/indian-express-malayalam/media/media_files/2025/08/11/sukran-chingam-2025-03-2025-08-11-11-36-59.jpg)
ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്
Venus Transit to Cancer, Leo: 2025 ആഗസ്റ്റ് 20 ന് /1201 ചിങ്ങം 4 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. 25 ദിവസങ്ങൾക്കു ശേഷം, സെപ്തംബർ 14 ന്/ ചിങ്ങം 29 ന് ചിങ്ങം രാശിയിലേക്കും പകരുകയാണ്. ഭൗതിക ജീവിതത്തിൻ്റെ പാരുഷ്യങ്ങൾക്കിടയിൽ മനസ്സിനെ സ്നേഹചോദിതവും പ്രേമസുരഭിലവുമാക്കുന്ന ഗ്രഹമാണ് ശുക്രൻ. കവിതാ, നാടകം, ഗാനം, സിനിമ തുടങ്ങിയ കലകളുടെ കാരകഗ്രഹമാണ് ശുക്രൻ.
ഗോചരഫല ചിന്തയിൽ 12 രാശികളിൽ സഞ്ചരിക്കുമ്പോൾ ശുക്രനാണ് ഏറ്റവും കുറച്ച് ദോഷഫലങ്ങൾ നൽകുന്നത്. 6, 7, 10 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശുക്രൻ വിപരീത അനുഭവങ്ങൾ സൃഷ്ടിക്കുന്നത്. അതാകട്ടെ മറ്റു ഗ്രഹങ്ങൾ ഉണ്ടാക്കുന്ന ദോഷാനുഭവങ്ങളെക്കാൾ കുറവായിട്ടായിരിക്കും.
കർക്കടകം, ചിങ്ങം, രാശികളിലെ ശുക്രസഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഇവിടെ അപഗ്രഥിക്കുന്നത്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
അനിഷ്ടപ്രദമായ ഏഴാമെടത്തിൽ നിന്നും ഇഷ്ടഭാവങ്ങളായ എട്ടിലേക്കും ഒമ്പതിലേക്കും സഞ്ചരിക്കുകയാണ് ശുക്രൻ. പിണങ്ങിയവർക്ക് ഇണങ്ങാനവസരം ഉണ്ടാവും. പ്രണയം സഫലമാവുന്നതാണ്. കൂട്ടുകച്ചവടത്തിലെ അപസ്വരങ്ങൾ പരിഹരിച്ച് ഐക്യത്തോടെ വീണ്ടും മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. ആഘോഷങ്ങൾ മഹനീയമായ അനുഭവമായി മാറും. ധനസംബന്ധിയായ തടസ്സങ്ങൾ നീങ്ങി കാര്യങ്ങൾ സുഗമമാവും. സൗഹൃദം പുഷ്ടിപ്പെടും. രോഗക്ലേശിതർക്ക് ചികിൽസാ മാറ്റത്തിലൂടെ പൂർവ്വസ്ഥിതി കൈവരിക്കാനാവും. ഗവേഷണ പ്രബന്ധം എഴുതാനാവശ്യമായ വസ്തുതകൾ ശേഖരിക്കുന്നതാണ്. രാഷ്ട്രീയ സ്വാധീനം ഉയർന്നേക്കും. നവസംരംഭങ്ങൾ ജനപ്രീതിനേടും. ഗൃഹനവീകരണം പൂർത്തിയായി കയറിത്താമസം സാധ്യമാവുന്നതാണ്. ചിട്ടി, നറുക്കെടുപ്പ് ഇവകളിൽ നിന്നും ആദായം വന്നെത്തും. മക്കളെ സംബന്ധിച്ച ഉൽക്കണ്‌ഠകൾക്ക് ശുഭപരിണാമം പ്രതീക്ഷിക്കാം. സഹോദരാനുകൂല്യം, ബന്ധുപ്രീതി, മാതൃപിതൃക്കൾക്ക് ആരോഗ്യ സൗഖ്യം എന്നിവയും ഫലങ്ങളിലുൾപ്പെടും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകരക്കൂറിന് (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ശുക്രൻ ആറാമെടത്തിൽ നിന്നും ഏഴിലേക്കും പിന്നീട് എട്ടിലേക്കും മാറുന്നു. സമ്മിശ്രമായ ഫലങ്ങളാവും പ്രായേണ വരിക. ദേഹസ്വാസ്ഥ്യം കുറയാം. പണച്ചെലവ് അധികരിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റിവെക്കപ്പെടാം. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക ഉചിതം. പൊതുപ്രവർത്തകർ ആരോപണങ്ങളെ നേരിടുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ അമളി പിണയാനിടയുള്ളതിനാൽ കരുതൽ വേണം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങളുണ്ടാവും. പ്രണയികൾക്കിടയിൽ പിണക്കം ഏർപ്പെടാനിടയുണ്ട്. ദാമ്പത്യത്തിലും അലോസരങ്ങൾക്ക് സാധ്യത. പാർട്ണർഷിപ്പ് ബിസിനസ്സിൽ താല്പര്യം കുറയുന്നതാണ്. സെപ്തംബർ 14 മുതൽ ശുക്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നത് ഗുണാനുഭവങ്ങൾക്ക് കാരണമാകും. സുഖഭോഗമുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം. ആദായം വർദ്ധിക്കുന്നതാണ്. വിനോദ യാത്രകൾക്ക് അവസരം ലഭിക്കും. ഇഷ്ടജനങ്ങളുമായി കൂടിച്ചേരാനാവും. കലാപ്രവർത്തനത്താൽ പെരുമ പുലരും.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,23 പാദങ്ങൾ)
പഞ്ചമ ഭാവത്തിൽ നിന്നും ഷഷ്ഠസപ്തമ ഭാവങ്ങളിലേക്കാണ് ശുക്രൻ സംക്രമിക്കുന്നത്. 6, 7, 10 എന്നീ മൂന്നുഭാവങ്ങളിൽ മാത്രമാണ് ശുക്രൻ ഗോചരസഞ്ചാരത്തിൽ പ്രതികൂലനാവുന്നത്. ഇഷ്ടകാര്യങ്ങളിൽ വിളംബമോ വിഘാതമോ അനുഭവപ്പെടും. പരിശ്രമങ്ങൾ ആവർത്തിച്ചാൽ മാത്രമാണ് ലക്ഷ്യപ്രാപ്തിയിലെത്തുക. സുഹൃത്തുക്കൾ മറുകണ്ടം ചാടിയെന്നു വരാം. പങ്കാളിത്ത കച്ചവടത്തിൽ വിരക്തിയുണ്ടാവും. നല്ലലാഭം കിട്ടേണ്ടിടത്ത് നാമമാത്രമായ അനുഭവങ്ങളാവും കൈവരിക. നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചാലും ദുഷ്പ്പേരുണ്ടായേക്കും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ അല്പം മന്ദഗതിയിലാവും. ഭൂമികച്ചവടത്തിൽ കബളിപ്പിക്കപ്പെടാനിടയുള്ളതിനാൽ ജാഗ്രത അനിവാര്യം. അല്പലാഭം കൊണ്ട് സന്തോഷപ്പെടേണ്ടതായി വരും. പുതുസംരംഭങ്ങൾ ആരംഭിക്കരുത്. വാക്കും കർമ്മവും പൊരുത്തപ്പെടുത്താൻ ശ്രദ്ധ പുലർത്തണം. യാത്രകളിലും കരുതലുണ്ടായിരിക്കണം.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
നാലാമെടത്തിൽ നിന്നും അഞ്ചിലേക്കും ആറിലേക്കും ശുക്രൻ സഞ്ചരിക്കുകയാൽ അനുകൂലഫലങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ഭാവനാപരമായും സൃഷ്ടിപരമായും നല്ലകാലമാണ്. രചനകൾ സഹൃദയരുടെ ശ്രദ്ധ നേടുന്നതായിരിക്കും. അഭിനയം, സംഗീതം, ചിത്രകല, പരസ്യമേഖല, കോസ്റ്റ്യൂം ബിസിനസ്സ് എന്നീ രംഗത്തുള്ളവർക്ക് ഗുണം ഉണ്ടാവുന്ന കാലമാണ്. മക്കൾക്കും മക്കളെക്കൊണ്ടും അഭിവൃദ്ധി പ്രതീക്ഷിക്കാം. പഠിതാക്കൾക്ക് ഏകാഗ്രതയുണ്ടാവും. മത്സരങ്ങളിൽ / അഭിമുഖങ്ങളിൽ വിജയിക്കുവാനാവും. പ്രൈവറ്റ് സ്ഥാപനത്തിൽ സ്വതന്ത്ര ചുമതല കൈവരുന്നതാണ്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം പ്രതീക്ഷിക്കാം. കടം കൊടുത്ത തുക തിരികെ ലഭിക്കാൻ സാധ്യത കാണുന്നു. സെപ്തംബർ 14 മുതൽ ശുക്രൻ ആറാമെടത്തിൽ സഞ്ചരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. ദുരാരോപണങ്ങളെ കരുതലോടെ നേരിടാൻ തയ്യാറാവണം. ആഢംബരച്ചെലവുകൾ കടബാധ്യതയിലേക്ക് നയിക്കാം. ബന്ധുത്വം, സൗഹൃദം എന്നിവയിൽ ജാഗ്രത വേണ്ടതുണ്ട്.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.