/indian-express-malayalam/media/media_files/tA0XRSoy3DO6rYWyBT2X.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ ഉത്രട്ടാതി ഞാറ്റുവേലയിലാണ്. ശനി കുംഭം രാശിയിൽ ചതയത്തിൽ തുടരുന്നു. ശനിയുടെ വാർഷിക മൗഢ്യം മാർച്ച് 18 ന് തീരുകയാണ് എന്നത് പ്രസ്താവ്യമത്രെ!. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു.
ബുധൻ നീചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിലാണ്. ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നാളിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ അവിട്ടം നക്ഷത്രത്തിലുമാണ്. ചന്ദ്രൻ മകയിരം മുതൽ പൂരം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളാണ് ഈയാഴ്ച വരുന്നത്.
ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് വരുന്നത് ഏതൊക്കെ കൂറുകാർക്കാണെന്ന് നോക്കാം. ഞായറും തിങ്കളും ചൊവ്വ മദ്ധ്യാഹ്നം വരെയും വൃശ്ചികക്കൂറുകാർക്കാണ്. തദനന്തരം വെള്ളി പുലർച്ചവരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി സംഭവിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളും കടന്ന് അടുത്ത ആഴ്ചയുടെ തുടക്കത്തോളം മകരക്കൂറുകാർക്ക് അഷ്ടമരാശി വരുന്നു.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ പരിശോധിക്കുന്നു.
അശ്വതി
വാരാദ്യം അനുകൂലമായ അനുഭവങ്ങളാവും ഭവിക്കുക. അവഗണിച്ചവർ പരിഗണിക്കും. മാനസികവും ഭൗതികവുമായ പിന്തുണ നൽകും. തൊഴിൽ രംഗത്തെ ആലസ്യം അകലുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ നിലപാടുകൾ കെക്കൊള്ളാനാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറുന്നതാണ്. സാമ്പത്തികമായ ഞെരുക്കത്തിന് അയവുണ്ടാകും. വാരാന്ത്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉദയം ചെയ്തുകൂടായ്കയില്ല. കർമ്മപരാങ്മുഖത്വം അനുഭവപ്പെടാം.
ഭരണി
പതിനൊന്നിലെ ഗ്രഹസമൃദ്ധി ഭൗതിക നേട്ടങ്ങൾ സമ്മാനിക്കും. മുൻപ് തോറ്റുപോയ ഇടങ്ങളിൽ ഇപ്പോൾ നേട്ടം കൊയ്യാൻ സാധിക്കുന്നതാണ്. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ആഢംബരവസ്തുക്കൾ സ്വന്തമാക്കാനാവും. കച്ചവടക്കാർക്ക് ഉപഭോക്താക്കളുടെ പ്രീതി നേടാനായേക്കും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. സർക്കാർ സംബന്ധിച്ച ആനുകൂല്യങ്ങൾ/ഉത്തരവുകൾ എന്നിവ കാത്തിരിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരും. അനാവശ്യമായ അലച്ചിലും പാഴ്ച്ചെലവും വാരാന്ത്യത്തിലെ സാധ്യതകളാണ്.
കാർത്തിക
ജീവിത പ്രാരബ്ധങ്ങൾ വിഷമിപ്പിച്ചേക്കാം. കുടുംബത്തിൻ്റെ ചുമതല അധികരിക്കുന്നതാണ്. കൂടുതൽ സമയം അധ്വാനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. മുഖ്യതൊഴിലിനൊപ്പം ഉപതൊഴിലിനെക്കുറിച്ച് ചിന്തിക്കും. പാരമ്പര്യ വസ്തുക്കൾ വിൽക്കാനുള്ള ശ്രമം ഊർജ്ജിതമാവും. അതിനായി ഇടനിലക്കാരെ സമീപിക്കാൻ തീരുമാനിക്കും. ഇൻഷ്വറൻസ്, ഊഹക്കച്ചവടം, ചിട്ടി മുതലായവയിൽ നിന്നും ധനം കൈവരുന്നതാണ്. സാങ്കേതിക വിജ്ഞാനം നേടാനുള്ള വിദ്യാർത്ഥികളുടെ ശ്രമം വിജയിച്ചേക്കും.
രോഹിണി
മനസ്സിനെ ഏതെങ്കിലും ഒരു കാര്യത്തിൽ ഉറപ്പിക്കുന്നതിൽ ക്ലേശമനുഭവിക്കും. നിഗൂഢരീതികളിലൂടെ കൂടുതൽ വരുമാനത്തിന് സാധ്യത കാണുന്നു. പുതിയ തൊഴിൽ സ്ഥാപനം തുടങ്ങുന്നതിനെപ്പറ്റി തീവ്രമായാലോചിക്കും. ബന്ധുക്കളുടെ പിന്തുണ വാക്കിലൊതുങ്ങില്ല. സദസ്സുകളിൽ, ചർച്ചകളിൽ ശോഭിക്കുന്നതാണ്. കൂട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻകൈയ്യെടുക്കും. ഉദ്യോഗസ്ഥലത്ത് എതിർപ്പുകളുള്ളതായി മനസ്സിലാക്കും. ആത്മീയ യാത്രകൾക്ക് അവസരം ഭവിക്കും.
മകയിരം
സന്തോഷാനുഭവങ്ങളുണ്ടാവും, വാരാദ്യം. പഴയ കൂട്ടുകാരെ കാണുവാനാവും. വിരുന്നുകളിൽ പങ്കെടുക്കാനായേക്കും. ഉപരിപഠനത്തെക്കുറിച്ച് വീട്ടിൽ ചർച്ചകൾ ഉയരുന്നതാണ്. പതിവിലധികം സഞ്ചാരം വേണ്ടി വരും. ഉദ്യോഗസ്ഥർക്ക് ജോലി കൂടുതൽ ദുർഘടമായി തോന്നിയേക്കാം. പ്രണയാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. ജീവിതച്ചെലവുകൾ കൂട്ടിമുട്ടിക്കാൻ കൈവായ്പകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നേക്കാം. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണം. കിടപ്പുരോഗികൾക്ക് ആശ്വാസം അനുഭവപ്പെടുന്നതാണ്.
തിരുവാതിര
അകാരണമായി മനക്ലേശമുണ്ടാകും. കരുതി വെച്ച ധനം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വരാം. പ്രതീക്ഷിച്ച അവസരങ്ങൾ തടയപ്പെടുന്നതായി തോന്നുന്നതാണ്. ഹൃദയ വികാരങ്ങൾ പങ്കുവെച്ചാൽ തെറ്റിദ്ധരിച്ചാലോ എന്ന് വിഷമിച്ചേക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഗവേഷകർക്ക് പ്രബന്ധം സമർപ്പിക്കാൻ നിർദ്ദേശം വന്നെത്തും. പഴയ കുടിശ്ശിക അടയ്ക്കാൻ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും നോട്ടീസ് ലഭിച്ചേക്കും. വാരാന്ത്യം പലനിലയ്ക്കും ഭേദപ്പെട്ടതാവും.
പുണർതം
സാധാരണ കാര്യങ്ങൾ അഭംഗുരം ചെയ്യാൻ കഴിയുന്ന വാരമാണ്. കരാർ പണികൾ പുതുക്കപ്പെടാം. ചെറുപ്പക്കാർക്ക് അഭിമുഖങ്ങളിൽ പ്രതീക്ഷയുണ്ടാവും. വീടുപണി സംബന്ധിച്ച ആലോചനകൾ എങ്ങുമെത്തുകയില്ല. സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ പണിയെടുക്കേണ്ടി വരുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചു കിട്ടുന്നതായിരിക്കും. അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി പോലുള്ളവയിൽ താല്പര്യം ഉണ്ടാകുന്നതാണ്.
പൂയം
നക്ഷത്രനാഥനായ ശനിക്ക് ഒരു മാസത്തിലധികമായി തുടർന്നുവരുന്ന മൗഢ്യാവസ്ഥ മാറുന്നത് ശുഭസൂചനയാണ്. തടസ്സങ്ങൾ സ്വാഭാവികമായിത്തന്നെ മാറും. മനോബലം തിരികെ കിട്ടുന്നതാണ്. പഠനത്തിൽ / പരീക്ഷയിൽ ഏകാഗ്രതയുണ്ടാവും. എട്ടാം ഭാവത്തിൽ ചൊവ്വ കൂടിയുള്ള സ്ഥിതിക്ക് ആരോഗ്യത്തിൽ പ്രത്യേകമായ ശ്രദ്ധ ആവശ്യമുണ്ട്. ഭൂമി വ്യവഹാരം നീണ്ടുപോയേക്കാം. സഹോദരർക്ക് തെറ്റിദ്ധാരണ വരാം. ഒമ്പതിൽ പാപഗ്രഹങ്ങൾ ഉള്ളതിനാൽ ആത്മീയ സാധനകൾ തടസ്സപ്പെടുവാൻ സാധ്യതയുണ്ട്.
ആയില്യം
സഹജമായ പ്രത്യുല്പന്നമതിത്വം കൊണ്ട് പ്രശ്നങ്ങളെ മറികടക്കുന്നതാണ്. വരവുചെലവുകൾ തുല്യമായേക്കും. ബിസിനസ്സിലെ പരീക്ഷണങ്ങൾ ചെറിയ തോതിൽ വിജയിക്കുന്നതാണ്. ബന്ധുവിൻ്റെ വിവാഹത്തിന് മുഖ്യചുമതല വഹിക്കും. രാഷ്ട്രീയാഭിപ്രായം തുറന്നടിക്കുന്നതിനാൽ വീട്ടിൽ /ജോലിസ്ഥലത്ത് ഭിന്നസ്വരങ്ങൾ ഉയരുന്നതാണ്. ഹൃദയരോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവരാം. സമയപരിധിക്കുള്ളിൽ പ്രധാന രേഖകൾ പുതുക്കുന്നതിൽ മറവി പറ്റാനിടയുണ്ട്.
മുൻപ് നിശ്ചയിച്ച യാത്ര മാറ്റിവെക്കുന്നതാണ്.
Read More
- മീനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: 1199 MonthlyHoroscopefor Meenam
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 11 to March 17
- Weekly Horoscope (March 10– March 16, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 10-March 16, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.