/indian-express-malayalam/media/media_files/OCimyn8oinSWZmSV67NA.jpg)
September Month 2024 Astrological Predictions for stars Moolam to Revathy
സെപ്തംബർ മാസം ആദിത്യൻ ചിങ്ങം-കന്നി രാശികളിലും പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകളിലുമായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്തപക്ഷത്തിലാണ്, മാസാരംഭത്തിൽ. സെപ്തംബർ 2ന് കറുത്തവാവും, 17-18 തീയതികളിലായി വെളുത്ത വാവും വരുന്നു. മലയാളികളുടെ ദേശീയോത്സവമായ തിരുവോണം വരുന്നത് സെപ്തംബർ 15 ഞായറാഴ്ചയാണ്.
ശനി വക്രഗതിയിൽ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും ആയി പിൻ സഞ്ചാരം തുടരുന്നു.
ചൊവ്വ മിഥുനം രാശിയിൽ മകയിരം - തിരുവാതിര നക്ഷത്രങ്ങളിലാണ് സെപ്തംബറിൽ. മാസാദ്യം ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. സെപ്തംബർ 4 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. സെപ്തംബർ 23 ന് ഉച്ചരാശിയായ കന്നിയിലേക്കും സംക്രമിക്കുന്നുണ്ട്. സെപ്തംബർ 16 മുതൽ ബുധൻ മൗഢ്യാവസ്ഥയിലാവും എന്ന വസ്തുതയുമുണ്ട്. ശുക്രൻ മാസാദ്യം നീചരാശിയായ കന്നിയിലാണ്. സെപ്തംബർ 18 ന് തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും സെപ്തംബർ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.
മൂലം
ഉദ്യോഗസ്ഥർക്ക് സ്വാധീനശക്തി വർദ്ധിക്കുന്നതാണ്. അധികാരമുള്ള പദവികൾ കൈയ്യാളുവാനാവും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് നേടിയെടുക്കൽ ഒരു പോരാട്ടമായേക്കും. നിരന്തര പരിശ്രമങ്ങൾ വിജയം കാണും. വ്യാപാരം - വ്യവസായം - മറ്റു സംരംഭങ്ങൾ എന്നിവ മുന്നോട്ടു തന്നെയാവും. തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാം. നറുക്കെടുപ്പുകളോ ചിട്ടിയോ ഗുണപ്രദമാവാം. കടബാധ്യതകൾ ഭാഗികമായി കൊടുത്തു തീർക്കാനാവും. പ്രധാന തീരുമാനങ്ങൾ പുനരാലോചന നടത്തി കൈക്കൊള്ളുകയാവും ഉചിതം. വിനോദത്തിനും വിശ്രമത്തിനും സമയം കിട്ടിയേക്കും. വ്യക്തിബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ ഉത്സാഹിക്കുന്നതാണ്. പിതാവിൻ്റെ ഗാഢമായ പിന്തുണ പ്രതീക്ഷിക്കാം. ആരോഗ്യപരമായി സാമാന്യം അനുകൂലസ്ഥിതിയുണ്ട്.
പൂരാടം
തൊഴിലിൽ മുന്നേറാനാവും. അധികാരികളുടെ വിശ്വാസമാർജ്ജിക്കും. ജോലി തേടുന്നവർക്ക് താത്കാലികമായെങ്കിലും ചില അവസരങ്ങൾ ലഭിച്ചേക്കാം. ദാമ്പത്യക്ലേശങ്ങൾ വരാമെങ്കിലും അനുരഞ്ജനത്തിലൂടെ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തും. കുറച്ചു കാലമായി തുടരുന്ന മനക്ലേശങ്ങൾക്ക് പരിഹാരമാവും. ബിസിനസ്സിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. ആഘോഷങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരുക്കം ഫലപ്രദമാവും. പിതൃബന്ധുക്കളെ സന്ദർശിക്കുന്നതാണ്. ജന്മനാട്ടിൽ പോയി കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തും. ശാസ്ത്രീയ ഗവേഷകരുടെ നിഗമനങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. ജന്മനക്ഷത്രാധിപനായ ശുക്രൻ നീചത്തിലാകയാൽ മനശ്ചാഞ്ചല്യം വരാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതി ശോഭനമാവും.
ഉത്രാടം
ധനുക്കൂറുകാർക്ക് നേട്ടങ്ങൾ അധികരിക്കുന്നതാണ്. സ്വന്തം കണക്കുകൂട്ടലുകൾ ഒട്ടൊക്കെ ശരിയാവും. കാംക്ഷിച്ചിരുന്ന പദവികളിൽ എത്താനാവും. പിതൃസ്വത്തിന്മേലുള്ള തർക്കത്തിൽ അനുകൂലമായ വിധിവരാം. ആഘോഷങ്ങളിൽ സക്രിയ പങ്കാളിത്തം പുലർത്തും. മകരക്കൂറുകാർക്ക് ഗുണദോഷസമ്മിശ്രത ഭവിക്കുന്ന കാലമാണ്. പരാജയത്തിൻ്റെ കയ്പുരസം കുടിക്കാനിടയുണ്ട്. അവഹേളനമോ സാമൂഹ്യമായ അസ്വീകാര്യതയോ ഭവിക്കാം. പുതുതലമുറയുമായി പിണങ്ങിയേക്കും. മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതിയാവും വരിക. കരാർ പണികൾ ലഭിച്ചേക്കാം. എന്നാൽ ന്യായമായ ധനലാഭം വന്നു ചേരും. കുടുംബ സമേതം യാത്രകളുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അനുഭവങ്ങൾ മെച്ചമുള്ളതാവും.
തിരുവോണം
സമ്മിശ്രമായ കാലമാണെങ്കിലും ഗുണഫലത്തിനു തന്നെയാവും മുൻതൂക്കം ഉണ്ടാവുക. ആദിത്യസഞ്ചാരത്താൽ കാര്യസാധ്യത്തിന് വിളംബം വരുന്നതായി തോന്നുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില തടസ്സങ്ങൾ അനുഭവപ്പെടും. ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത ശ്രമങ്ങൾ വേണ്ടി വരുന്നതായിരിക്കും. വ്യാഴം, ചൊവ്വ, രാഹു, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ സഞ്ചരിക്കുകയാൽ മനപ്രസാദം ഭവിക്കുന്നതാണ്. കുടുംബാംഗങ്ങൾ ഏകമനസ്സുള്ളവരാവും. മംഗളകർമ്മങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കും. സദ്ഭാവനയും ജീവകാരുണ്യ പ്രവർത്തനവും ഉദാരതയും പ്രശംസിക്കപ്പെടും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല.
അവിട്ടം
വൈജ്ഞാനിക, ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും ഒപ്പം അംഗീകാരവുമുണ്ടാകും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ സാമാന്യമായി ആദായം ഉണ്ടാവുന്നതാണ്. സ്വാശ്രയ വ്യാപാരവും കമ്മീഷൻ ബിസിനസ്സും പുഷ്ടിപ്പെടാം. ഭൂമിയിൽ നിന്നും നാമമാത്രമായ വരുമാനമുണ്ടാകും. മകരക്കൂറുകാർക്ക് ശത്രുക്കളെ പ്രതിരോധിക്കാനാവും. കുടുംബ ജീവിതത്തിൽ സംതൃപ്തി ഉണ്ടാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനാവും. കലാവാസനയുള്ളവർക്ക് പരിശീലനം കിട്ടാം. കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയുണ്ടാവും. സാമ്പത്തിക സഹായം നൽകാത്തതുമൂലം സ്വജനങ്ങളിൽ ചിലർ ശത്രുക്കളായേക്കും. സഹപാഠികളുടെ വർഷങ്ങൾക്കുശേഷമുള്ള സമാഗമത്തിനു മുൻകൈയ്യെടുക്കുന്നതാണ്. ധനപരമായി ജാഗ്രത വേണ്ടതുണ്ട്.
ചതയം
പാപഗ്രഹങ്ങളായ ശനിയും ചൊവ്വയും രാഹുവും ആദിത്യനും കേതുവും അനുകൂലമല്ലാത്ത ഭാവങ്ങളിലാണ്. ആലോചനകൾക്ക് ഏകീകൃത രൂപം വരില്ല. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. വലിയതോതിൽ പണം മുടക്കി നിലവിലുള്ളവയെ ഉന്നമിപ്പിക്കുക എന്നതും തൽക്കാലം അഭിലഷണീയമല്ല. കരാർ ജോലികൾ, ദിവസ വേതനം, കമ്മീഷൻ വ്യാപാരം, വിറ്റു കഴിഞ്ഞ് പണം കൊടുക്കേണ്ട ഏർപ്പാടുകൾ എന്നിവ മെച്ചപ്പെടും. ശുപാർശകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയേക്കില്ല. പ്രണയം ആദർശ സുരഭിലമാവും. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സിൽ സർവ്വാത്മനാ സഹകരിക്കുന്നതാണ്. നാട്ടിലും അന്യനാട്ടിലും കുടുംബക്കാരൊത്ത് തീർത്ഥാടനത്തിന് അവസരം ഉണ്ടാവും.
പൂരൂരുട്ടാതി
ധാർമ്മികവും ഭൗതികവുമായ കാര്യങ്ങളിൽ ഒരുപോലെ തല്പര്യമുണ്ടാവും. നിലവിലെ വാഹനം മാറ്റി വലിയ വാഹനം വാങ്ങാൻ തയ്യാറെടുക്കും.
ഭൂമി വാങ്ങാനോ വിൽക്കാനോ ഉള്ള ശ്രമത്തിന് തടസ്സം വരാം. അർഹമായ പൂർവ്വിക സ്വത്ത് രേഖാപരമായി ലഭിക്കുന്നതാണ്. സെമിനാറുകളിലും ചർച്ചാ സമ്മേളനങ്ങളിലും പങ്കെടുക്കും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ വരുവാനും ആഘോഷങ്ങളിൽ ഒത്തുകൂടാനും സാധിക്കുന്നതാണ്. വിട്ടുവീഴ്ചാ മനോഭാവം പുലർത്തിയാൽ ദാമ്പത്യം ശോഭനമാവും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിൻ്റെ ചികിൽസയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നതാണ്.
സമാന മനസ്കരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടും. ഏല്പിക്കപ്പെട്ട ദൗത്യം ഭംഗിയാക്കിയതിനാൽ കൃതാർത്ഥത തോന്നും.
ഉത്രട്ടാതി
ജന്മനക്ഷത്രത്തിലെ രാഹു അലച്ചിലിനും ക്ലേശങ്ങൾക്കും ഇടവരുത്താം. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിൽ ഉത്സുകതയേറും. വിശ്വാസയോഗ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തുന്നതാണ്. ബിസിനസ്സ് യാത്രകൾ വേണ്ടി വന്നേക്കും. വരവുചെലവുകളിൽ സൂക്ഷ്മതയും കൃത്യതയും പുലർത്തിയില്ലെങ്കിൽ സാമ്പത്തിക ആരോപണങ്ങളെ നേരിടേണ്ടിവരാം. കുടുംബാംഗങ്ങളുടെ ഉന്നമനത്തിൽ നിഷ്കർഷപുലർത്തും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങളുണ്ടാവും. കടം വാങ്ങിയ തുക ഗഡുക്കളായി കൊടുത്തുതീർക്കാൻ ശ്രമിക്കും. മംഗളകർമ്മങ്ങൾക്ക് സാരഥ്യം വഹിക്കാനാവും. കക്ഷിരാഷ്ട്രീയത്തിൽ കാലിടറാനിടയുണ്ട്. എതിർപ്പുകൾ വർദ്ധിക്കുന്നതാണ്. മാസത്തിൻ്റെ ആദ്യപകുതിയിൽ നേട്ടങ്ങൾ അധികരിക്കും.
രേവതി
നല്ല തുടക്കങ്ങൾ ഉണ്ടാവും, വ്യക്തി ജീവിതത്തിലും കർമ്മമേഖലയിലും. കാത്തിരുന്ന ചില കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ തടസ്സം കൂടാതെ നിർവഹണത്തിലെത്തും. കാര്യസാധ്യത്തിന് താൽകാലിക കൂട്ടുകെട്ടുകൾ വേണ്ടി വന്നേക്കും. യാത്രകളിലൂടെ ലക്ഷ്യം നേടാൻ കഴിയും. പുതുമുറക്കാരുടെ ആശയങ്ങളുമായി ഇണങ്ങിച്ചേരുന്നതാണ്. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. പ്രോജക്ടുകൾ അംഗീകാരം നേടിയെടുക്കും. നക്ഷത്രനാഥനായ ബുധൻ ഉച്ചത്തിൽ വരികയാൽ ആത്മശക്തി അചഞ്ചലമാവും. നാലാംഭാവത്തിലെ ചൊവ്വയുടെ സ്ഥിതി അനാവശ്യമായ മന:ക്ലേശമുണ്ടാക്കും. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത അനിവാര്യം.
Read More
- Daily Horoscope August 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ ആയില്യം വരെ: Horoscope September 2024
- സെപ്റ്റംബർ മാസഫലം, മകം മുതൽ തൃക്കേട്ട വരെ: Horoscope September 2024
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, August 25-31
- Weekly Horoscope (August 25–August 31, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us