/indian-express-malayalam/media/media_files/2025/03/08/meenam-horoscope-2025-astrological-predictions-aswathi-to-ayilyam-217705.jpg)
Monthly Horoscope: മീന മാസം നിങ്ങൾക്കെങ്ങനെ?
കുംഭം 30 വെള്ളി രാത്രി 6 മണി 50 മിനിട്ടിനാണ് (2025 മാർച്ച് 14 ന്) മീനരവിസംക്രമം. മീനമാസം ഒന്നാം തീയതിയായി കണക്കാക്കുന്നത് മാർച്ച് മാസം 15 ന് ശനിയാഴ്ചയാണ്. മീനമാസം 30 തീയതികളുണ്ട്. ഏപ്രിൽ 13 ന് അവസാനിക്കുന്നു. മീനമാസത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ ഞാറ്റുവേലകളാണ് ഉള്ളത്.
ചന്ദ്രൻ മീനം ഒന്നിന് കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. മീനം 15 ന്
( മാർച്ച് 29 ന്) ആണ് അമാവാസി. പിറ്റേന്ന് പുതിയ ചാന്ദ്രവർഷവും അതിലെ
ഒന്നാം മാസമായ ചൈത്രവും തുടങ്ങുന്നു. വസന്ത ഋതുവും അപ്പോൾ ആരംഭിക്കുകയാണ്. പുതിയ ചാന്ദ്രവർഷത്തിൻ്റെ പേര് 'വിശ്വാവസു' എന്നാകുന്നു.
മീനം 29ന്/ ഏപ്രിൽ 12 ന് ആണ് മീനത്തിലെ വെളുത്ത വാവ് ഭവിക്കുന്നത്.
മീനമാസം 15 ന്, മാർച്ച് 29 ന് ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് കടക്കുന്നു. പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമാണ് ശനിയുടെ രാശിമാറ്റം. 36 ദിവസം നീളുന്ന ശനിയുടെ വാർഷികമായ മൗഢ്യാവസ്ഥ മീനം 16 ന്, മാർച്ച് 30 ന് അവസാനിക്കുന്നതും പ്രസ്താവ്യമാണ്. ശനിയുടെ സഞ്ചാരം പൂരൂരുട്ടാതി നക്ഷത്രത്തിൽ തന്നെയാണ്.
വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ തുടരുന്നു. മീനം 27 ന് മകയിരത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 3 ന്, മാർച്ച് 17 ന് രാഹു മീനം രാശിയിൽ, ഉത്രട്ടാതിയിൽ നിന്നും (പിൻഗതിയായി) പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ചൊവ്വ മീനമാസം 20 ന് മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. മീനമാസം 29 വരെ പുണർതം നാലാംപാദത്തിലും തുടർന്ന് പൂയത്തിലും സഞ്ചരിക്കുകയാണ്.
ബുധശുക്രന്മാർ യഥാക്രമം നീചാവസ്ഥയിലും ഉച്ചാവസ്ഥയിലുമായി മീനം രാശിയിൽ തുടരുന്നു. അവർക്ക് രാശിമാറ്റമില്ല, ഈ മാസം. ബുധൻ മീനം 20 വരെ ഉത്രട്ടാതിയിലും 28 മുതൽ രേവതിയിലും സഞ്ചരിക്കുന്നു. ബുധന് മീനം 3 മുതൽ 18 വരെ മൗഢ്യമുണ്ട്.
ശുക്രൻ മീനം രാശിയിൽ തുടരുന്ന കാര്യം സൂചിപ്പിച്ചു. മീനമാസം18ന് വക്രഗതിയായി ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് നിഷ്ക്രമണം നടത്തുന്നു. ശുക്രനും മീനം 4 മുതൽ 13 വരെ മൗഢ്യമുണ്ട്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു.
അശ്വതി
ആദിത്യൻ പന്ത്രണ്ടാം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ശാരീരിക അദ്ധ്വാനം കൂടുന്ന കാലമാണ്. ജോലിസ്ഥലത്ത് പതിവിലും സമയം ചെലവഴിക്കേണ്ടി വന്നേക്കും. കാര്യാലോചനായോഗങ്ങളിൽ നിലപാടുകളും ആശയങ്ങളും വ്യക്തമാക്കാൻ ക്ലേശിക്കുന്നതാണ്. ഔദ്യോഗിക യാത്രകൾ കൂടിയേക്കും. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അനുകൂലസ്ഥിതിയിൽ തുടരുന്നത് പ്രശ്നങ്ങളെ മറികടക്കാനുള്ള കരുത്തും ആത്മവിശ്വാസവും നൽകും. ആദർശത്തിന് വീഴ്ച വരാതെതന്നെ പ്രായോഗിക സമീപനം കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുടെ കാര്യത്തിൽ കരുതൽ വേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. എന്നാൽ ചെലവിൽ നല്ല നിയന്ത്രണം പുലർത്തണം. കുടുംബ ജീവിതത്തിൽ സാമാന്യം തൃപ്തിയുണ്ടാവും. മാസത്തിൻ്റെ പകുതിയിൽ (മീനം 15ന്/മാർച്ച് 29ന്) ശനി മീനം രാശിയിൽ പ്രവേശിക്കുന്നതോടുകൂടി ഏഴരശ്ശനിക്കാലം ആരംഭിക്കുകയാണ്.
ഭരണി
നക്ഷത്രനാഥനും ആദിത്യനും രാഹുവും ബുധനും പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. തൊഴിലിൽ സഹപ്രവർത്തകരുമായി, മേലധികാരിയുമായി പിണങ്ങേണ്ടിവരും. വിജയം നേടുന്നതിന് ആവർത്തിത ശ്രമങ്ങൾ വേണ്ടതായിട്ടുണ്ട്. സാങ്കേതികമായി പോരായ്മ അനുഭവപ്പെടും. കർമ്മസംബന്ധമായ യാത്രകൾ കൂടിയേക്കും. ദുശ്ശീലങ്ങളുള്ളവർക്ക് ആ വകയിൽ ചെലവേറും. കൂട്ടുകെട്ടുകളുടെ കാര്യത്തിൽ പുനശ്ചിന്ത ഉണ്ടാവേണ്ട സന്ദർഭമാണ്. വ്യാഴം, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ സുസ്ഥിതിയിലാവുകയാൽ പ്രതിസന്ധികളെ സ്വയം പരിഹരിക്കാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാം. ധനവരവ് മോശമാവില്ല. ചെലവിൽ ജാഗ്രത വേണം. ആരോഗ്യം പരിപാലിക്കുന്നതിൽ അലംഭാവമരുത്. മീനം പകുതി/മാർച്ച് അവസാനം മുതൽ ഏഴരശ്ശനിക്കാലം തുടങ്ങുന്നു എന്നതും പ്രസ്താവ്യമാണ്.
കാർത്തിക
മേടക്കൂറുകാർക്ക് മനക്ലേശവും ജോലിയിൽ പിരിമുറുക്കവും ഉണ്ടാവും. പ്രശ്നപരിഹാരം സുഗമമാവില്ല. ഏകാഗ്രതയോടെ പ്രവർത്തികൾ ചെയ്യാൻ വിഷമിച്ചേക്കും. ധനവരവ് മോശമാവില്ല. ധനം ഇല്ലാത്തതിനാൽ ഒരുകാര്യവും മുടങ്ങുകയുമില്ല. ധൂർത്തിന് മുതിരരുത്. രണ്ടിലെ വ്യാഴസ്ഥിതിയാൽ നല്ലവാക്കുകൾ പറയുവാൻ കഴിയും. സഹോദരർ സഹായിക്കുന്നതാണ്. ഇടവക്കൂറുകാർക്ക് ആദായം വർദ്ധിക്കുന്ന സാഹചര്യമുണ്ട്. ആത്മവിശ്വാസം പെരുകും. കർമ്മരംഗത്ത് നവീകരണം കൊണ്ടുവരാനുള്ള ശ്രമം വിജയിക്കും. പൈതൃകസ്വത്തുക്കൾ വിൽക്കാൻ കഴിയുന്നതാണ്. പിതാവിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാനും സാധ്യതകാണുന്നുണ്ട്. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കും. സർക്കാർ സംബന്ധിച്ച് ലഭിക്കേണ്ട രേഖകൾ ലഭിക്കും.
രോഹിണി
പതിനൊന്നിൽ സൂര്യൻ, രാഹു, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ ലാഭം ഭവിക്കും. കർമ്മതടസ്സങ്ങൾ അകലുന്നതാണ്. ശത്രുക്കളുടെ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിക്കുവാനാവും. സ്വന്തം കഴിവുകൾ തിരിച്ചറിയാൻ സന്ദർഭം വന്നെത്തും. നവസംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കുന്നതാണ്. സുഹൃൽബന്ധം ദൃഢമാകും. ഉപരിപഠനത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഏറ്റവും ഹിതകരമായ ജോലി ലഭിച്ചേക്കും. പഴയ കടബാധ്യതകൾ തീർക്കാൻ വഴിതെളിയുന്നതാണ്. കുടുംബാംഗങ്ങളുടെ സ്നേഹം നിർലോഭം ലഭിക്കും. അവിവാഹിതർക്ക് ദാമ്പത്യസാഫല്യത്തിന് സാധ്യതയുണ്ട്. ഗൃഹനിർമ്മാണം തുടരാനാവും. മാസപ്പകുതിയിൽ കണ്ടകശ്ശനി തീരുന്നു. തൊഴിൽപരമായി കൂടുതൽ വളരാനും ധനോന്നതി കൈവരിക്കാനും സാഹചര്യം രൂപപ്പെടുകയാണ്.
മകയിരം
ഇടവക്കൂറുകാർക്ക് മീനമാസത്തിൽ ആഗ്രഹസാഫല്യം അനായാസമാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. സർക്കാരിൽ നിന്നും ആനുകൂല്യം കൈവരും. ബാങ്ക് വായ്പ ലഭിക്കാം., ചിട്ടി, നറുക്കെടുപ്പുകൾ എന്നിവ ധനാഗമമുണ്ടാക്കും. മാർക്കറ്റിംഗ് മേഖലയിലുള്ളവർക്ക് നിർദ്ദിഷ്ട ലക്ഷ്യം കൈവരിക്കുവാൻ സാധിക്കുന്നതാണ്. ചെറിയ കരുനീക്കങ്ങൾ വലിയ വിജയത്തിന് കാരണമാകാം. മാസത്തിൻ്റെ പകുതിയിൽ രണ്ടുവർഷത്തിലേറെ തുടർന്ന കണ്ടകശനി അവസാനിക്കുന്നു എന്നതും ഗുണകരമായ സത്യമാണ്. മിഥുനക്കൂറുകാർക്ക് സമ്മിശ്രഫലങ്ങളാവും. തൊഴിലന്വേഷണം വിജയിക്കും. കഴിവിനനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാം. പരീക്ഷകളിൽ ശോഭിക്കാൻ കഴിയുന്നതാണ്. കുടുംബ ബന്ധങ്ങളിൽ തൃപ്തി കുറയാം. ബന്ധുക്കളുടെ തർക്കത്തിൽ ഇടപെടുന്നത് സൂക്ഷിച്ചാവണം.
തിരുവാതിര
ആദിത്യനും ബുധനും ഗുണകാരികളാകയാൽ തൊഴിലിൽ മെച്ചം പ്രതീക്ഷിക്കാം. പ്രൊമോഷനോ, അധികാരമുള്ള ചുമതലകളോ കിട്ടാം. സഹപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ബുദ്ധിപൂർവ്വമായ നീക്കങ്ങൾ നടത്തും. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. ബന്ധുക്കളുടെ പിന്തുണ വന്നെത്തും. ശുക്രൻ അനുകൂലസ്ഥിതിയിൽ അല്ലാത്തതിനാൽ പ്രണയം ബാധിക്കപ്പെടും. പിണക്കം സ്ഥായിയായേക്കാം. വസ്തുപണയപ്പെടുത്തി ധനം നേടാനുള്ള ശ്രമം പിന്നീട് ദോഷകരമാവും. ഉത്സവാദികളിൽ സക്രിയമായ സാന്നിദ്ധ്യം പുലർത്തും. വിദേശത്ത് പഠന/തൊഴിൽ സാധ്യത തെളിഞ്ഞേക്കും. ശനിയും കൂടി പത്താം ഭാവത്തിൽ വരുന്നത് ആലസ്യം സൃഷ്ടിക്കാനിടയുണ്ട്. രാഹു-ശനി യോഗം വ്യക്തിത്വത്തെ ദുർബലപ്പെടുത്തും. ജന്മരാശിയിൽ ചൊവ്വ തുടരുന്നത് ക്ഷോഭവാസനകൾക്ക് കാരണമാകുന്നതാണ്.
പുണർതം
സ്വാശ്രയ വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. തടസ്സങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കാൻ കഴിയുന്നതാണ്. വലിയ മുതൽമുടക്കുകൾക്ക് അനുകൂല സമയമല്ലെന്ന് ഓർമ്മയുണ്ടാവണം. കമ്മീഷൻ വ്യാപാരം, ഏജൻസികൾ എന്നിവ ഗുണപ്രദമായിരിക്കും. ജോലി തേടുന്നവർക്ക് താത്കാലികമായ തൊഴിൽ കിട്ടിയേക്കാം. പ്രധാനപ്പെട്ട രേഖകൾ പുതുക്കേണ്ട കാര്യത്തിൽ മറവി വരാതിരിക്കാൻ കരുതലെടുക്കണം. വ്യായാമം, ദിനചര്യ എന്നിവയ്ക്ക് നേരനീക്കം വരില്ല. മകളുടെ വിവാഹം നിശ്ചയിക്കപ്പെടാം. സാമ്പത്തിക കാര്യത്തിൽ ചില ഉത്കണ്ഠകൾ വരാനിടയുണ്ട്. വസ്തുവ്യാപാരത്തിൽ മാസാന്ത്യം വരെ പലതരം തടസ്സങ്ങൾ വന്നേക്കും. വയോധികരായിട്ടുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. രാഷ്ട്രീയത്തോട് വിരക്തിയുണ്ടാവും. എന്നാൽ ജീവകാരുണ്യം ശ്രദ്ധാപൂർവ്വം നിർവഹിക്കും.
പൂയം
ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് ആശ്വാസമാണ്. തൊഴിൽ രംഗത്തെ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാകും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉചിതമായ ഷിഫ്റ്റിലേക്ക് മാറാനാവും. പിതാവിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. പല വർഷങ്ങളായി തുടരുന്ന വായ്പയുടെ തിരിച്ചടവ് പൂർത്തിയാകും. കലാകാരന്മാർക്ക് കൂടുതൽ അവസരം ലഭിക്കുന്നതാണ്. കുടുംബ ക്ഷേത്രത്തിൻ്റെ ജീർണ്ണോദ്ധാരണം പൂർത്തിയാവുന്നത് മാനസിക ആശ്വാസത്തിന് കാരണമാകും. വസ്തുകച്ചവടം ലാഭകരമാവില്ല. അതിനാൽ അല്പം കൂടി കാത്തിരിക്കുക. ഗവേഷണത്തിൽ മുന്നോട്ടു പോകാനാവും. കരാർ പണികൾ നീട്ടിക്കിട്ടാം. നീണ്ടപ്രണയം വിവാഹത്തിലൂടെ സഫലമായേക്കും. മാസം പകുതിയോടുകൂടി അഷ്ടമശനി അവസാനിക്കുന്നത് കുറച്ച് ആശ്വാസം സൃഷ്ടിക്കാം.
ആയില്യം
വരുമാനമാർഗം ഇല്ലാത്തവർക്ക് താത്കാലികമായിട്ടുള്ള ജോലിയെങ്കിലും തരപ്പെടുന്നതാണ്. വ്യാപാരത്തിൽ വലിയ തോതിൽ വിപുലീകരണം നടത്തുന്നത് ഇപ്പോൾ ഗുണകരമായേക്കില്ല. റിയൽ എസ്റ്റേറ്റുകാർക്ക് ക്രയവിക്രയത്തിൽ ലാഭം കുറയുന്നതായിരിക്കും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് വേതനത്തിൽ വർദ്ധനയുണ്ടാവും. ഗൃഹനിർമ്മാണം തുടരാനാവും. എന്നാൽ ഇടക്കിടെധനക്ലേശം മൂലം നിർത്തേണ്ടി വന്നേക്കും. അന്യദേശത്ത് പഠനത്തിന് പോകുന്ന കാര്യം സജീവമായ പരിഗണനയിൽ വരുന്നതായിരിക്കും. കുടുംബ പ്രശ്നങ്ങൾ വയോജനങ്ങളുടെ മധ്യസ്ഥതയിൽ ഒത്തുതീരാൻ സാധ്യതയുണ്ട്. സാഹിത്യ-കലാരംഗം പുഷ്ടിപ്പെടുന്നതാണ്. തർക്കങ്ങൾ വ്യവഹാരങ്ങളായി മാറാനിടയുണ്ട്. അതിനാൽ സംഭാഷണത്തിൽ മിതത്വം പുലർത്തണം.
Read More
- Daily Horoscope March 10, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ രേവതിവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
- മാർച്ച് മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.