scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; June 16-June 22, 2024, Weekly Horoscope

Weekly Horoscope: ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 21 - 22 തീയതികളിൽ വെളുത്തവാവ് വരുന്നു. ചന്ദ്രൻ അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.  ചൊവ്വ മേടം രാശിയിലാണ്. 

Advertisment

അശ്വതി-ഭരണി നാളുകളിലായി സഞ്ചരിക്കുന്നു. ബുധനും ശുക്രനും മിഥുനം രാശിയിൽ മകയിരം, തിരുവാതിര നാളുകളിലാണ്. ശുക്രബുധന്മാരുടെ മൗഢ്യവും തുടരുകയാണ് എന്നതും പ്രസ്താവ്യമത്രെ!വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലൂടെ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്.

ചന്ദ്രൻ്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം ഈ ആഴ്ച ഏതൊക്കെ രാശിക്കാർക്കാണ് എന്ന് നോക്കാം. ഞായറാഴ്ച കുംഭക്കൂറുകാർക്കാണ്. തിങ്കളും ചൊവ്വയും ബുധൻ രാവിലെ വരെയും മീനക്കൂറുകാർക്കാണ് അഷ്ടമരാശി വരിക. തുടർന്ന് വെള്ളി സായാഹ്നം വരെ മേടക്കൂറുകാർക്കും തദനന്തരം ഇടവക്കൂറുകാർക്കും (ശനിയാഴ്ച) ആയി അഷ്ടമരാശി വരുന്നു. 
        
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

മൂലം

ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകാനാവും. ന്യായമായ ആഗ്രഹങ്ങൾ സഫലമാവും. സാധാരണകാര്യങ്ങൾ മുടക്കം കൂടാതെ ചെയ്യാനാവും. അധികാരികളുടെ വിശ്വാസം നേടും. സ്വകാര്യസ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ലഭിച്ചേക്കാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പ്രത്യക്ഷതയിലെത്താം. സാമ്പത്തികമായി ശരാശരിക്കാലമാണ്. കുടുംബത്തിലെ വയോജനങ്ങളുടെ വാക്കുകൾ കരുത്തേകും. പ്രണയികൾക്കിടയിൽ അസ്വാരസ്യം ഉണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേഹക്ലേശത്തിനും വ്യയാധിക്യത്തിനും ഇടയുണ്ട്.

Advertisment

പൂരാടം

ഗാർഹികമായ അസ്വാരസ്യങ്ങൾ കുറയുന്നതാണ്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ലഭിക്കുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങുന്നത് പുനരാലോചിച്ചിട്ടാവുന്നത് നല്ലത്. നിലവിലുള്ള കച്ചവടം വിപുലീകരിക്കുകയാവും കൂടുതൽ ഉചിതം. ഏജൻസി പ്രവർത്തനത്തിൽ ഉണർവ്വണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം വന്നുചേരുന്നതാണ്. ഉപരിപഠനത്തിനുള്ള വിഘ്നങ്ങൾ നീങ്ങിക്കിട്ടുന്നതാണ്. ഉന്നതരുടെ ശുപാർശമൂലം കാര്യസാധ്യം വേഗത്തിലായേക്കും. സർഗാത്മക പ്രവർത്തനങ്ങൾക്ക് മാന്ദ്യം സംഭവിക്കാം.

ഉത്രാടം

ആദിത്യൻ സഞ്ചാരം ധനുക്കൂറുകാർക്ക് അനുകൂലമല്ല. ഉന്നതാധികാരികളുടെ വിരോധം നേരിടും. അപ്രതീക്ഷത യാത്രകൾ വേണ്ടി വന്നേക്കും. സഹായ വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കുന്നതാണ്. സുഹൃൽ ബന്ധങ്ങൾ പുഷ്ടിപ്പെട്ടേക്കാം. മകരക്കൂറുകാർക്ക് പദവികളിൽ ഉയർച്ച സംഭവിക്കാം. കൂട്ടുകച്ചവടത്തിൽ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ചന്ദ്രബലം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതാണ്. മാതാവിന് ആരോഗ്യസൗഖ്യം ഭവിക്കും. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതാണ്. നല്ല ലക്ഷ്യങ്ങൾക്കായി സമയം കണ്ടെത്തും.

തിരുവോണം

ബുദ്ധിപരമായ നീക്കങ്ങൾ വിജയം സമ്മാനിക്കും. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ആർജ്ജവം കാട്ടും. വേണ്ടത്ര തയ്യാറെടുപ്പുകളാൽ പരീക്ഷ, അഭിമുഖം എന്നിവയിൽ മികവുണ്ടാക്കും. കുടുംബവ്യാപാരത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. സാമ്പത്തികാവശ്യങ്ങൾ സ്വാഭാവികമായി തന്നെ നിറവേറപ്പെടും. ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ അനുകൂലത ലഭിക്കുന്നതാണ്. വാടകവീട് മാറേണ്ടി വന്നേക്കും. അതിസാഹസങ്ങൾക്ക് മുതിരരുത്.

അവിട്ടം

ആത്മാർത്ഥ ശ്രമങ്ങൾ വിജയം കാണുന്ന വാരമാണ്. ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സ്വലാവണത്തിലേക്ക് മടങ്ങാനാവും. പ്രതികൂലതകളിൽ പ്രത്യുല്പന്നത്വം കൈവിടില്ല. വിജ്ഞാന സമ്പാദനത്തിന് കൂടുതൽ സമയം നീക്കിവെക്കുന്നതാണ്. തറവാട് ജീർണ്ണോദ്ധാരണം ചെയ്യാൻ അംഗങ്ങളുടെ യോഗം കൂടാൻ തീരുമാനിക്കും. വാഹന വായ്പ അടഞ്ഞു തീരാം. തെറ്റായ പ്രവണതകളെ സമൂഹമാധ്യമങ്ങളിൽ തുറന്നുകാട്ടും. ആവശ്യത്തിന് വിശ്രമം, സുഖഭോഗം ഇവ പ്രതീക്ഷിക്കാം. ബിസിനസ്സുകാർക്ക് പ്രതീക്ഷിച്ച ധനവരവ് ഉണ്ടായേക്കും.

ചതയം

മൂന്നാം ഭാവത്തിൽ ചൊവ്വ സ്ഥിതി ചെയ്യുകയാൽ പരിശ്രമങ്ങൾ നിർവിഘ്നം പരിസമാപ്തിയിലെത്തും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. മനസ്സുഖമുണ്ടാവും. കിടപ്പു രോഗികൾക്ക് ആശ്വാസമനുഭവപ്പെടുന്നതാണ്. പുതിയ ജോലി നേടാനുള്ള ശ്രമം ഫലവത്താകാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഓൺലൈൻ വിനോദങ്ങളിൽ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. മകളുടെ പഠിപ്പിനായി വായ്പയ്ക്കുള്ള ശ്രമം തുടരുന്നതാണ്. വാരാദ്യ ദിവസങ്ങൾ ശുഭാരംഭത്തിന് ഉചിതമല്ല. മറ്റു ദിവസങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

പൂരൂരുട്ടാതി

വിദേശത്തുള്ള സുഹൃത്തിനായി വസ്തു വാങ്ങും. ആത്മവിശ്വാസം ഇടയ്ക്ക് ചോരുന്നതായി തോന്നാം. മോട്ടിവേഷണൽ ക്ളാസ്സുകളിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവ് പരീക്ഷകളിലും അഭിമുഖങ്ങളിലും വേണ്ടത്ര തെളിയിക്കാൻ കഴിഞ്ഞേക്കില്ല. എത്ര മുൻകരുതൽ കൈക്കൊണ്ടാലും ചിലപ്പോൾ അവസരോചിതമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല. ചുമതലകളിൽ നിന്നും ഒഴിയാൻ തീരുമാനിക്കും. എന്നാൽ അവയിൽ തുടരേണ്ടി വന്നേക്കും.

ഉത്രട്ടാതി

കഴിവ് തെളിയിക്കാൻ ഒരുപാട് സന്ദർഭങ്ങൾ മുന്നിലെത്തും.  സാഹചര്യത്തിൻ്റെ ആനുകൂല്യത പ്രയോജനപ്പെടുത്തും. ഏല്പിച്ച ചുമതലകൾ ഭംഗിയായി പൂർത്തിയാക്കും. പുതിയ പാർട്ണർമാരെ ചേർത്ത് കമ്പനി വിപുലീകരിക്കുവാൻ ശ്രമം തുടരുന്നതാണ്. ചെറുകിട വ്യാപാരികൾക്കും ഗുണകരമാണ്. ധനശോച്യതയ്ക്ക് മാറ്റം കണ്ടുതുടങ്ങും. ബന്ധുക്കളുടെ വിവാഹാദി കർമ്മങ്ങൾക്ക് മുൻകൈയ്യെടുക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയാം. ആരോഗ്യപ്രശ്നങ്ങൾ സാധ്യതയാണ്.

രേവതി

ഭാവനാശക്തിയുടെ ഔന്നത്യം  കവികൾക്കും കലാകാരന്മാർക്കും പ്രയോജനം ചെയ്യും. കലോപാസനയിൽ മുഴുകാനാവും. ചിന്തിച്ച കാര്യങ്ങൾ സാക്ഷാല്കരിക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിച്ച് കൃതാർത്ഥത നേടും. കുട്ടികളുടെ അഡ്മിഷൻ സുഗമമാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വദേശത്ത് മടങ്ങാൻ സാധിക്കുന്നതാണ്. ശുഭവാർത്തകൾ സന്തോഷത്തിന് കാരണമാകുന്നതാണ്. അധികാര സ്ഥാനങ്ങളിൽ നിന്നും ചലനമുണ്ടാകാനുള്ള സാധ്യത മുഴുവനായും അവസാനിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശി ഭവിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രതയുണ്ടാവണം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: