scorecardresearch

കർക്കടകത്തിൽ കാര്യവിജയം ഏതൊക്കെ നാളുകാർക്ക്?

കർക്കടക മാസത്തിൽ ഉദ്ദിഷ്ട കാര്യം ഏതൊക്കെ നക്ഷത്രക്കാർക്ക് പൂർത്തിയാകുമെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കർക്കടക മാസത്തിൽ ഉദ്ദിഷ്ട കാര്യം ഏതൊക്കെ നക്ഷത്രക്കാർക്ക് പൂർത്തിയാകുമെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
sucess life

Source: Freepik

ആയില്യം

ഭൂമിയോ വീടോ വിൽക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങാം. കൃത്യമായ ആസൂത്രണം കാര്യവിജയമുണ്ടാക്കും. ആദിത്യൻ ജന്മരാശിയിലൂടെ കടന്നുപോകുന്നത് അലച്ചിലിനും അലംഭാവത്തിനും ഇടവരുത്തിയേക്കും. തൊഴിലിൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനർഹന്മാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിളംബത്തിന് സാധ്യതയുണ്ട്. മനസ്സാന്നിധ്യം തുണയ്ക്കും, പലപ്പോഴും. ധനവിനിയോഗത്തിൽ അച്ചടക്കം അനിവാര്യമാണ്. നല്ലതും കൊള്ളരുതാത്തതുമായ കാര്യങ്ങൾക്ക് പണച്ചെലവുണ്ടാവും. പുനരാലോചനകളോടെ പ്രവൃത്തിയിൽ ഏർപ്പെടുന്നത് വിജയത്തിന് കാരണമാകുന്നതാണ്.

Advertisment

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

മകം

ആദിത്യബുധന്മാർ പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വീടുവിട്ടു നിൽക്കൽ, സഞ്ചാരം, പതിവിലും വ്യയം എന്നിവ സാധ്യതകളാണ്. കാര്യസാധ്യത്തിന് കൂടുതൽ പരിശ്രമം ആവശ്യമാവും. വിദ്യാഭ്യാസത്തിനായി പരദേശഗമനം ഉണ്ടായേക്കും. കർക്കടകം 10 മുതലുള്ള പതിനൊന്നാമെട ത്തിലെ വ്യാഴശുക്രയോഗം ധനപരമായി ഗുണമുണ്ടാക്കും. കിട്ടാക്കടങ്ങൾ കിട്ടുന്നതാണ്. ആത്മവിശ്വാസം ഉണ്ടാവും. ഭൗതികമായ വളർച്ചയുടെ കാലമാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ലാഭം ഇരട്ടിക്കും. ജന്മരാശിയിൽ നിന്നും ചൊവ്വ മാറുകയാൽ രണ്ടാം പകുതിയിൽ ദേഹാരോഗ്യം പുഷ്ടിപ്പെടുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. പൊതുവേ ജീവിതം പുരോഗതിയുടെ പാതയിലാണെന്ന ബോധ്യം സന്തോഷമേകും.

ഉത്രം

ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുണ്ടാവും. ലക്ഷ്യസാധ്യത്തിന് ആവർത്തിത ശ്രമം അനിവാര്യമാണ്. തൊഴിലിൽ സ്വാസ്ഥ്യം കുറയുന്നതാണ്. സഹപ്രവർത്തകരുടെ അമിതസ്വാതന്ത്ര്യം വിഷമങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പരിപാലനത്തിൽ ജാഗ്രത അനിവാര്യം. ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. വ്യവഹാരങ്ങളിൽ  നിന്നും പിന്തിരിയുകയോ അനുരഞ്ജനത്തിന് ശ്രമിക്കുകയോ ആവും ഉചിതം.  മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജീവിതം കൂടുതൽ ആശ്വാസകരവും സുഖപ്രദവുമാവും. സാമൂഹികമായ പദവികൾ ഉയരാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും. അധികാരികളുടെ അഭിനന്ദനം ലഭിക്കുന്നതാണ്. ധനാഗമം തൃപ്തികരമായിരിക്കും. ഉപാസനാദികൾ അഭംഗുരം നടക്കും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

ചിത്തിര

മുൻപ് കഠിനമായി പ്രയത്നിച്ചിട്ടും കിട്ടാത്ത കാര്യങ്ങൾ /  നേട്ടങ്ങൾ  ലഘുയത്നത്തിലൂടെ ഇപ്പോൾ സ്വന്തമാക്കും. കാര്യാലോചനയോഗങ്ങളിൽ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. മിത്രങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കും. വരവുചെലവുകണക്കുകൾ എഴുതി സൂക്ഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. മാസത്തിൻ്റെ പകുതിയോടെ നക്ഷത്രാധിപനായ ചൊവ്വ കേതുവിൽ നിന്നും അകലുന്നത്  സമ്മിശ്രഗുണമുണ്ടാക്കും. സാഹിത്യവാസന പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാം. ചെറുകിട സംരംഭകർക്ക് വളർച്ചയുണ്ടാവും. സ്വാശ്രയത്വത്തിൽ സന്തുഷ്ടി വന്നെത്തും.

Advertisment

ഉത്രാടം

പല കാര്യങ്ങളിലും സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. തോറ്റെന്നും ജയിച്ചെന്നും പറയാനാവാത്ത സ്ഥിതി വരാം. വ്യാപാരത്തിൽ കുറച്ചൊക്കെ മെച്ചം ഭവിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ഒഴിവാക്കണം. കമ്മീഷൻ, ഫ്രാഞ്ചൈസി മുതലായവയിൽ നിന്നും തരക്കേടില്ലാത്ത ഫലം ലാഭം ഉണ്ടാവും. കുടുംബ ബന്ധങ്ങളിൽ നൈരാശ്യം തോന്നാം. ചിലപ്പോൾ സന്തോഷിക്കാനുമാവും.  ആദർശത്തിൽ ഉറച്ചുനിൽക്കുകയാൽ പൊതുപ്രവർത്തനത്തിൽ കഷ്ടനഷ്ടങ്ങൾ വരാനിടയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാകും. കരാർ ജോലികളിൽ നൈരന്ത്യരം കുറയാം. വായ്പയുടെ തിരിച്ചടവ് വൈകിയാലും മുടങ്ങില്ല. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനങ്ങൾ ഉണ്ടായേക്കും. സ്വന്തം ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

തിരുവോണം

ഭൂമിയോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. വസ്തുവില്പനയിൽ അമളി പറ്റാതെ നോക്കണം. കുടുംബ വഴക്കുകൾ മധ്യസ്ഥന്മാർ മുഖേന പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് ലോൺ തരപ്പെട്ടേക്കും. ബിസിനസ്സിൽ അലച്ചിലുണ്ടാവും. യാത്രകൾ മുഷിപ്പിക്കുന്നതാണ്. ഇത്രയും കാലത്തെ കലാപ്രവർത്തനം കൊണ്ട് എന്തുനേട്ടമെന്ന് സ്വയം ചോദിച്ചേക്കും. ഗൃഹത്തിലെ വയോജനങ്ങളുടെ അനാരോഗ്യം മനക്ലേശമുണ്ടാക്കാം. മുൻപ് അസാധ്യമെന്ന് കരുതി ഉപേക്ഷിച്ച കാര്യങ്ങൾ ലഘുപ്രയത്നത്തിലൂടെ നേടിയെടുക്കാനാവും.  ക്ഷേത്രാടനത്തിന് സാഹചര്യമൊരുങ്ങും. ചിട്ടി, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മകൻ്റെ വിദ്യാഭ്യസ പുരോഗതി സന്തോഷിപ്പിക്കും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അവിട്ടം

കുംഭക്കൂറുകാർക്ക് ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് ഉന്മേഷമുണ്ടാവും. തൊഴിൽ തേടുന്നവർക്ക് താത്കാലിക ജോലിയെങ്കിലും കരഗതമാവുന്നതാണ്. തൊഴിലിടത്തിൽ സമാധാനം പുലരും. അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടംപിടിക്കാനാവും.  ഭാവനയുണരുകയാൽ സാഹിത്യ പ്രവർത്തനത്തിൽ മുന്നേറ്റം പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സിൽ അഭിമാനിക്കും. മകരക്കൂറകാരായ അവിട്ടം നാളുകാർക്ക് കാര്യതടസ്സം ഇടക്കിടെ തലപൊക്കുന്നതാണ്. ആത്മവിശ്വാസം കുറയാം. പ്രതീക്ഷിച്ച ലാഭം ബിസിനസ്സിൽ നിന്നും ഉണ്ടാവണമെന്നില്ല. അത്യാവശ്യ ചെലവുകൾ നടന്നുകിട്ടിയേക്കും. പ്രോജക്ടുകൾ സാക്ഷാൽകരിക്കാൻ നൂലാമാലകളെ മറികടക്കേണ്ടതായി വന്നേക്കും. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.

പൂരൂരുട്ടാതി

കുംഭക്കൂറിൽ ജനിച്ചവർക്ക് അധികാരമുള്ള പദവിയിൽ ശോഭിക്കാനാവും. കഴിവ് തെളിയിക്കാൻ പറ്റിയ ധാരാളം പുതിയ അവസരങ്ങൾ വന്നെത്തുന്നതാണ്. ഉദ്യോഗസ്ഥരുടെ ചുമതലകൾ വർദ്ധിക്കും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതാണ്. വ്യാഴവും ശുക്രനും ശുഭഭാവത്തിലാകയാൽ മക്കളെ സംബന്ധിച്ച മനപ്രയാസങ്ങളിൽ ചിലതിനെങ്കിലും പരിഹാരം കിട്ടും. ആരംഭിച്ച കാര്യങ്ങൾ തടസ്സം കൂടാതെ  പൂർത്തീകരിക്കാനാവും. ധനപരമായി അത്ര മോശം സമയമല്ല. എന്നാൽ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. രാഹുവും ശനിയും സ്വാധീനം ചെലുത്തുന്നത് ദുഷ്പ്രേരണകളെ സൂചിപ്പിക്കുന്നു. അന്യദിക്കുകളിൽ നിന്നും ഉറ്റവരുടെ സഹായം കിട്ടിയേക്കും. ഭാര്യാഭർത്തൃബന്ധത്തിൽ അല്പം കാലുഷ്യം കലരാനിടയുണ്ട്.

ഉത്രട്ടാതി

ആദിത്യൻ്റെ അഞ്ചിലെ സഞ്ചാരത്താൽ ജീവിതത്തിന് വലിയ മാറ്റം ഉണ്ടാവണമെന്നില്ല. കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചാലും ദോഷൈകദൃക്കുകൾ ആരോപണങ്ങൾ ഉന്നയിക്കാം. പാരമ്പര്യമഹിമകൾ ചിലപ്പോൾ വിലപ്പോയില്ലെന്ന് വരാം. കാര്യനിർവഹണം മെല്ലെയാവുന്നതാണ്. പുതിയ സംരംഭങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. ഗൃഹത്തിൽ സമാധാനം പുലരുന്നതാണ്. ആഘോഷങ്ങൾ, മംഗളകർമ്മങ്ങൾ ഇവ നടക്കാം. രഹസ്യ നിക്ഷേപങ്ങളിലൂടെ ധനസ്ഥിതി ഉയരാം. കിട്ടാക്കടങ്ങൾ തേടിവരും. രണ്ടാം പകുതിയിൽ ചൊവ്വ ഏഴിൽ സഞ്ചരിക്കുകയാൽ ഗാർഹിക ജീവിത്തിൽ സ്വൈരം കുറയുന്നതാണ്. അനുരഞ്ജനത്താൽ പ്രശ്നങ്ങൾ പരിഹരിക്കും.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: