scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, August 04-10

Weekly Horoscope: ഓഗസ്റ്റ് 04 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഓഗസ്റ്റ് 04 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ അമാവാസി തിഥിയിലാണ് വാരാദ്യദിനം. പിറ്റേന്ന് തിങ്കളാഴ്ച ശ്രാവണ മാസം ആരംഭിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ബുധനും ശുക്രനും  ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ തുടരുന്നു. 

Advertisment

രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും സഞ്ചരിക്കുകയാണ്. ഞായറും തിങ്കൾ വൈകുന്നേരം വരെയും ധനുക്കൂറുകാർക്ക് അഷ്ടമരാശി ഭവിക്കുന്നു. തുടർന്ന് ചൊവ്വയും ബുധനും മകരക്കൂറുകാർക്കാവും അഷ്ടമരാശി വരിക. വ്യാഴം, വെള്ളി, ശനി പ്രഭാതം വരെ കുംഭക്കൂറുകാർക്കും തദനന്തരം മീനക്കൂറുകാർക്കും ആണ് അഷ്ടമരാശി സംഭവിക്കുന്നത്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ ഈയാഴ്ചത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

നാലാം ഭാവം മുതൽ ഏഴാം ഭാവം വരെ ചന്ദ്രന് സഞ്ചാരമുണ്ട്. അല്പം നീണ്ട ഇടവേളക്കുശേഷം ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനാവും. മനസ്സിന് സ്വസ്ഥത വന്നുചേരും. വ്യാഴാനുകൂല്യമുള്ള കാലമാകയാൽ വചനദീപ്തി പ്രശംസിക്കപ്പെടും. തൊഴിൽ സമ്മർദ്ദം കുറയുന്നതായിരിക്കും. ദിശാബോധത്തോടെ പ്രവർത്തിക്കാനും ഫലം കൊയ്യാനും സാധിക്കുന്നതാണ്. ചർച്ചകളിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായ ചെലവുകൾ കുറയ്ക്കാൻ ആവുന്നത്ര ശ്രമിക്കുന്നതാണ്. വിരോധികളെ തമസ്കരണം കൊണ്ട് തോൽപ്പിക്കും.

Advertisment

ഭരണി

നക്ഷത്രനാഥനായ ശുക്രൻ പഞ്ചമഭാവത്തിലാകയാൽ ഭാവനാവിലാസം വർദ്ധിക്കുന്നതാണ്. പറയുന്നതിൽ വാക്യഭംഗി തിരളും. കവികൾക്കും കലാകാരന്മാർക്കും ശോഭിക്കാനാവും. മനശ്ശക്തി വർദ്ധിക്കും. വരുംവരായ്കകൾ ചിന്തിച്ച് പ്രവർത്തിക്കുവാൻ കഴിയുന്നതാണ്. സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ പിന്തുണകളുണ്ടാവും. ബിസിനസ്സിൽ വിപുലീകരണത്തിന് അവസരം വരും. സാമ്പത്തിക ആസൂത്രണത്തിൽ മെച്ചമുണ്ടാകുന്നതാണ്. വിയോജിക്കുന്നവരെ കൂട്ടിയണക്കി കൂടെ നിർത്തുന്നതിൽ നിസ്തുല വിജയം നേടും.

കാർത്തിക

കാര്യാലോചനകളിൽ പറയുന്നതു കേൾക്കാനും മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും പലരും മുന്നോട്ടു വരും. പ്രതീക്ഷിക്കാത്ത പിന്തുണകൾ ലഭിക്കാം. ന്യായമായ ആഗ്രഹങ്ങൾ സഫലമാകുന്നതാണ്. പൊതുപ്രവർത്തകർ സ്വാർത്ഥത വെടിഞ്ഞ് രക്ഷാദൗത്യങ്ങൾക്ക് മുൻകൈയെടുക്കും. ചെറുസംരംഭങ്ങൾ ബാലാരിഷ്ടയെ അതിജീവിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ നല്ലശ്രദ്ധ പുലർത്തുവാനും ഇടക്കാല പരീക്ഷകൾക്ക് തയ്യാറെടുക്കാനും സാധിക്കും. ഏജൻസി , കമ്മീഷൻ ബിസിനസ്സ് വിപുലീകരിക്കുന്നതാണ്. വരുമാനത്തിൽ പൂർണ്ണതൃപ്തി വരുന്നതല്ല. 

രോഹിണി

നക്ഷത്രനാഥൻ ബലത്തിലേക്ക് വളരുകയാൽ കാര്യസിദ്ധിയുണ്ടാകും. അകാരണമായ ഭയം മാറി മനസ്സിൽ സന്തോഷം നിറയാം. പ്രതികൂലതകളെ സമർത്ഥമായി മറികടക്കുന്നതാണ്. സാമ്പത്തിക ഞെരുക്കം അവസാനിക്കും.  ഗൃഹവായ്പ അടഞ്ഞുതീരുകയാൽ ആശ്വാസമുണ്ടാകും. അത്യാവശ്യമായിട്ടുള്ള ഗൃഹോപകരണങ്ങൾ വാങ്ങാനാവും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങിയേക്കും. കുടുംബത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പരിഗണന നൽകുന്നതാണ്. ദൂരദിക്കിൽ ഉദ്യോഗത്തിലിരുന്ന കുടുംബാംഗത്തിന് നാട്ടിലേക്ക് മാറ്റം കിട്ടാനിടയുണ്ട്.

മകയിരം

അനാവശ്യമായ ആധി ഒഴിവാക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്വയം സന്നദ്ധത പുലർത്തേണ്ടതുണ്ട്.  സ്വന്തം താമസ സ്ഥലത്തിനടുത്ത് ചെറിയ വ്യാപാരസ്ഥാപനം തുടങ്ങാനുള്ള ആഗ്രഹം സഫലമായേക്കും. പലരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. സമാനമനസ്കരുമായി സൗഹൃദം പുലർത്തും. ജീവകാരുണ്യ പ്രവർത്തനത്തിൽ സഹകരിക്കും. ഉദ്യോഗാർത്ഥികൾക്ക് അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടിവന്നേക്കും. വിദ്യാർത്ഥികൾ കലാപരിശീലനത്തിന് തയ്യാറെടുപ്പ് ആരംഭിക്കും. കുടുംബ ജീവിതത്തിൽ ആഹ്ളാദമുണ്ടാവും.

തിരുവാതിര

വ്യാപാരത്തിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവണമെന്നില്ല. ഇപ്പോൾ കൂടുതൽ മുതൽമുടക്കുക അനുചിതമാണ്. എന്നാൽ ഉത്സാഹപൂർവ്വം പ്രവർത്തിക്കേണ്ട സന്ദർഭവുമാണ്. ചടുലവും വൈകാരികവുമായ പ്രതികരണം ശത്രുക്കളെ സൃഷ്ടിച്ചേക്കാം. അനാവശ്യമായ തോന്നലുകളും അശുഭചിന്തകളും ഒഴിവാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകാം. അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക കരണീയ കാര്യമാണ്.

പുണർതം

തൊഴിൽ വിജയത്തിന് അശ്രാന്തമായ പരിശ്രമം ചെയ്യേണ്ടതായുതുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് സ്ഥാനചലനത്തിനോ തസ്തിക മാറുന്നതിനോ സാധ്യത കാണുന്നു.  പ്രോജക്ടുകൾ കൂടുതൽ ദുഷ്കരമാവും. ചെലവ് നിയന്ത്രിക്കുക എളുപ്പമാവില്ല. സംസ്കാരമുള്ളവരുടെ സഹവർത്തിത്വം ഗുണകരമാവും. ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും പഠിക്കാനും അവസരം ഉണ്ടായേക്കും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക ബാദ്ധ്യത വേണ്ടിവരുന്നതാണ്.

പൂയം

സൂര്യൻ ജന്മരാശിയിൽ തുടരുന്നതിനാൽ ഏതെങ്കിലും സമ്മർദ്ദം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ സാമ്പത്തികമായ സൗഖ്യമുണ്ടാവുകയും ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യമില്ലാതെ കലഹിക്കേണ്ടിവരും. സമയനിഷ്ഠ പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധാലുവാകും. ഓൺലൈൻ ബിസിനസ്സിൽ നേട്ടങ്ങൾ വരാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾക്കായി പരിശ്രമം തുടരും. വിദേശത്തു കഴിയുന്ന ബന്ധുക്കളുടെ കുശലാന്വേഷണം സന്തോഷമുണ്ടാക്കും.

ആയില്യം

പതിനൊന്നാം വ്യാഴത്തിൻ്റെ ആനുകൂല്യം പല നിലയ്ക്കും വന്നുചേരുന്നതാണ്. സാമ്പത്തിക ഇടപാടുകൾ മൂലം നേട്ടമുണ്ടാക്കുന്നതാണ്. ഊഹക്കച്ചവടം, ചിട്ടി, നറുക്കെടുപ്പ് ഇവയിൽ ഭാഗ്യം കടാക്ഷിച്ചേക്കാം. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങൾ സാധിക്കുന്നതിന് സാഹചര്യം അനുകൂലമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇൻ്റേൺഷിപ്പ് പോലുള്ള കാര്യങ്ങളിൽ താത്പര്യം ഉണ്ടാവുന്നതാണ്. സുഹൃൽ സമാഗമങ്ങൾ സന്തോഷകരമാവും. അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി പലരുടേയും ശത്രുത സമ്പാദിക്കുന്നതാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: