scorecardresearch

സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 10-March 16, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 10 ഞായറാഴ്ച മുതൽ മാർച്ച് 16-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ സമ്പൂര്‍ണ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 10 ഞായറാഴ്ച മുതൽ മാർച്ച് 16-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ സമ്പൂര്‍ണ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മാർച്ച് 13 വരെ കുംഭം രാശിയിലും തുടർന്ന് മീനം രാശിയിലും സഞ്ചരിക്കുന്നു. ഈയാഴ്ച മുഴുവൻ പൂരൂരുട്ടാതി ഞാറ്റുവേലക്കാലമാണ്. ശനി കുംഭം രാശിയിൽ ചതയം നാളിലാണ്. ശനിയുടെ മൗഢ്യം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. മാർച്ച് 15 ന് ചൊവ്വ ഉച്ചരാശിയായ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പകരുന്നു. ചൊവ്വ അവിട്ടം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. 

Advertisment

ബുധൻ നീചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. ബുധന് മാർച്ച് 14 ന് മൗഢ്യം അവസാനിക്കുകയാണ്. ശുക്രൻ കുംഭം രാശിയിൽ അവിട്ടം - ചതയം നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്. 
           
ചന്ദ്രസഞ്ചാരം എപ്രകാരമെന്ന് നോക്കാം. മാർച്ച് 10 ന് കറുത്തവാവാണ്. പിറ്റേന്ന് മുതൽ വെളുത്തപക്ഷം തുടങ്ങുന്നു. പൂരൂരുട്ടാതി നക്ഷത്രമാണ്  മാർച്ച് 10 ന്. വാരാന്ത്യത്തിൽ, മാർച്ച് 16 ന് ശനിയാഴ്ച രോഹിണി നക്ഷത്രവും സപ്തമി തിഥിയും ഭവിക്കുന്നു.

ഞായർ വൈകിട്ട് വരെ കർക്കിടക കൂറുകാരുടെയും തുടർന്ന് ചൊവ്വ രാത്രി വരെ ചിങ്ങക്കൂറുകാരുടെയും അഷ്ടമരാശി ആകുന്നു. തദനന്തരം വ്യാഴാഴ്ച അർദ്ധരാത്രി വരെ കന്നിക്കൂറുകാർക്കും തുടർന്ന് ആഴ്ച തീരുന്നതുവരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.

Advertisment

അശ്വതി

വാരാദ്യം ക്ലേശസാധ്യത കാണുന്നു. പ്രതീക്ഷിച്ച വിധത്തിൽ കാര്യസാധ്യത ഉണ്ടാവണമെന്നില്ല. നാലാം ഭാവാധിപനായ ചന്ദ്രൻ ദുർബലനായി പന്ത്രണ്ടാം ഭാവത്തിലാകയാൽ മനസ്സിൻ്റെ മേൽ തരിമ്പും നിയന്ത്രണമുണ്ടാവില്ല. ചെലവും വർദ്ധിക്കാം. ക്രമേണ സ്ഥിതി മാറുന്നതാണ്. ക്ഷേത്രാടനാദികൾക്ക് അവസരം സംജാതമാകും. പുതിയ വസ്ത്രാഭരണങ്ങൾ പാരിതോഷികമായി ലഭിച്ചേക്കും. ഇഷ്ടജനങ്ങളുമായി സല്ലാപസമാഗമാദികൾക്ക് അവസരം ഉണ്ടാകാം.

ഭരണി

കച്ചവടത്തിൽ ലാഭം കുറയുന്നതായി തോന്നും. ശരീരമനസ്സുകളുടെ ഏകോപനം അത്ര എളുപ്പമാവില്ല. സുഹൃത്തുക്കളുമായി തർക്കത്തിനൊരുമ്പെട്ടേക്കും. പാഴ്ച്ചെലവുകൾ കൂടുന്നതാണ്. ബുധനാഴ്ച മുതൽ കാര്യങ്ങൾ ഒട്ടൊക്കെ വരുതിയിലാവും.  സുഖാശനവും സുഖശയനവും ഉണ്ടാവുന്നതാണ്. ഇടയ്ക്ക് മുടങ്ങിപ്പോയ കാര്യങ്ങളുടെ പൂർത്തീകരണം സുസാധ്യമാകും. പഠനം/ പരീക്ഷ ഇവയിൽ ഏകാഗ്രത പുലർത്താനാവും. ആത്മവിശ്വാസം വാനോളമുയരും.

കാർത്തിക

ഇടവക്കൂറുകാർക്ക് വാരാദ്യം നല്ലതുടക്കം വന്നുചേരും. പ്രവൃത്തികളിൽ മുഴുമനസ്സോടെ ഏർപ്പെടുന്നതാണ്. അദ്ധ്വാനത്തിന് തക്കതായ പ്രതിഫലം പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായി പരിചയപ്പെടാനാവും. സംരംഭങ്ങളിൽ നല്ലപുരോഗതി ദൃശ്യമാകും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. മേടക്കൂറുകാർക്ക് ചൊവ്വാഴ്ച വരെ തടസ്സങ്ങൾ കൂടുന്നതായിരിക്കും. വ്യർത്ഥയാത്രകളുണ്ടാവും. വേണ്ടാത്ത കാര്യങ്ങളിൽ തലയിടും. മറ്റു ദിവസങ്ങളിൽ സ്വശക്തി തിരികെ കിട്ടിയതായി തോന്നും.

രോഹിണി

ഏർപ്പെടുന്ന കാര്യങ്ങളിൽ ദൃഢമായ വ്യക്തിമുദ്ര പതിപ്പിക്കാനാവും. സംഘടനകളിൽ സ്വന്തം വാക്കുകൾ കേൾക്കാൻ ആളുണ്ടാവുന്നതാണ്. കുടുംബപരമായി ഭാവിശ്രേയസ്സിനുള്ള നടപടികൾ കൈക്കൊള്ളും. വാരാദ്യം നക്ഷത്രനാഥനായ ചന്ദ്രന് പൂർണബലക്ഷയം വരുന്നതിനാൽ നേട്ടങ്ങൾക്ക് തിളക്കം കുറയാം. മനശ്ശക്തി ദുർബലമായേക്കും. പ്രധാന തീരുമാനങ്ങൾ എടുക്കാതിരിക്കുക ഉചിതം. ക്രമേണ അനുകൂലസ്ഥിതി സംജാതമാകും. ബന്ധുക്കളുടെ സഹകരണം പൂർവ്വാധികം ശക്തമാകും.

മകയിരം

സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊള്ളാനും നിർഭയം അവ പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. കലാപ്രവർത്തനം കൂടുതൽ അംഗീകരിക്കപ്പെടും. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടായേക്കും. വിരുദ്ധ ചേരികളിൽ നിൽക്കുന്ന സുഹൃത്തുക്കളുടെ ഇടയിൽ പെട്ട് വിഷമിക്കാം. തൊഴിൽ തേടുന്ന യുവാക്കൾക്ക് കരാർപണികൾ ലഭിക്കുന്നതാണ്. പണയവസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമം വിജയിക്കും. മറുനാടുകളിൽ കുടുംബ സമേതം യാത്ര ചെയ്യാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും.

തിരുവാതിര

വാരം മുഴുവൻ പ്രായേണ പ്രസന്നമായ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിലിടം സമാധാനപൂർണമാകുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം വലിയ തോതിൽ തന്നെയുണ്ടാകും. നവസംരഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. കുടുംബാംഗങ്ങളുടെ കാര്യത്തിൽ ഉചിതമായ സമീപനം സ്വീകരിക്കും. വായ്പാ കുടിശ്ശിക ഒഴിവാക്കാൻ സാധിക്കുന്നതാണ്. ആഘോഷങ്ങളുടെ നടത്തിപ്പിൽ ചുമതല വഹിക്കുവാനാവും. സുഹൃൽ സല്ലാപങ്ങൾ ഹൃദയോല്ലാസത്തിന് കാരണമാകുന്നതാണ്.

പുണർതം

പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകളെ നിസ്സങ്കോചം നേരിടുന്നതായിരിക്കും. ന്യായമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായിത്തന്നെ നടന്നുകിട്ടുന്നതാണ്. ഔദ്യോഗിക യാത്രകൾ ഗുണകരമായേക്കും. ബന്ധുവിൻ്റെ വിവാഹത്തിന് കഴിയുംവിധത്തിൽ സഹായമേകുന്നതാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാനാവും. പരീക്ഷയിൽ തൃപ്തികരമാംവണ്ണം ഉത്തരമെഴുതാൻ സാധിച്ചേക്കും. സാമ്പത്തികമായി മെച്ചപ്പെട്ട വാരമാണ്.

പൂയം

വാരാദ്യം കൂറിൻ്റെ അധിപനായ ചന്ദ്രനുണ്ടാകുന്ന ബലക്ഷയം മാനസിക വീര്യത്തെ തെല്ല് ബാധിച്ചേക്കും. നിസ്സാര കാര്യങ്ങളിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായേക്കില്ല. ക്രമേണ കാര്യങ്ങൾ വരുതിയിലാവും. ബിസിനസ്സിലെ ഉണർവ്വില്ലായ്മ മാറിത്തുടങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകില്ലെന്ന് സൂചന ലഭിക്കും.  ഗാർഹികമായ അസന്തുഷ്ടികളെ അനുരഞ്ജനത്തിലൂടെ പരിഹരിക്കുവാനാവും. കൈവായ്പ സമയബന്ധിതമായി മടക്കി നൽകും.

ആയില്യം

പുനരാലോചനകൾ ഗുണം ചെയ്യുന്നതാണ്. ഔദ്യോഗികമായി ചുമതലകൾ അധികരിച്ചേക്കും. പരീക്ഷാർത്ഥികൾക്ക് സംതൃപ്തിയുണ്ടാവും.  സഹപ്രവർത്തകരിൽ ചിലരുടെ അവസരവാദത്തെ തുറന്നുകാട്ടുവാൻ മുതിർന്നേക്കും. തന്മൂലമുണ്ടാകുന്ന എതിർപ്പുകളെ കൂസുകയില്ല. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും. നിയമ പ്രശ്നങ്ങൾ മനസ്സിരുത്തി പഠിക്കാൻ സന്നദ്ധനാവുന്നതാണ്. ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ കൂടുന്നതായിരിക്കും.

മകം

ജന്മരാശിയുടെ അഷ്ടമത്തിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ചൊവ്വാഴ്ച വരെ ഗുണാനുഭവങ്ങൾ കുറയുന്നതാണ്. പ്രയത്നം ആവർത്തിക്കേണ്ടി വരും. ഇഷ്ടകാര്യങ്ങൾ തടസ്സപ്പെടാം. കുടുംബാംഗങ്ങളുടെ വാക്കുകൾ അനിഷ്ടകാരിയാവാം. ബുധൻ മുതൽ അനുകൂലത പ്രതീക്ഷിക്കാം. ഏകാഗ്രത മടക്കിക്കിട്ടും. അകർമ്മണ്യത അകലുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ കഴിയും. സുഹൃത്തുക്കളുമായി ഉല്ലസിക്കാനാവും.

പൂരം

പലകാര്യങ്ങളിലും  തടസ്സങ്ങളുണ്ടാവും. പോംവഴിയെന്തെന്ന് തെളിയുകയുമില്ല. മനസ്സിന് ഉണർവ്വില്ലായ്മ അനുഭവപ്പെടുന്നതാണ്. പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞെന്നുവരില്ല. വാരമധ്യം മുതൽ കാര്യാനുകൂലത കൈവന്നേക്കും. എല്ലാക്കാര്യങ്ങളിലും സമയോചിതമായ ഇടപെടലുകൾ നടത്തും. ബിസിനസ്സിൽ ലാഭം ഉയരുന്നതാണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനാവും. പരീക്ഷകളിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളും.

ഉത്രം

കയ്പും ചവർപ്പും എരിവും മധുരവും കലർന്ന വാരമായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനിടയുണ്ട്. തീരെ കരുതാത്തവ നടന്നുകിട്ടുകയ്യും ചെയ്യും. കടബാധ്യതകൾ പിടിമുറുക്കുന്നതാണ്. എന്നാൽ സഹായഹസ്തങ്ങൾ മുന്നോട്ടുവരിക എന്നതും സാധ്യതയാണ്. നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗം വരികയാൽ ആലസ്യം തലപൊക്കിയേക്കും സമയബന്ധിതമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിഞ്ഞേക്കില്ല. കുടുംബാംഗങ്ങളുടെ മാനസിക പിന്തുണ അഭംഗുരമായിരിക്കും.

അത്തം

നക്ഷത്രനാഥനായ ചന്ദ്രന് ബലഹാനി വരികയാൽ ഞായർ ശുഭകാര്യങ്ങൾക്ക് അനുയോജ്യമല്ല. തിങ്കളും ചൊവ്വയും കാര്യസാധ്യം ഉണ്ടാവും. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി വന്നെത്തും. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ ചിത്തക്ഷോഭം ഉണ്ടാവാം. അലച്ചിൽ, ചെറിയ ആരോഗ്യ പ്രശ്നങ്ങൾ  ഇവയ്ക്ക് സാധ്യത കാണുന്നു. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണം. വെള്ളി, ശനി ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങും.

ചിത്തിര

ആലോചന കൂടാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്. അന്യഥാ സുലഭമായിട്ടുള്ള വസ്തുക്കൾക്ക് ദുർലഭതയുണ്ടാവാം. സഹപ്രവർത്തകരുമൊത്ത് ഔദ്യോഗിക യാത്രകൾ വേണ്ടിവരുന്നതാണ്. ദാമ്പത്യജീവിതത്തിൽ  കലഹത്തിനിടയുണ്ട്. തുടർചികിൽസയ്ക്ക് ബന്ധുക്കളുടെ സഹായം അനപേക്ഷിതമായി ലഭിക്കുന്നതാണ്. അതിരുവിട്ട  അയൽതർക്കങ്ങൾക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്തുന്നതാണ്. സംഘടനയുടെ പ്രവർത്തനത്തിൽ മടുപ്പ് ഉണ്ടായേക്കാം.

ചോതി

മുൻപ് ചോദിച്ചിട്ടും കിട്ടാത്ത ആവശ്യങ്ങൾ ഇപ്പോൾ ചോദിക്കാതെ തന്നെ കിട്ടാനിടയുണ്ട്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തടസ്സം കൂടാതെ ലഭിക്കുന്നതായിരിക്കും. അകത്തും പുറത്തും എതിർപ്പുയർത്തുന്നവരെ പരോക്ഷമായും പ്രത്യക്ഷ്യമായും നേരിടും. പ്രണയികൾക്ക് അനുകൂല സന്ദർഭമാണ്. വിവാഹതാത്പര്യത്തിന് അനുമതി കിട്ടിയേക്കാം. കുടുംബ ജീവിതം ഒട്ടൊക്കെ സ്വച്ഛന്ദമാവുന്നതാണ്. പങ്കുകച്ചവടത്തിൽ നിന്നും വരുമാനം ഉയർന്നേക്കും.

വിശാഖം

ഗ്രഹാനുകൂല്യം ഉള്ള വാരമാണ്. താത്പര്യങ്ങൾ ഒരുവിധം സംരക്ഷിക്കാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷ സുഗമമായിരിക്കും. നവസംരംഭങ്ങളിൽ നിന്നും ന്യായമായ നേട്ടങ്ങൾ ഭവിക്കുന്നതാണ്. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉയർച്ച പ്രതീക്ഷിക്കാം. ഊഹക്കച്ചവടം, ഇൻഷ്വറൻസ് മുതലായവയിൽ ലാഭം ഉണ്ടാകുന്നതാണ്. കുട്ടിക്കാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലിന് തയ്യാറെടുപ്പുകൾ നടത്തും. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

അനിഴം

വാരാദ്യത്തിൽ ചില അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരിക്കും. മനസ്സിനെ അകാരണമായ മ്ളാനത ബാധിച്ചേക്കാം. ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കുടുംബാംഗങ്ങളുടെ എതിർപ്പിനിടവരുത്തും. വാരമധ്യം മുതൽ ക്രമേണയായി അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാധാരണ കാര്യങ്ങൾ മിക്കവാറും എല്ലാം ഭംഗിയായിത്തന്നെ നിർവഹിക്കാനാവും. സാമ്പത്തിക ഞെരുക്കത്തിന് സാമാന്യം അയവുവരുന്നതാണ്. ബന്ധുക്കൾ പിണക്കം മറന്ന് ഒത്തുചേരും.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് മൗഢ്യം തുടരുകയാലും ഭാഗ്യാധിപനായ ചന്ദ്രന് ബലഹാനി വരുകയാലും വാരാരംഭം ശോഭനമാവണമെന്നില്ല. ആലസ്യമുണ്ടാകും. സമയബന്ധിതമായി ദൗത്യം പൂർത്തീകരിക്കാൻ വിഷമിക്കുന്നതാണ്. മനസ്സ് കാരണം കൂടാതെ തന്നെ ചകിതമായേക്കും. തുടർദിനങ്ങളിൽ മെച്ചപ്പെട്ട ഫലങ്ങൾ വരാം. കിട്ടുവാനുള്ള ധനം കൈവശമെത്തും. സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതാണ്. കുടുംബ ബന്ധങ്ങൾ സ്നേഹപൂർണമാകും. പാരിതോഷികങ്ങൾ/ പുരസ്കാരങ്ങൾ തേടി വന്നേക്കും.

മൂലം

ഗ്രഹാനുകൂല്യം ഭാഗികമാണ്. കുടുംബ പ്രശ്നം, സ്വത്തുതർക്കം ഇവകളിൽ സഹോദരരുടെ പിന്തുണ ലഭിക്കുന്നതല്ല. ഉദ്യോഗസ്ഥർക്ക് അധിക ജോലി ചെയ്യേണ്ട സാഹചര്യം സംജാതമാകുന്നതാണ്. മനസ്സിൻ്റെ നിയന്ത്രണം കുറയുന്നതായി തോന്നിയേക്കും. പഴയകാല ചങ്ങാതിമാരെ വീണ്ടും കാണുന്നതിനും ഓർമ്മപുതുക്കുവാനും അവസരം വന്നെത്തും. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും ശുഭസന്ദേശം ലഭിക്കാനിടയുണ്ട്. വാക്ക് മാറ്റിപ്പറയേണ്ട സ്ഥിതി വരാം. തന്മൂലം പരിഹസിക്കപ്പെടാം. വളർത്തുമൃഗങ്ങൾക്ക് അസുഖം വരാം.

പൂരാടം

പ്രവൃത്തികളിൽ തികഞ്ഞ ജാഗ്രത ആവശ്യമുണ്ട്. പരിതസ്ഥിതികളെ വിലയിരുത്തുന്നതിൽ പിശക് പറ്റാനിടയുണ്ട്. പണച്ചെലവ് കൂടുന്നതാണ്. സ്നേഹിതരുടെ ആത്മാർത്ഥതയിൽ സംശയം തോന്നും. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത സമയമാണ്. ദിനചര്യകളുടെ താളം തെറ്റിയേക്കാം. സാധാരണ കർമ്മങ്ങൾ ഭംഗിയായി പൂർത്തീകരിച്ചേക്കും. പേരക്കുട്ടിയുടെ കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് സമയം കണ്ടെത്തും.

ഉത്രാടം

പ്രതീക്ഷിച്ച സഹായധനം വന്നെത്തുന്നതാണ്. മുതിർന്നവരുടേയും ഇളമുറക്കാരുടേയും അകമഴിഞ്ഞ പിന്തുണ ഒരുപോലെ ലഭിച്ചേക്കും. പൊതുപ്രവർത്തനത്തിൽ മുന്നേറാൻ സാധിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ കഴിയുന്നതാണ്. പണയവസ്തുക്കൾ വീണ്ടെടുത്തേക്കും. അയൽ തർക്കങ്ങൾക്ക് രമ്യമായി പോംവഴി കണ്ടെത്താനാവും. തൊഴിൽപരമായ അശാന്തികൾക്ക് അല്പം ആശ്വാസം അനുഭവപ്പെട്ടേക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികവ് പ്രദർശിപ്പിക്കുന്നതാണ്.

തിരുവോണം

മനസ്സ്വസ്ഥത കുറയാനിടയുണ്ട്. കുടുംബാംഗങ്ങളോട് കലഹിച്ചെന്നു വരാം. സ്വശക്തിയെക്കുറിച്ച് സംശയാലുവാകും. വഴിനടത്ത മൂലം ക്ലേശമുണ്ടാവുന്നതാണ്. ക്ഷിപ്രസാധ്യങ്ങൾ ആയിട്ടുള്ള കാര്യങ്ങൾ ക്ലേശസാധ്യങ്ങളാവാം. അധികാരസ്ഥാനത്തുള്ളവരെ അവഗണിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കിയേക്കും. ചിലപ്പോൾ നട്ടാൽ കുരുക്കാത്ത നുണ പറയേണ്ടിവരുന്നതാണ്. വെട്ടിത്തുറന്നുള്ള രാഷ്ട്രീയാഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ശത്രുക്കളെ സൃഷ്ടിച്ചേക്കാം. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നതാണ്.

അവിട്ടം

സുഹൃത്തുക്കളുടെ തർക്കത്തിൽ സമാധാനത്തിൻ്റെ പാത സ്വീകരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദം വർദ്ധിച്ചേക്കും. ചിലപ്പോൾ വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നതാണ്. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടാവുകയില്ല. ജീവിതശൈലി രോഗങ്ങൾ ക്ലേശിപ്പിച്ചെന്നു വരാം. നിലവിലെ തൊഴിൽ ഉപേക്ഷിക്കാനുള്ള തീരുമാനം ഗുണകരമായേക്കില്ല. ഏജൻസി ഏർപ്പാടുകളിൽ നിന്നുള്ള ആദായം തൃപ്തികരമായിരിക്കും.

ചതയം

പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലും മുൻ പിൻ നക്ഷത്രങ്ങളിലും സഞ്ചരിക്കുകയാൽ സമ്മർദ്ദം പല നിലയ്ക്കാവും അനുഭവപ്പെടുക. ശാരീരികക്ലേശങ്ങൾ അധികരിക്കാം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവമോ ഉപജാപമോ സ്വൈരം കെടുത്താം. പ്രധാന തീരുമാനങ്ങൾ നീട്ടിവെക്കുകയാവും ഉചിതം. കലാകാരന്മാർക്ക് കീർത്തിയുണ്ടാവും . വിദ്യാഭാസത്തിൽ ശുഷ്കാന്തി പ്രതീക്ഷിക്കാം. കിടപ്പുരോഗികൾക്ക് ചികിത്സാ മാറ്റം ഗുണം ചെയ്തെന്ന് വരാം.

ചതയം

പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലും മുൻ പിൻ നക്ഷത്രങ്ങളിലും സഞ്ചരിക്കുകയാൽ സമ്മർദ്ദം പല നിലയ്ക്കാവും അനുഭവപ്പെടുക. ശാരീരികക്ലേശങ്ങൾ അധികരിക്കാം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവമോ ഉപജാപമോ സ്വൈരം കെടുത്താം. പ്രധാന തീരുമാനങ്ങൾ നീട്ടിവെക്കുകയാവും ഉചിതം. കലാകാരന്മാർക്ക് കീർത്തിയുണ്ടാവും . വിദ്യാഭാസത്തിൽ ശുഷ്കാന്തി പ്രതീക്ഷിക്കാം. കിടപ്പുരോഗികൾക്ക് ചികിത്സാ മാറ്റം ഗുണം ചെയ്തെന്ന് വരാം.

പൂരൂരുട്ടാതി

പൂരൂരുട്ടാതി ഞാറ്റുവേലക്കാലം കൂടിയാകയാൽ ശരീരത്തിന് ആയാസമനുഭവപ്പെടാം. കരുതിവെച്ച ധനം മറ്റുകാര്യങ്ങൾക്കായി ചെലവഴിക്കപ്പെടാൻ സാധ്യതയുണ്ട്. സ്വജനങ്ങളുടെയും സുഹൃത്തുക്കളുടെയും ശത്രുത സമ്പാദിച്ചേക്കാം. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവില്ല. ഔദ്യോഗികരംഗം മ്ളാനമായിത്തുടരും. ശുഭകാര്യങ്ങൾ തുടങ്ങുന്നതിന്  ഈ വാരം അഭിലഷണീയമല്ല. അല്പലാഭമായിരിക്കും കച്ചവടത്തിൽ ഉണ്ടാവുക. വാരാന്ത്യം മുതൽ മാറ്റം വന്നെത്തുന്നതാണ്.

ഉത്രട്ടാതി

ഞായറാഴ്ച യാത്രാക്ലേശമുണ്ടാവും. ധനവ്യയം കാണുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാവും.  സുഹൃൽ- ബന്ധു ജനങ്ങളുമായി ഒത്തുകൂടാനവസരം സംജാതമാകുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വരവ് പ്രതീക്ഷിച്ച പോലെയാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കും. വിദ്യാർത്ഥികൾക്ക് നല്ല ദിവസങ്ങളായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ സഹായവാഗ്ദാനങ്ങൾ സാക്ഷാലക്കരിക്കപ്പെടുന്നതാണ്. മനസ്സമാധാനം ഉണ്ടാവും.

രേവതി

ജന്മരാഹുവിൻ്റെ പ്രവർത്തനത്താൽ ആലസ്യം മനസ്സിനെയും പിടികൂടിയെന്നുവരാം. അനാവശ്യം എന്ന് ജീവിതപങ്കാളി കുറ്റപ്പെടുത്തുന്ന കാര്യങ്ങൾക്കായി ഊർജ്ജവും ധനവും ചെലവു ചെയ്യുന്നതായിരിക്കും. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾക്ക് തടസ്സം ഉണ്ടാവുന്നതാണ്. പ്രണയികൾക്ക് കാര്യങ്ങൾ അത്ര അനുകൂലമാവില്ല. തൊഴിൽ തേടുന്നവർക്ക് അല്പം ആശ്വസിക്കാനാവും. പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാൻ കഴിയും. കമ്മീഷൻ പ്രവർത്തനങ്ങളിൽ നിന്നും മോശമല്ലാത്ത ആദായമുണ്ടാകും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: