scorecardresearch

ബുധൻ ദുർബലനാകുമ്പോൾ, അശ്വതി മുതൽ രേവതി വരെയുള്ളവരുടെ നക്ഷത്രഫലം

ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത് - അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത് - അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Budhan Horoscope

അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാരുടെ ഫലം

2024 മാർച്ച് 7 ന്, (1199 കുംഭം 23 ന്) ബുധൻ (Mercury) നീചരാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു. മാർച്ച് 25 വരെ ബുധൻ മീനം രാശിയിൽ തുടരും. അതിൽ തന്നെ മാർച്ച് 14 വരെ മൗഢ്യം എന്ന അവസ്ഥയും ബുധനുണ്ട്. നീചവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്നത് ഒരു ഗ്രഹത്തിനെ സംബന്ധിച്ച് വലിയ ദൗർബല്യമാണ്. 

Advertisment

മനുഷ്യർക്ക് ജീവിതത്തിൽ ഉയർച്ചതാഴ്ചകളും, ശുഭാശുഭത്വങ്ങളും ഒക്കെ ഉള്ളതുപോലെ ഗ്രഹങ്ങൾക്കുമുണ്ട്, ഇപ്പറഞ്ഞ രണ്ടവസ്ഥകളും. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ശക്തി 100 പോയിൻ്റാണെന്ന് സങ്കല്പിക്കാം. എങ്കിൽ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ബലം പൂജ്യം തന്നെയാണ്. പന്ത്രണ്ടു രാശികളിൽ മീനം രാശി ഇപ്രകാരം ബുധൻ്റെ ശക്തികളെ നെല്ലിപ്പലകയിലെത്തിക്കുന്ന നീചരാശിയാകുന്നു. സൂര്യൻ്റെ സാമീപ്യത്താൽ ഗ്രഹങ്ങൾക്കുണ്ടാവുന്ന നിർജ്ജീവാവസ്ഥ തന്നെയാണ് 'മൗഢ്യം' എന്ന വാക്കിലൂടെ വിവക്ഷിക്കപ്പെടുന്നത്.

കുറച്ചുനാളായി ബുധൻ മൗഢ്യത്തിലാണ്. നീചവും മൗഢ്യവും ഏകകാലത്ത് സംഭവിക്കുമ്പോൾ ഒരു ഗ്രഹം, കവിവാക്യം വ്യക്തമാക്കും വിധം "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലായിരിക്കും. പ്രസ്തുത ഗ്രഹത്തിന് യാതൊരു ഗുണവും ചെയ്യാൻ കഴിയില്ല. എന്നാൽ ദോഷം ചെയ്യാനായേക്കും.

Read More: വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 03-March 09, 2024, Weekly Horoscope

Advertisment

ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്. കഷ്ടിച്ച് ഇരുപത് ദിവസങ്ങളാണ് ബുധന് മീനം രാശിയിൽ സ്ഥിതിവരുന്നത്.

മീനം രാശി വ്യാഴത്തിൻ്റെ വീടാണ്. ഗ്രഹങ്ങളുടെ ഇടയിൽ ശത്രു, മിത്രം, സമൻ എന്നീ മൂന്നുതരം ബന്ധങ്ങളുണ്ട്. ബുധന് 'സമൻ' ആണ് വ്യാഴം. എന്നാൽ വ്യാഴത്തിന് 'ശത്രു'വാണ് ബുധൻ. ഇക്കാര്യവും ബുധൻ്റെ മീനം രാശിയിലെ സഞ്ചാരഫലത്തെ സ്വാധീനിക്കുന്നതാണ്. 

മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും അഥവാ കൂറുകളിലും, അവയ്ക്കുള്ളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27  നക്ഷത്രങ്ങളിലും ജനിച്ചവർക്ക് ബുധന്റെ ഈ ദുർബലാവസ്ഥ എന്തെല്ലാം ഫലങ്ങളാണ് നൽകുക എന്നതാണ് ഇവിടെ അപഗ്രഥിക്കുന്നത്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ബുധൻ പന്ത്രണ്ടാം ഭാവത്തിലാണ് നീചം പ്രാപിച്ചിരിക്കുന്നത്. പൊതുവേ പന്ത്രണ്ടാമെടം ഗ്രഹങ്ങൾക്ക് ഗുണപ്രദമല്ല. വ്യയം, ശരീരക്ലേശം, അമിത യാത്രകൾ, ശത്രൂപദ്രവം എന്നിവ പന്ത്രണ്ടില ഗ്രഹം നൽകാൻ സാധ്യതയുളള ഫലങ്ങളിൽ പ്രധാനമായവ. വീടുവിട്ടു നിൽക്കേണ്ട സാഹചര്യവും ഫലത്തിൽ ഉൾപ്പെടുന്നുണ്ട്. ആത്മശക്തി ചോരുന്നതായി തോന്നിയേക്കാം. മറ്റുളളവരുടെ സ്വാധീനത്തിന് എളുപ്പം വഴങ്ങുന്ന അനുഭവം ഉണ്ടാകും. ധനപരമായി ശ്രദ്ധ വേണം. ഓർമ്മപ്പിശക് വരാനിടയുണ്ട്. സഹോദരന്മാർക്ക് ഗുണപരമായ കാലമല്ല. മക്കളുടെ പഠനം, പരീക്ഷ ഇത്യാദികളിൽ തികഞ്ഞ ശ്രദ്ധ വേണം. മറവികേട് സംഭവിക്കാം. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടുകയില്ല.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറിന് ഏറ്റവും ഹിതകരമായ പതിനൊന്നാം ഭാവത്തിലാണ് ബുധൻ വരുന്നത്. അവിടെ രാഹുവും സ്ഥിതിചെയ്യുന്നത് ഗുണകരമാണ്. പതിനൊന്നിൽ എല്ലാ ഗ്രഹങ്ങളും അനുകൂലരായിരിക്കും എന്നത് ജ്യോതിഷപണ്ഡിതന്മാർ സമ്മതിക്കുന്ന നിയമമാണ്. ബുധൻ നീചാവസ്ഥയിൽ ആണ് എന്നുവന്നാലും ഇടവക്കൂറിൻ്റെ ലാഭഭാവമായ മീനത്തിലെ സ്ഥിതി പ്രയോജനകരമാണ്. ബന്ധുക്കൾ പിണക്കം മറന്ന് സഹകരിക്കുന്നതായിരിക്കും. പഠനം, പരീക്ഷ എന്നിവയിൽ ശോഭിക്കാനാവും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ വഹിക്കാൻ ഇടവരും. പ്രൊമോഷൻ  സാധ്യത തള്ളിക്കളയാനാവില്ല. ഹാസ്യ പരിപാടികളിൽ താത്പര്യമുണ്ടാവും. മനസ്സിനെ ബാധിച്ചിരിക്കുന്ന സംഘർഷങ്ങൾക്ക്  അയവുണ്ടാകുന്നതാണ്. കച്ചവടത്തിൽ സുഗമത ഭവിക്കും. ഏജൻസികൾ / കമ്മീഷൻ ഏർപ്പാടുകൾ എന്നിവയിൽ നിന്നുമുള്ള ആദായം വർദ്ധിക്കുന്നതാണ്. ചില രഹസ്യ നിക്ഷേപങ്ങളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. പൊതുക്കാര്യങ്ങളിൽ സ്വീകാര്യത ഉണ്ടാവും.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)

മിഥുന രാശിയുടെ നാഥനാണ് ബുധൻ. അധിപഗ്രഹത്തിന് നീചമൗഢ്യാദികൾ വരുന്നത് ഗുണകരമാവില്ല. എന്നാൽ മിഥുനത്തിൻ്റെ പത്താം ഭാവമാണ് മീനം. പത്താം ഭാവത്തിൽ ബുധൻ ഗുണഫലദാതാവാണെന്നുമുണ്ട്.  ആകയാൽ സമ്മിശ്രഫലമാവും ബുധൻ്റെ ഇപ്പോഴത്തെ രാശി സംക്രമണം മിഥുനക്കൂറിന് സമ്മാനിക്കുക. തൊഴിൽപരമായി ചില അനുകൂലതകൾ ഉണ്ടാവാം. ഏജൻസി ഏർപ്പാടുകൾ ലാഭം നേടും. ദിവസവേതനക്കാർക്ക് തൊഴിൽരഹിത ദിവസങ്ങൾ ഉണ്ടായേക്കില്ല. എന്നാൽ വലിയ മുതൽമുടക്കുള്ള വ്യാപാരത്തിന് ഇപ്പോൾ മുതിരരുത്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അല്പം കൂടാം. ദൂരസ്ഥലത്തുനിന്നും നാട്ടിലേക്കുള്ള പ്രതീക്ഷിക്കുന്ന സ്ഥലം മാറ്റ ഉത്തരവ് വൈകാം. ബന്ധുക്കളുമായുള്ള പിണക്കം നീങ്ങുന്നതാണ്. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്. സമ്മിശ്രമായ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ഭാഗ്യസ്ഥാനമായ മീനത്തിൽ രാഹു നിൽക്കുകയാൽ ഇപ്പോൾ കുറച്ചുകാലമായി മിഥുനക്കൂറുകാരുടെ ഭാഗ്യാനുഭവങ്ങൾക്ക് ക്ഷീണാവസ്ഥയുണ്ട്. നീചാവസ്ഥയിലുള്ള / മൗഢ്യാവസ്ഥയിലുള്ള ബുധൻ കൂടി ചേരുന്നതോടെ ഭാഗ്യസ്ഥിതിക്ക് കൂടുതൽ മങ്ങൽ ഏർപ്പെടുന്നതാണ്. നേട്ടങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവുന്നതാണ്. അർഹതയ്ക്ക് അംഗീകാരം കിട്ടിയേക്കില്ല. പിതാവിന് ആരോഗ്യപ്രശ്നങ്ങൾ, തൊഴിലിൽ തരംതാഴ്ത്തൽ മുതലായവ സംഭവിക്കാം. കൂട്ടുകാർക്കൊപ്പം തീർത്ഥാടനം പ്രതീക്ഷിക്കുന്നവർക്ക് യാത്രാതടസ്സം പോലുള്ളവ സംഭവിക്കാം. ദേഹസുഖക്കുറവ് ഒരു സാധ്യതയാണ്.  വരുമാനത്തെക്കാൾ പണച്ചെലവ് അധികരിക്കാം. ഗുരുക്കന്മാർക്കെതിരെ  സംസാരിക്കേണ്ട സ്ഥിതി സംജാതമാകുന്നതാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

എട്ടാം രാശിയിലാണ് ബുധൻ സംക്രമിക്കുന്നത്. അഷ്ടമം അനിഷ്ടസ്ഥാനമാണ്. എന്നാൽ എട്ടിലെ ബുധൻ ഗുണപ്രദനാണ്. പക്ഷേ നീചത്വവും മൗഢ്യവുമുണ്ടെന്നതിനാൽ സമ്മിശ്രമായ ഫലമാവും കൈവരിക എന്നതും ഓർക്കേണ്ടതുണ്ട്.  ഇഷ്ടകാര്യങ്ങളിൽ ചിലതൊക്കെ ലഭിച്ചേക്കും. അദ്ധ്വാനത്തിന് സാമാന്യമായ അംഗീകാരം പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രീതിയുണ്ടാവും. പഠനത്തിലും പരീക്ഷയിലും ഭാഗികമായ മെച്ചങ്ങൾ വരും. ചെലവ് അല്പം കൂടിയേക്കാം. വാഗ്ദാനം പാലിക്കുന്നതിൽ വീഴ്ച വരുന്നതാണ്. ചിലരുടെ ഭംഗിവാക്കുകൾ യഥാർത്ഥമായതാണെന്ന് തെറ്റിദ്ധരിച്ചേക്കാം. രഹസ്യമായി വെക്കുന്നവ പരസ്യമായേക്കും. ബന്ധുക്കളെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പകുതിവഴിയിൽ ഉപേക്ഷിക്കപ്പെടാം.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

ഏഴാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. കന്നിരാശിയുടെ അധിപനാണ് ബുധൻ. അതിനാൽ ബുധന് ഏതെങ്കിലും തരത്തിൽ ബലക്ഷയം വരുന്നത് കന്നിക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഹിതകരമാവില്ല. ബുധനോടൊപ്പം രാഹുവുമുള്ളതിനാൽ ആലസ്യം, കർമ്മപരാങ്മുഖത്വം, കളവ് പറയാനുള്ള വാസന ഇവ ഏറാം. ദേഹസുഖം കുറയുന്നതാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വലുതാകാം. ഏഴാമെടം ദാമ്പത്യസ്ഥാനമാകയാൽ ജീവിത പങ്കാളിയുമായി പിണക്കത്തിന് ഇടയുണ്ട്. പ്രണയികൾ തമ്മിൽ  വൈരസ്യമേറിയേക്കും. കൂട്ടുകച്ചവടത്തിൽ ദുർഘടങ്ങളുണ്ടാവും. സഞ്ചാരം കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടാവണമെന്നില്ല.  ചെറുതോ വലുതോ ആയ അമളികൾ പറ്റാം. ധനപരമായി ശ്രദ്ധ വേണം. ബന്ധുക്കൾക്ക് വേണ്ടി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടാനിടയുണ്ട്

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)

ഭാഗ്യസ്ഥാനത്തിൻ്റെയും (ഒമ്പതാമെടം, മിഥുനം രാശി), വ്യയസ്ഥാനത്തിൻ്റെയും (പന്ത്രണ്ടാമെടം, കന്നി രാശി) അധിപനാണ് തുലാക്കൂറുകാർക്ക് ബുധൻ. ഗുണഫലങ്ങളാണ് മീനത്തിൽ സഞ്ചരിക്കുമ്പോൾ ബുധൻ സമ്മാനിക്കുക. രാഹുയോഗം, നീചം, മൗഢ്യം എന്നിവ കൂടി പരിഗണിച്ചാൽ ബുധൻ സമ്മിശ്ര ഫലങ്ങളാവും നൽകുന്നത് എന്ന് വ്യക്തമാവും. ധനപരമായ ഞെരുക്കം കുറയുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ചെലവിൽ മിതത്വം വേണം. വ്യാപാരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിഭവങ്ങൾ ഉൾക്കൊള്ളിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം നേടാൻ കഴിയും. കുടംബാംഗങ്ങളുടെ ഇടയിൽ ഐക്യം നിലനിർത്താൻ കൂടുതൽ അദ്ധ്വാനിക്കേണ്ടി വരുന്നതാണ്. കടം തീർക്കാനുള്ള ശ്രമം ഭാഗികമായി ഫലം കണ്ടേക്കും. സമ്മിശ്ര രോഗങ്ങൾ ഉപദ്രവിച്ചുകൂടായ്കയില്ല. ആരോഗ്യ പരിശോധനകൾ അനിവാര്യം.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

അഷ്ടമാധിപത്യവും ലാഭാധിപത്യവും ഉള്ളതിനാൽ വൃശ്ചികക്കൂറുകാർക്ക് സ്വതേ ബുധൻ അനുകൂലനായ ഗ്രഹമാണെന്ന് പറയുക വയ്യ! അഞ്ചാമെടത്തായി സഞ്ചരിക്കുകയാൽ ഭാവന കാടുകയറും. ചെറിയ കാര്യം ചെയ്യുന്നതിന് മുൻപുപോലും  ചിന്തയും പുനശ്ചിന്തയും ഉണ്ടാകുന്നതാണ്. നേട്ടങ്ങൾ കരഗതമാവുക പതുക്കെയാവും. ഉന്മേഷരാഹിത്യവും താല്പര്യക്കുറവും എല്ലാക്കാര്യങ്ങളിലും ഉണ്ടാകും. എളുപ്പമുള്ള വിഷയങ്ങൾ അല്പം കഠിനമായി അനുഭവപ്പെടാം. കരാറുകളുടെ കാലാവധി അവസാനിച്ചാലും വേണ്ടപ്പെട്ടവർ പുതുക്കാൻ തയ്യാറായേക്കില്ല. ബന്ധുവിരോധം ഭവിക്കാം. എഴുതുന്നതിൽ അക്ഷരത്തെറ്റുണ്ടാവുക, ഉച്ചാരണ വൈകല്യം വരിക, പാഠഭാഗങ്ങൾ മറക്കുക തുടങ്ങിയ പ്രശ്നങ്ങളും സാധ്യതകളാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ധനുക്കൂറിന് 7, 10 ഭാവങ്ങളുടെ അധിപനാണ് ബുധൻ. നാലാമിടത്ത് സഞ്ചരിക്കുന്നു. നാലിലെ ബുധസ്ഥിതി ഗുണകരമാണ്. എന്നാൽ നീചസ്ഥിതിയാകയാലും ഒപ്പം രാഹു ഉള്ളതിനാലും അത്ര അനുകൂലത പ്രതീക്ഷിക്കേണ്ടതില്ല. മാനസികാരോഗ്യം തെല്ല് ദുർബലമായേക്കാം. അമ്മയുടെ ആരോഗ്യസ്ഥിതിയിലും കരുതൽ വേണം. തൊഴിലിടത്തിലും ചെറുപ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. പൊതുവേ നാലാമെടം വീടിനെ കുറിക്കുന്നതാകയാൽ ഗാർഹികാന്തരീക്ഷം കലുഷമാവുന്നതാണ്. മകൻ്റെ നിർബന്ധശീലം മനപ്രയാസത്തിന് കാരണമായേക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണ്ടതുണ്ട്. സുഹൃത്തുക്കളുടെ വാഗ്ദാനം പാഴായേക്കും. അയൽ ബന്ധങ്ങളിൽ രമ്യത കുറയാം. മകളുടെ വിവാഹകാര്യത്തിൽ അനിശ്ചിതത്വം തുടരപ്പെടുന്നതാണ്. അമ്മാവൻ തുടങ്ങിയ അമ്മവഴിയുള്ള ബന്ധുക്കൾ നിസ്സഹകരണവും വിഷമിപ്പിക്കാം.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറിൽ ജനിച്ചവർക്ക് ഗുണപ്രദനും ഭാഗ്യദാതാവും ആണ് ബുധൻ. അതോടൊപ്പം തന്നെ ആറാം ഭാവാധിപത്യത്താൽ ചില ദോഷങ്ങൾ സൃഷ്ടിക്കാനും കഴിയും. മീനത്തിൽ സഞ്ചരിക്കുന്ന ബുധൻ ദേഹക്ലേശം, ശത്രുശല്യം, ഭാഗ്യഭ്രംശം ഇവയ്ക്ക് കാരണമാകാം. പ്രതീക്ഷിത നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' വഴുതിപ്പോകാൻ സാധ്യതയുണ്ട്. എല്ലാക്കാര്യത്തിലും അവിചാരിത തടസ്സങ്ങൾ വന്നേക്കാം. സഹോദര ഗുണം കുറയും. ചില വാക്കുകൾ സഹോദരരെ വിഷമിപ്പിക്കാനോ കുപിതരാക്കാനോ ഇടയുണ്ട്. സഹായിക്കാമെന്നേറ്റവർ കൈമലർത്തിയേക്കും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. സുലഭവസ്തുക്കൾ ദുർലഭമാകാം. വീടുവിട്ട് നിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സമൂഹമദ്ധ്യത്തിൽ അവമതിക്കപ്പെടാൻ സാഹചര്യം വരാം. വാക്കിലും പ്രവൃത്തിയിലും ഏറ്റവും കരുതൽ പുലർത്തണം.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാൽ)

പഞ്ചമ, അഷ്ടമ ഭാവങ്ങളുടെ നാഥനാണ് ബുധൻ. രണ്ടാം ഭാവത്തിൽ ദുർബലനായി സഞ്ചരിക്കുകയാണ്. ധനസമൃദ്ധിയും വാക്ശുദ്ധിയും ഭവിക്കുമെന്നാണ് നിയമങ്ങളിലുള്ളത്. എന്നാൽ രാഹുയോഗം, നീചമൗഢ്യാദികൾ എന്നിവയാൽ ഗുണത്തോടൊപ്പം ദോഷവും അനുഭവത്തിലെത്തും. ന്യായമായ വഴികളിലൂടെ ലഭിക്കേണ്ടതായ ധനം കൈവശം വന്നുചേരുന്നതാണ്. വാഗ്ദാനങ്ങൾ ഇങ്ങോട്ടും അങ്ങോട്ടും പാലിക്കപ്പെടും. കാര്യസാധ്യത്തിനായി കളവ് പറയേണ്ടി വന്നേക്കാം. 

അനാവശ്യ പദങ്ങൾ, ദ്വയാർത്ഥപദങ്ങൾ ഇവ മനപ്പൂർവമല്ലാതെ തന്നെ ഉപയോഗിച്ചേക്കും.  പഠനത്തിൽ മുന്നേറുമെങ്കിലും മുഴുവൻ കഴിവുകളും പുറത്തെടുക്കാനായി എന്നുവന്നേക്കില്ല. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാം.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം,  ഉത്രട്ടാതി, രേവതി)

നാലും ഏഴും ഭാവാധിപനാണ് മീനക്കൂറുകാർക്ക് ബുധൻ. അതിനാൽ കേന്ദ്രാധിപത്യം എന്ന ദോഷമുണ്ട്, ബുധന്. ജന്മരാശിയിൽ ഏറ്റവും ബലരഹിതനായിട്ടുള്ള ബുധൻ സഞ്ചരിക്കുന്നത് അശുഭവുമാണ്. രാഹുവിനോടൊപ്പം ചേരുന്ന ബുധൻ സമാധാനത്തിന് ഭംഗമുണ്ടാക്കും. കർമ്മരംഗം മ്ളാനമാവുന്നതാണ്. നിരന്തര പ്രയത്നത്തിന് മുതിരുകയില്ല. പ്രണയികൾക്ക് ഇച്ഛാഭംഗം വരുത്തിയേക്കും. ദാമ്പത്യ ജീവിതത്തിൽ സ്വൈരക്കേടുണ്ടാക്കുന്നതാണ്. നിഷ്പ്രയോജന കാര്യങ്ങൾക്കായി ഊർജ്ജവും നേരവും കളയും. ബന്ധുക്കളുമായി പിണങ്ങും. അറിവുകൾ ശിഥിലമാവും. ആവശ്യമുള്ളപ്പോൾ പലതും ഓർമ്മയുണ്ടാവില്ല. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിച്ചേക്കും. കണിശത ഒരു കാര്യത്തിലും പുലർത്താൻ കഴിയില്ല

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: