scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; April 07-April 13, 2024, Weekly Horoscope

ഏപ്രിൽ 07 ഞായറാഴ്ച മുതൽ ഏപ്രിൽ 13-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ഏപ്രിൽ 07 ഞായറാഴ്ച മുതൽ ഏപ്രിൽ 13-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിലാണ്. മീനമാസത്തിലെ അവസാന ആഴ്ചയും അവസാന ഞാറ്റുവേലയും ആണിത്. ബുധൻ ഏപ്രിൽ 9 ന് മേടം രാശിയിൽ നിന്നും വക്രഗതിയായി മീനത്തിലേക്ക് പകരുന്നു. ബുധന് മൗഢ്യവുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. അടുത്തയാഴ്ച വ്യാഴം കാർത്തികയിലേക്ക് പകരുന്നു.

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. രാഹു മീനം രാശിയിൽ രേവതിയിലും, കേതു കന്നിരാശിയിൽ അത്തത്തിലുമായി അപ്രദക്ഷിണ ഗതി തുടരുന്നു. വാരാദ്യം ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തിങ്കളാഴ്ച അമാവാസി സംഭവിക്കുന്നു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ചാന്ദ്രവർഷം ആയ / അറുപതു വർഷങ്ങളിൽ ഒന്നായ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങുന്നത് അന്നാണ് എന്ന പ്രത്യേകതയുണ്ട്. 

ഇനി അടുത്ത വർഷം മീനമാസത്തിലെ കറുത്തവാവ് വരെ ക്രോധിവർഷമായിരിക്കും. പൂരൂരുട്ടാതി മുതൽ മകയിരം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ഈ ആഴ്ചയിലെ ചന്ദ്രൻ്റെ സഞ്ചാരം. ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചിങ്ങക്കൂറുകാർക്കും തുടർന്ന് വ്യാഴം ഉച്ചവരെ കന്നിക്കൂറുകാർക്കും ശേഷം തുലാക്കൂറുകാർക്കും അഷ്ടമരാശി സംഭവിക്കുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും ഈയാഴ്ചയിലെ നക്ഷത്ര ഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Advertisment

Vishuphalam

മൂലം

ആത്മവിശ്വാസം കുറയും. പുതിയ കാര്യങ്ങൾക്കുനേരെ മുഖം തിരിക്കും.  ചെറുകിട വ്യാപാരികൾക്കും ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കും ഗുണമുണ്ടാകും. വലിയ മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. പുതിയ വാടക വീട് കണ്ടെത്തുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റം കഴിഞ്ഞ് നിരത്തിലിറക്കും. ബന്ധുക്കളുടെ പക്കൽ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചേക്കും. പൊതുപ്രവർത്തകർക്ക് സമ്മർദ്ദം ഉണ്ടാവും. സ്ത്രീ സുഹൃത്തിനൊപ്പം ദീർഘയാത്ര നടത്തും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങൾക്ക് ഗുണം കുറയും.

പൂരാടം

കൃഷികാര്യങ്ങളിൽ ഉത്സുകത്വം ഉണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ സമ്പത്ത് ഒരു തടസ്സമാവില്ല. മകൻ്റെ ദാമ്പത്യക്ലേശങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. നിലവിലെ തൊഴിലിൽ പുരോഗതിയില്ലാത്തത് മനപ്രയാസമുണ്ടാക്കും. ബന്ധുക്കളുടെ സഹായം സിദ്ധിക്കുന്നതാണ്. നവസംരംഭത്തിനായി ലൈസൻസിന് അപേക്ഷിച്ചേക്കും. കവികൾക്കും കലാകാരന്മാർക്കും ഉണർവ്വുണ്ടാകുന്ന സമയമാണ്.

ഉത്രാടം

ലക്ഷ്യത്തിലെത്താൻ വളഞ്ഞവഴികളും സ്വീകരിക്കേണ്ടി വരാമെന്ന പാഠം പഠിക്കും. ഔദ്യോഗികമായി തിരക്കേറുന്നതാണ്. 'വർക്ക് അറ്റ് ഹോം' ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലായി ചുരുങ്ങിയേക്കും. സ്ത്രീ സുഹൃത്തുമായി പിണങ്ങാനിടയുണ്ട്.  കുടുംബത്തിനൊപ്പമുള്ള വെക്കേഷൻ യാത്രകൾ പ്ലാൻ ചെയ്യും. കടബാധ്യത തീർക്കാമെന്ന് വാക്കുതന്നവർ അത് പാലിച്ചേക്കില്ല. അതിനാൽ മനക്ലേശവും ധനക്ലേശവും ഉണ്ടാവും. കിടപ്പുരോഗികൾക്ക് മുഴുവൻ സമയ സഹായിയെ ഏർപ്പെടുത്തുന്നതാണ്.

തിരുവോണം

വൈകാരിക ക്ഷോഭം വർദ്ധിക്കും. തന്മൂലം സുഹൃത്തുക്കൾ അകലം പാലിക്കുന്നതാണ്.  തൊഴിൽ രംഗം വിപുലീകരിക്കാനായി പുതിയ പാർട്ണർമാരെ പരസ്യത്തിലൂടെ ക്ഷണിച്ചേക്കും. കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ വേണ്ടത്ര സമയം കിട്ടിയേക്കില്ല. പ്രൊഫഷണൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകളിൽ മുഴുകും. അപ്രസക്ത കാര്യങ്ങളിൽ സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കും. ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥയോട് പൊരുത്തപ്പെടാനാവാതെ വിഷമിക്കുന്നതാണ്.

അവിട്ടം

പുതിയ കാര്യങ്ങൾ/പുതിയ ഭാഷ പഠിക്കാൻ അദമ്യമായി ആഗ്രഹിക്കും. ആരംഭത്തിലെ ഉത്സാഹം പിന്നീട് ഉണ്ടായേക്കില്ല. കുത്സിതമാർഗങ്ങളിലൂടെ പണമുണ്ടാക്കാൻ ക്ഷണമുണ്ടാവും. എന്നാൽ നിരാകരണത്തിന് മടിക്കില്ല. ബന്ധുക്കളുടെ ആതിഥ്യം സ്വീകരിക്കും.  ഏജൻസി ഏർപ്പാടുകൾ ഗുണകരമാവുന്നതാണ്. കമ്മിറ്റികളിൽ സ്വാഭിപ്രായം പറയുന്നത് ശത്രുക്കളെ വളർത്തും. ദാമ്പത്യത്തിൽ അനുരഞ്ജനമാർഗം ഗുണം ചെയ്യുന്നതാണ്.  ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലർത്തണം.

ചതയം

വ്യാപാരത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്. മകൻ്റെ പഠനാവശ്യത്തിന് ലോൺ അനുവദിച്ച് കിട്ടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്.
കുറച്ചു നാളായി വസ്തുവിൽപ്പനയിൽ നേരിട്ട തടസ്സം നീങ്ങും. ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഭാവനാശാലികളായ കലാകാരന്മാർക്ക് ഗുണപ്രദമായ കാലമാണ്. സഹപ്രവർത്തകർ സഹകരിക്കുന്നത് ദൗത്യങ്ങളെ വിജയകരമാക്കും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും.
 തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കൂടുതൽ അനുകൂലം.

പൂരൂരുട്ടാതി

ശനിയും ചൊവ്വയും പൂരൂരുട്ടാതി നാളിൽ തുടരുകയാൽ ദേഹക്ലേശത്തിന് സാധ്യതയുണ്ട്. മന:ക്ഷോഭം അധികരിച്ചേക്കാം. ചെറിയ കാര്യങ്ങൾക്ക് പോലും ഒച്ചയിട്ട് സംസാരിക്കുന്ന രീതി പ്രകടമാവും. ചിലർക്ക് അകാരണമായ ഭയം പിടികൂടും. സാധാരണ പ്രവൃത്തികളിൽ വിജയമുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ ശക്തിയേകും. പുതിയ കരാറുകളിൽ ഒപ്പിടുക, ജാമ്യം നിൽക്കുക,  മുതലായവ ശ്രദ്ധാപൂർവ്വം ചെയ്യണം. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയുക ഉത്തമം.

ഉത്രട്ടാതി

ശുക്രൻ ഉത്രട്ടാതിയിൽ സഞ്ചരിക്കുകയാണ്. അതിനാൽ ഭൗതികനേട്ടങ്ങൾ സ്വായത്തമാകും. കർമ്മരംഗത്തും മത്സരങ്ങളിലും വിജയിക്കാനുള്ള സാഹചര്യം സഞ്ജാതമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. എന്നാൽ മുൻ - പിൻ നക്ഷത്രങ്ങളിൽ രണ്ടുവീതം പാപഗ്രഹങ്ങൾ,  ശനിയും ചൊവ്വയും രാഹുവും സൂര്യനും സഞ്ചരിക്കുന്ന കാരണത്താൽ സമ്മർദ്ദം ഒഴിയില്ല. ചെറുപ്രശ്നങ്ങൾ വലുതായേക്കും. ചിലരുടെ ചോദ്യങ്ങൾക്ക് സമാധാനം ബോധിപ്പിക്കേണ്ടതായി വരുന്നതാണ്.

രേവതി

ഗ്രഹാനുകൂല്യവും ഗ്രഹപ്പിഴയും സമ്മിശ്രമാകയാൽ ലഘുവായ കാര്യങ്ങളിൽ പോലും കാലവിളംബം ഉണ്ടാവും. എന്നാൽ കനപ്പെട്ട കാര്യങ്ങൾ വേഗം സാക്ഷാല്ക്കരിക്കാനും കഴിഞ്ഞേക്കും. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെട്ട് സന്തപിക്കുന്നതിന് സാധ്യതയുണ്ട്. 
ഉപരി വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യക്തത വരുന്നതാണ്. വിലകൂടിയ ഗൃഹോപകരണങ്ങൾ, വസ്ത്രാഭരണാദികൾ വാങ്ങാനിടയുണ്ട്. പ്രണയാനുഭവം, ഭോഗസുഖം, മൃഷ്ടാന്നഭോജനം, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നത് തുടങ്ങിയവയും ഈ ആഴ്ചയിലെ സന്തോഷാനുഭവങ്ങൾ ആയേക്കാം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: