/indian-express-malayalam/media/media_files/LabfG3f4t7p4fYTSKJgy.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 21 - 22 തീയതികളിൽ വെളുത്തവാവ് വരുന്നു. ചന്ദ്രൻ അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിലാണ്.
അശ്വതി-ഭരണി നാളുകളിലായി സഞ്ചരിക്കുന്നു. ബുധനും ശുക്രനും മിഥുനം രാശിയിൽ മകയിരം, തിരുവാതിര നാളുകളിലാണ്. ശുക്രബുധന്മാരുടെ മൗഢ്യവും തുടരുകയാണ് എന്നതും പ്രസ്താവ്യമത്രെ!വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലൂടെ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്.
ചന്ദ്രൻ്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം ഈ ആഴ്ച ഏതൊക്കെ രാശിക്കാർക്കാണ് എന്ന് നോക്കാം. ഞായറാഴ്ച കുംഭക്കൂറുകാർക്കാണ്. തിങ്കളും ചൊവ്വയും ബുധൻ രാവിലെ വരെയും മീനക്കൂറുകാർക്കാണ് അഷ്ടമരാശി വരിക. തുടർന്ന് വെള്ളി സായാഹ്നം വരെ മേടക്കൂറുകാർക്കും തദനന്തരം ഇടവക്കൂറുകാർക്കും (ശനിയാഴ്ച) ആയി അഷ്ടമരാശി വരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മകം
സാമാന്യം അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പതിനൊന്നാം ഭാവത്തിലെ ആദിത്യ ബുധശുക്രന്മാർ ഔദ്യോഗിക ജീവിതം ശോഭനമാക്കും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. കൃത്യനിർവഹണം അഭിനന്ദനീയമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. സ്വയം തെറ്റുതിരുത്താനുള്ള മാനസിക പക്വത പുലർത്തുന്നതാണ്. പിതാവിൻ്റെ സ്നേഹവാൽസല്യ ങ്ങൾക്കൊപ്പം സാമ്പത്തിക സഹായവും കൈവരും. രാഷ്ട്രീയ പ്രവർത്തകർക്ക് ധാരാളം പിന്തുണ കിട്ടും.
പൂരം
വ്യക്തിപരമായും തൊഴിൽപരമായും വളർച്ചയ്ക്കും വികസനത്തിനുമുള്ള അനുകൂല സാഹചര്യമുണ്ട്. അർഹതയ്ക്കനുസരിച്ച് ജോലി ലഭിക്കാം. ബിസിനസ്സിൽ ലാഭം കൂടും. പുതിയ ശാഖകൾ ആരംഭിയ്ക്കാനാവും. ആശയവിനിമയശേഷി അഭിനന്ദിക്കപ്പെടും. സുഹൃത്തുക്കളുടെ തർക്കങ്ങൾ പരിഹരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. കുടുംബത്തിൽ പിതൃപുത്രബന്ധം കൂടുതൽ ഐക്യപ്പെടുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ മേന്മയുള്ളതായിരിക്കും.
ഉത്രം
സുഹൃത്തുക്കളിൽ നിന്നും നിസ്സീമമായ പ്രോൽസാഹനം ലഭിക്കും. ചുമതലകൾ നിറവേറ്റുന്നതിൽ പിന്നോട്ട് പോക്കില്ല. ഗവേഷകർക്ക് കൂടുതൽ ആഴമുള്ള നിരീക്ഷണങ്ങളിൽ മുഴുകാനാവും. ഔദ്യോഗികമായി സമയനിഷ്ഠയുടെയും കൃത്യനിർവഹണത്തിൻ്റെയും പൂരകത്വത്തിന് ദൃഷ്ടാന്തമായിരിക്കും. പഴയ കടബാധ്യത പരിഹരിക്കാനുള്ള വഴികൾ തേടുന്നതാണ്. കുടുംബ ബന്ധങ്ങൾ സുഗമമാവുന്നതിന് അനുരഞ്ജനത്തിൻ്റെ പാതയിൽ നിന്നും വ്യതിചലിക്കില്ല. മക്കളുടെ പഠനം, വിദേശ യാത്ര, വിവാഹം മുതലായ വിഷയങ്ങൾ കുടുംബത്തിൽ സജീവ പരിഗണനാ വിഷയങ്ങളാവും.
അത്തം
ജന്മനക്ഷത്രം കൊണ്ടു തുടങ്ങുന്ന വാരമാണ്. വിരുന്നൂണ്, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ ഇവയുണ്ടാവും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. പലരുടെയും മാനസിക പിൻബലം ലഭിക്കും. ബിസിനസ്സിൽ പുരോഗതി വരുന്നതാണ്. ചെലവുകൾ നിയന്ത്രിക്കുവാനാവും. വിജ്ഞാനസമ്പാദനത്തിന് നേരം നീക്കിവെക്കും. പുതിയ ആശയങ്ങൾ മേലധികാരികളുടെ പ്രീതി നേടും. വാഹനം വാങ്ങാനുള്ള ചെറുപ്പക്കാരുടെ ആഗ്രഹം സഫലമായേക്കാം. സാമൂഹിക ജീവിതത്തിൽ അംഗീകാരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും.
ചിത്തിര
ബാങ്ക്, അദ്ധ്യാപനം, വ്യാപാരം, ഗണിതം, നിയമം തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. ബുദ്ധിമാന്മാരായ സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കും. ചിലരോട് പറയുന്ന വാക്ക് ഫലിക്കുന്നതായി അഭിപ്രായം വന്നേക്കും. നൂതന സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്. കുടുംബ കാര്യങ്ങളിൽ സ്വേച്ഛാപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി അഭിപ്രായം വരാം. ജീവിത പങ്കാളിയുമായി പിണങ്ങും. ഭൂമിയുടെ ക്രയവിക്രയത്തിൽ അമളി വരാനിടയുണ്ട്. ഔദ്യോഗിക യാത്രകൾ ഉണ്ടാവും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്.
ചോതി
ഗൃഹനിർമ്മാണം ആരംഭിക്കാനായേക്കും. തൊഴിലാളികൾക്ക് അത്യദ്ധ്വാനം ചെയ്യേണ്ടി വരും. കരാർ പണികൾ പുതുക്കിക്കിട്ടാം. ഉദ്യോഗസ്ഥലത്ത് സമാധാനക്കുറവ് വരുന്നതാണ്. പഴയ കടബാധ്യതകൾ ചിത്തശല്യകാരിയാവും. ബന്ധുക്കളുടെ ആനുകൂല്യം കുറയും. ഏഴിലെ കുജസ്ഥിതി ദാമ്പത്യകലഹത്തിന് വഴിവെക്കുന്നതാണ്. ആദിത്യൻ ഒമ്പതിൽ സഞ്ചരിക്കുന്നതിനാൽ പിതാവിന് പ്രതീക്ഷിച്ച ജോലിക്കയറ്റം കിട്ടിയേക്കില്ല. വ്യാപാരത്തിന് വഴിനടന്നുള്ള ക്ലേശമുണ്ടായേക്കും. നിഗൂഢവിദ്യകളിൽ താല്പര്യമുണ്ടാകും. ശാരീരിക സ്വസ്ഥത കുറയും.
വിശാഖം
തുടരെ തുടരെ അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രശ്നങ്ങൾ തെല്ല് കുറയാം. ആലോചിച്ചുവേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. വളഞ്ഞ വഴികളിലൂടെ പണമുണ്ടാക്കാൻ പ്രലോഭനമുണ്ടാവാം. സുതാര്യമായ പ്രവർത്തന ശൈലി സ്വീകരിക്കപ്പെടണം. പ്രണയികൾ എതിർപ്പുകളെ നേരിടുന്നതാണ്. കരാർ പണികൾ ചെയ്യുന്നവർ മത്സരാധിഷ്ഠിത ടെൻഡറുകൾ ഏറ്റെടുക്കാൻ തുനിയും. പൊതുപ്രവർത്തകർക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടില്ല. ന്യായരഹിതമായ നിലപാടുകളെ വിമർശിക്കുന്നതിനാൽ ഉറ്റമിത്രങ്ങളുടെ ശത്രുത സമ്പാദിക്കും.
അനിഴം
ശത്രുക്കളുടെ നീക്കങ്ങൾ തിരിച്ചറിയും. കൃഷി കർമ്മങ്ങളോട് ആഭിമുഖ്യമേറും. വിദ്യാർത്ഥികൾക്ക് ഏറ്റവും നൂതനമായ സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ അവസരം സിദ്ധിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ സ്വതന്ത്രമായ നിലപാടുകളെടുക്കും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. ഭാര്യാഭർത്താക്കന്മാർക്ക് പിണക്കം മറന്ന് ഒരുമിക്കാനവസരം സിദ്ധിക്കുന്നതാണ്. ഓൺലൈൻ വ്യാപാരത്തിലൂടെ ലാഭം വന്നുതുടങ്ങും. ഉദ്യോഗസ്ഥർക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിച്ചത്ര ലഭിച്ചേക്കില്ല.
തൃക്കേട്ട
നക്ഷത്ര നാഥനായ ബുധന് മൗഢ്യം തുടരുന്നതിനാൽ ആശയവിനിമയത്തിൽ പ്രശ്നങ്ങൾ വരാം. വാക്കുകൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചേക്കാം. പുതിയ കാര്യങ്ങൾ അറിയാൻ വെമ്പലുണ്ടാവും. എന്നാൽ അകർമ്മണ്യത പിടികൂടിയേക്കും. ബന്ധുക്കൾ വാഗ്ദാനം പാലിക്കാത്തത് നിരാശയുണ്ടാക്കാം. ആഡംബരച്ചെലവുകൾ കൂടിയേക്കാനിടയുണ്ട്. കൂട്ടുകെടുകൾ അതിരുവിടുന്നതായി മാതാപിതാക്കൾ ശാസിച്ചേക്കാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്, രേഖകൾ ഇവ കിട്ടാൻ വൈകും. സ്വാശ്രയത്വം പാലിക്കുന്നതിൽ വിജയിക്കുന്നതാണ്.
Read More
- Daily Horoscope June 14, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 16-June 22, 2024, Weekly Horoscope
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Midhunam
- Weekly Horoscope (June 9– June 15, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- കരിനാളുകളില് മരണം പതിയിരിക്കുന്നുവോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us