/indian-express-malayalam/media/media_files/oFUHtSdEdg38cTcLqECB.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കുംഭം രാശിയിൽ ചതയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ശനിയും കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ശനിക്ക് സൂര്യസാമീപ്യത്താൽ മൗഢ്യാവസ്ഥയുമുണ്ട്. ബുധനും കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനും മൗഢ്യാവസ്ഥയിലാണ്. ഇപ്രകാരം മൂന്ന് ഗ്രഹങ്ങൾ ഒരേ രാശിയിൽ ഒരേ നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്, അതിൽ ഇരുഗ്രഹങ്ങൾക്കും മൗഢ്യം ഉണ്ടെന്നതും സവിശേഷതയാണ്; കൗതുകകരവുമാണ്.
വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രനും കുജനും മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതിയിൽ തുടരുന്നു. കേതു കന്നി രാശിയിൽ ചിത്തിര ഒന്നാം പാദത്തിൽ അപ്രദക്ഷിണഗതിയായി നീങ്ങുന്ന അവസാന ആഴ്ചയാണ്. അടുത്ത വാരം കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കും.
ചന്ദ്രൻ ഫെബ്രുവരി 25 ന് കൃഷ്ണ/കറുത്ത പക്ഷത്തിലേക്ക് കടക്കുന്നു. അന്ന് പൂരം നക്ഷത്രമാണ്. വാരാന്ത്യത്തിൽ വിശാഖം നക്ഷത്രത്തിലാണ് ചന്ദ്രൻ്റെ സഞ്ചാരം. ഈയാഴ്ചയിലെ അഷ്ടമരാശി ആർക്കൊക്കെ എന്നുനോക്കാം. ഞായറും മുഴുവനും തിങ്കൾ പ്രഭാതം വരെയും മകരക്കൂറുകാർക്കാണ് ചന്ദ്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നത്. തുടർന്ന് ബുധനാഴ്ച സായാഹ്നം വരെ കുംഭക്കൂറുകാർക്കും അതിനുശേഷം ശനിയാഴ്ച പ്രഭാതം വരെ മീനക്കൂറുകാർക്കും ചന്ദ്രൻ അനിഷ്ടരാശിയായ എട്ടാം കൂറിലാണ്.
ശനി പ്രഭാതം മുതൽ അടുത്ത ആഴ്ചയുടെ തുടക്കത്തിലേക്ക് മേടക്കൂറുകാരുടെ അഷ്ടമരാശി തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രത്തിൽ ജനിച്ചവരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
വാരത്തിൻ്റ തുടക്കവും വാരാന്ത്യവും ആശങ്കയ്ക്ക് വഴിവെക്കും. സംരംഭങ്ങൾ തടസ്സപ്പെടുമോ എന്ന് സന്ദേഹിക്കും. സുലഭവസ്തുക്കൾ കിട്ടാൻ യത്നിക്കേണ്ടി വരുന്നതാണ്. പണം നിയന്ത്രണമില്ലാതെ ചെലവാക്കുന്നതും ക്ലേശത്തിനിടയാക്കും.
ചൊവ്വ മുതൽ വ്യാഴം വരെയാവും കൂടുതൽ അനുകൂല ഫലങ്ങൾ ഉണ്ടാവുന്നത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ അനുരഞ്ജനത്തിലാവും. സുഹൃത്തുക്കളുടെ സ്നേഹം അനുഭവിക്കാനാവും. സുഖഭോജനമുണ്ടാവും. ഭോഗസിദ്ധി പ്രതീക്ഷിക്കാം.
ഭരണി
വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കും. കളവ് പറയേണ്ടി വരുന്നതാണ്. കാര്യസാധ്യത്തിന് തടസ്സങ്ങളുള്ളതായി മനസ്സിലാക്കും. തർക്കത്തിന് ഒരുമ്പെടും. തന്മൂലം പ്രിയപ്പെട്ടവരെ വേദനിപ്പിക്കേണ്ടി വന്നേക്കും.
പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത സ്ഥിതി വരാം. വാരമധ്യത്തിൽ എന്നാൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ദാമ്പത്യത്തിലെ സ്വച്ഛത വീണ്ടെടുത്തേക്കും. നല്ലവാക്കുകൾ പറയാനാവും. കർമ്മരംഗത്ത് സോത്സാഹം മുഴുകും. ആത്മവിശ്വാസം വ്യക്തമാവും.
കാർത്തിക
ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാകും. തൊഴിൽ കരാറുകൾ ഉപാധികളോടെ പുതുക്കപ്പെടുന്നതാണ്. ഏജൻസി / കമ്മീഷൻ വ്യാപാരത്തിൽ നേട്ടങ്ങളുണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണ ശക്തിപകരും.
പന്ത്രണ്ടിൽ വ്യാഴസ്ഥിതി വരികയാൽ നല്ലകാര്യങ്ങൾക്ക് ചെലവേർപ്പെടുന്നതാണ്. ചെറുയാത്രകൾ ഗുണകരമാവും. കടബാധ്യതകൾ പരിഹരിക്കുന്നതിന് കൂടിയാലോചനകൾ പ്രയോജനം ചെയ്യുന്നതായിരിക്കും.
രോഹിണി
കർമ്മഗുണവും അതോടൊപ്പം കർമ്മപരാങ്മുഖത്വവും കലരും. അതിനാൽ അനുഭവത്തിൽ സമ്മിശ്രത ഉണ്ടാകുന്ന വാരമാണ്. വാരാദ്യത്തിൽ ചിന്തകൾ കൂടും. ബുധൻ മുതൽ പ്രായോഗികതയിൽ മുഴുകാനാവും. കലാപ്രവർത്തനം നന്നായി മുന്നോട്ടുപോകും.
സാങ്കേതിക വിഷയങ്ങളിൽ പുതിയ അറിവ് സമ്പാദിക്കും. വേനലവധിയിൽ വിനോദയാത്രക്കുള്ള മുന്നൊരുക്കങ്ങൾ നടത്തും. ഊഹക്കച്ചവടം, ചിട്ടി ഇവയിൽ നിന്നും പണം വന്നുചേരുന്നതാണ്. മിതവ്യയം നടപ്പാക്കും.
മകയിരം
നക്ഷത്രനാഥനായ ചൊവ്വയുടെ ഉച്ചത്വം തുടരുന്നതിനാൽ ഉന്മേഷവും കർമ്മതൽപരതയും വർദ്ധിക്കും. കുട്ടികൾ ധിക്കാര വാസന കാട്ടുന്നതായി മാതാപിതാക്കൾക്ക് തോന്നിയേക്കാം. പതിവായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മുടക്കം വരുന്നതല്ല. സുഹൃത്തുക്കളുടെ വാക്കുകൾക്ക് ചെവികൊടുക്കും.
ഭൂമിയിൽ നിന്നും ചെറിയ ആദായമെങ്കിലും വന്നുചേരുന്നതാണ്. സംഘടനകളിൽ സജീവമാകും. രാഷ്ട്രീയ ചർച്ചകളിൽ നിലപാടുകൾ ആവർത്തിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്. ഉഷ്ണരോഗങ്ങൾക്ക് സാധ്യതയുണ്ട്.
തിരുവാതിര
തീരുമാനങ്ങൾ ക്രിയാപഥത്തിലെത്താൻ കാലതാമസം ഉണ്ടായേക്കും. അഥവാ നേരത്തെ എത്തുകയാണെങ്കിൽ തന്നെയും മനസ്സില്ലാമനസ്സോടെയാവും പ്രവർത്തിക്കുക. രാശിനാഥനായ ബുധന് മൗഢ്യാവസ്ഥ ഉള്ളതിനാൽ പ്രധാനകാര്യങ്ങൾ, അവയുടെ തീയതി, സ്ഥലം, സമയം തുടങ്ങിയവ വിട്ടുപോകാം. അഥവാ തെറ്റായി ധരിക്കാം.
കൂട്ടുകച്ചവടത്തിൽ ലാഭം നാമമാത്രമാകും. കുടുംബകാര്യത്തിൽ ബന്ധുക്കളുടെ വിയോജിപ്പ് വിഷമിപ്പിച്ചേക്കും. വിദ്യാർത്ഥികൾ പഠന-പരീക്ഷകളിൽ തികഞ്ഞ ജാഗ്രത പുലർത്തണം.
പുണർതം
വ്യാഴം പതിനൊന്നിലാകയാൽ പൊതുവേ അഭീഷ്ടങ്ങൾ സാധിക്കുന്ന കാലമാണ്. സാമ്പത്തിക ഞെരുക്കത്തിന് വേഗം പരിഹാരമുണ്ടാവും. സജ്ജനങ്ങളുടെ സഹായം പ്രതീക്ഷിക്കാം. എന്നാൽ ശനി- സൂര്യയോഗം മൂലം ഉദ്യോഗസ്ഥർക്ക് അർഹമായ സ്ഥാനക്കയറ്റം വൈകുന്നതാണ്.
സംരംഭങ്ങൾക്ക് അനുമതി എളുപ്പം ലഭിച്ചേക്കില്ല. അനിഷ്ടനായ ചൊവ്വ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പഠനത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാവണമെന്നില്ല. ചെറിയ കാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും.
പൂയം
നക്ഷത്രനാഥനായ ശനി മൗഢ്യത്തിലാണ്. അതിനാൽ ആത്മശക്തി ചോരുന്നതായി തോന്നും. കാര്യങ്ങൾ മന്ദഗതിയിലായേക്കും. തീരുമാനങ്ങൾ നടപ്പിലാക്കാനാവാതെ കുഴങ്ങുന്നതാണ്. പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല.
കുടുംബ ജീവിതത്തിൽ സന്തോഷം നാമമാത്രമായിരിക്കും. സഹോദരാനുകൂല്യം ആശ്വാസമേകും. ഭൂമിയിൽ നിന്നും ചെറിയ ആദായം പ്രതീക്ഷിക്കാം. കടം വാങ്ങുന്നതിൽ നിയന്ത്രണം വേണം. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങൾക്കാവും ഗുണാധിക്യം.
ആയില്യം
നക്ഷത്രനാഥനായ ബുധൻ്റെ ദുർബല സ്ഥിതി തുടരുകയാൽ കാര്യസാധ്യം എളുപ്പമാവില്ല. ശത്രു പുറത്തല്ല, അകത്താണെന്ന് മനസ്സിലാവും. അതായത് സ്വന്തം ദൗർബല്യങ്ങൾ തന്നെയാവും തടസ്സം സൃഷ്ടിക്കുന്നത്. പണമിടപാടുകളിൽ സുഗമത കുറയുന്നതാണ്.
ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തലയുയർത്താം. അക്ഷരത്തെറ്റോ ഉച്ചാരണ വൈകല്യമോ ആരെങ്കിലും ചൂണ്ടിക്കാട്ടിയേക്കാം. ബന്ധുജനങ്ങൾ ചെറിയ കാരണം കണ്ടെത്തി പിണങ്ങിയേക്കും. ആഴ്ചമധ്യം വരെ ഗുണപ്രധാനമാണ്.
Read More
- Daily Horoscope February 22, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം; കുംഭമാസത്തിൽ ഈ 6 നാളുകാർക്ക് ഗുണകരം
- ആരോഗ്യത്തിൽ ശ്രദ്ധ വേണം, പണച്ചെലവിന് സാധ്യത; കുംഭമാസത്തിലെ 6 നാളുകാരുടെ നക്ഷത്രഫലം
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 19 to February 25
- കുംഭമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: 1199 Monthly Horoscope for Kumbham
- 2024 മാർച്ച് മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: March 2024 Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us