/indian-express-malayalam/media/media_files/lsjiFKLCZ9018LsUqZof.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മേയ് 14 ചൊവ്വാഴ്ച വൈകുന്നേരം വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. കാർത്തിക ഞാറ്റുവേലക്കാലമാണ്. വെളുത്തപക്ഷ പഞ്ചമി മുതൽ ദശമി- ഏകാദശി വരെയാണ് തിഥികൾ. തിരുവാതിര നക്ഷത്രം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു.
ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലായി യാത്രയിലാണ്. ശുക്രൻ മേടം രാശിയിൽ ഭരണി - കാർത്തിക നക്ഷത്രങ്ങളിലാണ്. ശുക്രന് മൗഢ്യമുണ്ട്. ചൊവ്വ മീനം രാശിയിലാണ്. മേയ് 14 വരെ ഉത്രട്ടാതിയിലും തുടർന്ന് രേവതിയിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ കാർത്തികയിലും ആണ്. വ്യാഴത്തിൻ്റെ മൗഢ്യാവസ്ഥ തുടരുകയാണ്. രാഹു, കേതു എന്നിവ അപസവ്യഗതിയിൽ യഥാക്രമം രേവതി, അത്തം എന്നീ നാളുകളിലൂടെ സഞ്ചരിക്കുന്നു.
ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി, മേയ് 12 മുഴുവൻ വൃശ്ചികക്കൂറുകാർക്ക് അഷ്ടരാശിയാകുന്നു. തിങ്കളും ചൊവ്വയും മുഴുവനും ബുധനാഴ്ച ഉച്ചവരെയും ധനുക്കൂറുകാർക്കാകുന്നു അഷ്ടമരാശിക്കൂറ്. അതിനു ശേഷം വെള്ളി അർദ്ധരാത്രി വരെ മകരക്കൂറുകാർക്കും അനന്തരം ശനി മുഴുവനും (അടുത്ത ആഴ്ചയിലേക്കും കടക്കും) കുംഭക്കൂറുകാർക്കും അഷ്ടമരാശി തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.
മൂലം
ഗാർഹികമായ അസ്വസ്ഥതകൾ തുടരുന്നതിനാൽ കരുതൽ വേണം. വാക്കുകളോ പ്രവൃത്തികളോ തെറ്റിദ്ധരിക്കപ്പെടാം. മൗനത്തിൻ്റെ വിലയറിയും. പൊതുക്കാര്യങ്ങളിൽ, പ്രത്യേകിച്ചും. ധനപരമായി ശരാശരിക്കാലമാണ്. വരവുചെലവുകൾ ഏതാണ്ട് സമമായിരിക്കും. കൂടുതൽ അധ്വാനമുണ്ടാവാം. ബുധനാഴ്ചയ്ക്കു ശേഷം കുറച്ചൊക്കെ മാറ്റങ്ങൾ വന്നേക്കും. ഔദ്യോഗിക രംഗത്ത് ആശ്വാസം ഉണ്ടാവും. മാനസിക സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. സഹജമായിട്ടുള്ള കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
പൂരാടം
പ്രായോഗികമായി ചിന്തിക്കുവാനുള്ള സിദ്ധിയിൽ മുൻനിൽക്കും. തൊഴിലിടത്തിൽ ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഒപ്പമുള്ളവരുടെ സഹകരണം കുറഞ്ഞാലും അവയുടെ നിർവഹണം സാധ്യമാകുന്നതാണ്. സ്വാശ്രയ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരവും ഗുണകരമാകുന്നതാണ്. അഷ്ടമരാശിക്കൂറാകയാൽ വാരമദ്ധ്യം വരെ അലച്ചിലോ ശരീരക്ലേശമോ ഉണ്ടായെന്ന് വരാം. അപരിചിത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
ഉത്രാടം
സാധാരണ ചെയ്തു വരുന്ന കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാവില്ല. ചെറുസംരംഭങ്ങളിൽ നിന്നും ധനാഗമം തുടരപ്പെടുന്നതാണ്. പുതുകാര്യങ്ങൾ നന്നായിട്ട് പഠിച്ചറിഞ്ഞശേഷം പ്രാവർത്തികമാക്കുക ഉചിതം. സുഹൃത്തുക്കളുടെ പിന്തുണ പ്രയോജനപ്പെടുത്തും. ധനുക്കൂറുകാർക്ക് വീട്ടിൽ സ്വൈരം കുറയാം. അനൈക്യ കാരണങ്ങൾ അജ്ഞാതമാകും. വാഹനയാത്രയിൽ ജാഗ്രത കുറയ്ക്കരുത്. വസ്തുവ്യാപാരത്തിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ നേരം കണ്ടെത്തും.
തിരുവോണം
സദ്ഭാവനയും സദുദ്ദേശ്യപരതയും പ്രവർത്തനങ്ങൾക്ക് മിഴിവുണ്ടാക്കും. സുഹൃത്തുക്കളുടെ സൽപ്രേരണ പ്രയോജനം ചെയ്യുന്നതാണ്. ജ്ഞാനവും കർമ്മവും ഇണങ്ങിപ്പോകും. പുതുകാര്യങ്ങൾക്ക് തുടക്കമിടാൻ അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്. നല്ല കാര്യങ്ങൾക്കായി സകൂടുംബയാത്ര ഉണ്ടായേക്കും. ബന്ധുസമാഗമം സന്തോഷമേകും. കലാപഠനത്തിന് / കലാപ്രകടനത്തിന് അവസരങ്ങൾ ലഭിച്ചേക്കാം. ചെലവ് അല്പം ഉയരുന്നതാണ്. കടബാധ്യതകൾ ഓർമ്മിപ്പിക്കപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതായിരിക്കും.
അവിട്ടം
പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാൽ ചില പോരായ്മകൾ വരാം. സാധാരണ ചെയ്യുന്ന കാര്യങ്ങൾക്ക് സുഗമത കുറയുന്നതാണ്. സഹോദരരുമായി ഐക്യമുണ്ടാവില്ല. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സിൽ നിന്നും മെച്ചം പ്രതീക്ഷിക്കാം. അതിൻ്റെ വിപുലീകരണത്തിനും സാധ്യത കാണുന്നു. മകൻ്റെ ഉപരിപഠനം സംബന്ധിച്ച ചർച്ചകൾ മുന്നേറുന്നതാണ്. സംഘടനാ കാര്യങ്ങളിൽ അതൃപ്തി അറിയിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. എത്ര നോക്കിയും കണ്ടും ചിലവഴിച്ചാലും അമിതവ്യയം വന്നേക്കും.
ചതയം
ശാസ്ത്രീയ വിശകലനം, വിജ്ഞാനാന്വേഷണം എന്നിവയിലേർപ്പെടും. ഇഷ്ടാനിഷ്ടങ്ങളിൽ നിന്നും വ്യതിചലിക്കില്ല. സംഘടനയുടെ തലപ്പത്തേക്കുള്ള ക്ഷണം നിരസിക്കും. അലച്ചിൽ കുറച്ചൊക്കെ സ്വാഭാവികമായി വന്നുചേരുന്നതാവും. കുടുംബാംഗങ്ങളെ ഉപദേശിക്കുന്നതുമൂലം വീട്ടിൽ സ്വൈരക്കേടിന് വഴി തുറക്കപ്പെടുന്നു. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവും. കച്ചവട കാര്യത്തിൽ മാറ്റത്തിൻ്റെ കാറ്റ് വീശിത്തുടങ്ങും. ഈ അനുകൂലത വിദ്യാർത്ഥികൾക്ക് തുടർപഠനത്തിലും ദൃശ്യമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അഭിമുഖ പരീക്ഷകൾക്ക് ക്ഷണം ലഭിക്കുന്നതായിരിക്കും.
പൂരൂരുട്ടാതി
മന്ദഗതി എല്ലാക്കാര്യത്തിലും കാണപ്പെടും. സമയനിഷ്ഠ തെറ്റാം. ജോലിബാധ്യത കൂടിയ പദവികൾ വെച്ചൊഴിയാൻ തീവ്രമായി ആഗ്രഹിക്കുന്നതാണ്. എന്നാൽ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നേക്കില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വ്യാപാരത്തിൽ ആദായം ശരാശരിയായി തുടരും. പണയബാധ്യതകൾക്ക് അവധി ചോദിച്ചേക്കും. ചെറുപ്പക്കാരുടെ വിവാഹ തീരുമാനം നീണ്ടേക്കാം. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരുന്നതാണ്. ചിലർക്ക് മകളുടെ വീട്ടിൽ പോയി താമസിക്കേണ്ടി വന്നേക്കും.
ഉത്രട്ടാതി
ചൊവ്വയുടെ നക്ഷത്രത്തിലൂടെയുള്ള സഞ്ചാരം ആഴ്ചയുടെ ആദ്യ ഭാഗത്തെ ക്ലേശപ്രദമാക്കാം. സാഹസകർമ്മങ്ങൾ ഒഴിവാക്കുക ഉത്തമം. സർക്കാരിൽ നിന്നും ലഭിക്കേണ്ട കാര്യങ്ങൾക്ക് ആഴ്ചയുടെ രണ്ടാം പകുതി മുതലുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. ചെറുകിട സംരംഭകർക്ക് ലാഭം വർദ്ധിക്കുന്നതായിരിക്കും. കരാറുകൾ പുതുക്കി നൽകപ്പെടും. സുഹൃത്തിൻ്റെ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ്. സംഭാഷണം വിദ്വജ്ജനങ്ങളെപ്പോലെയാവും. വിദ്യാർത്ഥികൾ തുടർ പഠനാദികളിൽ ഉത്സുകരാവുന്നതാണ്.
രേവതി
രാഹുവും ഒപ്പം ആഴ്ചയുടെ രണ്ടാം പകുതി മുതൽ ചൊവ്വയും ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ കരുതൽ വേണം. തീവ്രപരിശ്രമങ്ങളാവും ഫലം കാണുക എന്നത് ഓർമ്മയിലുണ്ടാവണം. കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റുന്ന രീതി ഗുണം ചെയ്യാനിടയില്ല. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. നവസംരംഭങ്ങൾ തുടങ്ങുക എന്നതിനെക്കാൾ നിലവിലുള്ളത് ഒരുവിധം ഭംഗിയായി കൊണ്ടുപോവാൻ ശ്രമിക്കുക ഉചിത്രം. സാമ്പത്തിക സ്ഥിതി മോശമാവാനിടയില്ല. ആധികാരികമാവിധം വാക്കുകൾ ആവിഷ്കരിക്കും. പിണങ്ങിയ സുഹൃത്തുക്കളെ പരസ്പരം ഇണക്കും. ഗാർഹിക കാര്യങ്ങളിൽ സംതൃപ്തി ഭാഗികമാവാം.
Read More
- Daily Horoscope May 11, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 12-May 18, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 12-May 18, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 06 to May 12
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- അക്കങ്ങളിൽ തെളിയും ഭാവികാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.