/indian-express-malayalam/media/media_files/thulam-horoscope-2024-astrological-predictions-moolam-to-revathi.jpg)
Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ?
Astrology for Thulam: ഒക്ടോബർ 18 ശനിയാഴ്ചയാണ് തുലാം ഒന്നാം തീയതി വരുന്നത്. തുലാം മാസത്തിന് 30 ദിവസങ്ങളേയുള്ളു, നവംമ്പർ 16 വരെ! നവംബർ 17ന് വൃശ്ചികമാസം തുടങ്ങും.
ആദിത്യൻ തുലാം രാശിയിൽ ചിത്തിര, ചോതി, വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ആദിത്യൻ്റെ നീചക്ഷേത്രമാണ് തുലാം രാശി. ദുർബലാവസ്ഥയിലാണ് ആദിത്യൻ. മേടമാസം 10 ന് ആദിത്യൻ്റെ പരമോച്ചമായ മേടപ്പത്ത് / പത്താമുദയം നാം കൊണ്ടാടുന്നു. തുലാമാസം 10-ാം തീയതി ആദിത്യൻ്റെ ബലം ഏറ്റവും നിസ്സാരതയിലെത്തുന്നു. ഇതിനെ 'പരമനീചം' എന്നാണ് വിളിക്കുക.
മാസാരംഭത്തിൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തുലാം 3 ന് 'നരകചതുർദ്ദശി' അഥവാ ദീപാവലി ആഘോഷിക്കപ്പെടുന്നു. തുലാവാവ് / തുലാം മാസത്തിലെ അമാവാസി വരുന്നത് തുലാം നാലിന്, ഒക്ടോബർ 21 ന് ചൊവ്വാഴ്ചയാണ്. പിറ്റേന്നുമുതൽ കാർത്തികമാസം (ചാന്ദ്രവർഷത്തിലെ) ആരംഭിക്കും. വെളുത്തവാവ്/ പൗർണമി തുലാം 19 ന് / നവംബർ 5 ന് ആണ്.
വ്യാഴം തുലാം 1 ന് / ഒക്ടോബർ 18 ന് ശനിയാഴ്ച രാത്രി ഉച്ചരാശിയായ കർക്കടകത്തിൽ പ്രവേശിക്കുന്നു. വ്യാഴം 'അതിചാരം' എന്ന അവസ്ഥയിലാണ്. 49 ദിവസങ്ങളാണ് കർക്കടകം രാശിയിലുണ്ടാവുക. ഡിസംബർ 5 ന് വക്രഗതിയായി വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും.
ശനി മീനം രാശിയിൽ വക്രഗതിയിലാണ്. തുലാം മാസം മുഴുവൻ വക്രഗതി തുടരും. പൂരൂരുട്ടാതി നാലാംപാദത്തിലാണ് ശനിയുടെ വക്രസഞ്ചാരം. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ട്, ഒന്ന് പാദങ്ങളിലായി പിൻഗതി തുടരും. കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
തുലാമാസം തുടക്കത്തിൽ ശുക്രൻ നീചക്ഷേത്രമായ കന്നിയിലാണ്. തുലാം 16 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും.
ബുധൻ തുലാം രാശിയിലാണ് മാസാദ്യം. തുലാം 7 ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും. ചൊവ്വമാസാദ്യം തുലാം രാശിയിലാണ്. തുലാം 10 ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. ചൊവ്വയും ബുധനും തുലാം രാശിയിൽ യോഗം ചെയ്തിരുന്നതുപോലെ വൃശ്ചികരാശിയിലും യോഗം ചെയ്യുന്നുണ്ട്.
ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ തുലാമാസഫലം ഇവിടെ വിശദീകരിക്കുന്നു.
മൂലം
ആദിത്യൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ പതിനൊന്നിലാണ്. അതേസമയം വ്യാഴം അഷ്ടമത്തിലേക്ക് രാശി മാറുകയും ചെയ്യുന്നുണ്ട്. അനുകൂലഫലങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. സംഘടനകളിൽ അനിഷേധ്യത കൈവരും. പിതാവിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഭൂമിയിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ശത്രുക്കളെ തമസ്കരിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വിജ്ഞാന സമ്പാദനത്തിന് വഴികൾ തുറക്കപ്പെടും. വ്യാഴം എട്ടാമെടത്തിലാണെങ്കിലും ഉച്ചഭാവത്തിലാണെന്നത് പ്രധാന്യമുള്ള വസ്തുതയാണ്. ധനുക്കൂറിൻ്റെ അധിപനുമാണല്ലോ. അതിനാൽ തടസ്സങ്ങളുണ്ടായാലും അവയെ വേഗം തന്നെ മറികടക്കും. അല്പം ക്ലേശിച്ചിട്ടായാലും ലക്ഷ്യപ്രാപ്തി ഭവിക്കും. ഭൗതികസാഹചര്യം ഉയരുന്നതാണ്.
പൂരാടം
ഗ്രഹാനുകൂല്യം പ്രയോജനപ്പെടുത്തേണ്ട സന്ദർഭമാണ്. പതിനൊന്നാം ഭാവത്തിലെ ഗ്രഹാധിക്യം അപ്രതീക്ഷിത നേട്ടങ്ങൾക്കും കാര്യലാഭത്തിനും ധനാഗമത്തിനും കാരണമാകുന്നതാണ്. ലഘുപരിശ്രമങ്ങളാൽ വലിയ ഫലങ്ങൾ ഉണ്ടായേക്കും. രാഷ്ട്രീയ/ പൊതുപ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാനാവും. രോഗാരിഷ്ടകളാൽ വിഷമിക്കുന്ന കുട്ടികൾക്ക് രോഗം പെട്ടെന്ന് ഭേദമാകുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കും. പ്രണയത്തിന് വിവാഹസാഫല്യം കൈവന്നേക്കും. വ്യാഴം പ്രതികൂലമായ അഷ്ടമ ഭാവത്തിൽ സഞ്ചരിക്കുകയാണെങ്കിലും ഉച്ചസ്ഥനാവുകയാൽ താരതമ്യേന ഗുണഫലങ്ങൾ നൽകുന്നതാണ്. ധാർമ്മികത കൈവെടിയില്ല. കുടുംബാന്തരീക്ഷം സൗഖ്യമുള്ളതാവും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ വഴിതെളിയാം.
ഉത്രാടം
പലനിലയ്ക്കും വിജയിക്കാൻ കഴിയുന്ന കാലമാണ്. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ തുറന്നുകിട്ടും. ഗുണകരമായ അനുഭവങ്ങളാൽ ആത്മവിശ്വാസം വർദ്ധിച്ചേക്കും. ദുർഘട ദൗത്യങ്ങളെ ക്ഷമാപൂർവ്വമുള്ള പ്രയത്നത്തിലൂടെ നിർവ്വഹണത്തിലെത്തിക്കുവാനാവും. വയോജനങ്ങളെ പരിചരിക്കുന്നത് കൃതാർത്ഥതയ്ക്ക് കാരണമാകുന്നതാണ്. കച്ചവടത്തിൽ നിന്നുള്ള ധനവരവ് മോശമാവില്ല. തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. അധികാരികളുടെ സമീപനം പ്രോൽസാഹകമായിരിക്കും. വസ്തുവിൽ നിന്നുള്ള ആദായം കൂടുന്നതാണ്. അവിവാഹിതർക്ക് വിവാഹം തീരുമാനിക്കപ്പെടും. മാനസിക ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവും. നീതി നിഷേധങ്ങൾ ചൂണ്ടിക്കാണിക്കുവാൻ മടിക്കില്ല.
തിരുവോണം
ഏഴാമെടത്തിലെ വ്യാഴമാറ്റം അനുകൂല ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. തടസ്സങ്ങൾ താനേ നീങ്ങും. പത്തിലെ ആദിത്യൻ പ്രവൃത്തികളിൽ വിജയാന്തരീക്ഷം രൂപപ്പെടുത്തും. കുടുംബത്തിൽ ഉയർന്നുവന്ന വിയോജിപ്പുകൾ ഇല്ലാതെയാവും. ധനമാർഗം സുഗമമാവുന്നതാണ്. പുതിയവ പഠിക്കും. അവ പ്രാവർത്തികമാക്കാൻ ഉത്സുകതയേറും. അന്യദേശ യാത്രകൾ നടത്താനവസരം സംജാതമാകും. അവ കൊണ്ട് പ്രയോജനം ഭവിക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏകാഗ്രതയുണ്ടാവും. പ്രണയികൾക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാം. മാലയോഗം തെളിയുന്ന കാലമാണ്. നവസംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിക്കും. പുതുവാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്. സൃഷ്ട്യുന്മുഖമായ ആശയങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്. പല കോണുകളിൽ നിന്നും പിന്തുണ തുടരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
അവിട്ടം
കുംഭക്കൂറുകാർക്ക് കാര്യങ്ങൾ നേടാൻ കൂടുതൽ പരിശ്രമം ആവശ്യമാവും. കഴിവുകൾ അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നൽ ശക്തമായേക്കും. അനർഹർക്ക് പരിഗണന കിട്ടുന്നത് വേദനിപ്പിച്ചേക്കാം. എങ്കിലും ചെറുകിട സംരംഭങ്ങൾ ലാഭകരമായി തുടരുന്നതാണ്. കരാറുകൾ നീട്ടിക്കിട്ടാനിടയുണ്ട്. വഴിയോരക്കച്ചവടം, ദിവസവേതനക്കൂലി, കമ്മീഷൻ വ്യാപാരം ഇവയിൽ നിന്നും ആദായമുണ്ടാവും. മകരക്കൂറുകാർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാനാവും. വിദേശ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മേലധികാരികളുടെ അനുഭാവം ലഭിക്കും. സ്വന്തം കാര്യങ്ങൾക്ക് മുന്നത്തേതിലും സമയം നീക്കിവെക്കാനാവും. ബൗദ്ധികമായ ഉണർവ്വുണ്ടാകും. വായ്പകൾക്കുള്ള ശ്രമം ഫലവത്താകും. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾ സഫലമാകുന്നതാണ്. ധനപരമായി സംതൃപ്തി ഭവിക്കും. കലാരംഗത്തെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടും.
ചതയം
ആറാമെടത്തിലേക്ക് വ്യാഴം മാറുന്നു. ഭാഗ്യഭാവത്തിൽ പാപഗ്രഹങ്ങളുമുണ്ട്. രാഹു ജന്മരാശിയിലും ശനി രണ്ടാമെടത്തും സഞ്ചരിക്കുന്നു. ഈ ഗ്രഹനില വ്യക്തമാക്കുന്നത് ചതയം നാളുകാർ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കൂടി കടന്നുപോവുകയാണ് എന്നാണ്. അത്യദ്ധ്വാനം വേണ്ടിവരും, കാര്യസാധ്യത്തിന്. കർമ്മമേഖലയിൽ തടസ്സങ്ങൾ ഭവിക്കുന്നതാണ്. ദേഹക്ലേശമുണ്ടായേക്കാം. പിതാവിന് അത്ര നല്ല കാലമായിരിക്കില്ല. പാരമ്പര്യത്തോട് പുച്ഛം തോന്നാനിടയുണ്ട്. സ്വത്തുതർക്കം ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. പ്രണയം തടസ്സപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ സ്വാസ്ഥ്യം കുറയുന്നതായിരിക്കും. തുലാം 20 ന് ശേഷം അല്പം ഗുണാനുഭവങ്ങൾ ഉണ്ടാവാം. മാനസിക സമ്മർദ്ദം കുറഞ്ഞുതുടങ്ങും. തൊഴിലിടത്തിൽ സഹകരണാന്തരീക്ഷം സംജാതമായേക്കും. ധനവരവിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യത കൈവരും.
പൂരൂരുട്ടാതി
ശനിയും രാഹുവും ജന്മനക്ഷത്രത്തിലൂടെ മുൻ - പിൻ സഞ്ചാരങ്ങൾ നടത്തുകയാൽ സമ്മർദ്ദം ഒഴിയില്ല. എന്നാൽ പൂരൂരുട്ടാതിയുടെ അധിപനായ വ്യാഴം ഉച്ചത്തിലാകയാൽ ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. സാമൂഹികമായ അംഗീകാരം കൈവരും. ഋണബാധ്യതകൾ സംബന്ധിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തും. വ്യാപാരത്തിനായി യാത്ര വേണ്ടിവരുന്നതാണ്. സഹൃദയത്വത്തിൽ ആനന്ദിക്കും. സർക്കാർ കാര്യങ്ങൾ അയത്നമായി നേടും. വ്യാപാരം പകരക്കാരെ ഏൽപ്പിക്കുന്നത് കരുതലോടെ വേണം. പൊതുക്കാര്യങ്ങളിൽ താല്പര്യമേറും. എന്നാൽ രാഷ്ട്രീയ നിലപാടുകൾ എതിരാളികളെ സൃഷ്ടിക്കുന്നതാണ്. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാറുകളുടെ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്.
ഉത്രട്ടാതി
വ്യാഴം പഞ്ചമ ഭാവത്തിലേക്ക് വരുകയാൽ ക്രിയാപരത ഉയരുന്നതാണ്. സാഹിത്യം, കല എന്നീ രംഗങ്ങളിൽ ശോഭിക്കും. ധാരാളം അവസരങ്ങൾ കൈവരുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം ഭവിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. അവരുടെ പഠനം- തൊഴിൽ- വിവാഹം ഇവയിൽ അഭ്യുദയം പ്രതീക്ഷിക്കാം. തൊഴിൽപരമായി സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവുന്ന സാഹചര്യമാണുള്ളത്. മേലധികാരികൾക്ക് നീരസം തോന്നാം. കഠിനദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. യന്ത്രം, വാഹനം, അഗ്നി മുതലായവയുടെ ഉപയോഗത്തിൽ ജാഗ്രത കുറയരുത്. കെട്ടിട നിർമ്മാണത്തിന് പണം കണ്ടെത്താൻ ക്ലേശിക്കുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിയുന്നത് നല്ലത്. വിദേശാവസരങ്ങൾക്കുള്ള കാത്തിരിപ്പ് തുടരപ്പെടുന്നതാണ്.
രേവതി
പുതിയ ജോലിക്കുള്ള പരിശ്രമം നീളുന്നതാണ്. സംരംഭങ്ങൾക്കുള്ള അംഗീകാരത്തിന് ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളും ജോലിഭാരവും ഉണ്ടാവും. പ്രതീക്ഷിച്ച വേതന വർദ്ധനവ് ലഭിക്കണമെന്നില്ല. ഏജൻസികൾ തുടങ്ങാനായേക്കും. വലിയ തോതിൽ പണം മുടക്കുന്നത് ആശാസ്യമല്ല. വിദ്യാർത്ഥികളുടെ പഠനതാത്പര്യം വീണ്ടും ഉണരുന്നതാണ്. കായിക - കലാ മത്സരങ്ങൾക്കുള്ള പരിശീലനം സോത്സാഹം തുടരാനാവും. പ്രണയികൾക്ക് വിഘ്നങ്ങളൊഴിഞ്ഞേക്കും. സന്താനകാര്യത്തിൽ ശുഭവാർത്ത കേൾക്കും. പാരമ്പര്യത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് ഇപ്പോൾ മുതിരാതിരിക്കുക കരണീയം. ക്ഷേത്രാടനം മനസ്സമാധാനമേകും.
Read More: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.