scorecardresearch

മിഥുനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Midhunam

മിഥുനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

മിഥുനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: മിഥുന മാസം നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മിഥുനമാസം എന്നുപറയുന്നു. മകയിരം, തിരുവാതിര, പുണർതം എന്നീ മൂന്ന് ഞാറ്റുവേലകൾ മിഥുനമാസത്തിൽ സംഭവിക്കുന്നുണ്ട്.

Advertisment

മിഥുനം ഒന്നിന് (2024 ജൂൺ 15 ന്) ശനിയാഴ്ച ഉത്രം നക്ഷത്രമാണ്. മിഥുനം 31 തീയതികളുണ്ട്. മാസാവസാനദിവസം (ജൂലായ് 15 ന്)  ചോതി നക്ഷത്രമാണ്. മിഥുനം 7- 8 തീയതികളിൽ വെളുത്തവാവും, 21ന് കറുത്തവാവും വരുന്നു.

ചൊവ്വ മേടം രാശിയിൽ സഞ്ചരിക്കുകയാണ്. മിഥുനം 28 ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ബുധൻ മിഥുനം 15 വരെ മിഥുനം രാശിയിലാണ്. ഏതാണ്ട് അതുവരെ ബുധന് മൗഢ്യാവസ്ഥയുമുണ്ട്. തുടർന്ന് കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. 

ശുക്രൻ മിഥുനം 22 വരെ മിഥുനത്തിലുണ്ട്. ഇടവമാസത്തിൽ തുടങ്ങിയ ശുക്രൻ്റെ മൗഢ്യാവസ്ഥ മിഥുനം 24വരെ നീളുന്നു. തദനന്തരം ശുക്രൻ കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. 

Advertisment

വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലുമായി സഞ്ചരിക്കുകയാണ്. രാഹുവും കേതുവും മീനം രാശിയിൽ തുടരുന്നു. എന്നാൽ രാഹു മിഥുനം 24 മുതൽ രേവതിയിലെ സഞ്ചാരം കഴിഞ്ഞ് അപ്രദക്ഷിണ ഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. കേതു അത്തം നക്ഷത്രത്തിൽ തന്നെയാണ്.  

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ മിഥുന മാസഫലം ഇവിടെ രേഖപ്പെടുത്തുന്നു.

മകം

മൂന്നു ഗ്രഹങ്ങൾ പതിനൊന്നാം ഭാവമായ മിഥുനം രാശിയിൽ സഞ്ചരിക്കുന്നുണ്ട്. ന്യായമായ ആവശ്യങ്ങൾ നിർവിഘ്നം നടന്നുകിട്ടും. പഠനത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും  നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെടും. ഭോഗാനുഭവങ്ങളുണ്ടാവുന്നതാണ്. പ്രണയികളുടെ വിവാഹ തീരുമാനത്തിന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയേക്കാം. പിണക്കം മറന്ന് ദമ്പതികൾക്ക്  ഒത്തുചേരുവാനാവും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനക്കയറ്റം/വേതന വർദ്ധനവ് എന്നിവയ്ക്ക് സാധ്യത കാണുന്നു. സ്വാശ്രയ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരുമാന വർദ്ധനവ് പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്.

പൂരം

അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. ലഘുവായ പരിശ്രമങ്ങൾ കൊണ്ടുതന്നെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതായിരിക്കും. ഔദ്യോഗിക രംഗം ശോഭനമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുന്നതാണ്. കുടുംബ വൃത്തങ്ങളിലും സാമൂഹിക രംഗത്തും സ്വാധീനമുയർന്നേക്കും. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കും. പഠനത്തിൽ ദിശാബോധം കൈവരിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും പിന്തുണയുണ്ടാവും. മാതാപിതാക്കൾക്ക് മകളുടെ സാമ്പത്തിക സഹായം സിദ്ധിക്കും. അനുരാഗത്തിലെ വിഘ്നങ്ങൾ മാസാന്ത്യത്തോടെ പരിഹൃതമാകും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഹൃദയൈക്യം പുലരും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ഔദ്യോഗികമായി ഉയർച്ചയുണ്ടാകുന്ന കാലമാണ്.  സ്വതന്തമായ തീരുമാനങ്ങൾ മേലധികാരികളുടെ പ്രശംസ നേടിയേക്കും. വിവാദങ്ങളിൽ നിന്നും ഉപജാപങ്ങളിൽ നിന്നും അകന്നുനിൽക്കുവാനാവും. ഉപരിപഠനത്തിൽ ആഗ്രഹിച്ച വിഷയത്തിൽ തന്നെ പ്രവേശനം നേടുന്നതാണ്. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും ഭവിക്കുന്നതാണ്. ഗാർഹികോപകരണങ്ങൾ വാങ്ങും. കന്നിക്കൂറുകാർക്ക് ഭാഗ്യപുഷ്ടിയുണ്ടാവും. തൊഴിൽ രഹിതർക്ക് വരുമാനമാർഗം വന്നെത്തും. കുടുംബ ബിസിനസ്സിൽ പുരോഗതിയുണ്ടാകും. നവസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഉണ്ട്. സഭകളിലും സമാജങ്ങളിലും പ്രസംഗിക്കാൻ അവസരമുണ്ടാകും. ഊഹക്കച്ചവടം, ചിട്ടി, നിക്ഷേപം ഇവയിൽ നിന്നും ആദായം ഉയർന്നേക്കും.

അത്തം

ആത്മാർത്ഥതയും തൊഴിൽ മികവും സമാദരിക്കപ്പെടും. ഔദ്യോഗികമായി ഉയർച്ച ഉണ്ടായേക്കും. അകലങ്ങളിൽ നിന്നും ആഗ്രഹിച്ച ദിക്കിലേക്ക് സ്ഥലം മാറ്റമുണ്ടാകും.  ബിസിനസ്സിൽ നൂതന മാർഗങ്ങൾ അവലംബിക്കും. തന്മൂലം ഉപഭോക്താക്കളുടെ സ്വീകാര്യത ലഭിക്കുന്നതിണ് സാങ്കേതിക വിഷയങ്ങളിലും ഭാഷാപരമായും കൂടുതൽ അറിവ് നേടുവാൻ അവസരമുണ്ടാകും. ആത്മീയ കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. പുതിയ വാഹനം വാങ്ങാൻ സാധിച്ചേക്കും. കുടുംബ ബന്ധങ്ങൾ ദൃഢമായിത്തീരുന്നതാണ്. മകളുടെ വിവാഹ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങും. ജന്മനക്ഷത്രത്തിൽ കേതുവും അഷ്ടമത്തിൽ ചൊവ്വയും സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ജാഗ്രത പുലർത്തണം.

ചിത്തിര

കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് കൂടുതൽ അനുകൂല സാഹചര്യമുണ്ട്. പഴയ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നതിൽ വിജയം കാണുന്നതാണ്. ഔദ്യോഗിക കാര്യങ്ങളിലെ ആധികാരികമായ പ്രായോഗിക ജ്ഞാനം വാഴ്ത്തപ്പെടും. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളുടെ സഹകരണം സന്തോഷമേകും.  തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് തൊഴിൽ സമ്മർദ്ദം അധികരിക്കുന്നതാണ്. ദുർഘട ചുമതലകൾ നിർവഹിക്കുമ്പോൾ സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചേക്കില്ല. ന്യായമായ അവകാശങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകും. യാത്രാക്ലേശത്തിന് സാധ്യതയുണ്ട്. ഓൺലൈൻ വ്യാപാരത്തിൽ ലാഭമുണ്ടായേക്കാം. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് പോംവഴി തേടുന്നതാണ്.

ചോതി

കർമ്മരംഗത്ത് മത്സരബുദ്ധി പുലർത്തുന്നതാണ്. വിപണിയിൽ മുന്നേറാനുള്ള തന്ത്രങ്ങൾ വിദഗ്ദ്ധരുമായി കൂടിയാലോചിക്കും. സാമ്പത്തിക പരാശ്രയത്വത്തിന് അവസാനമുണ്ടാവാൻ തീവ്ര പരിശ്രമം നടത്തിയേക്കും.  സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രവേശനം സിദ്ധിക്കുന്നതാണ്. മുതിർന്നവരോടും സജ്ജനങ്ങളോടും കലഹിച്ചേക്കും. രാഷ്ട്രീയത്തിലെ ഭിന്നപക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കും. പുതിയ തൊഴിലിനായി നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമായേക്കില്ല. പ്രണയികൾക്ക് സന്തോഷിക്കാനാവും. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമാവും. കുടുംബാംഗങ്ങളുമൊത്ത് ആസന്നഭാവിയിൽ തീർത്ഥയാത്രയ്ക്കുള്ള ആസൂത്രണം നടത്തും.

വിശാഖം

വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതു മൂലം നവസംരംഭങ്ങളിൽ ക്ഷീണാവസ്ഥ അനുഭവപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അനിഷ്ടം നേരിടേണ്ടി  വരുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം കിട്ടിയേക്കില്ല. അനാവശ്യ ചിന്തകൾ മനസ്സിനെ മഥിക്കുന്നതാണ്. കലാപ്രവർത്തകർക്ക് ചെറിയ ചില അവസരങ്ങൾ സാധ്യമായേക്കാം. സുഹൃത്തുക്കൾ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് വന്നേക്കാം. കമ്മീഷൻ വ്യാപാരം,  ഏജൻസി പ്രവർത്തനങ്ങൾ, കരാർ പണികൾ എന്നിവയിൽ നിന്നും തരക്കേടില്ലാത്ത ലാഭം വന്നെത്തുന്നതാണ്. കുടുംബത്തിലെ പുതുതലമുറയോട് കലഹത്തിന് മുതിർന്നേക്കും. വഴിനടത്തം, അലച്ചിൽ ഇവ സാധ്യതകൾ. ആത്മീയ കാര്യങ്ങളിൽ മുടക്കം വരാനിടയുണ്ട്.

അനിഴം

ഗുണദോഷ സമ്മിശ്രമായ കാലമാണെങ്കിലും ഗുണാനുഭവങ്ങൾക്കാവും മിഥുനമാസത്തിൽ മുൻതൂക്കം വരിക. ആദിത്യൻ അഷ്ടമത്തിലാവുകയാൽ കർമ്മരംഗം ഉദാസീനമാവും. അകാരണമായി മേലധികാരികൾ കോപിച്ചെന്നു വരാം. ജോലിഭാരം വർദ്ധിച്ചേക്കാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം. വ്യാഴം ഏഴാം ഭാവത്തിൽ ആകയാൽ  വിവാഹാലോചനകൾ ശുഭ തീരുമാനങ്ങളിൽ എത്തുവാനിടയുണ്ട്. കൂട്ടുകച്ചവടത്തിലൂടെ നേട്ടങ്ങൾ വരിക്കാം. കമ്പനികളുടെ/ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമിക്കപ്പെടാം. അന്യദേശ / വിദേശ ബിസിനസ്സ് യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാവും. കുടുംബ സംഗമങ്ങൾക്ക് നേതൃത്വം വഹിക്കും. ബന്ധുക്കളുമായുള്ള വിരോധം അവസാനിപ്പിക്കാൻ മുൻകൈയ്യെടുക്കും.

തൃക്കേട്ട

ശത്രുക്കളുടെ പ്രവർത്തനത്തെ സമർത്ഥമായി പ്രതിരോധിക്കും. ആറാം ഭാവത്തിലെ ചൊവ്വ സ്വാശ്രയ തൊഴിലിൽ ഉയർച്ചയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും കാരണമാകുന്നതാണ്. സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാനുള്ള ശ്രമം ഫലം കാണും. സഹോദരാനുകൂല്യം ഉണ്ടാവുന്നതാണ്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം.  ഉദ്യോഗസ്ഥർക്ക് കനത്ത ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റത്തിന് കാലതാമസമുണ്ടാവും. തുടർ പഠനത്തിലെ തടസ്സങ്ങൾ ഒട്ടുമുക്കാലും നീങ്ങുന്നതാണ്. ചിലപ്പോൾ ചിന്താപരത കൂടാനും കർമ്മങ്ങളിൽ ആലസ്യം വരാനും അഞ്ചാം ഭാവത്തിലെ രാഹുസ്ഥിതി വഴിവെക്കാം. ഗൃഹം സൗന്ദര്യവൽക്കരിക്കാൻ അമിതമായ വ്യയം ഉണ്ടാവാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർ പിണക്കം മറക്കും.

Also Read:

Daily Horoscope June 11, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Midhunam

Weekly Horoscope (June 9– June 15, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

വാരഫലം, അശ്വതി മുതൽ രേവതി വരെ; June 09-June 15 08, 2024, Weekly Horoscope

ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ

കരിനാളുകളില്‍ മരണം പതിയിരിക്കുന്നുവോ?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: