/indian-express-malayalam/media/media_files/2025/01/01/january12-to-january-18-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 22 ന് രാവിലെ തിരുവാതിര ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ് വാരാദ്യം. ജൂൺ 25 ന് ബുധനാഴ്ചയാണ് അമാവാസി. പിറേറന്ന് വ്യാഴാഴ്ച ആഷാഢ മാസം ആരംഭിക്കും. ഭരണി മുതൽ ആയില്യം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ സഞ്ചരിക്കുന്നു.
ബുധൻ ജൂൺ 22 ന് കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലൂടെയാണ് ബുധസഞ്ചാരം. ശുക്രൻ മേടം രാശിയിൽ തുടരുന്നു. ഭരണി, കാർത്തിക നക്ഷത്രങ്ങളിലായാണ് ശുക്രൻ സഞ്ചരിക്കുന്നത്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രം രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ തുടരുകയാണ്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും അപ്രദക്ഷിണഗതിയായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ആഴ്ചഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
മൂലം
വ്യാപാരസംബന്ധമായി പുഷ്ടിയുള്ള കാലമാണ്. പല വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാം. രഹസ്യ ശത്രുക്കളെ സൂക്ഷിക്കണം. ബിസിനസ്സ് തന്ത്രങ്ങൾ ചോരാനിടയുണ്ട്. ബുദ്ധി ഉണർന്ന് പ്രവർത്തിക്കണം. കലാപ്രവർത്തകർക്ക് അവസരങ്ങൾ തേടി വരുന്നതാണ്. സ്വജനങ്ങളുമായി കലഹത്തിനിടയുണ്ട്. അന്യദേശ യാത്രകൾക്ക് അല്പം കൂടി കാത്തിരിപ്പ് വേണ്ടിവന്നേക്കും. മകളുടെ വിവാഹകാര്യത്തിൽ ഏകദേശ ധാരണ വരും. രോഗക്ലേശിതർക്ക് ഉപരി ചികിൽസ ആവശ്യമാവുന്നതാണ്. വെള്ളി, ശനി അഷ്ടമരാശി ദിവസങ്ങളാകയാൽ കരുതൽ വേണം.
പൂരാടം
ഉദ്യോഗസ്ഥർ തുറന്ന ചർച്ചകളിലും സമാലോചനകളിലും ഏർപ്പെടുന്നതാണ്. പ്രശ്നപരിഹാരം അവയിലൂടെ ഉരുത്തിരിയുന്നതായിരിക്കും. ഗൃഹസൗഖ്യവും ദാമ്പത്യസൗഖ്യവും ഉണ്ടാവും. ന്യായമായ വിശ്രമം ഭവിക്കും. കൂട്ടുകച്ചവടത്തിൽ വീണ്ടും താത്പര്യമുണ്ടാവും. മകൻ്റെ പഠനപുരോഗതി സന്തോഷമേകും. യാത്രകൾ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. ക്ഷേത്രദർശനാദികൾക്ക് മുടക്കം വരില്ല. ഷോപ്പിംഗിന് സമയം കണ്ടെത്തും. കലാപ്രവർത്തനത്തിന് സന്ദർഭം ഒത്തുകിട്ടും. വെള്ളി, ശനി ദിവസങ്ങൾ അഷ്ടമരാശിയാകയാൽ കരുതൽ വേണ്ടതുണ്ട്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രാടം
പല കാര്യങ്ങളിലും ബുദ്ധിയുണർന്ന് പ്രവർത്തിക്കേണ്ടതായി വരും. പ്രശ്നങ്ങൾ അപ്പോഴപ്പോൾ പരിഹരിച്ച് പോകുന്ന രീതി ഗുണം ചെയ്യും. പകരക്കാരെ ചുമതലകൾ ഏല്പിക്കുന്നത് ആശാസ്യമാവില്ല. ഇഷ്ടവസ്തുക്കൾ മോഹവിലകൊടുത്ത് വാങ്ങിയേക്കും. കുടുംബത്തിൽ സമാധാനം സമ്മിശ്രമാവും. തൊഴിൽ തേടുന്നവർക്ക് ദിവസ വേതന ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. പരനിന്ദയിൽ നിന്നും ഉപജാപത്തിൽ നിന്നും മനസ്താപമുണ്ടാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെട്ടേക്കാം. മുന്തിയ ഭക്ഷണം, ആവശ്യത്തിന് വിശ്രമം, ഭോഗ സുഖം എന്നിവ അനുഭവിക്കുന്നതാണ്.
Also Read: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
തിരുവോണം
ആഗ്രഹസാഫല്യത്തിന് പല കടമ്പകളുണ്ടാവും. എങ്കിലും തൊഴിൽ രംഗം ശാന്തമാവുന്നതാണ്. മനസ്സിൻ്റെ ലഘുത്വം മാറ്റിവെക്കേണ്ടിവരും. മേലധികാരികളുടെ പിന്തുണ കിട്ടും. യാത്രകൾ മാനസിക സന്തോഷത്തിന് കാരണമാകുന്നതാണ്. അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം തെളിഞ്ഞേക്കും. ദേഹക്ഷീണം, ആലസ്യം ഇവ അനുഭവപ്പെടാം. കരുതിയതിലും ധനം ചെലവഴിയാനിടയുണ്ട്. ഗൃഹോപകരണങ്ങളോ ഇലക്ട്രോണിക് ഉല്പന്നങ്ങളോ വാങ്ങാൻ സാധ്യത കാണുന്നു. പ്രണയികൾക്കിടയിൽ പരസ്പര വിശ്വാസം വർദ്ധിക്കും. അതിഥി സൽക്കാരത്തിനും സമയം കണ്ടെത്തുന്നതാണ്.
അവിട്ടം
നക്ഷത്രാധിപനായ കുജന് കേതുയോഗം ഉള്ളതിനാൽ സുഗമമായി നിർവഹിക്കാൻ കഴിയുന്ന കാര്യങ്ങളിൽ പോലും തടസ്സങ്ങൾ വരുന്നതിനിടയുണ്ട്. അതിനാൽ അമിതമായ ആത്മവിശ്വാസം നന്നല്ല. കൂട്ടുകെട്ടിൽ നിന്നും കയ്പുരസം അനുഭവിക്കേണ്ടി വന്നേക്കും. തൊഴിൽ രംഗത്ത് സാമാന്യം തൃപ്തിയുണ്ടാവും. മേലധികാരിയുടെ വിശ്വാസ്യതയാർജ്ജിക്കും. പുതിയ പ്രോജക്ടുകളുടെ ചുമതല ലഭിക്കുന്നതാണ്. കാര്യാലോചനകളിൽ അംഗീകാരം ഉണ്ടാവും. കുംഭക്കൂറുകാരുടെ ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് ഏറ്റവും പ്രസക്തിയുള്ള സന്ദർഭമാണിപ്പോൾ. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം.
Also Dread: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചതയം
കാര്യവിജയം ഉണ്ടാവുമെങ്കിലും ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതായിരിക്കും. സഹപ്രവർത്തകരുടെ സഹകരണം സാമാന്യമായിട്ടാവും. പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കാൻ തീരുമാനിക്കുന്നതാണ്. കരാറുകൾ പുതുക്കപ്പെടും. കൂട്ടുകച്ചവടത്തിൽ കൂടുതൽ കരുതൽ പുലർത്തേണ്ട സന്ദർഭമാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. മകൻ്റെ നിർബന്ധശീലത്താൽ കൊക്കിൽ ഒതുങ്ങുന്നതിലധികം പാരിതോഷിക രൂപേണ നൽകേണ്ടി വരാം. രോഗഗ്രസ്തർക്ക് ചികിൽസ ഫലപ്രദമാവും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
പൂരൂരുട്ടാതി
സ്വയം ആലസ്യത്തിന് കീഴടങ്ങിയും ചിലപ്പോൾ അതിജീവിച്ചും മുന്നോട്ടുനീങ്ങും. അഞ്ചിലെ വ്യാഴം ആലോചനകളെ ക്രിയാത്മകമാക്കും. പുതിയ പദ്ധതികൾ ആവിഷ്കരിച്ചാൽ നിരന്തര പരിശ്രമം ആവശ്യമായി വന്നേക്കും. സാമ്പത്തിക ബാധ്യതകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ചെലവുകൾ ചുരുക്കേണ്ടതാണ്. അപരിചിതരുമായുള്ള സംസർഗാദികൾ ഒഴിവാക്കുക ഉചിതം. സത്യം മറച്ചുവെച്ച് പെരുമാറേണ്ടി വരുന്നത് മനസ്സിനെ വിഷമിപ്പിക്കാം. നിലവിലെ സ്ഥിതി തുടരുകയാവും തത്കാലം നല്ലത്. ദാമ്പത്യത്തിൽ പിണക്കങ്ങൾ പതിവാകാം.
ഉത്രട്ടാതി
ഉത്തരവാദിത്വങ്ങൾ/ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. പരാശ്രയം തേടുന്നതായിരിക്കും. വിജയത്തിൻ്റെ പാത പൂവിരിച്ചതല്ലെന്ന് തിരിച്ചറിയും. കലാവാസന, പാണ്ഡിത്യം മുതലായവ മാറ്റിവെച്ച് പ്രായോഗികമായി ചിന്തിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ലഭിച്ചേക്കാം. സാമ്പത്തികമായി മോശം സ്ഥിതിയാവില്ല. ഗൃഹത്തിൻ്റെ നവീകരണം പൂർത്തിയായേക്കും. കാര്യതടസ്സത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുവാനാവും. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ മറുതന്ത്രങ്ങൾ പയറ്റി ദുർബലപ്പെടുത്താൻ കഴിഞ്ഞേക്കും.
രേവതി
ചന്ദ്രബുധയോഗം ഉള്ളതിനാൽ തീരുമാനങ്ങൾ ബൗദ്ധികമായിരിക്കും. ലഘുപ്രയത്നത്താൽ വിജയിക്കാനാവും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ നേരം നീക്കിവെക്കും. ബന്ധുക്കളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ ജോലിഭാരം കൂടാനിടയുണ്ട്. ആഢംബരച്ചെലവുകൾ ഒഴിവാക്കണം. ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. കോടതി വ്യവഹാരങ്ങളിൽ അനുകൂല നില വരാം. ഭൂമിയിൽ നിന്നുള്ള ആദായം വന്നെത്തും. സംരംഭങ്ങളുടെ ആരംഭത്തിന് അല്പം കൂടി കാത്തിരിക്കുന്നത് ഉചിതമാവും. ഞായർ, വ്യാഴം, ശനി ദിവസങ്ങൾക്ക് ശുഭത്വം കുറയാം.
Read More: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.