scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; March 03-March 09, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 3 ഞായറാഴ്ച മുതൽ മാർച്ച് 9-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 3 ഞായറാഴ്ച മുതൽ മാർച്ച് 9-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ കുംഭം രാശിയിൽ ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. മാർച്ച് 7 ന് ബുധൻ കുംഭത്തിൽ നിന്നും തൻ്റെ നീചക്ഷേത്രമായ മീനത്തിലേക്ക് സംക്രമിക്കുകയാണ്. ബുധൻ്റെ മൗഢ്യസ്ഥിതി തുടരുന്നുമുണ്ട്. മാർച്ച് 7 ന് തന്നെ ശുക്രൻ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പ്രവേശിക്കുന്നു. 

Advertisment

വ്യാഴം മേടം രാശിയിൽ ഭരണിയിൽ സഞ്ചാരം തുടരുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ മൗഢ്യം പ്രാപിച്ച നിലയിൽ തുടരുന്നു. ചൊവ്വ ഉച്ചക്ഷേത്രമായ മകരം രാശിയിലാണ്. രാഹു അപസവ്യ ഗതിയിൽ മീനം രാശിയിലും കേതു കന്നി രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ അഥവാ കറുത്ത പക്ഷത്തിലാണ്. സപ്തമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളാണ് ഈയാഴ്ച.  

അനിഴം മുതൽ അവിട്ടം - ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം. ഞായറും തിങ്കൾ വൈകിട്ട് വരെയും മേടക്കൂറുകാരുടെ അഷ്ടമരാശിക്കൂറാണ്. തുടർന്ന് ബുധനാഴ്ച രാത്രിവരെ ഇടവക്കൂറുകാരുടെയും, തദനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ മിഥുനക്കൂറുകാരുടെയും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. ശനിയാഴ്ചയും കടന്ന് അടുത്ത ആഴ്ചയിലേക്ക് കർക്കടകക്കൂറുകാരുടെ  അഷ്ടമരാശിക്കൂറ് തുടരപ്പെടുന്നുണ്ട്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വായിക്കാം.

Advertisment

മൂലം

ഗൃഹത്തിൽ സ്വൈരക്കേടുണ്ടാകും. അംഗങ്ങളിൽ പരസ്പരം ഉള്ള സ്നേഹം നഷ്ടപ്പെടാം. വാഹനത്തിന് കേടുപാടുകൾ വരാനിടയുണ്ട്. പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാവില്ല. സഹോദരിയിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നതാണ്. പരുഷവാക്കുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കും. തീർത്ഥാടനത്തിന് പെട്ടെന്ന് തീരുമാനിച്ച് പോകാനാവുന്നതാണ്. നല്ല ചിന്തകൾ മനസ്സിൽ നിറയാൻ തന്മൂലം സാധിച്ചേയ്ക്കും. സർട്ടിഫിക്കേറ്റ് / അനുമതിപത്രം ഇവ സർക്കാരിൽ നിന്നും ഈയാഴ്ച ലഭിക്കുവാനിടയുണ്ട്.

പൂരാടം

ശരാശരിക്കാലമാണ്. ഒരു ഗുണത്തിന് ഒരു ദോഷം എന്ന നിലയിലാവും കാര്യം. മകൻ്റെ പഠന നിലവാരം പ്രതീക്ഷക്കൊത്ത് ഉയരണമെന്നില്ല. മനസ്സമാധാനം കുറയുന്നതാണ്. വിരുന്നുകാർക്കൊപ്പം ചുറ്റിക്കറങ്ങാൻ കൂടേണ്ടിവരും. മുന്തിയ ഗാർഹികോപകരണം വാങ്ങിയേക്കും. തൊഴിൽപരമായി ചിലർക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാവും. ചിട്ടി, ലോൺ മുതലായവ പ്രയോജനപ്പെടുത്തും. സാധാരണ ചെയ്യുന്ന കാര്യങ്ങൾ മുടക്കം വരാതെ നടന്നുകിട്ടും. വസ്തു വാങ്ങുന്ന കാര്യത്തിൽ തീരുമാനം എടുത്തേക്കും.

ഉത്രാടം

കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനാവും. എല്ലാക്കാര്യങ്ങളിലും ഉന്മേഷമുണ്ടാവും. അകലങ്ങളിൽ കഴിയുന്ന സഹോദരരെ കാണാനിടവരുന്നതാണ്പുതുമുറക്കാരെ ഉപദേശിച്ചേക്കും വേതനമോ ന്യായമായി ലഭിക്കേണ്ട ധനമോ യഥാസമയം വന്നുചേരുന്നതാണ്. കൈവായ്പകൾ മടക്കിക്കൊടുക്കും. വിദ്യാർത്ഥികൾ പ്രധാന പരീക്ഷകൾ നന്നായിത്തന്നെ എഴുതുന്നതാണ്. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ആശങ്കകൾ ഒഴിയുന്നതായിരിക്കും. വാരാന്ത്യദിവസങ്ങളിൽ ചിലവേറും. അലച്ചിലുണ്ടാവുന്നതാണ്.

തിരുവോണം

കുടുംബകാര്യത്തിൽ തികഞ്ഞ യാഥാസ്ഥിതിക നിലപാടെടുത്തേക്കും. വാക്പാരുഷ്യം കൂട്ടുകാരെ വേദനിപ്പിക്കുന്നതാണ്. അകത്തും പുറത്തുമുള്ള എതിർപ്പുകൾക്ക് നേരെ ജാഗ്രത പുലർത്തും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനലബ്ധി ഉണ്ടായേക്കില്ല. തറവാട്ടിലെ പൂജാദികർമ്മങ്ങൾക്ക് മുൻകൈയെടുക്കും. വാരാദ്യ ദിവസങ്ങളിൽ അപ്രതീക്ഷിത ധനാഗമം ഉണ്ടാവുന്നതാണ്. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് ജാഗ്രതയോടെ വേണം. വാദി പ്രതിയാവാൻ സാധ്യതയുണ്ട്.

അവിട്ടം

ജന്മനക്ഷത്രത്തിലും മുന്നേയും ആയി പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ മനസ്സംഘർഷം അനുഭവപ്പെടുന്നതായിരിക്കും. പലതിനും വ്യക്തമായ കാരണം ഉണ്ടാവണം എന്നില്ല. നിലവിലെ ആരോഗ്യപ്രശ്നങ്ങൾ അധികരിക്കുന്നതായി അനുഭവപ്പെടുന്നതാണ്. തൊഴിൽ വിപുലീകരണത്തിന് / വലിയ മുതൽമുടക്കിന് കാലം അനുകൂലമല്ല. തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി ഉടനെ ലഭിക്കണമെന്നുമില്ല. ജീവിത പങ്കാളിയുടെ ഹിതോപദേശം സ്വീകരിച്ചേക്കില്ല. ഞായർ മുതൽ വ്യാഴം വരെ കൂടുതൽ ഗുണകരമായ ദിവസങ്ങളാണ്.

ചതയം

മൗഢ്യം വന്ന ശനി ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ പലതരം അസ്വസ്ഥതകളുണ്ടാവും. എന്താണ് യഥാർത്ഥ കാരണമെന്ന് വ്യക്തമാവുകയുമില്ല. എളുപ്പത്തിൽ നേടാമെന്ന് കരുതിയവ അങ്ങനെയാവില്ല. വരവുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർക്കും കച്ചവടക്കാർക്കും സാമ്പത്തികമായ ഗുണം പ്രതീക്ഷിക്കാം. പക്ഷേ ഊഹക്കച്ചവടം നഷ്ടത്തിൽ കലാശിക്കും. ഭൂമിസംബന്ധിച്ച പൊല്ലാപ്പുകൾ സ്വൈരം കെടുത്തിയേക്കും. കുടുംബ ബന്ധങ്ങളുടെ താളം നിലനിർത്താൻ വ്യക്തിപരമായ ഇഷ്ടങ്ങൾ വേണ്ടെന്നുവെച്ചേക്കാം.

പൂരൂരുട്ടാതി

വാരാന്ത്യത്തിലൊഴികെ മെച്ചപ്പെട്ട ആഴ്ചയാണ്. ചെയ്യുന്ന കാര്യങ്ങൾക്ക് പൂർണമായ അംഗീകാരം കിട്ടും. കച്ചവടത്തിൽ ലാഭത്തിനാവും മുൻതൂക്കം ഉണ്ടാവുക. 
ഏജൻസി / കമ്മീഷൻ ഏർപ്പാടുകൾ ശക്തിപ്പെടുന്നതാണ്. പുതുപദവികളോ ചുമതലകളോ ലഭിക്കാം. സജ്ജനങ്ങളുടെ സൗഹൃദവും ഗുണോപദേശവും ചെവിക്കൊള്ളും. ദാമ്പത്യത്തിൽ സമാധാനം നിലനിൽക്കും. ഗൃഹനിർമ്മാണത്തിൽ ഏർപ്പെട്ട ഇഴച്ചിൽ മാറും. കുംഭക്കൂറുകാർ ആരോഗ്യപരമായി ഏറ്റവും ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഉത്രട്ടാതി

കർമ്മഗുണം ഉള്ള വാരമാണ്. ആത്മാർത്ഥത ആദരിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വാരാന്ത്യത്തിൽ യാത്രയുണ്ടാവുന്നതാണ്. ചെറുകിട സംരംഭകർക്കും ചില നേട്ടങ്ങൾ വരുന്നതാണ്. കുടുംബകാര്യങ്ങളിൽ കർക്കശ നിലപാട് കൈക്കൊള്ളുന്നതുമൂലം ചില ആത്മസംഘർഷങ്ങൾ ഉണ്ടാവാം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് കാരണമാകുന്നതാണ്. വിദ്യാർത്ഥികൾക്ക് തൃപ്തികരമാം വണ്ണം പരീക്ഷയെഴുതാൻ കഴിഞ്ഞേക്കും.

രേവതി

ജന്മരാഹു ഉത്സാഹത്തിൻ്റെ കനൽക്കട്ടക്കു മേൽ അലസതയുടെ വെള്ളമൊഴിക്കും. സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വങ്ങൾ പ്രത്യേക കാരണം കൂടാതെ തന്നെ പിന്നീടത്തേക്ക് മാറ്റിവെക്കുന്നതാണ്. ചില വാക്കുകൾ മറ്റുള്ളവരുടെ ഹൃദയത്തിൽ മുറിവുണ്ടാക്കും. ന്യായമായ രീതിയിൽ വരവുണ്ടാകുന്നതാണ് ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ചൊവ്വ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഗുണാനുഭവങ്ങൾക്കാവും മേൽക്കൈ. വാരാന്ത്യത്തിൽ വ്യക്തിപരമോ 
തൊഴിൽ പരമോ ആയിട്ടുള്ള യാത്രകൾ ഉണ്ടാവുന്നതാണ്.

Read More: 

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: