/indian-express-malayalam/media/media_files/ZzH7A8ZdDE1g951ksXIR.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ കുംഭം രാശിയിൽ ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. മാർച്ച് 7 ന് ബുധൻ കുംഭത്തിൽ നിന്നും തൻ്റെ നീചക്ഷേത്രമായ മീനത്തിലേക്ക് സംക്രമിക്കുകയാണ്. ബുധൻ്റെ മൗഢ്യസ്ഥിതി തുടരുന്നുമുണ്ട്. മാർച്ച് 7 ന് തന്നെ ശുക്രൻ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പ്രവേശിക്കുന്നു.
വ്യാഴം മേടം രാശിയിൽ ഭരണിയിൽ സഞ്ചാരം തുടരുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ മൗഢ്യം പ്രാപിച്ച നിലയിൽ തുടരുന്നു. ചൊവ്വ ഉച്ചക്ഷേത്രമായ മകരം രാശിയിലാണ്. രാഹു അപസവ്യ ഗതിയിൽ മീനം രാശിയിലും കേതു കന്നി രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ അഥവാ കറുത്ത പക്ഷത്തിലാണ്. സപ്തമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളാണ് ഈയാഴ്ച.
അനിഴം മുതൽ അവിട്ടം - ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം. ഞായറും തിങ്കൾ വൈകിട്ട് വരെയും മേടക്കൂറുകാരുടെ അഷ്ടമരാശിക്കൂറാണ്. തുടർന്ന് ബുധനാഴ്ച രാത്രിവരെ ഇടവക്കൂറുകാരുടെയും, തദനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ മിഥുനക്കൂറുകാരുടെയും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. ശനിയാഴ്ചയും കടന്ന് അടുത്ത ആഴ്ചയിലേക്ക് കർക്കടകക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് തുടരപ്പെടുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വായിക്കാം.
മകം
മനസ്സില്ലാ മനസ്സോടെ ചില സഹായഹസ്തങ്ങൾ സ്വീകരിക്കേണ്ടിവരും. സാധാരണ ചെയ്യുന്ന പ്രവൃത്തികൾ തടസ്സം കൂടാതെ നിർവഹിക്കാനായേക്കും. പ്രിയസുഹൃത്തുക്കളെ കാണാനാവും. തൊഴിലിടം സംതൃപ്തി ദായകമാവില്ല. സഹപ്രവർത്തകരുടെ ഗൂഢാലോചന തിരിച്ചറിയും. പരീക്ഷാർത്ഥികൾക്ക് നല്ല സമയമാണ്. ദാമ്പത്യത്തിൽ സ്വച്ഛത അനുഭവപ്പെടണമെന്നില്ല. രാഷ്ട്രീയ സംഭാഷണം എതിരാളികളെ സൃഷ്ടിച്ചേക്കും. കരാറുകളിലും വ്യവസ്ഥകളിലും ഏർപ്പെടുമ്പോൾ നിയമാവലിയെക്കുറിച്ച് മനസ്സിലാക്കാൻ മറക്കരുത്.
പൂരം
ഗുണാനുഭവങ്ങൾ കുറച്ചൊക്കെ ഉണ്ടാവും. കരുതിയ കാര്യങ്ങൾ ചെയ്യാൻ സാഹചര്യം അനുകൂലമാവും. ജീവിതത്തിൽ 'അടുക്കും ചിട്ടയും' വരുത്താൻ വൃഥാശ്രമം നടത്തുന്നതാണ്. പൊയ്മുഖങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. ചെറിയ കാര്യങ്ങൾ മൂലം കുടുംബ ജീവിതം ഇടയ്ക്കിടെ കലങ്ങിമറിയുന്നതാണ്. ബന്ധുക്കൾ 'എരിതീയിൽ എണ്ണ ഒഴിക്കാൻ' മടിക്കില്ല. കലാപ്രവർത്തനം മന്ദീഭവിച്ചേക്കും. സാമ്പത്തിക പിരിമുറുക്കം ഒഴിയുന്നതാണ്.
ന്യായമായ വിധം ചെലവുചെയ്തേക്കും.
ഉത്രം
ചിന്തിച്ച് പ്രവർത്തിക്കാൻ കഴിയും. സ്വന്തം ബലഹീനതകളെ തിരിച്ചറിയുന്നതാണ്. പൊതുപ്രവർത്തനത്തിൽ വിജയിക്കാനും സ്വാധീനം നേടാനുമാവും. സ്വജനങ്ങളുടെ ആവശ്യം നിറവേറ്റിക്കൊടുക്കും. അതിനായി വളഞ്ഞ വഴികൾ സ്വീകരിച്ചെന്ന് വരാം. പഠനാർത്ഥികൾക്ക് പരീക്ഷയിൽ നന്നായി എഴുതാനായേക്കും. തന്മൂലം ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. വേനലവധിയിൽ യാത്രകളുടെ പദ്ധതി സൃഷ്ടിക്കും. ചില സുഹൃത്തുക്കളോട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതാണ്.
അത്തം
കുടുംബ കലഹങ്ങൾ വർദ്ധിച്ചേക്കാം. ഏഴിലെ രാഹുവും വാരമധ്യത്തോടെ അവിടേക്കെത്തുന്ന ബുധനും ദാമ്പത്യത്തെ അശാന്തമാക്കുന്നതാണ്. ഗവൺമെൻ്റിൽ നിന്നും ലഭിക്കേണ്ട അനുമതിപത്രം ലഭിച്ചേക്കും. ഉദ്യോഗസ്ഥർക്ക് ആശ്വാസം കൈവരുന്ന വാരമാണ്. ക്ഷേത്രാടനത്തിന് ഒരുങ്ങും. ചെറുപ്പക്കാരുടെ കൂട്ടുകെട്ടിനെച്ചൊല്ലി വീട്ടിൽ നിയന്ത്രണം ഉണ്ടായേക്കും. അപവാദത്തിന് പാത്രമാകുന്നതാണ്. ബന്ധുക്കളിൽ ചിലരെ വിരോധികളുടെ സ്ഥാനത്ത് കണ്ടെത്തും.
ചിത്തിര
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ബലമുള്ളതിനാൽ തൊഴിൽ പ്രതിസന്ധികളോ, ദേഹക്ലേശമോ ഉണ്ടായാലും മറികടക്കുവാനാവും. ആത്മവിശ്വാസം തരിമ്പും കുറയില്ല. വാഹനം വാങ്ങാൻ തീരുമാനിക്കുന്നതാണ്. കുടുംബത്തിലെ ഇളം തലമുറയുടെ വിവാഹം സംബന്ധിച്ച് ശുഭകരമായ തീരുമാനം ഉണ്ടായേക്കും. പ്രണയപരവശർക്ക് ഐക്യപ്പെടാനും ഉറച്ച ചുവടുവെയ്പ് നടത്താനും സാധിച്ചേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. അതുസംബന്ധിച്ച ആക്ഷേപങ്ങൾ അവസാനിക്കുന്നതാണ്.
ചോതി
നേർവഴി മാത്രമല്ല വളഞ്ഞവഴിയും കാര്യസാധ്യത്തിന് വേണ്ടിവരും. ബിസിനസ്സ് യാത്രകൾ പതിവിലും കൂടുതൽ ഉണ്ടാവുന്നതാണ്. സഹപ്രവർത്തകർ സഹകരിച്ചേക്കും. സ്വദേശത്തേക്ക് സ്ഥലം മാറ്റത്തിനുള്ള ശ്രമം വിജയിക്കണമെന്നില്ല. രഹസ്യ നീക്കങ്ങൾ ചിലർ മുൻകൂട്ടി അറിയാനിടവരുന്നതാണ്. സംഘടനാ പ്രവർത്തനത്തിന് കൂടുതൽ സമയം ചെലവഴിച്ചേക്കും. ബൗദ്ധിക വിനോദങ്ങളിൽ താല്പര്യമേറുന്നതാണ്. സഹോദരിയുടെ വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
വിശാഖം
പണച്ചെലവിൽ നിയന്ത്രണം ഉണ്ടാവില്ല. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. കരാർപണികളിൽ പറയത്തക്ക ഗുണം കണ്ടേക്കില്ല. തൊഴിൽ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉയർന്നേക്കും. സുഹൃത്തിൻ്റെ നിർബന്ധത്താൽ അന്യനാട്ടിൽ ജോലിക്ക് ശ്രമിക്കുന്നതാണ്. രാഷ്ട്രീയ ചർച്ചകളിൽ ആവേശപൂർവ്വം മുഴുകുന്നതായിരിക്കും. സമൂഹമാധ്യമങ്ങളിലെ പ്രസ്താവനകൾ ശത്രുക്കളെ സൃഷ്ടിക്കാം. ഗവേഷകർക്ക് പുതുമയുള്ള കണ്ടുപിടുത്തങ്ങളിലേക്ക് ജനശ്രദ്ധയെ ആകർഷിക്കാനാവും.
അനിഴം
ആരോഗ്യം അല്പാല്പമായി വീണ്ടെടുക്കാനാവും. കുത്തഴിഞ്ഞുകിടന്ന തൊഴിലിടം പുനർക്രമീകരിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുന്നതാണ്. കുടുംബാംഗങ്ങളുടെ വിശിഷ്യാ സഹോദരരുടെ നിർലോഭമായ
സഹായ സഹകരണം ലഭിച്ചേക്കും. സുഹൃത്തുക്കളും ബന്ധുക്കളും നിസ്സാരകാര്യങ്ങളിലുള്ള വിരോധം തുടരുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ രക്ഷാകർത്താക്കൾ 'പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ജാമ്യം നിൽക്കുക തുടങ്ങിയ കാര്യങ്ങളിൽ കരുതൽ പുലർത്തണം.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധൻ ഈയാഴ്ച നീചരാശിയിൽ പ്രവേശിക്കുകയാണ്. അകാരണമായ ഭയം, അവഹേളനം, അംഗീകാരക്കുറവ് ഇവ ഇതിൻ്റെ ഫലമായി അനുഭവപ്പെട്ടേക്കാം. ലക്ഷ്യത്തിലെത്താൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ഏറ്റവും അടുത്ത വ്യക്തികൾ പോലും തെറ്റിദ്ധരിച്ചേക്കും. മനസ്സമാധാനവും തെല്ല് കുറയുന്നതാണ്. ഗാർഹികാന്തരീക്ഷം അത്ര മെച്ചപ്പെട്ടതാവില്ല. വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ മറന്നുപോകാനിടയുണ്ട്. സാമ്പത്തികമായി സ്ഥിതി മോശമല്ല. ന്യായമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായിത്തന്നെ നിർവഹിക്കപ്പെടുന്നതാണ്.
Read More:
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 03-March 09, 2024, Weekly Horoscope
- ബുധൻ ദുർബലനാകുhttps://malayalam.indianexpress.com/horoscope/monthly-horoscope-for-1199-kumbham-aswathy-to-revathy-3719858മ്പോൾ, അശ്വതി മുതൽ രേവതി വരെയുള്ളവരുടെ സമ്പൂര്ണ നക്ഷത്രഫലം
- Weekly Horoscope (February 25– March 02, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 26 to March 03
- 2024 മാർച്ച് മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: March 2024 Horoscope
- കുംഭമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us