ്രതീക്ഷിക്കാം. പ്രതിയോഗികളെ തമസ്കരിച്ച് മുന്നേറുന്നതാണ്. ഉദ്യോഗപർവ്വം സ്വസ്ഥതയുള്ളതാവും. സ്വകാര്യ സ്ഥാപനത്തിൽ പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരിക്കും. വസ്തുവിൽപ്പനയിൽ നല്ല ജാഗ്രതയുണ്ടാവണം.
ദാമ്പത്യത്തിൽ അനുരഞ്ജനത്തിലൂടെ സമാധാനമുണ്ടാവും.
വിശാഖം
ആലസ്യം ഉപേക്ഷിച്ച് കൂടുതൽ കർമ്മനിരതരാവേണ്ടതുണ്ട്. ആദിത്യൻ അനുകൂലനാവുകയാൽ തൊഴിൽ തടസ്സങ്ങൾ അകലും. ഒപ്പമുള്ളവരേയും അവരുടെ കഴിവുകളേയും ഏകോപിപ്പിക്കുന്നതിൽ വിജയം വരിക്കും. ധാർമ്മിക കാര്യങ്ങൾ അനുഷ്ഠിക്കാൻ സമയം കണ്ടെത്തുന്നതാണ്. ഏജൻസി ഏർപ്പാടുകൾ ലാഭകരമാവും. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. ജീവിതശൈലീ രോഗങ്ങൾ അല്പം ക്ലേശിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. തുലാക്കൂറുകാർക്ക് വാരാദ്യവും വൃശ്ചികക്കൂറുകാർക്ക് വാരമധ്യവും ഗുണകരമാവില്ല.
അനിഴം
ഗുണാനുഭവങ്ങൾക്കൊപ്പം ചില കയ്പുരസങ്ങളും ഭവിക്കും. തൊഴിൽ രംഗത്ത് ശോഭിക്കാനാവും. മേലധികാരികളുടെ പ്രശംസ നേടുന്നതാണ്. മുൻകൂട്ടിയുള്ള ആസൂത്രണം വിജയത്തിലേക്ക് നയിക്കും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. സംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കും. ഭൂമിയിൽ നിന്നും ആദായം വരും. ഗാർഹികാന്തരീക്ഷം അത്ര മെച്ചപ്പെട്ടതാവില്ല. മക്കളെക്കുറിച്ച് ചില ഉൽക്കണ്‌ഠകൾ വരാം. സ്വകാര്യ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ തിരികെ കിട്ടാൻ ശ്രമം തുടരുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വസ്ഥത കുറയും.
തൃക്കേട്ട
ഒമ്പതാം ഭാവത്തിലെ ശുഭഗ്രഹങ്ങളും പത്താം ഭാവത്തിലെ ആദിത്യനും അനുകൂലഫലങ്ങൾ സൃഷ്ടിക്കും. ഭാഗ്യപുഷ്ടിയുണ്ടാവുന്നതാണ്. നറുക്കെടുപ്പിലും ചിട്ടിയിലും ഊഹക്കച്ചവടത്തിലും വിജയിക്കും. പ്രവൃത്തിയിൽ ഏകാഗ്രത പുലർത്തുന്നതാണ്. തടസ്സ സാധ്യതകളെ മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കും. സാമ്പത്തികമായ പിരിമുറുക്കങ്ങൾക്ക് നല്ല അയവുണ്ടാവും. പിതാവിന് അഭ്യുദയം ഉണ്ടാവും. പിതാവിൽ നിന്നും തനിക്ക് നേട്ടങ്ങൾ കൈവരും. ദൂരദിക്കിലെ ജോലിക്കാർക്ക് വീട്ടിനടുത്തേക്ക് ജോലിമാറ്റം കിട്ടുന്നതാണ്. ചൊവ്വയും ബുധനും സുഖവും സുഗമതയും കുറയാനിടയുണ്ട്. കരുതൽ വേണം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.