/indian-express-malayalam/media/media_files/2025/08/11/sukran-chingam-2025-02-2025-08-11-11-37-34.jpg)
ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്
Venus Transit to Cancer, Leo: 2025 ആഗസ്റ്റ് 20 ന് /1201 ചിങ്ങം 4 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. 25 ദിവസങ്ങൾക്കു ശേഷം, സെപ്തംബർ 14 ന്/ ചിങ്ങം 29 ന് ചിങ്ങം രാശിയിലേക്കും പകരുകയാണ്. ഭൗതിക ജീവിതത്തിൻ്റെ പാരുഷ്യങ്ങൾക്കിടയിൽ മനസ്സിനെ സ്നേഹചോദിതവും പ്രേമസുരഭിലവുമാക്കുന്ന ഗ്രഹമാണ് ശുക്രൻ. കവിതാ, നാടകം, ഗാനം, സിനിമ തുടങ്ങിയ കലകളുടെ കാരകഗ്രഹമാണ് ശുക്രൻ.
ഗോചരഫല ചിന്തയിൽ 12 രാശികളിൽ സഞ്ചരിക്കുമ്പോൾ ശുക്രനാണ് ഏറ്റവും കുറച്ച് ദോഷഫലങ്ങൾ നൽകുന്നത്. 6, 7, 10 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശുക്രൻ വിപരീത അനുഭവങ്ങൾ സൃഷ്ടിക്കുന്നത്. അതാകട്ടെ മറ്റു ഗ്രഹങ്ങൾ ഉണ്ടാക്കുന്ന ദോഷാനുഭവങ്ങളെക്കാൾ കുറവായിട്ടായിരിക്കും.
കർക്കടകം, ചിങ്ങം, രാശികളിലെ ശുക്രസഞ്ചാരം മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഇവിടെ അപഗ്രഥിക്കുന്നത്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ശുക്രൻ പതിനൊന്നാമെട ത്തിൽ നിന്നും പന്ത്രണ്ടാമെടത്തിലേക്കും പിന്നീട് ജന്മരാശിയിലേക്കും സഞ്ചരിക്കുന്നു. പതിനൊന്നിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ സർവ്വവിധത്തിലുള്ള അഭീഷ്ടങ്ങളും നൽകുന്നു. പന്ത്രണ്ടിൽ ഗുണഫലങ്ങളുണ്ട്, തീർച്ചയായും. ഒപ്പം ചില പരിമിതികളും കൂടി പ്രതീക്ഷിക്കാം. ദൂരദിക്കുകളിൽ കഴിയുന്ന വേണ്ടപ്പെട്ടവരുടെ സ്നേഹം ഉപഹാരരൂപത്തിൽ ലഭിക്കുന്നതാണ്. നല്ല കാര്യങ്ങൾക്കായി ധനം ചെലവുചെയ്യും. കുടുംബത്തിൽ മംഗള / പൂജ കർമ്മങ്ങൾ നടന്നേക്കാം. പ്രിയപ്പെട്ടവർക്ക് വിലപിടിച്ച ആടയാഭരണങ്ങളും പാരിതോഷികങ്ങളും വാങ്ങിനൽകുന്നതിൻ്റെ ചെലവുണ്ടാവും. ചിരകാലമായി ആഗ്രഹിച്ച മുന്തിയ ഇലക്ട്രോണിക് ഉല്പന്നം തനിക്കായി സ്വന്തമാക്കാൻ സാധ്യതയുണ്ട്. കൈവായ്പകൾ മടക്കി നൽകാൻ അവസരം വന്നെത്തും. കുടുംബ സമേതം വിനോദയാത്ര നടത്താം. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുമ്പോൾ ഭോഗസുഖങ്ങളേറും. പ്രണയികൾ ഭാവി സംബന്ധിച്ച പ്രധാന തീരുമാനത്തിലെത്തും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതായിരിക്കും. ദാമ്പത്യം സ്നേഹപൂർണമാവും. പാർട്ണർഷിപ്പ് ബിസിനസ്സിൽ നിന്നും ലാഭം വന്നുതുടങ്ങുന്നതാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
മിഥുനത്തിൽ ശുക്രൻ സഞ്ചരിച്ച കാലം പത്താമെടമാകയാൽ കന്നിക്കൂറുകാർക്ക് ഗുണകരമല്ല. ആഗസ്റ്റ് 20 ന് ശുക്രൻ പതിനൊന്നാമെടത്തിലേക്ക് മാറുന്നത് വളരെ ഗുണം ചെയ്യും. സുഖഭോഗം ഭവിക്കും. പ്രണയം വിജയകരമാവും. ആത്മവിശ്വാസം എല്ലാ രംഗത്തും സ്ഫുരിക്കുന്നതാണ്. വിലപിടിച്ച പാരിതോഷികം ലഭിക്കും. തൊഴിൽ വളർച്ച പ്രതീക്ഷിച്ചതിലും അധികമാവും. സൗഹൃദം മെച്ചപ്പെടുന്നതാണ്. ബന്ധുകലഹങ്ങൾ അവസാനിച്ചേക്കും. ബിസിനസ്സ് ശാഖകൾ തുടങ്ങുവാനാവും. ഉദ്യോഗത്തിൽ പദവി ഉയരും. വേതനവർദ്ധനവിനും സാധ്യത കാണുന്നു. കലാപ്രവർത്തനത്തിന് കൂടുതൽ സമയം മാറ്റിവെക്കാനാവും. പുതു വാഹനം വാങ്ങിയേക്കും. മനസ്സുഖം കുറയില്ല. ഗാർഹികാന്തരീക്ഷം പിന്തുണയ്ക്കുന്നതായിരിക്കും. സെപ്തംബർ 14 മുതൽ ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കും. നേട്ടങ്ങൾക്കു തന്നെയാവും മുൻതൂക്കം. മംഗളകർമ്മങ്ങൾക്കായി ചെലവുണ്ടായേക്കും. ശുഭകാര്യങ്ങൾക്ക് യാത്രകൾ വേണ്ടിവരും. ഗൃഹം പുതുക്കാനായി തീരുമാനിക്കും. ക്ലേശിക്കുന്നവർക്ക് ധനസഹായം ചെയ്യുന്നതാണ്. വിദേശത്ത് ജോലി തേടുന്നവർക്ക് ഉചിതമായ അവസരം വന്നെത്തുന്നതായിരിക്കും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
ശുക്രൻ ഭാഗ്യഭാവമായ ഒമ്പതാമെടത്തിൽ നിന്നും കർമ്മഭാവമായ പത്താമെടത്തിലേക്ക് സംക്രമിക്കുകയാണ്. ഇതേറ്റവും അനുകൂലപ്രദമെന്ന് പറയാനാവില്ല. തൊഴിലിടത്തിൽ അസംതൃപ്തി ഭവിക്കാം. പ്രതീക്ഷിച്ച കാര്യങ്ങൾ നടന്നേക്കില്ല. സേവനത്തിനനുസരിച്ചുള്ള വേതനം കിട്ടാൻ സമ്മർദ്ദം ചെലുത്തേണ്ട സ്ഥിതിവരാം. ആവശ്യങ്ങൾ 'വനരോദനമായി' കലാശിച്ചാൽ അത്ഭുതപ്പെടാനില്ല. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതായിരിക്കും. ബിസിനസ്സിൽ ലാഭവിഹിതം കരുതിയതിലും ന്യൂനമാവും. ചെലവിനങ്ങൾ ക്രമാതീതമായി വർദ്ധിക്കാനിടയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടാം. തീർത്ഥാടനം / വിനോദയാത്ര നീട്ടിവെച്ചേക്കും. സെപ്തംബർ 14 മുതൽ ശുക്രൻ ലാഭഭാവമായ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നത് നാനാപ്രകാരേണയുള്ള അഭിവൃദ്ധിയുണ്ടാക്കും. പദവി/ സ്ഥാനം കിട്ടും. രാഷ്ട്രീയ വിജയം ഒരു സാധ്യതയാണ്. കുടുംബത്തിൽ സമാധാനം നിറയും. പ്രണയ തടസ്സങ്ങൾ അകലും. അവിവാഹിതർക്ക് വിവാഹ തീരുമാനം ഭവിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ കുറയും. മനസ്സുഖം വന്നുചേരും. വിരോധികൾ ഇണങ്ങരാവും.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഷ്ടമത്തിൽ സഞ്ചരിക്കുന്ന ശുക്രൻ ഒമ്പതാമെടത്തിലേക്ക് മാറുന്നു, ആഗസ്റ്റ് 20 ന്. വൃശ്ചികക്കൂറുകാർക്ക് പലനിലയ്ക്കും അനുകൂലമായിരിക്കും ശുക്രൻ്റെ ഭാഗ്യഭാവസഞ്ചാരം. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ വന്നെത്തുന്നതാണ്. കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടും. മനസ്സിനിണങ്ങുന്ന വിഷയത്തിൽ അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം സംജാതമാകും. ചിട്ടി,ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം കൈവരുന്നതായിരിക്കും. പിതൃ-പുത്രബന്ധം കൂടുതൽ ഊഷ്മളവും ഗാഢവുമാവും. സ്വാശ്രയ ബിസിനസ്സിൽ സ്വാഭാവിക വളർച്ച പ്രതീക്ഷിക്കാവുന്ന കാലമായിരിക്കും. ഇഷ്ടവസ്തുക്കൾ നേടാനാവും. അനുരാഗം പുഷ്പിതമാവും. വാഹനയോഗമുണ്ട്. അകന്നുകഴിഞ്ഞ ഭാര്യാഭർത്താക്കന്മാർ ഒരുമിക്കുന്നതാണ്. കുടുംബത്തിൽ സംതൃപ്തിയും സമാധാനവും വന്നെത്തും. സുരക്ഷിതമായ ധനനിക്ഷേപങ്ങളും സാധ്യമായേക്കും. സെപ്തംബർ 14 മുതൽ ശുക്രൻ പത്താമെടത്തിൽ സഞ്ചരിക്കുകയാൽ ഉപജീവനരംഗത്തിൽ സമ്മർദ്ദങ്ങൾ വരാനിടയുണ്ട്. തൊഴിൽ മാറുന്നത് ഉചിതമായേക്കില്ല. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കരുതലുണ്ടാവണം.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.