/indian-express-malayalam/media/media_files/ynHX9DybXMpHTATUXLpj.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മാർച്ച് 13 വരെ കുംഭം രാശിയിലും തുടർന്ന് മീനം രാശിയിലും സഞ്ചരിക്കുന്നു. ഈയാഴ്ച മുഴുവൻ പൂരൂരുട്ടാതി ഞാറ്റുവേലക്കാലമാണ്. ശനി കുംഭം രാശിയിൽ ചതയം നാളിലാണ്. ശനിയുടെ മൗഢ്യം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. മാർച്ച് 15 ന് ചൊവ്വ ഉച്ചരാശിയായ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പകരുന്നു. ചൊവ്വ അവിട്ടം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്.
ബുധൻ നീചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. ബുധന് മാർച്ച് 14 ന് മൗഢ്യം അവസാനിക്കുകയാണ്. ശുക്രൻ കുംഭം രാശിയിൽ അവിട്ടം - ചതയം നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്.
ചന്ദ്രസഞ്ചാരം എപ്രകാരമെന്ന് നോക്കാം. മാർച്ച് 10 ന് കറുത്തവാവാണ്. പിറ്റേന്ന് മുതൽ വെളുത്തപക്ഷം തുടങ്ങുന്നു. പൂരൂരുട്ടാതി നക്ഷത്രമാണ് മാർച്ച് 10 ന്. വാരാന്ത്യത്തിൽ, മാർച്ച് 16 ന് ശനിയാഴ്ച രോഹിണി നക്ഷത്രവും സപ്തമി തിഥിയും ഭവിക്കുന്നു.
ഞായർ വൈകിട്ട് വരെ കർക്കിടക കൂറുകാരുടെയും തുടർന്ന് ചൊവ്വ രാത്രി വരെ ചിങ്ങക്കൂറുകാരുടെയും അഷ്ടമരാശി ആകുന്നു. തദനന്തരം വ്യാഴാഴ്ച അർദ്ധരാത്രി വരെ കന്നിക്കൂറുകാർക്കും തുടർന്ന് ആഴ്ച തീരുന്നതുവരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടേയും നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
മകം
ജന്മരാശിയുടെ അഷ്ടമത്തിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ചൊവ്വാഴ്ച വരെ ഗുണാനുഭവങ്ങൾ കുറയുന്നതാണ്. പ്രയത്നം ആവർത്തിക്കേണ്ടി വരും. ഇഷ്ടകാര്യങ്ങൾ തടസ്സപ്പെടാം. കുടുംബാംഗങ്ങളുടെ വാക്കുകൾ അനിഷ്ടകാരിയാവാം. ബുധൻ മുതൽ അനുകൂലത പ്രതീക്ഷിക്കാം. ഏകാഗ്രത മടക്കിക്കിട്ടും. അകർമ്മണ്യത അകലുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ കഴിയും. സുഹൃത്തുക്കളുമായി ഉല്ലസിക്കാനാവും.
പൂരം
പലകാര്യങ്ങളിലും തടസ്സങ്ങളുണ്ടാവും. പോംവഴിയെന്തെന്ന് തെളിയുകയുമില്ല. മനസ്സിന് ഉണർവ്വില്ലായ്മ അനുഭവപ്പെടുന്നതാണ്. പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞെന്നുവരില്ല. വാരമധ്യം മുതൽ കാര്യാനുകൂലത കൈവന്നേക്കും. എല്ലാക്കാര്യങ്ങളിലും സമയോചിതമായ ഇടപെടലുകൾ നടത്തും. ബിസിനസ്സിൽ ലാഭം ഉയരുന്നതാണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനാവും. പരീക്ഷകളിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളും.
ഉത്രം
കയ്പും ചവർപ്പും എരിവും മധുരവും കലർന്ന വാരമായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനിടയുണ്ട്. തീരെ കരുതാത്തവ നടന്നുകിട്ടുകയ്യും ചെയ്യും. കടബാധ്യതകൾ പിടിമുറുക്കുന്നതാണ്. എന്നാൽ സഹായഹസ്തങ്ങൾ മുന്നോട്ടുവരിക എന്നതും സാധ്യതയാണ്. നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗം വരികയാൽ ആലസ്യം തലപൊക്കിയേക്കും സമയബന്ധിതമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിഞ്ഞേക്കില്ല. കുടുംബാംഗങ്ങളുടെ മാനസിക പിന്തുണ അഭംഗുരമായിരിക്കും.
അത്തം
നക്ഷത്രനാഥനായ ചന്ദ്രന് ബലഹാനി വരികയാൽ ഞായർ ശുഭകാര്യങ്ങൾക്ക് അനുയോജ്യമല്ല. തിങ്കളും ചൊവ്വയും കാര്യസാധ്യം ഉണ്ടാവും. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി വന്നെത്തും. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ ചിത്തക്ഷോഭം ഉണ്ടാവാം. അലച്ചിൽ, ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഇവയ്ക്ക് സാധ്യത കാണുന്നു. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണം. വെള്ളി, ശനി ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങും.
ചിത്തിര
ആലോചന കൂടാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്. അന്യഥാ സുലഭമായിട്ടുള്ള വസ്തുക്കൾക്ക് ദുർലഭതയുണ്ടാവാം. സഹപ്രവർത്തകരുമൊത്ത് ഔദ്യോഗിക യാത്രകൾ വേണ്ടിവരുന്നതാണ്. ദാമ്പത്യജീവിതത്തിൽ കലഹത്തിനിടയുണ്ട്. തുടർചികിൽസയ്ക്ക് ബന്ധുക്കളുടെ സഹായം അനപേക്ഷിതമായി ലഭിക്കുന്നതാണ്. അതിരുവിട്ട അയൽതർക്കങ്ങൾക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്തുന്നതാണ്. സംഘടനയുടെ പ്രവർത്തനത്തിൽ മടുപ്പ് ഉണ്ടായേക്കാം.
ചോതി
മുൻപ് ചോദിച്ചിട്ടും കിട്ടാത്ത ആവശ്യങ്ങൾ ഇപ്പോൾ ചോദിക്കാതെ തന്നെ കിട്ടാനിടയുണ്ട്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തടസ്സം കൂടാതെ ലഭിക്കുന്നതായിരിക്കും. അകത്തും പുറത്തും എതിർപ്പുയർത്തുന്നവരെ പരോക്ഷമായും പ്രത്യക്ഷ്യമായും നേരിടും. പ്രണയികൾക്ക് അനുകൂല സന്ദർഭമാണ്. വിവാഹതാത്പര്യത്തിന് അനുമതി കിട്ടിയേക്കാം. കുടുംബ ജീവിതം ഒട്ടൊക്കെ സ്വച്ഛന്ദമാവുന്നതാണ്. പങ്കുകച്ചവടത്തിൽ നിന്നും വരുമാനം ഉയർന്നേക്കും.
വിശാഖം
ഗ്രഹാനുകൂല്യം ഉള്ള വാരമാണ്. താത്പര്യങ്ങൾ ഒരുവിധം സംരക്ഷിക്കാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷ സുഗമമായിരിക്കും.
നവസംരംഭങ്ങളിൽ നിന്നും ന്യായമായ നേട്ടങ്ങൾ ഭവിക്കുന്നതാണ്. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉയർച്ച പ്രതീക്ഷിക്കാം. ഊഹക്കച്ചവടം, ഇൻഷ്വറൻസ് മുതലായവയിൽ ലാഭം ഉണ്ടാകുന്നതാണ്. കുട്ടിക്കാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലിന് തയ്യാറെടുപ്പുകൾ നടത്തും. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.
അനിഴം
വാരാദ്യത്തിൽ ചില അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരിക്കും. മനസ്സിനെ അകാരണമായ മ്ളാനത ബാധിച്ചേക്കാം. ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കുടുംബാംഗങ്ങളുടെ എതിർപ്പിനിടവരുത്തും. വാരമധ്യം മുതൽ ക്രമേണയായി അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാധാരണ കാര്യങ്ങൾ മിക്കവാറും എല്ലാം ഭംഗിയായിത്തന്നെ നിർവഹിക്കാനാവും. സാമ്പത്തിക ഞെരുക്കത്തിന് സാമാന്യം അയവുവരുന്നതാണ്. ബന്ധുക്കൾ പിണക്കം മറന്ന് ഒത്തുചേരും.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധന് മൗഢ്യം തുടരുകയാലും ഭാഗ്യാധിപനായ ചന്ദ്രന് ബലഹാനി വരുകയാലും വാരാരംഭം ശോഭനമാവണമെന്നില്ല. ആലസ്യമുണ്ടാകും. സമയബന്ധിതമായി ദൗത്യം പൂർത്തീകരിക്കാൻ വിഷമിക്കുന്നതാണ്. മനസ്സ് കാരണം കൂടാതെ തന്നെ ചകിതമായേക്കും. തുടർദിനങ്ങളിൽ മെച്ചപ്പെട്ട ഫലങ്ങൾ വരാം. കിട്ടുവാനുള്ള ധനം കൈവശമെത്തും. സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതാണ്. കുടുംബ ബന്ധങ്ങൾ സ്നേഹപൂർണമാകും. പാരിതോഷികങ്ങൾ/ പുരസ്കാരങ്ങൾ തേടി വന്നേക്കും.
Read More
- അക്കങ്ങളിൽ തെളിയും ഭാവികാലം: Numerology Explained
- മീനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Meenam
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 03-March 09, 2024, Weekly Horoscope
- Weekly Horoscope (March 3– March 9, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 04 to March 10
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.