/indian-express-malayalam/media/media_files/rvnYzIL7XNkdyMCN9o7E.jpg)
Monthly Horoscope: മിഥുന മാസം നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മിഥുനമാസം എന്നുപറയുന്നു. മകയിരം, തിരുവാതിര, പുണർതം എന്നീ മൂന്ന് ഞാറ്റുവേലകൾ മിഥുനമാസത്തിൽ സംഭവിക്കുന്നുണ്ട്.
മിഥുനം ഒന്നിന് (2024 ജൂൺ 15 ന്) ശനിയാഴ്ച ഉത്രം നക്ഷത്രമാണ്. മിഥുനം 31 തീയതികളുണ്ട്. മാസാവസാനദിവസം (ജൂലായ് 15 ന്)
ചോതി നക്ഷത്രമാണ്. മിഥുനം 7- 8 തീയതികളിൽ വെളുത്തവാവും, 21ന് കറുത്തവാവും വരുന്നു.
ചൊവ്വ മേടം രാശിയിൽ സഞ്ചരിക്കുകയാണ്. മിഥുനം 28 ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ബുധൻ മിഥുനം 15 വരെ മിഥുനം രാശിയിലാണ്. ഏതാണ്ട് അതുവരെ ബുധന് മൗഢ്യാവസ്ഥയുമുണ്ട്. തുടർന്ന് കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു.
ശുക്രൻ മിഥുനം 22 വരെ മിഥുനത്തിലുണ്ട്. ഇടവമാസത്തിൽ തുടങ്ങിയ ശുക്രൻ്റെ മൗഢ്യാവസ്ഥ മിഥുനം 24വരെ നീളുന്നു. തദനന്തരം ശുക്രൻ കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലുമായി സഞ്ചരിക്കുകയാണ്. രാഹുവും കേതുവും മീനം രാശിയിൽ തുടരുന്നു. എന്നാൽ രാഹു മിഥുനം 24 മുതൽ രേവതിയിലെ സഞ്ചാരം കഴിഞ്ഞ് അപ്രദക്ഷിണ ഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. കേതു അത്തം നക്ഷത്രത്തിൽ തന്നെയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ മിഥുന മാസഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
ആദിത്യൻ സഹായസ്ഥാനത്തിലേക്ക് കടക്കുന്നതിനാൽ ഔദ്യോഗികമായി മെച്ചമുണ്ടാവും. കാര്യനിർവ്വഹണം സുഗമമാകുന്നതാണ്. അധികാരികളുടെ പ്രീതിയും അംഗീകാരവും വന്നെത്തും. സ്ഥലംമാറ്റത്താൽ ക്ലേശിക്കുന്നവർക്ക് ഇഷ്ടസ്ഥലത്തിലേക്ക് മാറ്റം ലഭിച്ചേക്കാം. മറ്റൊരു അനുകൂല ഘടകം മിഥുനം 5 ന് ചൊവ്വ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നു എന്നതാണ്. തന്മൂലം തടസ്സങ്ങളെ മറികടക്കാനാവും. ആരോഗ്യപരമായും മെച്ചം ഭവിക്കുന്നതാണ്. കുടുംബ ബന്ധങ്ങളിലെ പിരിമുറുക്കത്തിന് അയവ് ഉണ്ടാകും. വാക്കുകൾ ശ്രദ്ധിക്കപ്പെടും. കലാസാംസ്കാരിക രംഗങ്ങളിൽ ഉയർച്ച വരാം. പൊതുവേ ഈശ്വരാധീനമുള്ള സന്ദർഭമാണ്. പരിശ്രമങ്ങൾക്ക് നല്ലഫലപ്രാപ്തി പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്കും അനുകൂലമായ സാഹചര്യമാണുള്ളത്.
ഭരണി
മിഥുനമാസത്തിൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. നക്ഷത്രനാഥനായ ശുക്രൻ്റെ മൗഢ്യാവസ്ഥ മാസത്തിൻ്റെ മുക്കാൽ പങ്കോളം തുടരുന്നത് തിരിച്ചടികൾക്ക് കാരണമാകുന്നതാണ്. ചൊവ്വ മിഥുനം 5 മുതൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. അക്കാരണത്താൽ വൈകാരികക്ഷോഭം ഉണ്ടായേക്കാം. പ്രതികരണം വേഗത്തിലാവും. മുൻ പിൻ നോക്കാതെയാവും. കലഹത്തിന് പ്രേരണ വന്നു ചേരുന്നതാണ്. ആദിത്യൻ്റെ അനുകൂല സഞ്ചാരം മൂലം ഉദ്യോഗത്തിൽ ശോഭിക്കാനാവും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ ഭംഗിയാക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിലെ ഒറ്റപ്പെട്ട അവസ്ഥയ്ക്ക് മാറ്റം ഭവിച്ചേക്കും. ഗാർഹികമായി തെല്ല് സ്വൈരക്കേടുകൾ വരാം. അവിവാഹിതരുടെ വിവാഹകാര്യം നീണ്ടേക്കും. ദീർഘയാത്രകളും സാധ്യതയാണ്.
കാർത്തിക
വ്യക്തിപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അവയിൽ തൃപ്തി കുറയുന്നതാണ്. രാഷ്ട്രീയ നിലപാടുകളിലെ ഭിന്നതകൾ വ്യക്തജീവിതത്തിലും കടന്നുവരാനിടയുണ്ട്. സാമ്പത്തിക ഞെരുക്കമുണ്ടാവും. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. കടം വാങ്ങി വ്യാപാരം വിപുലീകരിക്കുന്നത് ഇപ്പോൾ ഉചിതമല്ല. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ കൂടുതൽ അവസരമുണ്ടാകും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വർദ്ധിക്കുന്നതാണ്. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല.
ചിട്ടി, ഇൻഷ്വറൻസ്, ഊഹക്കച്ചവടം ഇവകളിലൂടെ ചില ആദായം വന്നു ചേരാം. മകളുടെ വീട്ടിലേക്ക് താമസം മാറ്റേണ്ടതായ സാഹചര്യം സംജാതമാകും. പാർട്ട് ടൈം ജോലികൾക്ക് അവസരമുണ്ടാകും.
രോഹിണി
ജന്മരാശിയിലും മുന്നിലും പിന്നിലും ഉള്ള രാശികളിലും ഗ്രഹങ്ങൾ സഞ്ചരിക്കുകയാണ്. വ്യാഴം രോഹിണി നക്ഷത്രത്തിലുമുണ്ട്. ആകയാൽ സമ്മർദ്ദങ്ങളുണ്ടാവും. എന്തുചെയ്യണമെന്ന് സന്ദിഗ്ദ്ധത വരാം. സമയബന്ധിതമായി പൂർത്തിയാക്കാൻ ക്ലേശിക്കുന്നതാണ്. സംഭാഷണ ചാതുര്യം കാര്യസാധ്യത്തിന് വഴിയൊരുക്കാം. ഉദ്യോഗസ്ഥന്മാർക്ക് ശരാശരിക്കാലമാണ്. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരവും ചെലവും സമമായിരിക്കും. വീട്, വസ്തു എന്നിവ സംബന്ധിച്ച തർക്കങ്ങൾ വ്യവഹാരമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകൾക്ക് സാധ്യത കാണുന്നുണ്ട്. ബന്ധുക്കളുടെ പിന്തുണ പലകാര്യങ്ങളിലും ഗുണപ്രദമായേക്കാം. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം വന്നേക്കാം. ആരോഗ്യപരമായി ജാഗ്രത പുലർത്തണം.
മകയിരം
അഞ്ച് ഗ്രഹങ്ങൾ ജന്മരാശിയിലും മുൻ പിൻ രാശികളിലും സഞ്ചരിക്കുന്നത് വ്യക്തിപരമായ ഏകാഗ്രതയ്ക്ക് ഭംഗമുണ്ടാക്കും. ആലോചിച്ചെടുത്ത തീരുമാനങ്ങൾ പോലും നടപ്പിലാക്കുന്നതിൽ ക്ലേശിക്കുന്നതാണ്. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെട്ടേക്കില്ല. ഇടവക്കൂറുകാർക്ക് രഹസ്യ മാർഗങ്ങളിൽ നിന്നും നേട്ടങ്ങളുണ്ടാവും. മിഥുനക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായത്തിന് സാധ്യത കാണുന്നു. നവസംരംഭങ്ങൾ തുടങ്ങുന്നതിന് അല്പം കാത്തിരിക്കുക ഉചിതമാണ്. ജോലിതേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിയമനം ലഭിച്ചേക്കാം. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ദാമ്പത്യജീവിതത്തിൽ അനുരഞ്ജനം സാധ്യമാകും. ഇടവക്കൂറുകാർക്ക് അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.
തിരുവാതിര
പന്ത്രണ്ടിലും ജന്മരാശിയിലും വ്യാഴം, ആദിത്യൻ എന്നിവ സഞ്ചരിക്കുന്നു. ബുധശുക്രന്മാർ ജന്മരാശിയിലുമുണ്ട്. സുഖഭോഗങ്ങൾ ഭവിക്കുന്നതാണ്. വിരുന്നുകൾ, പ്രണയാഭിവൃദ്ധി, സുഹൃൽസംഗമം എന്നിവ ഉണ്ടാവും. ഭാവിയിലേക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നതാണ്. വസ്തു വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഇത് അനുകൂലമായ അവസരമാണ്. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടാമെങ്കിലും അവയെ മറികടക്കുവാൻ കഴിയുന്നതാണ്. യാത്രകൾ കൂടിയേക്കാം. സഹോദരാനുകൂല്യം, വ്യവഹാരങ്ങളിൽ വിജയം ഇവയും സാധ്യതകൾ. വാഹനത്തിനോ ഗൃഹത്തിനോ ചില അറ്റകുറ്റപ്പണികൾ വേണ്ടി വന്നേക്കാം.
പുണർതം
മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് വരുമാനമാർഗം തുറന്നുകിട്ടും. മറ്റു ജോലികളിൽ ഏർപ്പെട്ടവർക്ക് അനുബന്ധ ജോലികൾക്കും അവസരമുണ്ടാവും. മുൻപ് നടക്കാതെ പോയ വസ്തുവിൽപ്പന ഇപ്പോൾ നടന്നു കിട്ടാം. ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുക മൂലം അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം വർദ്ധിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് ധനബാധ്യത വരും. ബന്ധുജനങ്ങളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. വാഹനം വാങ്ങാൻ ഉചിതമായ സമയമല്ല. പൊതുപ്രവർത്തനത്തിൽ സ്തംഭനാവസ്ഥ അനുഭവപ്പെടാം. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. പഴയ വസ്തുക്കൾ ശേഖരിക്കുന്നതിലും കുടുംബത്തിലെ പൂർവ്വികരുടെ വിവരങ്ങൾ കണ്ടെത്താനും മുതിരും.
പൂയം
വ്യാഴം പതിനൊന്നിൽ സഞ്ചരിക്കുന്നത് ഗുണപ്രദമാണ്. തടസ്സമനുഭവപ്പെട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ സുഗമമായും ആധികാരികമായും നിർവഹിക്കാനാവും. വിശിഷ്ട വ്യക്തികളുടെ പരിചയം കൊണ്ട് ഗുണം വന്നേക്കാം. ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ വിഷമതകൾ ഏർപ്പെടാം. മേലധികാരികളുമായി കലഹിക്കേണ്ട സ്ഥിതിയുണ്ടാവും. സഹപ്രവർത്തകരുമായി ഒത്തുപോകുവാൻ വിഷമിച്ചേക്കും. താത്പര്യമില്ലാത്ത യാത്രകൾ ചെയ്യേണ്ടി വന്നേക്കും. വരവ് അധികരിക്കും. എങ്കിലും ചിലവും അനിയന്ത്രിതമാകാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച പഠനത്തിന് അന്യദിക്കുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതി ഭവിക്കാം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത വരാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കുന്നതാണ്.
ആയില്യം
പന്ത്രണ്ടിലെ ബുധശുക്രന്മാരും ആദിത്യനും തൊഴിൽ സമ്മർദ്ദങ്ങൾക്കും സാമ്പത്തികമായ കുഴമറിച്ചിലിനും ഇടവരുത്തും. എന്നാൽ പതിനൊന്നിലെ വ്യാഴ സ്ഥിതി ജീവിതത്തിൽ സന്തുലിതത്വം കൊണ്ടുവരുന്നതായിരിക്കും. യഥാർത്ഥകാരണം കണ്ടെത്താനുള്ള ത്വരയുണ്ടാവും. വിവേകത്തോടെ പെരുമാറാനും ബഹുമാന്യത നേടാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഭീഷണി ഉണ്ടാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കേണ്ടതായി വന്നേക്കും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിക്കുന്നതാണ്. ക്ഷേത്രോദ്ധാരണം പോലുള്ള ആത്മീയ കാര്യങ്ങളിൽ താത്പര്യം ഭവിക്കുന്നതാണ്. പുതിയ സുഹൃത്തുക്കളെ നേടും. മകളുടെ ജോലിക്കാര്യം സഫലമാവും. .
Also Read:
Daily Horoscope June 10, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
Weekly Horoscope (June 9– June 15, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
വാരഫലം, അശ്വതി മുതൽ രേവതി വരെ; June 09-June 15 08, 2024, Weekly Horoscope
ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us