scorecardresearch

1198 മേടമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

Medam Month 2023 Star Predictions: മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്

Medam Month 2023 Star Predictions: മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
medam, astrology, ie malayalam

മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം

Medam Month 2023 Star Predictions: 2023 ഏപ്രിൽ 15 ന് ആണ് 1198 മേടമാസം ഒന്ന് വരുന്നത്. മുപ്പത് ദിവസങ്ങളാണ് മേടമാസത്തിനുള്ളത്. മേയ് 14 ന് മേടം അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞ് സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് പകരുന്നത്. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.

Advertisment

മേടം 7 ന് ആണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

അശ്വതി: രാഹു അശ്വതിയുടെ നാലാം പാദത്തിൽ സഞ്ചരിക്കുകയാണ്. മേടം പത്ത് മുതൽ മൂന്നാം പാദത്തിൽ പ്രവേശിക്കും. മേടം 7 ന് വ്യാഴം അശ്വതിയിൽ പ്രവേശിക്കുന്നു.14-ാം തീയതി വരെ അശ്വതി ഞാറ്റുവേലയാണ്. (സൂര്യൻ അശ്വതിയിൽ). മാസാന്ത്യം വക്രഗതിയിൽ ബുധനും അശ്വതിയിൽ വരുന്നു. കുറച്ചൊക്കെ ആശയക്കുഴപ്പങ്ങളും ചീത്തചാഞ്ചല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാവാം. ശുക്രൻ രണ്ടിലും ശനി പതിനൊന്നിലും സ്വക്ഷേത്രസ്ഥന്മാരായി തുടരുകയാൽ ധനപരമായി നല്ലഫലങ്ങൾ പ്രതീക്ഷിക്കാനാവും. സംഭാഷണവശ്യത ശ്രദ്ധിക്കപ്പെടും. പഠനത്തിൽ മികച്ച വിജയമുണ്ടാകുന്നതാണ്. തൊഴിൽരംഗം സന്തുലിതമാകും. ആരോഗ്യപരമായി കൂടുതൽ
ശ്രദ്ധ വേണ്ടതുണ്ട്. വിവാഹകാര്യത്തിൽ പുരോഗതി വരുന്നതാണ്. സാഹസികത, തർക്കം എന്നിവയ്ക്ക് മുതിരരുത്.

Advertisment

ഭരണി: നക്ഷത്രനാഥൻ ശുക്രൻ സ്വക്ഷേത്രത്തിൽ നിൽക്കുകയാൽ മനോവാക്കർമ്മങ്ങൾക്ക് ബലമുണ്ടാവും. മൂന്നിലെ ചൊവ്വ സഹപ്രവർത്തകരിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കാൻ കാരണമാകും. വസ്തുക്കൾ, നിക്ഷേപങ്ങൾ ഇവയിൽ നിന്നും വരുമാനം വർദ്ധിച്ചേക്കാം. അവിവാഹിതർക്ക് വിവാഹതീരുമാനം ഭവിക്കുന്നതാണ്. തൊഴിലിൽ നൂതനത്വം വരുത്തും. മുഖാഭരണങ്ങൾ, കണ്ണട എന്നിവ വാങ്ങാനോ പാരിതോഷികമായി ലഭിക്കുവാനോ സാധ്യതയുണ്ട്.. സുഖഭോഗങ്ങളുണ്ടാകുന്നതാണ്. കലാപ്രവർത്തനം പുരസ്കൃതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹത്തിനനുസരിച്ച വിഷയങ്ങളിൽ ഉപരിപഠനം സിദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടാം. ആരോഗ്യകാര്യത്തിൽ അശ്രദ്ധയരുത്. മേടം മൂന്നാം ആഴ്ച മുതൽ അലച്ചിലേറും.

കാർത്തിക: നക്ഷത്രനാഥൻ ആയ ആദിത്യൻ ഉച്ചത്തിലും അത്യുച്ചത്തിലും ഒക്കെയായി സഞ്ചരിക്കുകയാൽ മനോബലവും കർമ്മബലവും ഭവിക്കും. പ്രതികൂലതകളെ തുച്ഛീകരിക്കും. ഉന്നതമായ ചിന്താശക്തിയുണ്ടാകുന്നതാണ്. മത്സരം, പരീക്ഷ ഇവയിൽ വിജയം വരിക്കും. അധികാരികളുടെ ആദരം ലഭിക്കുന്നതാണ്. ഒപ്പമുള്ളവരുടെ ക്ലേശങ്ങൾക്ക് കഴിയുംവിധം സഹായമേകും. ഇടയ്ക്ക് യാത്രകൾ വേണ്ടിവന്നേക്കും. കച്ചവടത്തിൽ നിന്നും വരവ് വർദ്ധിക്കുന്നതാണ്. മേടം അവസാനം മുതൽ ഇടവം പത്ത് വരെ കാർത്തിക ഞാറ്റുവേലയാകയാൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഹൃദയ /ശിരോരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ഇടവക്കൂറുകാരായ കാർത്തിക നാളുകാർക്ക് മേടത്തിൽ ചെലവധികരിക്കുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കുന്നത് അഭിലഷണീയം.

രോഹിണി: പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം ചെലവുകൾ, വിഭവനാശം, അപ്രതീക്ഷിത യാത്രകൾ തുടങ്ങിയവയ്ക്ക് വഴിതുറക്കാം. രണ്ടിലെ ചൊവ്വ വാഗ്വാദങ്ങളിലേക്ക് നയിച്ചേക്കും. ചിലപ്പോൾ കടബാധ്യതകൾ വലയ്ക്കാനും ഇടയുണ്ട്. എങ്കിലും ജന്മരാശിയിൽ സഞ്ചരിക്കുന്ന സ്വക്ഷേത്രാധിപനായ ശുക്രൻ വിശിഷ്ടമായ അനുഭവങ്ങളും നേട്ടങ്ങളും ഭോഗവും നൽകുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ കൈവരും. പ്രണയാനുഭവങ്ങൾ പുഷ്പസുരഭിലമാകും. ദാമ്പത്യത്തിലെ നീരസങ്ങൾ പിൻവാങ്ങുന്നതാണ്. പങ്കുകച്ചവടത്തിൽ നിന്നും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം, വ്യയം എന്നിവയിൽ ജാഗ്രത പുലർത്തുന്നത് അഭിലഷണീയം.

മകയിരം: മകയിരം നക്ഷത്രത്തിന്റെ ആദ്യ പകുതി ഇടവക്കൂറിലും രണ്ടാം പകുതി മിഥുനക്കൂറിലും വരുന്നു. മിഥുനക്കൂറുകാർക്കാവും, ഈ മാസം പ്രായേണ ഗുണപ്രദം. വ്യാഴം, രാഹു, ആദിത്യൻ, ബുധൻ എന്നിവ പതിനൊന്നാമെടത്തിൽ സഞ്ചരിക്കുന്നു. ധനപരമായി നേട്ടങ്ങൾ ഉണ്ടാവും. പിതൃസ്വത്തിന്റെ അവകാശം, ഭൂമിയിൽ നിന്നും ആദായം ഇവ പ്രതീക്ഷിക്കാനാവും. പഠനത്തിൽ ഉയർന്ന വിജയം നേടും. മത്സരങ്ങളിൽ തിളങ്ങും. രാഷ്ട്രീയത്തിൽ പദവികൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഇടവക്കൂറുകാർ ചെലവ് നിയന്ത്രിക്കണം. പ്രധാന തീരുമാനങ്ങൾ അല്പം നീട്ടിവെക്കുകയാവും ഉചിതം. വാക്കുകളുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം. സാഹസങ്ങൾക്ക് മുതിരരുത്. വാഹനവും അഗ്നിയും ഉപയോഗിക്കുമ്പോൾ ജാഗ്രത കുറക്കരുത്. എന്നാലും ശുക്രന്റെ ആനുകൂല്യത്താൽ ജീവിതം ഒട്ടൊക്കെ ആസ്വാദ്യമായിത്തീരുന്നതാണ്.

തിരുവാതിര: പതിനൊന്നാം രാശിയിലെ ഗ്രഹാധിക്യം ഗുണമേകും. ചിരകാലത്തെ ആഗ്രഹങ്ങൾ നിറവേറപ്പെടാം. സാമ്പത്തികമായ സുസ്ഥിതിയുണ്ടാകുന്നതാണ്. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കും. സഹപ്രവർത്തകരുടെ വക്താവോ നേതാവോ ആയി മുൻനിരയിൽ നിൽക്കാൻ അവസരമുണ്ടാകും. ഭാഗ്യപുഷ്ടിയുള്ള സമയവുമാണ്. പരീക്ഷാവിജയം, ഇഷ്ടവിഷയങ്ങളിൽ ഉന്നതപഠനാരംഭം എന്നിവയും സാധ്യതകൾ. വ്യാപാര വ്യവസായികൾക്ക് ലാഭമധികരിക്കും. എന്നാൽ ആർഭാടങ്ങൾക്കായി ചിലവും വന്നുചേരുന്നതാണ്. കലഹപ്രേരണ, ആരോഗ്യ സൗഖ്യക്കുറവ്, വീഴ്ച, മുറിവ് തുടങ്ങിയവയ്ക്ക് രാശിസ്ഥിതനായ ചൊവ്വ കാരണമാകാം. കരുതൽ വേണം.

പുണർതം: ഗുണാനുഭവങ്ങൾ വർദ്ധിക്കും. വിദേശ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പ്രൊഫഷണലുകൾക്ക് തൊഴിലുകളിൽ മുന്നേറാൻ കഴിയും. സർക്കാർ ആനുകൂല്യങ്ങൾ കരഗതമാകും. പൊതുപ്രവർത്തകർക്ക് പുതിയ പദവി സിദ്ധിക്കുന്നതാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. തർക്കങ്ങളിൽ നയോപായ ചാതുര്യത്തോടെ ഇടപെടുന്നതാണ്. മുൻ മുതൽ മുടക്കുകൾ ലാഭം കണ്ടുതുടങ്ങും. ചില കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ പോലെ അനുഭവത്തിൽ വരും. രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. കലാപ്രവർത്തകരുടെ കഴിവുകൾക്ക് പിന്തുന്ന സിദ്ധിക്കും. മേടം പകുതി മുതൽ ചൊവ്വ പുണർതത്തിലൂടെ സഞ്ചരിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.

പൂയം: കർമ്മരംഗത്ത് വളർച്ച പ്രതീക്ഷിക്കാം. അധികാരികളുടെ അനുമോദനത്തിന് അർഹരാവും. തൊഴിലിടത്തിലെ പ്രതികൂല സാഹചര്യങ്ങളെ സമർത്ഥമായി മറികടക്കും. പഠന ഗവേഷണങ്ങളിൽ ഉണർന്ന് പ്രവർത്തിക്കും. കലാപരമായി ഉയർച്ചയുണ്ടാകുന്നതാണ്. കടബാധ്യതകൾ കുറയും. അധ്വാനവും സമർപ്പണവും വിലമതിക്കപ്പെടും. സൗഹൃദങ്ങൾ ഗാഢമാകുന്നതാണ്. പ്രണയം സഫലമാകും. കുടുംബഭദ്രത പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾ ഒരു സാധ്യതയാണ്. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

ആയില്യം: നക്ഷത്രനാഥനായ ബുധന്റെ ചൊവ്വയുമായുള്ള പരിവർത്തനം മാസാന്ത്യം വരെ നീളുകയാൽ ചില അനിശ്ചിതത്ത്വങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നടന്നുകിട്ടുകയും ചെയ്യും. തൊഴിലിൽ നിന്നും പ്രശസ്തിയും ആദായവും വന്നുചേരുന്നതാണ്. സ്വന്തമായി തൊഴിൽ തേടുന്നവർക്ക് ന്യായമായവരുമാന മാർഗം ലഭിച്ചേക്കും. കുടുംബഭദ്രത പ്രതീക്ഷിക്കാം. വിദേശ / അന്യദേശ യാത്രക്ക് കളമൊരുങ്ങും. വീടോ വാഹനമോ വാങ്ങാനോ, നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ ഏതാണ്ട് വിജയിക്കും. വ്യവഹാരങ്ങൾക്ക് ഇത് അനുകൂലവേളയല്ല. ആരോഗ്യകാര്യത്തിൽ അനാസ്ഥയരുത്. ക്രയവിക്രയത്തിൽ ജാഗ്രത വേണ്ടതുണ്ട്.

മകം: ക്ലേശങ്ങൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വ്യക്തി ജീവിതത്തിലും കർമ്മരംഗത്തും അതിന്റെ പ്രതിഫലനം അറിയാൻ കഴിയും. ഉദ്യോഗസ്ഥർ അധികാര സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടും. സംഘടനകളുടെ / കക്ഷികളുടെ മുൻനിരയിൽ എത്തും. വ്യാപാരം- വ്യവസായം എന്നിവയിൽ പുരോഗതിയുണ്ടാകും. സ്വാശ്രയത്വത്തിൽ ആഹ്ളാദിക്കാനാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടാനും പഴയ സുഹൃത്തുക്കളെ കാണാനും സന്ദർഭം വന്നെത്തും. പുരോഗതിക്ക് എതിരാകുന്ന ചില പ്രതികൂല സാഹചര്യങ്ങളെ അകറ്റാനാവും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. പഠനത്തിൽ മുന്നിലെത്തും. മാസാന്ത്യം ക്രയവിക്രയം, ആരോഗ്യം ഇവയിൽ ജാഗ്രത പാലിക്കണം.

പൂരം: വ്യാഴം നവമഭാവത്തിൽ ആണെങ്കിലും മൗഢ്യം തുടരുന്നതിനാൽ ചെറിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ ആദ്യ ആഴ്ചകളിൽ ഉണ്ടായില്ലെന്ന് വരാനും സാധ്യതയുണ്ട്. എന്നാലും കർമ്മരംഗം പുരോഗതിയിൽ തന്നെയാകും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. അധികാരികളുടെ മറഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഗുണകരമാവും. നിലപാടുകൾ ശരിയാണോ എന്ന ചിന്ത ഇടക്കിടെ ചിത്തശല്യകാരിയാകാം. ധനപരമായി മോശമല്ല, കാലം. കുടുംബജീവിതം ഏഴിലെ ശനിയുടെ സുസ്ഥിതിയാൽ മെച്ചപ്പെടുന്നതാണ്. അവിവാഹിതർക്ക് ആശാവഹമായ കാലമാണെന്ന് പറയാം. നവസംരംഭങ്ങൾക്കും വമ്പിച്ച മുതൽമുടക്കുകൾക്കും അല്പം കൂടി കാത്തിരിക്കുന്നതാവും സമുചിതം.

ഉത്രം: നക്ഷത്രനാഥനായ ആദിത്യന്റെ ഉച്ചരാശ്യധിപത്യം നിങ്ങളുടെ ആത്മപ്രഭാവം വർദ്ധിപ്പിക്കും. ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാനാവും. കർമ്മമേഖലയിൽ നേട്ടങ്ങളുണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. സാഹചര്യങ്ങൾ വിപരീതമായാലും അവയെ നിർഭയം നേരിടും. ഗാർഹികാന്തരീക്ഷത്തിലെ കാലുഷ്യങ്ങൾ അകലും. മേടം രണ്ടാം പകുതി മുതൽ ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് അഭിനന്ദനീയമായ പരീക്ഷാ വിജയം സിദ്ധിക്കും. കലാപ്രവർത്തനത്തിന് വീട്ടിനകത്തും പുറത്തും മാന്യത വന്നുചേരുന്നതാണ്. ഭൂമിസംബന്ധിച്ച ഇടപാടുകളിൽ അമളി പിണയരുത്. സർക്കാർ ആനുകൂല്യങ്ങൾ, വായ്പ, ചിട്ടി എന്നിവയിലൂടെ ധനം വന്നുചേരുന്നതാണ്.

അത്തം: അഷ്ടമരാശിയിലെ ഗ്രഹാധിക്യം കാര്യതടസ്സം, ഭാഗ്യഹാനി എന്നിവയ്ക്ക് ചെറിയ തോതിലെങ്കിലും കാരണമാകുന്നതാണ്. സുലഭവസ്തുക്കൾ ലഭിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വന്നേക്കാം. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ട കാലമാണ്. ധനസ്ഥിതിയിൽ വലിയ മാറ്റം പ്രതീക്ഷിക്കാനില്ല. ചൊവ്വ പതിനൊന്നിലേക്ക് വരുന്നതിനാൽ മാസാവസാനം ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങൾ പരാജയപ്പെടാം. കരാർപണികൾ സ്ഥിരപ്പെടാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. വലിയ മുതൽമുടക്കുകൾ ഒന്നുകൂടി ആലോചിച്ച് തുടങ്ങുകയാവും നല്ലത്. ശനിയുടെ ബലം ഒരു പരിധിവരെ ക്ലേശങ്ങളെ മറികടക്കാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതാണ്.

ചിത്തിര: പ്രവർത്തന രംഗം വിപുലീകരിക്കും. കിട്ടാനുള്ള കടങ്ങൾ പിരിഞ്ഞുകിട്ടുന്നതാണ്. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ലാഭമുണ്ടാകും. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കാലം അനുകൂലമാണ്. ബന്ധുക്കളുടെ പിന്തുണ സമയോചിതമായിരിക്കും. മക്കളുടെ പഠനം വിവാഹം മുതലായവയ്ക്കായി ചില സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ഉപരിപഠനത്തിന് നല്ല അവസരം ഉണ്ടാകും. എതിർപ്പുകളെ വേഗം തിരിച്ചറിയാനാവും. മാസത്തിന്റെ രണ്ടാം ആഴ്ചക്ക് ശേഷം ചൊവ്വ ദുർബലമാകുന്നതിനാൽ സഹോദരക്ലേശം ഏർപ്പെട്ടേക്കാം. കലഹ പ്രേരണകളെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യജാഗരൂകതയും വേണം.

ചോതി: മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നും. വ്യാഴം ഹിതരാശിയിൽ വന്നുവെങ്കിലും മേടം പകുതിയോളം മൗഢ്യാവസ്ഥയിൽ തുടരുകയാണ്. ഉയർന്ന ചിന്തയിലൂടെ ഒപ്പമുള്ളവരുടെ ജീവിതത്തിൽ മാതൃകാസ്ഥാനം നേടും. ആത്മികസാധനകൾക്ക് ഭംഗം വരാം. രാശ്യധിപന്റെ സ്വക്ഷേത്രപ്രതാപം വ്യക്തിത്വത്തെ പ്രഭാവിതമാക്കുന്നതാണ്. പഠനത്തിൽ ശരാശരിക്കുമേലെയുള്ള വിജയം കൈവരിക്കും. കർമ്മരംഗം വിപുലീകരിക്കാൻ ആരംഭിക്കുന്നതാണ്. ധനാധിപൻ ചൊവ്വ ഭാവത്തിന്റെ അഷ്ടമത്തിലാകുകയാൽ പാഴ്ചെലവുകൾ, ആശുപത്രിചിലവുകൾ എന്നിവ സാധ്യതകൾ. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

വിശാഖം: ഉദ്യോഗസ്ഥർ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കച്ചവടത്തിൽ നിന്നും നേരിയ ലാഭം വന്നുതുടങ്ങുന്നതാണ്. പഠനമിടുക്കിന് വിദ്യാർത്ഥികൾക്ക് അംഗീകാരം സിദ്ധിക്കും. വ്യാഴം മൗഢ്യത്തിൽ തുടരുകയാൽ ആദ്യപകുതിയിൽ കാര്യതടസ്സം വരാം. സാമ്പത്തിക സ്വാശ്രയത്വം അനുഭവത്തിലെത്താൻ ഒന്നുരണ്ട് ആഴ്ചകൾ കൂടി വേണ്ടിവന്നേക്കാം. സാഹസങ്ങൾക്ക് മുതിരരുത്. ചില ഉപദേശങ്ങൾ മറ്റുള്ളവർക്ക് പകരും മുൻപ് തനിക്ക് ഗുണപ്രദമാണോ എന്ന് പരിശോധിക്കാൻ മറക്കരുത്. പുതിയ പ്രോജക്ടുകൾ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കുക ഉചിതം. ആരോഗ്യപരിരക്ഷ യിൽ അലംഭാവമരുത്.

അനിഴം: മുഖ്യതൊഴിലിനൊപ്പം, ഉപതൊഴിലിൽ നിന്നും ആദായം ഉണ്ടാകും. പത്താം ഭാവധിപനായ ആദിത്യൻ ഉച്ചരാശിയിൽ സഞ്ചരിക്കുന്നതിന്റെ പ്രതിഫലനമാണത്. അധികാര പദവികൾ വഹിക്കാനിടവരും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ ഏറും. മികച്ച പരീക്ഷാവിജയം കരസ്ഥമാക്കിയതിനാൽ ഇഷ്ടവിഷയങ്ങളിൽ ഉപരി വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറക്കപ്പെടും. ജോലി സംബന്ധമായി അയൽ / അന്യ നാടുകളിലേക്ക് താമസം മാറേണ്ടി വരാം. നവീന സാങ്കേതികവിദ്യകൾ വ്യക്തിജീവിതത്തിലും പ്രയോജനപ്പെടുത്തുന്നതാണ്. ഗാർഹികരംഗം സ്വച്ഛന്ദമാകും. ശുക്രന്റെ ഏഴിലെ സ്ഥിതി പ്രണയാനുഭവങ്ങൾക്ക് കാരണമാകാം. ആരോഗ്യം സംരക്ഷിക്കുന്നതിൽ ജാഗ്രത കുറയ്ക്കരുത്.

തൃക്കേട്ട: പ്രവർത്തനോർജം വർദ്ധിക്കും. നവസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. സമൂഹമാധ്യമങ്ങളുടെ പിൻബലം വ്യാപാരവിജയത്തിന് സ്വീകരിക്കും. ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനങ്ങൾ കിട്ടിയേക്കും. ‘മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ’ എന്ന പ്രമാണപ്രകാരം പഠനത്തിൽ നല്ലവളർച്ച പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. യാത്രകൾ തൊഴിൽപരമായും വ്യക്തിപരമായും നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. അഷ്ടമകുജൻ മാസാന്ത്യത്തോടെ സ്ഥാനം മാറുകയാൽ ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത കുറഞ്ഞേക്കും.

മൂലം: അഞ്ചാമെടത്തിലെ, വിശിഷ്യാ, അനുജന്മമായ അശ്വതിയിലെ ഗ്രഹാധിക്യം ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകളുണ്ടാകാം. അതിചിന്ത കർമ്മ പരാങ്മുഖത്വത്തിലേക്ക് നയിക്കാനിടയുണ്ട്. എങ്കിലും ശക്തമായ പിന്തുണ ലഭിക്കുന്നത് മുന്നോട്ടുള്ള പോക്കിന് കരുത്തേകും. ആറിലെ രാഹുവും ഏഴിലെ കുജനും തൊഴിൽ / ഗാർഹിക രംഗങ്ങളെ തെല്ല് അസ്വസ്ഥമാക്കിയേക്കാം. എന്നാൽ ഭാഗ്യാധിപനായ ആദിത്യന്റെ ഉച്ചരാശിസ്ഥിതി ക്ലേശങ്ങളെ അകറ്റും. മനസ്ഥൈര്യം പകരും. ധനപരമായി മെച്ചങ്ങളേകും. ജീവിതത്തിന്റെ സന്തുലിതാവസ്ഥ തുടരുന്നതാണ്. ധ്യാന-യോഗമാർഗങ്ങൾ അവലംബിക്കുവാൻ താല്പര്യമേറും.

പൂരാടം: നക്ഷത്രനാഥനായ ശുക്രന്റെ സ്വക്ഷേത്രസ്ഥിതി, ഭാഗ്യാധിപന്റെ ഉച്ചസ്ഥിതി ഇവയാൽ നല്ല അനഭവങ്ങൾക്ക് പ്രാമുഖ്യം കൈവരുന്ന മാസമാണ്. പ്രവൃത്തിയിൽ നേട്ടങ്ങൾ, അധികാരികളുടെ അംഗീകാരം എന്നിവ സിദ്ധിക്കും. രാശിനാഥനായ വ്യാഴത്തിന്റെ മൗഢ്യം മാസപ്പകുതിയോളം തുടരുകയാൽ ശരീരമനസ്സുകൾക്ക് ചില അസ്വാസ്ഥ്യങ്ങൾ വന്നുചേരാം. മക്കളുടെ പ്രശ്നങ്ങൾ തലവേദനയ്ക്ക് കാരണമായെന്നു വന്നേക്കാം. ഏഴിലെ കുജസ്ഥിതി കുടുംബബന്ധങ്ങളിൽ ഭിന്നസ്വരങ്ങൾ ഉയരുന്നതിന് വഴിതുറക്കാനിടയുള്ളതിനാൽ അനുരഞ്ജനത്തിന്റെ പാതയാവും സുഗമം. ധനവരവ് മോശമാവില്ല. സൽകാര്യങ്ങൾക്കായി ചെലവും ഉണ്ടാവും. വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് നേരിയ വിളംബം ഭവിക്കാം. വൃദ്ധജനങ്ങളുടെ സഹകരണം വലിയ പിൻബലമരുളുന്നതായിരിക്കും.

ഉത്രാടം: ആശയങ്ങൾ പലതും ആവിഷ്കരിക്കുക എളുപ്പമല്ലെന്നറിയും. അവസരങ്ങളെ ഭംഗിയായി പ്രയോജനപ്പെടുത്തുകയാവും കരണീയം എന്ന് തിരിച്ചറിയും. ധനാഗമം മോശമാവില്ല. നക്ഷത്രനാഥൻ ആദിത്യൻ ഉച്ചരാശിയിൽ ആവുകയാൽ ആത്മവിശ്വാസം ഏറും. കുടുംബത്തിലും കർമ്മമേഖലയിലും അംഗീകരിക്കപ്പെടും. പുതുപദവികളും ചുമതലകളും വന്നുചേരുന്നതാണ്. പിൻതലമുറക്കാരെയോർത്ത് വ്യാകുലപ്പെട്ടേക്കും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അഭിമാനാർഹമായ വിജയം സിദ്ധിക്കുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ഭോഗസിദ്ധി, വിനോദയാത്രകൾ, ആഢംബര വസ്തുക്കൾ വാങ്ങുക എന്നിവയും ഭവിക്കാം.

തിരുവോണം: ഈ വർഷത്തെ മേടസംക്രമനക്ഷത്രം കൂടിയാണ് തിരുവോണം. വീട്, വാഹനം, മനസ്സമാധാനം എന്നിവയുമായി ബന്ധപ്പെട്ട നാലാമെടത്ത് ശുഭപാപന്മാർ കലർന്ന് കാണുന്നതിനാൽ പ്രസ്തുതവിഷയങ്ങളിൽ ശ്രദ്ധയാവശ്യമാണ്. ധനസ്ഥിതി മോശമാവില്ല. നിക്ഷേപങ്ങളിൽ നിന്നും നല്ല വരുമാനം ഉണ്ടാകും. കച്ചവടം അഭിവൃദ്ധികരമാവുന്നതാണ്. നൂതന സാങ്കേതികരീതികൾ സ്ഥാപനത്തിൽ പ്രയുക്തമാക്കാനുള്ള ശ്രമം വിജയിക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവർക്കും ഏത്‌ വിഷയം തിരഞ്ഞെടുക്കണം എന്നതിനെച്ചൊല്ലി തീരുമാനത്തിലെത്താൻ താമസം നേരിട്ടേക്കാം. കലാപ്രവർത്തകർക്ക് അഞ്ചിലെ ശുക്രസ്ഥിതിയാൽ ഭാവനാപൂർണമായ രചനകൾ സൃഷ്ടിക്കുവാനാവും. മാനസികസംഘർഷം കുറക്കാൻ വേണ്ട പരീശീലനങ്ങൾ കൈക്കൊള്ളുന്നത് ഗുണകരമായേക്കാം.

അവിട്ടം: പല നിലയ്ക്കും മാറ്റത്തിന്റെ ആരംഭമാണ്. വീടോ നാടോ മാറിത്താമസിക്കാനിടയുണ്ട്. പുതുജോലിക്കായുള്ള പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്താൻ നയോപായം വേണ്ടിവരും. ഗൃഹനിർമ്മാണം പൂർത്തിയാവുന്നതാണ്. ഉപേക്ഷിച്ച കലാ-കായിക- വിനോദ താത്പര്യങ്ങൾ വീണ്ടും പൊട്ടിമുളയ്ക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതായിരിക്കും. മക്കളുടെ വിദ്യാഭ്യാസ പുരോഗതിയിൽ സന്തോഷിക്കും. മാനസിക സംഘർഷങ്ങൾ ലഘുകരിക്കാനായാൽ കൂടുതൽ സന്തോഷിക്കാൻ സാധിക്കുന്നതാണ്.

ചതയം: പിന്തുണയും സഹായവും പല ഭാഗത്തുനിന്നുമുണ്ടാവും. അതിനനുസരിച്ച് ആത്മാർത്ഥമായ പ്രവർത്തനവും ശരിയായ ദിശയിലേക്ക് നീക്കവും നടത്തേണ്ട കാലമാണ്. ഗൃഹവാഹനാദികൾ നവീകരിക്കാനിടയുണ്ട്. കുടുംബജീവിതം സ്വസ്ഥതയുള്ളതാവും. ലാഭധനസ്ഥാനാധിപനായ വ്യാഴം മൗഢ്യത്തിലാകയാൽ മാസാദ്യം പണഞെരുക്കം വന്നേക്കാം. ഭാവിപഠനത്തിൽ വ്യക്തതയുണ്ടാവും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. മക്കളെച്ചൊല്ലി ചില ഉൽക്കണ്ഠകൾ ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ അനാസ്ഥയരുത്.

പൂരുട്ടാതി: നക്ഷത്രനാഥന്റെ മൗഢ്യം മാസത്തിന്റെ ആദ്യ പകുതിയോളം തുടരുകയാൽ മാറ്റം പ്രകടമാവുന്നത് രണ്ടാം പകുതിയിലാവും. ആന്തരികക്ഷോഭം കുറയുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും. തൊഴിൽ മാറ്റം പ്രതീക്ഷിക്കുന്നവർക്കും കാലം ആനുകൂലമാണ്. സുഹൃൽബന്ധങ്ങൾ വിപുലീകരിക്കും. യാത്രകൾ പ്രയോജനകരമാവും. കടബാധ്യത കുറയുന്നതാണ്. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ ഉപരിപഠനത്തിന് സാധ്യതയുണ്ട്. തുടർ ചികിൽസകളിലൂടെ രോഗാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാണ്. ക്ഷമയാണ് ഏറ്റവും നല്ല ആയുധം എന്നത് മറക്കരുത്.

ഉത്രട്ടാതി: കാലാനുകൂല്യം പ്രകടമാകും, വൈകാതെ. അവഗണനകൾ അവസാനിക്കും. അംഗീകാരം വന്നുചേരുന്നതാണ്. പരീക്ഷാ വിജയം, ഇഷ്ടവിഷയങ്ങളിൽ തുടർ പഠനം ഇവയുണ്ടാകും. അന്യദേശത്ത് തൊഴിൽ കിട്ടും. സ്വന്തമായി വരുമാനം – സ്വാശ്രയത്വം- കൈവരും. ഉദ്യോഗസ്ഥർക്ക്
പദവി ഉയരാം. അവിവാഹിതരുടെ വിവാഹതീരുമാനം, സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ശുഭവാർത്ത എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. വിവാദം, വസ്തുതർക്കം, കുടുംബകലഹം ഇവയും ഒരു സാധ്യതയാകയാൽ വാക് കർമ്മങ്ങളിൽ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. ശുഭകാര്യങ്ങളിൽ ചെലവും ഭവിക്കാം.

രേവതി: വാഗ്വിലാസത്താൽ സഭകളിലും സംഘടനാവേദികളിലും കൈയ്യടി നേടും. പരീക്ഷാവിജയം ഉയർന്നതാവും. മേൽപഠനത്തിന് യഥോചിതം കളമൊരുങ്ങും. കുടുംബപ്രശ്നങ്ങൾക്ക് മാസപ്പകുതി മുതൽ രമ്യമായ തീർപ്പുകൾ ഭവിക്കുന്നതാണ്. ദീർഘയാത്രകൾ നല്ല ലക്ഷ്യങ്ങളെ നേടാൻ വേണ്ടിയുള്ളതാവും. തൊഴിലിൽ നഷ്ടപ്രതാപം, ധനഭദ്രത എന്നിവ നേടിയെടുക്കാൻ ശ്രമം തുടങ്ങും. ദിശാബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നിറവേറാനുള്ള സാമ്പത്തികസ്ഥിതി കൈവരും. വാഹനം, അഗ്നി, ആയുധം ഇവയുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: