/indian-express-malayalam/media/media_files/hyVZHUm91RaNgqzJClCX.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മാർച്ച് 13 വരെ കുംഭം രാശിയിലും തുടർന്ന് മീനം രാശിയിലും സഞ്ചരിക്കുന്നു. ഈയാഴ്ച മുഴുവൻ പൂരൂരുട്ടാതി ഞാറ്റുവേലക്കാലമാണ്. ശനി കുംഭം രാശിയിൽ ചതയം നാളിലാണ്. ശനിയുടെ മൗഢ്യം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. മാർച്ച് 15 ന് ചൊവ്വ ഉച്ചരാശിയായ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പകരുന്നു. ചൊവ്വ അവിട്ടം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്.
ബുധൻ നീചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. ബുധന് മാർച്ച് 14 ന് മൗഢ്യം അവസാനിക്കുകയാണ്. ശുക്രൻ കുംഭം രാശിയിൽ അവിട്ടം - ചതയം നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്
ചന്ദ്രസഞ്ചാരം എപ്രകാരമെന്ന് നോക്കാം. മാർച്ച് 10 ന് കറുത്തവാവാണ്. പിറ്റേന്ന് മുതൽ വെളുത്തപക്ഷം തുടങ്ങുന്നു. പൂരൂരുട്ടാതി നക്ഷത്രമാണ് മാർച്ച് 10 ന്. വാരാന്ത്യത്തിൽ, മാർച്ച് 16 ന് ശനിയാഴ്ച രോഹിണി നക്ഷത്രവും സപ്തമി തിഥിയും ഭവിക്കുന്നു.
ഞായർ വൈകിട്ട് വരെ കർക്കിടക കൂറുകാരുടെയും തുടർന്ന് ചൊവ്വ രാത്രി വരെ ചിങ്ങക്കൂറുകാരുടെയും അഷ്ടമരാശി ആകുന്നു. തദനന്തരം വ്യാഴാഴ്ച അർദ്ധരാത്രി വരെ കന്നിക്കൂറുകാർക്കും തുടർന്ന് ആഴ്ച തീരുന്നതുവരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടേയും സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
വാരാദ്യം ക്ലേശസാധ്യത കാണുന്നു. പ്രതീക്ഷിച്ച വിധത്തിൽ കാര്യസാധ്യത ഉണ്ടാവണമെന്നില്ല. നാലാം ഭാവാധിപനായ ചന്ദ്രൻ ദുർബലനായി പന്ത്രണ്ടാം ഭാവത്തിലാകയാൽ മനസ്സിൻ്റെ മേൽ തരിമ്പും നിയന്ത്രണമുണ്ടാവില്ല. ചെലവും വർദ്ധിക്കാം. ക്രമേണ സ്ഥിതി മാറുന്നതാണ്. ക്ഷേത്രാടനാദികൾക്ക് അവസരം സംജാതമാകും. പുതിയ വസ്ത്രാഭരണങ്ങൾ പാരിതോഷികമായി ലഭിച്ചേക്കും. ഇഷ്ടജനങ്ങളുമായി സല്ലാപസമാഗമാദികൾക്ക് അവസരം ഉണ്ടാകാം.
ഭരണി
കച്ചവടത്തിൽ ലാഭം കുറയുന്നതായി തോന്നും. ശരീരമനസ്സുകളുടെ ഏകോപനം അത്ര എളുപ്പമാവില്ല. സുഹൃത്തുക്കളുമായി തർക്കത്തിനൊരുമ്പെട്ടേക്കും. പാഴ്ച്ചെലവുകൾ കൂടുന്നതാണ്. ബുധനാഴ്ച മുതൽ കാര്യങ്ങൾ ഒട്ടൊക്കെ വരുതിയിലാവും. സുഖാശനവും സുഖശയനവും ഉണ്ടാവുന്നതാണ്. ഇടയ്ക്ക് മുടങ്ങിപ്പോയ കാര്യങ്ങളുടെ പൂർത്തീകരണം സുസാധ്യമാകും. പഠനം/ പരീക്ഷ ഇവയിൽ ഏകാഗ്രത പുലർത്താനാവും. ആത്മവിശ്വാസം വാനോളമുയരും.
കാർത്തിക
ഇടവക്കൂറുകാർക്ക് വാരാദ്യം നല്ലതുടക്കം വന്നുചേരും. പ്രവൃത്തികളിൽ മുഴുമനസ്സോടെ ഏർപ്പെടുന്നതാണ്. അദ്ധ്വാനത്തിന് തക്കതായ പ്രതിഫലം പ്രതീക്ഷിക്കാം.
ഉന്നത വ്യക്തികളുമായി പരിചയപ്പെടാനാവും. സംരംഭങ്ങളിൽ നല്ലപുരോഗതി ദൃശ്യമാകും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. മേടക്കൂറുകാർക്ക് ചൊവ്വാഴ്ച വരെ തടസ്സങ്ങൾ കൂടുന്നതായിരിക്കും. വ്യർത്ഥയാത്രകളുണ്ടാവും. വേണ്ടാത്ത കാര്യങ്ങളിൽ തലയിടും. മറ്റു ദിവസങ്ങളിൽ സ്വശക്തി തിരികെ കിട്ടിയതായി തോന്നും.
രോഹിണി
ഏർപ്പെടുന്ന കാര്യങ്ങളിൽ ദൃഢമായ വ്യക്തിമുദ്ര പതിപ്പിക്കാനാവും. സംഘടനകളിൽ സ്വന്തം വാക്കുകൾ കേൾക്കാൻ ആളുണ്ടാവുന്നതാണ്. കുടുംബപരമായി ഭാവിശ്രേയസ്സിനുള്ള നടപടികൾ കൈക്കൊള്ളും. വാരാദ്യം നക്ഷത്രനാഥനായ ചന്ദ്രന് പൂർണബലക്ഷയം വരുന്നതിനാൽ നേട്ടങ്ങൾക്ക് തിളക്കം കുറയാം. മനശ്ശക്തി ദുർബലമായേക്കും. പ്രധാന തീരുമാനങ്ങൾ എടുക്കാതിരിക്കുക ഉചിതം. ക്രമേണ അനുകൂലസ്ഥിതി സംജാതമാകും. ബന്ധുക്കളുടെ സഹകരണം പൂർവ്വാധികം ശക്തമാകും.
മകയിരം
സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊള്ളാനും നിർഭയം അവ പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. കലാപ്രവർത്തനം കൂടുതൽ അംഗീകരിക്കപ്പെടും. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടായേക്കും. വിരുദ്ധ ചേരികളിൽ നിൽക്കുന്ന സുഹൃത്തുക്കളുടെ ഇടയിൽ പെട്ട് വിഷമിക്കാം. തൊഴിൽ തേടുന്ന യുവാക്കൾക്ക് കരാർപണികൾ ലഭിക്കുന്നതാണ്. പണയവസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമം വിജയിക്കും. മറുനാടുകളിൽ കുടുംബ സമേതം യാത്ര ചെയ്യാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും.
തിരുവാതിര
വാരം മുഴുവൻ പ്രായേണ പ്രസന്നമായ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിലിടം സമാധാനപൂർണമാകുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം വലിയ തോതിൽ തന്നെയുണ്ടാകും. നവസംരഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. കുടുംബാംഗങ്ങളുടെ കാര്യത്തിൽ ഉചിതമായ സമീപനം സ്വീകരിക്കും. വായ്പാ കുടിശ്ശിക ഒഴിവാക്കാൻ സാധിക്കുന്നതാണ്. ആഘോഷങ്ങളുടെ നടത്തിപ്പിൽ ചുമതല വഹിക്കുവാനാവും. സുഹൃൽ സല്ലാപങ്ങൾ ഹൃദയോല്ലാസത്തിന് കാരണമാകുന്നതാണ്.
പുണർതം
പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകളെ നിസ്സങ്കോചം നേരിടുന്നതായിരിക്കും. ന്യായമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായിത്തന്നെ നടന്നുകിട്ടുന്നതാണ്. ഔദ്യോഗിക യാത്രകൾ ഗുണകരമായേക്കും. ബന്ധുവിൻ്റെ വിവാഹത്തിന് കഴിയുംവിധത്തിൽ സഹായമേകുന്നതാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാനാവും. പരീക്ഷയിൽ തൃപ്തികരമാംവണ്ണം ഉത്തരമെഴുതാൻ സാധിച്ചേക്കും. സാമ്പത്തികമായി മെച്ചപ്പെട്ട വാരമാണ്.
പൂയം
വാരാദ്യം കൂറിൻ്റെ അധിപനായ ചന്ദ്രനുണ്ടാകുന്ന ബലക്ഷയം മാനസിക വീര്യത്തെ തെല്ല് ബാധിച്ചേക്കും. നിസ്സാര കാര്യങ്ങളിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായേക്കില്ല. ക്രമേണ കാര്യങ്ങൾ വരുതിയിലാവും. ബിസിനസ്സിലെ ഉണർവ്വില്ലായ്മ മാറിത്തുടങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകില്ലെന്ന് സൂചന ലഭിക്കും. ഗാർഹികമായ അസന്തുഷ്ടികളെ അനുരഞ്ജനത്തിലൂടെ പരിഹരിക്കുവാനാവും. കൈവായ്പ സമയബന്ധിതമായി
മടക്കി നൽകും.
ആയില്യം
പുനരാലോചനകൾ ഗുണം ചെയ്യുന്നതാണ്. ഔദ്യോഗികമായി ചുമതലകൾ അധികരിച്ചേക്കും. പരീക്ഷാർത്ഥികൾക്ക് സംതൃപ്തിയുണ്ടാവും. സഹപ്രവർത്തകരിൽ ചിലരുടെ അവസരവാദത്തെ തുറന്നുകാട്ടുവാൻ മുതിർന്നേക്കും. തന്മൂലമുണ്ടാകുന്ന എതിർപ്പുകളെ കൂസുകയില്ല. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും.
നിയമ പ്രശ്നങ്ങൾ മനസ്സിരുത്തി പഠിക്കാൻ സന്നദ്ധനാവുന്നതാണ്. ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ കൂടുന്നതായിരിക്കും.
Read More
- മീനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Meenam
- മീനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Meenam
- മീനമാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Meenam
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 03-March 09, 2024, Weekly Horoscope
- Weekly Horoscope (March 3– March 9, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 04 to March 10
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.