scorecardresearch

മീന മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതിവരെ

Monthly Horoscope for Meenam Moolam to Revathy: മീന മാസം മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Meenam Moolam to Revathy: മീന മാസം മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Monthly Horoscope: മീന മാസം നിങ്ങൾക്കെങ്ങനെ?

കുംഭം 30  വെള്ളി രാത്രി 6 മണി 50 മിനിട്ടിനാണ് (2025 മാർച്ച് 14 ന്) മീനരവിസംക്രമം.  മീനമാസം ഒന്നാം തീയതിയായി  കണക്കാക്കുന്നത് മാർച്ച് മാസം 15 ന് ശനിയാഴ്ചയാണ്. മീനമാസം 30 തീയതികളുണ്ട്. ഏപ്രിൽ 13 ന്  അവസാനിക്കുന്നു. മീനമാസത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ ഞാറ്റുവേലകളാണ് ഉള്ളത്.  

Advertisment

ചന്ദ്രൻ മീനം ഒന്നിന് കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. മീനം 15 ന് 
( മാർച്ച് 29 ന്) ആണ് അമാവാസി. പിറ്റേന്ന് പുതിയ ചാന്ദ്രവർഷവും അതിലെ 
ഒന്നാം മാസമായ ചൈത്രവും തുടങ്ങുന്നു. വസന്ത ഋതുവും അപ്പോൾ ആരംഭിക്കുകയാണ്. പുതിയ ചാന്ദ്രവർഷത്തിൻ്റെ പേര് 'വിശ്വാവസു'  എന്നാകുന്നു.

മീനം 29ന്/ ഏപ്രിൽ 12 ന് ആണ് മീനത്തിലെ വെളുത്ത വാവ് ഭവിക്കുന്നത്. 
മീനമാസം 15 ന്, മാർച്ച് 29 ന് ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് കടക്കുന്നു. പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ് ശനിയുടെ രാശിമാറ്റം. 36 ദിവസം നീളുന്ന ശനിയുടെ വാർഷികമായ മൗഢ്യാവസ്ഥ മീനം 16 ന്, മാർച്ച് 30 ന് അവസാനിക്കുന്നതും പ്രസ്താവ്യമാണ്. ശനിയുടെ സഞ്ചാരം പൂരൂരുട്ടാതി നക്ഷത്രത്തിൽ തന്നെയാണ്.

വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ തുടരുന്നു. മീനം 27 ന് മകയിരത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 3 ന്, മാർച്ച് 17 ന് രാഹു മീനം രാശിയിൽ, ഉത്രട്ടാതിയിൽ നിന്നും (പിൻഗതിയായി) പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ചൊവ്വ മീനമാസം 20 ന് മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. മീനമാസം 29 വരെ പുണർതം നാലാംപാദത്തിലും തുടർന്ന് പൂയത്തിലും സഞ്ചരിക്കുകയാണ്. 

Advertisment

ബുധശുക്രന്മാർ യഥാക്രമം നീചാവസ്ഥയിലും ഉച്ചാവസ്ഥയിലുമായി മീനം രാശിയിൽ തുടരുന്നു. അവർക്ക് രാശിമാറ്റമില്ല, ഈ മാസം. ബുധൻ മീനം 20 വരെ ഉത്രട്ടാതിയിലും 28 മുതൽ  രേവതിയിലും സഞ്ചരിക്കുന്നു. ബുധന് മീനം 3 മുതൽ 18 വരെ മൗഢ്യമുണ്ട്. 

ശുക്രൻ മീനം രാശിയിൽ തുടരുന്ന കാര്യം സൂചിപ്പിച്ചു. മീനമാസം18ന് വക്രഗതിയായി ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് നിഷ്ക്രമണം നടത്തുന്നു. ശുക്രനും മീനം 4 മുതൽ 13 വരെ മൗഢ്യമുണ്ട്. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു.

Also Read

മൂലം

ഗുണദോഷഫലങ്ങൾ ഉണ്ടാവും. പദവികളിൽ ഇരിക്കുന്നവർ സ്വയം ദുർബലരാവുന്നതായി തോന്നിയേക്കും. അധികാരം പങ്കിടാൻ വേറെയും അവകാശികളുണ്ടാവുന്നതാണ്. ഗൃഹൈക്യം ഒരു സ്വപ്നമാവും. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കുന്നതാണ്. ബന്ധുക്കൾ പിണക്കം മറന്ന് വീണ്ടും സഹകരിക്കുന്നത് ആശ്വാസമാവും. സ്ത്രീകളുടെ സഹായ സഹകരണങ്ങൾ ലഭിക്കുന്നതാണ്. പ്രണയത്തകർച്ചയിൽ നിന്നും കരകയറാനാവും.  ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം.  ഗവേഷണം, ഉപരിപഠനം ഇവ തുടരാനാവുന്നതാണ്. മീനം 15 ന് ശേഷം കണ്ടകശനി ആരംഭിക്കുന്നു. കഴിവതും അറിയാത്ത കാര്യങ്ങൾ ചെയ്യാനൊരുമ്പെടരുത്. വ്യായാമവും ആഹാരനിയന്ത്രണവും ജീവിതത്തിൻ്റെ ഭാഗമാക്കണം. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ചികിൽസ മുടക്കരുത്.

പൂരാടം

മൂന്നാം ഭാവത്തിൽ നിന്നും ആദിത്യൻ നാലിൽ പ്രവേശിക്കുന്നതോടെ ആ ഭാവത്തിൽ ഇരുപാപഗ്രഹങ്ങളും ഇരുശുഭഗ്രഹങ്ങളും സഞ്ചരിക്കുന്ന സ്ഥിതിവരുന്നു.
പകുതി ഗുണം, പകുതി ദോഷം എന്ന നിലയാവും. സ്വതസിദ്ധമായ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ സാധിച്ചേക്കില്ല. ശത്രുക്കളെ പ്രതിരോധിക്കുവാനും ലക്ഷ്യത്തിലേക്ക് നീങ്ങാനുമാവും. വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കുന്നതാണ്. കൈവായ്പകൾ പ്രയോജനപ്പെടുത്തി അത്യാവശ്യങ്ങൾ നിറവേറ്റാനാകും. പുതിയ വാഹനം വാങ്ങാൻ സാധ്യത കാണുന്നു. ബാല്യകാല സുഹൃത്തുക്കളുമായി നല്ല ഓർമ്മകളിൽ മുഴുകുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ കുറയുമെങ്കിലും പതിവ് പരിശോധനകൾ കുറയ്ക്കരുത്. മാസത്തിൻ്റെ പകുതിയിൽ ശനി നാലാം ഭാവത്തിലേക്ക് സംക്രമിക്കുന്നതോടെ കണ്ടകശനി ആരംഭിക്കുകയായി.

ഉത്രാടം

മകരക്കൂറിലെ ഉത്രാടത്തിന് ഗുണഫലങ്ങൾ അധികരിക്കുന്നതാണ്. തൊഴിൽ രംഗത്ത് സമ്മർദ്ദം അകലും. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാവും.  ബന്ധങ്ങളുടെ മുറിഞ്ഞ ചങ്ങലക്കണ്ണികൾ വീണ്ടും വിളക്കിച്ചേർക്കും.  സാമ്പത്തികമായും മറ്റും സഹായങ്ങൾ വന്നെത്തും. ബിസിനസ്സ് രംഗം അരിഷ്ടകളും തടസ്സങ്ങളുമില്ലാതെ മുന്നോട്ടുപോയി തുടങ്ങും. മീനം പകുതിക്കുമേൽ ഏഴരശ്ശനിക്കാലം തീരുന്നുവെന്ന ശുഭവാർത്തയുമുണ്ട്. ധനുക്കൂറിൽ വരുന്ന ഉത്രാടം നാളുകാർക്ക് സന്തോഷാനുഭവങ്ങളും ഒപ്പം സങ്കടങ്ങളും കൂടി വന്നുചേരും. സുഹൃത്തുക്കളോട് പിണങ്ങാനിടയുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ / ബന്ധുക്കളുടെ ഭൗതികമായ പിന്തുണയും ലഭിക്കും. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ കിട്ടിയേക്കില്ല. നാലാം ഭാവത്തിലേക്ക് ശനി വരുന്നതിനാൽ രണ്ടുവർഷത്തിലധികം നീളുന്ന കണ്ടകശനിക്കാലം തുടങ്ങുകയുമാണ്.

തിരുവോണം

ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന കാലഘട്ടമാണ്. സമ്മർദ്ദങ്ങൾക്ക് നല്ല അയവുണ്ടാവും. സ്വശക്തി ഫലപ്രദമായി ഉപയോഗിക്കുന്നതിന് അവസരമുണ്ടാവും. ഔദ്യോഗിക രംഗത്ത് ആധിപത്യം കൈവരിക്കുന്നതാണ്. മേലധികാരികൾ വിദഗ്ദ്ധാഭിപ്രായം ചോദിക്കുന്നതിനിടയുണ്ട്. വരുമാന മാർഗം വിപുലീകരിക്കാനുള്ള ശ്രമം ഫലവത്താകും. രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനശക്തി വളരും. പിന്തുണ പലകോണുകളിൽ നിന്നും വന്നെത്തും. ഉപരിവിദ്യാഭ്യാസത്തിലെ അവ്യക്തതയ്ക്ക് പരിഹാരം കിട്ടും. മാതാപിതാക്കൾക്കും ക്ഷേമകാലമാവും. മകൻ്റെ വിവാഹകാര്യം ശുഭതീരുമാനത്തിൽ എത്തിച്ചേർന്നേക്കും. ഭൂമി വില്പനയിലെ തടസ്സം നീങ്ങുന്നതാണ്. നിക്ഷേപങ്ങൾ കൂടുതൽ പലിശ ലഭിക്കും വിധം പുതുക്കിവെക്കാനാ വും. രോഗക്ലേശിതർക്ക് പുതിയ ചികിൽസ ഫലവത്താകും.

അവിട്ടം

മകരക്കൂറുകാർ കൂടുതൽ ഗുണഫലങ്ങൾ അനുഭവിക്കും. ഏഴരശ്ശനി തീരുന്ന സന്ദർഭമാണ്. സഹായസ്ഥാനത്ത് ധാരാളം ഗ്രഹങ്ങളുള്ളതിനാൽ പലതരം പിന്തുണകൾ ആവശ്യപ്പെടാതെ തേടിവന്നേക്കും. ആത്മവിശ്വാസത്തോടെ കർമ്മമേഖലയിൽ മുഴുകാനാവും. തൊഴിലില്ലാത്തവർക്ക് ചെറിയ വരുമാനമെങ്കിലും വന്നെത്തും. വ്യവഹാരങ്ങൾ ഉഭയസമ്മത പ്രകാരം അവസാനിപ്പിക്കും. മീനം 20 നു ശേഷം നക്ഷത്രാധിപനായ  ചൊവ്വ നീചക്ഷേത്രത്തിൽ പ്രവേശിക്കുന്നത് കാര്യതടസ്സം ഉണ്ടാക്കും. ദാമ്പത്യ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. കുംഭക്കൂറുകാർക്ക് ഏഴരശ്ശനിക്കാലം തുടരുകയാണ്. പ്രധാന തീരുമാനങ്ങൾ തിടക്കപ്പെട്ട് കൈക്കൊള്ളരുത്. അധികാരികളോട് തർക്കിക്കുന്നത് ഗുണം ചെയ്തേക്കില്ല. പ്രണയം നിലനിർത്താൻ ക്ലേശിക്കുന്നതാണ്.

ചതയം

ജന്മരാശിയിൽ നിന്നും ആദ്യം ആദിത്യനും ക്രമേണ ശനിയും മാറുന്നു. ജന്മശനിക്കാലം അവസാനിക്കുന്നത് പലനിലയ്ക്കും ആശ്വാസകരമാണ്. മീനമാസത്തിൽ വാക്ശുദ്ധി കുറയാം. വാക്കുകൾക്ക് ഉച്ചാരണമോ സ്പെല്ലിംഗോ തെറ്റിയേക്കും. വാഗ്ദാനങ്ങൾ ലംഘിക്കാനും ഇടയുണ്ട്. അലച്ചിൽ കുറയുന്നത് ആശ്വാസമാണ്. ജോലിസ്ഥലത്തെ ഷിഫ്റ്റ് ഉറക്കത്തെ ബാധിക്കാത്ത വിധത്തിലാവും. ചെയ്യുന്ന ജോലിയിൽ മൊബൈൽ / കമ്പ്യൂട്ടർ തുടങ്ങിയ യന്ത്രങ്ങളെ കൂടുതൽ ആശ്രയിക്കും.  ദുശ്ശീലങ്ങളുള്ളവർക്ക് നിയന്ത്രണം കുറയാം. കൂട്ടുകെട്ടുകളെച്ചൊല്ലി ഗാർഹികമായിട്ടുള്ള അലോസരങ്ങൾക്ക് സാധ്യതയുണ്ട്. ചെറുപ്പക്കാർക്ക് ജോലി കിട്ടുമെങ്കിലും അതിൽ പൂർണതൃപ്തി വന്നേക്കില്ല. പ്രണയികൾക്കിടയിൽ പിണക്കം തിരനോട്ടം നടത്താം. 

പൂരൂരുട്ടാതി

കുംഭക്കൂറുകാരായ പൂരൂരുട്ടാതിക്കാർക്ക് ആശ്വാസത്തിൻ്റെ കാലഘട്ടം ആരംഭിക്കുകയാണ്. മീനം 15 ന് ശനി കുംഭം രാശിയിൽ നിന്നും മാറുന്നതോടെ ജന്മശനിക്കാലം അവസാനിക്കുന്നു. തടസ്സപ്പെട്ടിരുന്ന പലതും പുനരാരംഭിക്കും. വീടുപണി തുടരാനുള്ള ധനം കൈവശമെത്തും. കടക്കെണിയിൽ പെട്ട് ശ്വാസം മുട്ടിയവർക്ക് പിടിവള്ളി കിട്ടിയേക്കും. അന്യനാട്ടിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താൻ വഴിതെളിയുന്നതാണ്. രോഗബാധിതർക്ക് ചികിൽസാ മാറ്റം ആശ്വാസമേകും.  പൂരൂരുട്ടാതി നാലാംപാദത്തിൽ അഥവാ മീനക്കൂറിൽ ജനിച്ചവർക്ക് ജന്മത്തിൽ ആദിത്യനും രാഹുവും ശനിയും മാറി മാറി സഞ്ചരിക്കുന്ന കാലമാണ്.  പ്രവാസം ഒരു സാധ്യതയാണെന്ന് ഓർമ്മിക്കണം. ഒന്നിനു പിറകെ ഒന്നായി ചെലവുകൾ കൂടി പണക്ലേശം ഉണ്ടാവാം. അതിനാൽ സാഹസങ്ങൾ ഒഴിവാക്കാനും മിതവ്യയം പാലിക്കാനും ആരോഗ്യത്തിൽ ശ്രദ്ധിക്കാനും വാക്കും കർമ്മവും പൊരുത്തപ്പെടാനും കരുതൽ വേണം.

ഉത്രട്ടാതി

ജന്മരാശിയിലും ജന്മനക്ഷത്രത്തിലുമായി നാലിലധികം ഗ്രഹങ്ങൾ സഞ്ചരിക്കുകയാണ്. മീനം 16 മുതൽ ജന്മശനിയും തുടങ്ങുന്നു. രാഹു, ജന്മനക്ഷത്രത്തിൽ നിന്നും മാസാദ്യം മാറുന്നു എന്നത് ആശ്വാസമാണ്. ജീവിതത്തിലെ സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രവാസം, ഒറ്റപ്പെടൽ, തെറ്റിദ്ധരിക്കപ്പെടൽ, മാനസിക പിരിമുറുക്കം ഇവ അനുഭവപ്പെടാം. രോഗക്ലേശങ്ങളുണ്ടാവാം.  വലിയ മുതൽമുടക്കുകൾ ഈ മാസം ഒഴിവാക്കുകയാവും അഭികാമ്യം. നിലവിലെ ജോലി ഉപേക്ഷിച്ചാൽ പുതിയത് കിട്ടാൻ കാത്തിരിക്കേണ്ടി വന്നേക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചയുണ്ടാവണം. ആരോഗ്യ ജാഗ്രത അനിവാര്യം.  കൂരിരുട്ടിലും വഴികാട്ടാൻ സ്ഫുടതാരകളുണ്ടെന്ന് കവി വാക്യം. അതിനാൽ സാന്ത്വനശക്തി തന്നെ കൈവരും. തലോടാനും പ്രകൃതിക്കറിയാമെന്ന് ആശ്വസിക്കാനാവും. സഹിഷ്ണുതയും വിവേകവുമാണ് പ്രധാനം. ഈ കാലവും കടന്നുപോകും.

രേവതി

കർമ്മരംഗത്ത് പലതരത്തിലുള്ള അവ്യക്തതയുണ്ടാവും. മുൻഗണന നിശ്ചയിക്കുന്നതിൽ കൃത്യത വരില്ല. ജന്മരാശിയിലെ ഗ്രഹപ്പെരുക്കം ശ്രദ്ധേയമാണ്. ഓഫീസിൽ ആരെങ്കിലും അധികാരത്തിൽ കൈകടത്തിയേക്കും. തർക്കങ്ങളിൽ പരാജയപ്പെടാം. ഔദ്യോഗികമായ അലച്ചിലുണ്ടാവും. കരുതിവെച്ച ധനം മറ്റേതെങ്കിലും കാര്യത്തിന് ഉപയോഗിക്കുന്നതാണ്. പ്രധാനകാര്യങ്ങൾ പുനരാലോചനകളിലൂടെ കൈക്കൊള്ളണം. അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. എന്നാൽ നിയമനം ലഭിക്കാൻ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. ഭോഗാനുഭവങ്ങളും പാരിതോഷിക ലബ്ലിയും സാഹിത്യ-കലാ രംഗങ്ങളിൽ മുന്നേറ്റവും പ്രതീക്ഷിക്കാം. പൂർവ്വകാല സുഹൃത്തുക്കളെ കാണാനാവും. ഏഴരശ്ശനിയിലെ ജന്മശനി തുടങ്ങുന്ന മാസം കൂടിയാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: