/indian-express-malayalam/media/media_files/EpiTtHmRLyMtZIpLfMiQ.jpg)
Monthly Horoscope: മിഥുന മാസം നിങ്ങൾക്കെങ്ങനെ?
Midhunam Horoscope: ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മിഥുനമാസം എന്നുപറയുന്നു. മകയിരം, തിരുവാതിര, പുണർതം എന്നീ മൂന്ന് ഞാറ്റുവേലകൾ മിഥുനമാസത്തിൽ സംഭവിക്കുന്നുണ്ട്.
മിഥുനം ഒന്നിന് (2024 ജൂൺ 15 ന്) ശനിയാഴ്ച ഉത്രം നക്ഷത്രമാണ്. മിഥുനം 31 തീയതികളുണ്ട്. മാസാവസാനദിവസം (ജൂലായ് 15 ന്) ചോതി നക്ഷത്രമാണ്. മിഥുനം 7- 8 തീയതികളിൽ വെളുത്തവാവും, 21ന് കറുത്തവാവും വരുന്നു.
ചൊവ്വ മേടം രാശിയിൽ സഞ്ചരിക്കുകയാണ്. മിഥുനം 28 ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ബുധൻ മിഥുനം 15 വരെ മിഥുനം രാശിയിലാണ്. ഏതാണ്ട് അതുവരെ ബുധന് മൗഢ്യാവസ്ഥയുമുണ്ട്. തുടർന്ന് കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു.
ശുക്രൻ മിഥുനം 22 വരെ മിഥുനത്തിലുണ്ട്. ഇടവമാസത്തിൽ തുടങ്ങിയ ശുക്രൻ്റെ മൗഢ്യാവസ്ഥ മിഥുനം 24വരെ നീളുന്നു. തദനന്തരം ശുക്രൻ കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലുമായി സഞ്ചരിക്കുകയാണ്. രാഹുവും കേതുവും മീനം രാശിയിൽ തുടരുന്നു. എന്നാൽ രാഹു മിഥുനം 24 മുതൽ രേവതിയിലെ സഞ്ചാരം കഴിഞ്ഞ് അപ്രദക്ഷിണ ഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. കേതു അത്തം നക്ഷത്രത്തിൽ തന്നെയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ മിഥുന മാസഫലം ഇവിടെ രേഖപ്പെടുത്തുന്നു.
മൂലം
ആദിത്യൻ്റെയും ബുധശുക്രന്മാരുടേയും ഏഴിലെ സ്ഥിതി അനുകൂലമല്ല. ആറിലെ വ്യാഴം പുരോഗതിയെ മന്ദീഭവിപ്പിച്ചേക്കും. അഞ്ചിലെ ചൊവ്വ അർത്ഥശൂന്യമായ ചിന്തകൾക്ക് കാരണമാകുന്നതാണ്. ഒരേ കാര്യത്തിനായി യാത്രകൾ ആവർത്തിക്കേണ്ടി വരുന്നതാണ്. ലക്ഷ്യം കീറാമുട്ടിയായി അനുഭവപ്പെടാം. പുതിയ കാലത്തിൻ്റെ മാറ്റങ്ങളോട് ഭ്രമമേറും. ആഢംബരച്ചെലവേറുന്നതാണ്. പഴമയെ തള്ളിപ്പറയേണ്ട സ്ഥിതി വന്നേക്കാം. കരുതി വെച്ചിരുന്ന ധനം ആശുപത്രിച്ചെലവുകൾക്ക് പ്രയോജനപ്പെടും. വാഗ്ദാനലംഘനം സുഹൃത്തുക്കളെ വിരോധിയാക്കാം. സ്വന്തം ബിസിനസ്സിൽ ലാഭം സാമാന്യമാവും. വായ്പകൾ തിരിച്ചടക്കാൻ വിഷമിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാണ്. കമ്മീഷൻ, ഏജൻസി ഇവയിൽ നിന്നും ആദായമുണ്ടാകാം.
പൂരാടം
വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ കഴിയാത്തതിനാൽ ഔദ്യോഗിക മീറ്റിംഗുകളിൽ ശോഭിച്ചേക്കില്ല. വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാം. പ്രതീക്ഷിച്ച നിയമന ഉത്തരവ് വൈകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ മാസം അനുകൂലമല്ല. നിലവിലെ ബിസിനസ്സിൽ നിന്നും സാമാന്യമായിട്ടുള്ള ലാഭം പ്രതീക്ഷിക്കാം. ഭവന/വാഹന വായ്പ അടവ് വൈകിയാണെങ്കിലും മുടങ്ങില്ല. പ്രണയികൾക്ക് ഭാവിയെക്കുറിച്ച് തീരുമാനം കൈക്കൊള്ളാനായേക്കും. ദാമ്പത്യത്തിൽ സന്തോഷമുണ്ടാവും. നൂതന വിജ്ഞാനം സമാർജിക്കും. കലാരംഗത്തുള്ള പ്രവർത്തനങ്ങളിൽ ആത്മവിശ്വാസമേറും. മാസത്തിൻ്റെ അവസാന പാദത്തിൽ സ്ഥിതിഗതികൾ കൂടുതൽ അനുകൂലാവസ്ഥയിൽ എത്തുന്നതാണ്.
ഉത്രാടം
മകരക്കൂറുകാരായ ഉത്രാടം നാളുകാർക്ക് മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായ ധാരാളം സന്തോഷ സാഹചര്യങ്ങൾ വന്നെത്തുന്നതാണ്. കർമ്മമണ്ഡലത്തിലും ഗുണപരിണാമം ഉണ്ടാകും. പദവികളിൽ സ്വതന്ത്രമായ നിലപാടുകൾ കൈക്കൊള്ളാനാവും. ഒപ്പമുള്ളവരുടെ സമ്പൂർണ്ണ സഹകരണം ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരം സംജാതമാകും. വായ്പകൾ പ്രയോജനപ്പെടുത്തി ബിസിനസ്സിൽ നവീകരണം സാധ്യമാകുന്നതാണ്. കർമ്മരംഗത്തെ എതിർപ്പുകളെ പരാജയപ്പെടുത്താനാവും. ആത്മീയ സാധനകൾ, സമർപ്പണങ്ങൾ എന്നിവയ്ക്കും സമയം കണ്ടെത്തും. തന്മൂലം മാനസികോർജ്ജം വർദ്ധിക്കുന്നതാണ്. വാഹന ഉപയോഗത്തിൽ കരുതൽ വേണം.
തിരുവോണം
വ്യക്തിസ്വാധീനം കുടുംബത്തിൽ മാത്രമല്ല ഔദ്യോഗിക മേഖലയിലും ഉയരുന്നതാണ്. കൃത്യനിഷ്ഠയും സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കുന്നതിലെ ആത്മാർത്ഥതയും അംഗീകരിക്കപ്പെടും. സാമൂഹ്യവിഷയങ്ങളിലെ നിലപാടുകൾക്ക് പിന്തുണ കിട്ടുന്നതാണ്. ശാസ്ത, സാങ്കേതിക വിഷയങ്ങളിൽ ഉപരിപഠനാവസരം സിദ്ധിക്കും. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാൽകൃതമാകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകൾ എളുപ്പം കൈവശമെത്തും. ഊഹക്കച്ചവടം, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയവിക്രയത്തിൽ കാലതാമസമുണ്ടാകും. പ്രണയത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വ സ്വക്ഷേത്രബല വാനായി തുടരുന്നതിനാൽ സ്വശക്തി വർദ്ധിക്കും. ഉണർന്ന് പ്രവർത്തിക്കുവാനാൻ കഴിയുന്നതാണ്. അവസരോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും. മത്സരങ്ങളിൽ പിറകോട്ട് പോവില്ല. മകരക്കൂറുകാർക്ക് വിജയ സാഹചര്യം കൂടുതലാണ്. എതിർപ്പുകളെ തൃണവൽഗണിക്കും. തൊഴിൽപരമായ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കാനാവും. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ചെവിക്കൊള്ളുന്നതാണ്. കുംഭക്കൂറുകാർക്ക് ശക്തമായ പിന്തുണ ലഭിക്കുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവും. വിയോജിപ്പുള്ളവരെ ഒപ്പം ചേർത്തു പിടിച്ച് മുന്നേറാൻ ശ്രമിക്കും. കാർഷിക വൃത്തിയിൽ താല്പര്യമേറുന്നതാണ്. അടുക്കള കൃഷി പോലുള്ളവ നടപ്പിൽ വരുത്തും.
ചതയം
സ്വതന്ത്ര നിലപാടുകൾക്ക് അംഗീകാരം കിട്ടും. ആദർശത്തെയും പ്രായോഗികതയെയും കൂട്ടിയിണക്കാൻ ശ്രമം നടത്തുന്നതാണ്. കുടുംബ ജീവിതത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും.
മക്കളുടെ പഠനപുരോഗതി / ജോലി എന്നിവയിൽ സന്തോഷിക്കുന്നതാണ്. രണ്ടാം നക്ഷത്രത്തിലും (ശനി),
രണ്ടാം രാശിയിലും (രാഹു) പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ വാഗ്ദാനം പാലിക്കാൻ ക്ലേശിച്ചേക്കും. ചിലപ്പോൾ മനപ്പൂർവ്വമല്ലാതെ തന്നെ നുണ പറയേണ്ട സാഹചര്യം വരാം. ധനപരമായും തടസ്സത്തിന് സാധ്യതയുണ്ട്. മറ്റുള്ളവരുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവർ ജാഗരൂകരാവണം. ഗൃഹത്തിലെ നവീകരണങ്ങൾ പൂർത്തിയാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയും.
പൂരൂരുട്ടാതി
ശനി ജന്മനക്ഷത്രത്തിൽ തുടരുകയാൽ വ്യക്തിപരമായിട്ടുള്ള സമ്മർദങ്ങളുണ്ടാവും. മാനസികമായി പൊരുത്തമില്ലാത്തവരോട് സഹകരിക്കേണ്ട സ്ഥിതിയുണ്ടാവും. കൃത്യമായ ആസൂത്രണം നടത്താത്ത കാര്യങ്ങളിൽ പാളിച്ച വരാൻ സാധ്യതയുണ്ട്. ഇളയ സഹോദരങ്ങൾ മൂലം നേട്ടങ്ങൾ വന്നെത്തിയേക്കും. സാഹസങ്ങളിൽ ഏർപ്പെടുന്നതാണ്. നിയമ ലംഘനങ്ങളുടെ പേരിൽ ശാസനയോ ശിക്ഷയോ വരാം. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കാര്യങ്ങളിൽ ആലസ്യമുണ്ടായേക്കാം. നിലവിലെ തൊഴിൽ ഒരുവിധം മുന്നോട്ടു നീങ്ങും. തവണ വ്യവസ്ഥകളിലൂടെ കടബാധ്യതകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. മകളോടൊപ്പം താമസിക്കാൻ തീരുമാനിച്ചേക്കാം.
ഉത്രട്ടാതി
ജന്മനക്ഷത്രത്തിൻ്റെ മുൻ പിൻ നക്ഷത്രങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നു. അതിനാൽ ജാഗ്രത വേണ്ട കാലഘട്ടമാണ്. സുപ്രധാന കാര്യങ്ങൾ തിടുക്കത്തിൽ തീരുമാനിക്കരുത്. പ്രായോഗികമായ തടസ്സങ്ങളുണ്ടാവും. ഔദ്യോഗികമായി തിരക്കേറുന്നതാണ്. അന്യദിക്കിലേക്ക് താൽക്കാലികമായ മാറ്റം ഒരു സാധ്യതയാണ്. അർഹതയുള്ള നിയമനത്തിന് അല്പം കൂടി കാത്തിരിപ്പ് വേണ്ടി വരും. പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാകാത്ത സ്ഥിതിയാൽ ഗൃഹാന്തരീക്ഷം കലുഷമാവാം. തൊഴിൽ / പഠനം സംബന്ധിച്ച് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവസരം ലഭിക്കും. പ്രണയ വിവാഹത്തിന് വീട്ടിൽ നിന്നും എതിർപ്പ് ഉയരാം. ഊഹക്കച്ചവടം ലാഭകരമാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.
രേവതി
ചൊവ്വ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾക്ക് കാഠിന്യമുണ്ടാവും. മിത്രങ്ങൾ ശത്രുക്കളായേക്കും. നവസംരംഭങ്ങളിൽ നിന്നും സാമാന്യമായ ആദായമുണ്ടാവും. ഏജൻസികൾ നടത്തുന്നവർക്ക് അവയുടെ വിപുലനം സാധ്യമാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഗുണദോഷ സമ്മിശ്രമായ കാലഘട്ടമായിരിക്കും. കൂടുതൽ നേരം പ്രവൃത്തിയെടുക്കേണ്ട സ്ഥിതിയുണ്ടാവും. സഹോദര ഗുണം ഭവിക്കുന്നതാണ്. കലാവാസനകൾ പഠിക്കാനും പ്രായോഗിക പരിചയം നേടാനും അവസരമുണ്ടാകും. സാങ്കേതിക കോഴ്സുകളിൽ തുടർ പഠനത്തിന് പ്രവേശനം ലഭിക്കുന്നതാണ്. സുഖഭോഗങ്ങൾക്കും ഉല്ലാസങ്ങൾക്കും സാഹചര്യം വരും. മാസാവസാന വാരം രാഹു ഉത്രട്ടാതിയിൽ നിന്നും മാറുന്നത് ഗുണകരമായിരിക്കും.
Also Read:
- Daily Horoscope June 12, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Midhunam
- മിഥുനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Midhunam
- Weekly Horoscope (June 9– June 15, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; June 09-June 15 08, 2024, Weekly Horoscope
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- കരിനാളുകളില് മരണം പതിയിരിക്കുന്നുവോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us