/indian-express-malayalam/media/media_files/t46gSHXSUwqhfkiQKvup.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കുംഭം രാശിയിൽ അവിട്ടം - ചതയം ഞാറ്റുവേലകളിൽ ആണ്. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ; വാരാന്ത്യ ദിനമായ ഫെബ്രുവരി 24 ന് വെളുത്തവാവ് / പൗർണമി സംഭവിക്കുന്നു. രോഹിണി മുതൽ മകം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുമുണ്ട്.
ചൊവ്വ ഉച്ചസ്ഥനായി മകരം രാശിയിൽ തുടരുകയാണ്. മകരത്തിൽ തന്നെ ആരോഹിയായ ശുക്രനുമുണ്ട്. മകരത്തിൽ സഞ്ചരിക്കുന്ന അവരോഹിയും മൗഢ്യവുമുള്ള ബുധൻ ഫെബ്രുവരി 20 ന് മകരത്തിൽ നിന്നും കുംഭത്തിലേക്ക് സംക്രമിക്കുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മകരം രാശിയിൽ ത്രിഗ്രഹയോഗം ഭവിക്കുന്നുണ്ട്.
അതിനു ശേഷം കുംഭം രാശിയിൽ ബുധൻ- ആദിത്യൻ- ശനി എന്നിവർ സംഗമിക്കുന്ന ത്രിഗ്രഹ യോഗം വരുന്നു. ശനി കുംഭം രാശിയിൽ മൗഢ്യാവസ്ഥയിലായിക്കഴിഞ്ഞു.
മേടം രാശിയിൽ വ്യാഴവും മീനം രാശിയിൽ രാഹുവും കന്നി രാശിയിൽ കേതുവും സഞ്ചരിക്കുകയാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറാഴ്ച തുലാക്കൂറിനും തിങ്കളും ചൊവ്വയും വൃശ്ചികക്കൂറിനും തുടർന്ന് വെള്ളി സായാഹ്നം വരെ ധനുക്കൂറിനും അഷ്ടമരാശിയാകുന്നു. ശനിയാഴ്ച മകരക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുന്നു. ശരാശരി രണ്ടേകാൽ ദിവസം ചന്ദ്രൻ ഒരു രാശിയിലൂടെ കടന്നുപോകും.
ജനിച്ച കൂറിൻ്റെ എട്ടാം രാശിയിൽ ഇപ്രകാരം ചന്ദ്രൻ കടന്നുപോകുന്നതിനെ അഷ്ടമരാശി / ചന്ദ്രാഷ്ടമസ്ഥിതി തുടങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുന്നു. ശുഭാരംഭത്തിന് ഈ ദിവസങ്ങൾ വർജ്ജിക്കണം. മനസ്സിൻ്റെ സ്വൈരം കുറയാം. കാര്യതടസ്സവും ഭവിച്ചേക്കാം.
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി അശ്വതി മുതൽ രേവതിവരെയുള്ള 27 നാളുകാരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
കർമ്മരംഗത്ത് അജയ്യത തുടരുന്നതാണ്. പുതിയ പദവിയോ അധികച്ചുമതലയോ പ്രതീക്ഷിക്കുന്നവർക്ക് അതുണ്ടായേക്കും. ദൗത്യങ്ങൾ ഭംഗിയാക്കാൻ സാധിക്കുന്നതാണ്. പണ്ഡിതന്മാരുടെ സഹായം ലഭിച്ചേക്കും. ബലവാനായ ചന്ദ്രൻ നാലാം ഭാവത്തിൽ വരികയാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. ഗൃഹം പുതുക്കാൻ തീരുമാനിക്കും. അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണക്കുകൂട്ടും. മാതാവിൻ്റെ ആരോഗ്യത്തിലെ ഉൽകണ്ഠ അകലുന്നതാണ്.
ഭരണി
നക്ഷത്രാധിപനും രാശ്യധിപനും ബലവാന്മാരാകയാൽ ആത്മശക്തി അചഞ്ചലമായി തുടരും. ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. സ്വന്തം തൊഴിലിൽ നന്നായി ശ്രദ്ധയർപ്പിക്കാനാവും. സഹോദരരുടെ ക്ഷേമം സന്തോഷമേകും. ന്യായമായ രീതിയിൽ സാമ്പത്തികാവസ്ഥ പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള പിണക്കം രാജിയാവുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കാനായേക്കും. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് കൂടുതൽ സമയം കണ്ടെത്തും. ഇഷ്ടവസ്തുക്കൾ വാങ്ങുന്നതാണ്.
കാർത്തിക
ഒരു കാര്യത്തിലും സന്ദിഗ്ദ്ധതകളും സന്ദേഹങ്ങളും ഉണ്ടാവില്ല. ഉദ്യോഗസ്ഥർ കർമ്മരംഗത്ത് കീർത്തി നേടുന്നതാണ്. അസൂയാലുക്കളുടെ ഏഷണി ഫലിക്കില്ല. ധനപരമായി നേട്ടങ്ങളുണ്ടാവുന്നതാണ്. ഊഹക്കച്ചവടം ആദായമേകും. നവസംരംഭങ്ങളിൽ വിജയമകലെയല്ലെന്ന തോന്നൽ ദൃഢമായേക്കും. തൊഴിൽപരമായ യാത്രകൾ വേണ്ടിവരുന്നതാണ്. പൈതൃകമായ ധനം കൈവശം വന്നുചേരും. ലൈസൻസ്, കരാർ പത്രങ്ങൾ, സർട്ടിഫിക്കേറ്റുകൾ എന്നിവ പുതുക്കാനുള്ള ശ്രമം വിജയം കാണും. മനസ്സ്വസ്ഥത ഉണ്ടാവുന്നതാണ്.
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
രോഹിണി
രാശിനാഥനായ ശുക്രൻ ആരോഹത്തിലും നക്ഷത്രനാഥനായ ചന്ദ്രൻ പൂർണബലത്തിലും ആകയാൽ ഇയാഴ്ച ഗുണങ്ങൾക്ക് മേൽകൈയ്യുണ്ടാവും. സുഖഭോഗങ്ങൾ തേടി വരുന്നതാണ്. തൊഴിലിടത്ത് പ്രാമുഖ്യം നേടുന്നതായിരിക്കും. സഹപ്രവർത്തകർ പിന്തുണ നൽകും. ഗാർഹികമായി സ്വച്ഛത പ്രതീക്ഷിക്കാം. ജീവിത പങ്കാളിക്ക് തൊഴിലിൽ ഉയർച്ച സിദ്ധിച്ചേക്കും. ആദർശം ഉപേക്ഷിച്ച് പ്രയോഗിക സമീപനം കൈക്കൊള്ളും. ജീവിതനിലവാരം മെച്ചപ്പെടുന്നതാണ്. പ്രണയികൾക്ക് കാലം അനുകൂലമായിരിക്കും. സൽകാര്യങ്ങൾക്ക് ചെലവേർപ്പെടാം.
മകയിരം
വാരാദ്യം ചെലവധികരിച്ചേക്കാം. അപ്രതീക്ഷിത യാത്രകൾ വേണ്ടിവരുന്നതാണ്. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ഉച്ചബലം ഉള്ളതിനാൽ സ്വശക്തി ഉണർന്ന് പ്രവർത്തിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ്. ബുദ്ധി കൊണ്ട് പ്രതിസന്ധികൾക്ക് പോംവഴി കണ്ടെത്താനാവും. കിട്ടാക്കടം കുറച്ചെങ്കിലും കിട്ടിയേക്കും. നല്ല വാക്കുകൾ ഉപയോഗിച്ച് സദസ്സിൽ കൈയ്യടി നേടും. ദിവസവേതനക്കാർക്ക് തൊഴിൽ മുടക്കം ഉണ്ടാവുന്നതല്ല. ബിസിനസ്സുകാർക്ക് ഉപഭോക്താക്കളുടെ പ്രിയം നേടാനാവും.
തിരുവാതിര
ജോലിഭാരവും തിരക്കുമുള്ള വാരമായിരിക്കും. ഒപ്പം വ്യക്തിപരമായ സന്തോഷാനുഭവങ്ങളും പ്രതീക്ഷിക്കാം. വാരാദ്യം ചെലവേറും.
യാത്രകൾ ഉണ്ടാവും. മേലധികാരികളുമായി പിണങ്ങേണ്ടി വന്നേക്കാം. ക്രമേണ സ്വസ്ഥത തിരികെ കിട്ടുന്നതാണ്. ദേഹസുഖത്തിനൊപ്പം മാനസിക സന്തോഷവും അനുഭവപ്പെടും. വായ്പാ തിരിച്ചടവിന് വഴിയൊരുങ്ങും. അയൽബന്ധത്തിലെ സമാധാനക്കേടിന് പരിഹാരം സിദ്ധിക്കുന്നതാണ്. ദൈവിക കാര്യങ്ങൾ, തട്ടകത്തെ ഉത്സവം എന്നിവയ്ക്ക് ഉത്സാഹപൂർവ്വം പങ്കാളിത്തം വഹിക്കും.
പുണർതം
തൊഴിൽപരമായി അദ്ധ്വാനം കൂടും. മറ്റു സാമൂഹ്യ-കുടുംബ കാര്യങ്ങളും സമയഞെരുക്കത്തിന് കാരണമാകാം. വാരാദ്യം ചെലവു കൂടുന്നതിനാൽ പിരിമുറുക്കം അനുഭവപ്പെടും. തുടർദിവസങ്ങളിൽ പണവരവ് ഉയരുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണും. മധുരമായ വാക്കുകൾ കൊണ്ട് ശ്രോതാവിൻ്റെ ഹൃദയം കവരുവാനാവും. അതിഥികൾ പ്രശംസിക്കുന്നതാണ്. വിജ്ഞാന സമ്പാദനത്തിൽ പുരോഗതിയുണ്ടാവും. കൂട്ടുകച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബസൗഖ്യം ഉണ്ടാവും. ആരോഗ്യപരമായി ശ്രദ്ധ വേണം.
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
പൂയം
വാരാദ്യം നല്ല തുടക്കം ലഭിക്കാം. കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള സഹകരണം ലഭിക്കും. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. പഠിപ്പ് തൊഴിൽ എന്നിവക്കായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സാഹചര്യം അനുകൂലമാണ്. പൊതുപ്രവർത്തകർക്ക് കാര്യതടസ്സമുണ്ടാവാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതി ഭവിച്ചേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്വസ്ഥത വന്നുചേരും. പ്രശ്നങ്ങൾ പരിഹരിക്കാനാവുന്നതാണ്. ആരോഗ്യപരിരക്ഷ അനിവാര്യം.
ആയില്യം
നക്ഷത്രനാഥനായ ബുധന് പാപയോഗവും മൗഢ്യസ്ഥിതിയും ഭവിക്കുകയാൽ എന്തുകാര്യവും ഗൗരവബുദ്ധ്യാ കാണണം. ചെറിയ സന്തോഷങ്ങളും ഇഷ്ടജനങ്ങളുടെ മനപ്രസാദവും ഊർജ്ജദായകമാവും. പണയവസ്തു വീണ്ടെടുക്കാൻ ശ്രമം തുടരുന്നതാണ്. സഹപ്രവർത്തകർ നിസ്സഹകരികണം നടത്തുന്നതായി തോന്നാം. സമയബന്ധിതമായി കാര്യനിർവഹണത്തിനുള്ള ശ്രമം പകുതിയിൽ നിൽക്കാം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക കരണീയം. തീർത്ഥാടനത്തിന് അവസരം ലഭിക്കാം.
മകം
കർമ്മരംഗത്ത് ശക്തമായി മുന്നോട്ടു പോകാനാവും. സ്വന്തം അധൃഷ്യത ഇളക്കമില്ലാതെ തുടരും. സംഘടനാ പ്രവർത്തനത്തിൽ മുൻനിരയിലെത്തും.
കച്ചവടത്തിൽ ഏർപ്പെട്ടവർക്ക് കൂടുതൽ ആദായം ഉണ്ടാകുന്നതാണ്. ഏജൻസി പ്രവർത്തനങ്ങൾ വിപുലീകരിക്കാനാവും. വ്യക്തിപരമായും മെച്ചമുള്ള സാഹചര്യമാണ്. കുടുംബാംഗങ്ങൾ തമ്മിൽ പാരസ്പര്യവും സഹകരണവും വർദ്ധിക്കും.
തീർത്ഥാടന യോഗമുണ്ട്. വാരാന്ത്യത്തിൽ പണച്ചെലവേറും.
പൂരം
സന്ദിഗ്ദ്ധതകൾ നീങ്ങുകയും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. പൊതുവേ ഭാഗ്യമുള്ള കാലമായി കണക്കാക്കാം. എതിർപ്പുകളെ തെല്ലും പരിഗണിച്ചേക്കില്ല. വസ്തുവാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി ചെലവുണ്ടാകും. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ വന്നുചേരുന്നതാണ്. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനുള്ള മനസ്സില്ല എന്ന ആരോപണം ഉയരാം.
ഉത്രം
മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ മികച്ച രീതിയിൽ പ്രാവർത്തികമാക്കും. ഔദ്യോഗികമായി സമാധാനമുണ്ടാകും. ദിവസ വേതനക്കാർക്ക് തൊഴിൽ മുടക്കം ഉണ്ടാവുന്നതല്ല. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. ഗൃഹനിർമ്മാണം ദ്രുതഗതി കൈവരിക്കും. സാമ്പത്തിക കാര്യങ്ങളിലെ പിരിമുറുക്കം മാറിക്കിട്ടുന്നതാണ്. സഹോദരരുടെ ക്ഷേമം സന്തോഷമേകും. മക്കളുടെ പഠനത്തിൽ കൂടുതൽ പിന്തുണയും ജാഗ്രതയും പുലർത്തണം. വാരാന്ത്യത്തിൽ യാത്രകൾ മൂലം ക്ലേശം അനുഭവപ്പെടാനിടയുണ്ട്.
അത്തം
പലനിലയ്ക്കും ഉയർച്ച പ്രതീക്ഷിക്കാം. വ്യക്തിപ്രഭാവത്താൽ കാര്യം നേടാൻ കഴിയുന്ന ആഴ്ചയാണ്. നവസംരംഭങ്ങളിൽ വിജയമുണ്ടോകും. ഏറ്റെടുത്ത കാര്യങ്ങൾ സ്തുത്യർഹമാം വിധം പൂർത്തീകരിക്കും. ഗൃഹത്തിൽ മനസ്സമാധാനവും സുഭിക്ഷതയും പുലരുന്നതാണ്. സുഹൃത്തുക്കളുമായി സല്ലപിക്കാനും യാത്രകൾ നടത്താനും സാഹചര്യമുണ്ടാവും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നിരാശരാകേണ്ടി വരില്ല. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേറും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ വന്നെത്തും.
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
ചിത്തിര
നക്ഷത്രനാഥനായ കുജന് ഉച്ചത്വമുള്ളതിനാൽ വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും അനിഷേധ്യത തുടരും. സ്ഥാനക്കയറ്റം ഉണ്ടാകുന്നതാണ്.
ചൊവ്വയ്ക്ക് ശുക്രയോഗം ഉള്ളതിനാൽ പുതുസൗഹൃദങ്ങൾ ഭവിക്കുന്നതായിരിക്കും. ഭോഗാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ സാധ്യത കാണുന്നു. വാരാദ്യ ദിവസങ്ങളെക്കാൾ
മറ്റു ദിവസങ്ങൾക്ക് മെച്ചമുണ്ടാകും.
ചോതി
ആഴ്ചയുടെ തുടക്കത്തിൽ ചില മനക്ലേശങ്ങൾ വരാം. പ്രതീക്ഷിച്ച വിധമല്ല കാര്യങ്ങളുടെ പോക്ക് എന്ന് തോന്നാനിടയുണ്ട്. ബുധൻ മുതൽ കാര്യാനുകൂല്യവും കർമ്മവിജയവും പ്രതീക്ഷിക്കാം. സ്വയം തിരുത്താൻ തയ്യാറാവുന്നതാണ്. ചിട്ടി, ഇൻഷ്വറൻസ്, പെൻഷൻ തുക ഇവ കൈവശം ലഭ്യമാകും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. മട്ടുപ്പാവ് / അടുക്കള കൃഷി ഇവയിൽ താല്പര്യം ജനിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. മനസ്സന്തോഷമുണ്ടാകുന്നതാണ്.
വിശാഖം
പല കാര്യങ്ങളിൽ താല്പര്യമേറുന്നതിനാൽ പ്രവൃത്തിയിൽ ഏകാഗ്രത കുറയും. വിദ്യാർത്ഥികൾക്കാവും ഇതിൻ്റെ ദുഷ്ഫലമധികവും ഉണ്ടാവുക. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ബന്ധുഗുണം കുറയുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയും. അക്കാര്യത്തിൽ പ്രതീക്ഷിച്ചതിലധികം ചെലവുണ്ടാകും. പരിശീലനകാലം കഴിഞ്ഞവർക്ക് ജോലിയിൽ പ്രവേശിക്കാനാവും. കാലാവസ്ഥ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എളുപ്പം ബാധിച്ചേക്കാം.
അനിഴം
രാശിനാഥൻ ആയ ചൊവ്വ സഹോദരസ്ഥാനത്ത് അതിബലവാനായി തുടരുകയാൽ ഗുണാനുഭവങ്ങൾ സ്വാഭാവികമായി തന്നെ വന്നെത്തും. അവകാശങ്ങൾ അംഗീകരിക്കപ്പെടും. കുടുംബപ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കിട്ടുന്നതായിരിക്കും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്‌ഠ നീങ്ങാം. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണം. വീട് നിർമ്മാണം സംബന്ധിച്ച സർക്കാർ അനുമതിക്ക് കാലതാമസം നേരിടുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ധനപരമായി കബളിപ്പിക്കൽ വരാനിടയുണ്ട്.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധന് മൗഢ്യം ഉള്ളതിനാൽ പഠനം, പരീക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധാലുക്കളാവണം. പുനരാലോചനകൾ കൂടുന്നതാണ്. കർമ്മഗുണം മന്ദഗതിയിലായേക്കും. ഉപജാപങ്ങളെ തിരിച്ചറിയുവാനാവും. എന്നാൽ കലഹത്തിന് മുതിരാതിരിക്കുന്നത് ഉത്തമം. കച്ചവടത്തിൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ആശാസ്യമായേക്കില്ല. ബന്ധുക്കളുടെ സഹകരണം കുറയാം. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ന്യായമായ ആവശ്യങ്ങൾക്ക് ധനതടസ്സം ഉണ്ടാവില്ല.
മൂലം
ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. മൂലധനം ഉയർത്താനുള്ള ശ്രമം വിജയിക്കുന്നതാണ്. വസ്തുക്കളുടെ ക്രയവിക്രയത്തിൽ പ്രതീക്ഷിച്ച ലാഭം കിട്ടിയേക്കില്ല. ദാമ്പത്യബന്ധം സുദൃഢമാകുന്നതാണ്. പ്രണയികൾക്ക് കാലം അനുകൂലമാണ്. ആഡംബരവസ്തുക്കൾ സ്വന്തമാക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ നിന്നും മാനസികമായ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങൾക്ക് നല്ല പരിശീലനം / തയ്യാറെടുപ്പ് നടത്താൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറയാം.
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
പൂരാടം
ആപദ്ധൈര്യം പ്രദർശിപ്പിക്കും. കലാകാരന്മാർക്ക് ധാരാളം പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശം മറികടക്കാനാവും. ബിസിനസ്സ് പരമായി യാത്രകൾ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവികൾ ലഭിച്ചേക്കാം. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവും. ദാമ്പത്യത്തിൽ പാരസ്പര്യം ദൃഢമാകും. പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അംഗീകാരം കിട്ടുന്നതായിരിക്കും. ദൈവിക വഴിപാടുകൾക്ക് സമയം കണ്ടെത്തുന്നതാണ്.
ഉത്രാടം
വികാരവിക്ഷോഭം നിയന്ത്രിക്കപ്പെടണം. ആരോഗ്യ പരിശോധനകളിൽ ചില ആശങ്കകൾ വരാം. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ / പരീക്ഷാതയ്യാറെടുപ്പിൽ മാതാപിതാക്കൾ സവിശേഷം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തൊഴിൽപരമായി ശരാശരിക്കാലമാണ്. പ്രോജക്ടുകൾക്ക് മേലുദ്യോഗസ്ഥരുടെ അനുമതി ലഭിച്ചേക്കില്ല. സൗഹൃദങ്ങൾ സന്തോഷമേകുന്നതാണ്. ദൂരയാത്രകൾക്കോ തീർത്ഥാടനത്തിനോ സാധ്യത കാണുന്നു.
തിരുവോണം
നക്ഷത്രനാഥന് പക്ഷബലമുള്ള കാലമാകയാൽ മനോല്ലാസവും സുഭിക്ഷതയും ഉണ്ടാകുന്നതാണ്. സ്ത്രീകളുടെ പിന്തുണ ലഭിക്കും. ഉത്സവാദികളിൽ സജീവമാകുന്നതാണ്. ഔദ്യോഗികരംഗത്തിൽ പരിശ്രമത്തിന് തക്ക പ്രതിഫലം കൈവരും. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽകണ്ഠ നീങ്ങും. സംരംഭത്തിൻ്റെ വിപുലീകരണത്തിന് ആരംഭം കുറിക്കും. അതിവൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ വളർത്താനിടയുണ്ട്. നിക്ഷേപങ്ങളുടെ ഭദ്രത പരിശോധിക്കപ്പെടണം. ശനിയാഴ്ച കഫജന്യ രോഗങ്ങൾ ഉപദ്രവിക്കാം.
അവിട്ടം
നക്ഷത്രനാഥൻ ചൊവ്വയുടെ ഉച്ചബലം മാത്രമാണ് ഗുണകരം. അതിനാൽ പ്രശ്നങ്ങളെ സധൈര്യം നേരിടും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിസ്സാരീകരിക്കും. സൂര്യൻ ജന്മരാശിയിലാകയാൽ ദേഹാദ്ധ്വാനം വെറുതെയാവും. കരുതൽ ധനം നിഷ്പ്രയോജന കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവരും. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാം. ഗൃഹാന്തരീക്ഷത്തിൽ സമാധാനം കുറയുന്നതായി തോന്നും. മറ്റുള്ളവരെ പഴിക്കാൻ സമയം കണ്ടെത്തും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്.
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
ചതയം
ജന്മനക്ഷത്രത്തിൽ ശനിയും ആദിത്യനും സഞ്ചരിക്കുകയാൽ ദേഹസൗഖ്യം കുറയാം. മാനസികമായും പിരിമുറുക്കം ഉണ്ടാകും. വ്യാപാരത്തിൽ ലാഭം കുറയും. ഭൂമിയിൽ നിന്നുമുള്ള ഉല്പന്നങ്ങൾക്ക് അർഹിക്കുന്ന വില കിട്ടുകയില്ല. കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാവും. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരും. വ്യവഹാരങ്ങൾ നീണ്ടുപോകും.
ഭൂമി കച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായില്ലെന്ന് വരാം. ദിവസ വേതനക്കാർക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടില്ല. വലിയ മുതൽമുടക്കുകൾക്ക് ഇപ്പോൾ അനുകൂല സന്ദർഭമല്ല.
പൂരൂരുട്ടാതി
കുംഭക്കൂറുകാരായ പൂരൂരുട്ടാതിക്കാർക്ക് സമ്മർദ്ദങ്ങളേറും. ലക്ഷ്യത്തിലെത്താൻ കൂടുതൽ നേരവും ഊർജ്ജവും വേണ്ടിവരുന്നതാണ് വിവാദങ്ങളിൽ ഉൾപ്പെടാനിടയുണ്ട്. വരവ് കുറയും; എന്നാൽ ചെലവ് കുടുന്നതുമാണ്. സ്ഥലംമാറ്റം പോലുള്ള പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ നേരിട്ടേക്കാം. സജ്ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നത് പ്രസ്താവ്യമാണ്. മീനക്കൂറുകാർക്ക് അലച്ചിലേറുമെങ്കിലും ചില ഗുണങ്ങൾ, ധനലാഭം, പദവി എന്നിവ പ്രതീക്ഷിക്കാം. ചിന്തയിൽ മുഴുകും; പ്രവൃത്തിയിൽ അത്ര ശ്രദ്ധ ഉണ്ടാവണമെന്നില്ല.
ഉത്രട്ടാതി
ചില ഗ്രഹങ്ങളുടെ പ്രാതികൂല്യമുണ്ട്. എന്നാൽ ശുക്രൻ, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലത്തിലുമാണ്. ദേഹാലസ്യം, യാത്ര കൊണ്ടുള്ള ക്ലേശം, അധികാരികളുടെ അവഗണന, ആലസ്യം ഇവ ഒരുഭാഗത്ത് സ്വൈരതയെ ഭഞ്ജിക്കുന്നതായി വരാം. മറുഭാഗത്ത് ചൊവ്വയുടെ സ്ഥിതിമൂലം മത്സരവിജയം, അനിരോധ്യത, വ്യവഹാരവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആഢംബര വസ്തുക്കൾ ലബ്ധമാവുക, ഭോഗസുഖം എന്നിവ ശുക്രസ്ഥിതിയാൽ കൈവന്നേക്കാം.
വ്യാഴം കുടുംബ സുഖമേകും. ധനവരവ് സുഗമമാകുന്നതാണ്.
രേവതി
നക്ഷത്രനാഥനായ ബുധൻ്റെ മൗഢ്യസ്ഥിതി, രാഹുവിൻ്റെ ജന്മനക്ഷത്രസ്ഥിതി എന്നിവ മൂലം മനസ്സിൽ സകാരണമോ അകാരണമോ ആയ ഭയം തോന്നാം. ജ്ഞാതികളുടെ വിരോധം വിഷമിപ്പിക്കും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഭൂമി സംബന്ധിച്ച ഇടപാടുകൾ ലാഭകരമാവുന്നതാണ്. കലാകാരന്മാർക്ക് ആദരം ലഭിക്കും. സ്ത്രീകളുടെ പിന്തുണ സിദ്ധിക്കുന്നതാണ്. വിയോജിപ്പുകളെ തൃണവൽഗണിക്കുവാനാവും. പ്രണയസാഫല്യം ഭവിക്കുന്നതാണ്. ദാമ്പത്യസുഖം പ്രതീക്ഷിക്കാം.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.