Medam Month 2023 Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഏപ്രിൽ 15 ന് ആണ് 1198 മേടമാസം ഒന്ന് വരുന്നത്. മുപ്പത് ദിവസങ്ങളാണ് മേടമാസത്തിനുള്ളത്. മേയ് 14 ന് മേടം അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞ് സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് പകരുന്നത്. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.
മേടം 7 ന് ആണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
മകം: ക്ലേശങ്ങൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വ്യക്തി ജീവിതത്തിലും കർമ്മരംഗത്തും അതിന്റെ പ്രതിഫലനം അറിയാൻ കഴിയും. ഉദ്യോഗസ്ഥർ അധികാര സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടും. സംഘടനകളുടെ / കക്ഷികളുടെ മുൻനിരയിൽ എത്തും. വ്യാപാരം- വ്യവസായം എന്നിവയിൽ പുരോഗതിയുണ്ടാകും. സ്വാശ്രയത്വത്തിൽ ആഹ്ളാദിക്കാനാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടാനും പഴയ സുഹൃത്തുക്കളെ കാണാനും സന്ദർഭം വന്നെത്തും. പുരോഗതിക്ക് എതിരാകുന്ന ചില പ്രതികൂല സാഹചര്യങ്ങളെ അകറ്റാനാവും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. പഠനത്തിൽ മുന്നിലെത്തും. മാസാന്ത്യം ക്രയവിക്രയം, ആരോഗ്യം ഇവയിൽ ജാഗ്രത പാലിക്കണം.
പൂരം: വ്യാഴം നവമഭാവത്തിൽ ആണെങ്കിലും മൗഢ്യം തുടരുന്നതിനാൽ ചെറിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ ആദ്യ ആഴ്ചകളിൽ ഉണ്ടായില്ലെന്ന് വരാനും സാധ്യതയുണ്ട്. എന്നാലും കർമ്മരംഗം പുരോഗതിയിൽ തന്നെയാകും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. അധികാരികളുടെ മറഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഗുണകരമാവും. നിലപാടുകൾ ശരിയാണോ എന്ന ചിന്ത ഇടക്കിടെ ചിത്തശല്യകാരിയാകാം. ധനപരമായി മോശമല്ല, കാലം. കുടുംബജീവിതം ഏഴിലെ ശനിയുടെ സുസ്ഥിതിയാൽ മെച്ചപ്പെടുന്നതാണ്. അവിവാഹിതർക്ക് ആശാവഹമായ കാലമാണെന്ന് പറയാം. നവസംരംഭങ്ങൾക്കും വമ്പിച്ച മുതൽമുടക്കുകൾക്കും അല്പം കൂടി കാത്തിരിക്കുന്നതാവും സമുചിതം.
ഉത്രം: നക്ഷത്രനാഥനായ ആദിത്യന്റെ ഉച്ചരാശ്യധിപത്യം നിങ്ങളുടെ ആത്മപ്രഭാവം വർദ്ധിപ്പിക്കും. ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാനാവും. കർമ്മമേഖലയിൽ നേട്ടങ്ങളുണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. സാഹചര്യങ്ങൾ വിപരീതമായാലും അവയെ നിർഭയം നേരിടും. ഗാർഹികാന്തരീക്ഷത്തിലെ കാലുഷ്യങ്ങൾ അകലും. മേടം രണ്ടാം പകുതി മുതൽ ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് അഭിനന്ദനീയമായ പരീക്ഷാ വിജയം സിദ്ധിക്കും. കലാപ്രവർത്തനത്തിന് വീട്ടിനകത്തും പുറത്തും മാന്യത വന്നുചേരുന്നതാണ്. ഭൂമിസംബന്ധിച്ച ഇടപാടുകളിൽ അമളി പിണയരുത്. സർക്കാർ ആനുകൂല്യങ്ങൾ, വായ്പ, ചിട്ടി എന്നിവയിലൂടെ ധനം വന്നുചേരുന്നതാണ്.
അത്തം: അഷ്ടമരാശിയിലെ ഗ്രഹാധിക്യം കാര്യതടസ്സം, ഭാഗ്യഹാനി എന്നിവയ്ക്ക് ചെറിയ തോതിലെങ്കിലും കാരണമാകുന്നതാണ്. സുലഭവസ്തുക്കൾ ലഭിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വന്നേക്കാം. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ട കാലമാണ്. ധനസ്ഥിതിയിൽ വലിയ മാറ്റം പ്രതീക്ഷിക്കാനില്ല. ചൊവ്വ പതിനൊന്നിലേക്ക് വരുന്നതിനാൽ മാസാവസാനം ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങൾ പരാജയപ്പെടാം. കരാർപണികൾ സ്ഥിരപ്പെടാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. വലിയ മുതൽമുടക്കുകൾ ഒന്നുകൂടി ആലോചിച്ച് തുടങ്ങുകയാവും നല്ലത്. ശനിയുടെ ബലം ഒരു പരിധിവരെ ക്ലേശങ്ങളെ മറികടക്കാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതാണ്.
ചിത്തിര: പ്രവർത്തന രംഗം വിപുലീകരിക്കും. കിട്ടാനുള്ള കടങ്ങൾ പിരിഞ്ഞുകിട്ടുന്നതാണ്. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ലാഭമുണ്ടാകും. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് കാലം അനുകൂലമാണ്. ബന്ധുക്കളുടെ പിന്തുണ സമയോചിതമായിരിക്കും. മക്കളുടെ പഠനം വിവാഹം മുതലായവയ്ക്കായി ചില സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ഉപരിപഠനത്തിന് നല്ല അവസരം ഉണ്ടാകും. എതിർപ്പുകളെ വേഗം തിരിച്ചറിയാനാവും. മാസത്തിന്റെ രണ്ടാം ആഴ്ചക്ക് ശേഷം ചൊവ്വ ദുർബലമാകുന്നതിനാൽ സഹോദരക്ലേശം ഏർപ്പെട്ടേക്കാം. കലഹ പ്രേരണകളെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യജാഗരൂകതയും വേണം.
ചോതി: മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നും. വ്യാഴം ഹിതരാശിയിൽ വന്നുവെങ്കിലും മേടം പകുതിയോളം മൗഢ്യാവസ്ഥയിൽ തുടരുകയാണ്. ഉയർന്ന ചിന്തയിലൂടെ ഒപ്പമുള്ളവരുടെ ജീവിതത്തിൽ മാതൃകാസ്ഥാനം നേടും. ആത്മികസാധനകൾക്ക് ഭംഗം വരാം. രാശ്യധിപന്റെ സ്വക്ഷേത്രപ്രതാപം വ്യക്തിത്വത്തെ പ്രഭാവിതമാക്കുന്നതാണ്. പഠനത്തിൽ ശരാശരിക്കുമേലെയുള്ള വിജയം കൈവരിക്കും. കർമ്മരംഗം വിപുലീകരിക്കാൻ ആരംഭിക്കുന്നതാണ്. ധനാധിപൻ ചൊവ്വ ഭാവത്തിന്റെ അഷ്ടമത്തിലാകുകയാൽ പാഴ്ചെലവുകൾ, ആശുപത്രിചിലവുകൾ എന്നിവ സാധ്യതകൾ. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
വിശാഖം: ഉദ്യോഗസ്ഥർ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കച്ചവടത്തിൽ നിന്നും നേരിയ ലാഭം വന്നുതുടങ്ങുന്നതാണ്. പഠനമിടുക്കിന് വിദ്യാർത്ഥികൾക്ക് അംഗീകാരം സിദ്ധിക്കും. വ്യാഴം മൗഢ്യത്തിൽ തുടരുകയാൽ ആദ്യപകുതിയിൽ കാര്യതടസ്സം വരാം. സാമ്പത്തിക സ്വാശ്രയത്വം അനുഭവത്തിലെത്താൻ ഒന്നുരണ്ട് ആഴ്ചകൾ കൂടി വേണ്ടിവന്നേക്കാം. സാഹസങ്ങൾക്ക് മുതിരരുത്. ചില ഉപദേശങ്ങൾ മറ്റുള്ളവർക്ക് പകരും മുൻപ് തനിക്ക് ഗുണപ്രദമാണോ എന്ന് പരിശോധിക്കാൻ മറക്കരുത്. പുതിയ പ്രോജക്ടുകൾ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കുക ഉചിതം. ആരോഗ്യപരിരക്ഷ യിൽ അലംഭാവമരുത്.
അനിഴം: മുഖ്യതൊഴിലിനൊപ്പം, ഉപതൊഴിലിൽ നിന്നും ആദായം ഉണ്ടാകും. പത്താം ഭാവധിപനായ ആദിത്യൻ ഉച്ചരാശിയിൽ സഞ്ചരിക്കുന്നതിന്റെ പ്രതിഫലനമാണത്. അധികാര പദവികൾ വഹിക്കാനിടവരും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ ഏറും. മികച്ച പരീക്ഷാവിജയം കരസ്ഥമാക്കിയതിനാൽ ഇഷ്ടവിഷയങ്ങളിൽ ഉപരി വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറക്കപ്പെടും. ജോലി സംബന്ധമായി അയൽ / അന്യ നാടുകളിലേക്ക് താമസം മാറേണ്ടി വരാം. നവീന സാങ്കേതികവിദ്യകൾ വ്യക്തിജീവിതത്തിലും പ്രയോജനപ്പെടുത്തുന്നതാണ്. ഗാർഹികരംഗം സ്വച്ഛന്ദമാകും. ശുക്രന്റെ ഏഴിലെ സ്ഥിതി പ്രണയാനുഭവങ്ങൾക്ക് കാരണമാകാം. ആരോഗ്യം സംരക്ഷിക്കുന്നതിൽ ജാഗ്രത കുറയ്ക്കരുത്.
തൃക്കേട്ട: പ്രവർത്തനോർജം വർദ്ധിക്കും. നവസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. സമൂഹമാധ്യമങ്ങളുടെ പിൻബലം വ്യാപാരവിജയത്തിന് സ്വീകരിക്കും. ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനങ്ങൾ കിട്ടിയേക്കും. ‘മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ’ എന്ന പ്രമാണപ്രകാരം പഠനത്തിൽ നല്ലവളർച്ച പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. യാത്രകൾ തൊഴിൽപരമായും വ്യക്തിപരമായും നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. അഷ്ടമകുജൻ മാസാന്ത്യത്തോടെ സ്ഥാനം മാറുകയാൽ ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത കുറഞ്ഞേക്കും.