scorecardresearch
Latest News

മേട മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Medam Month 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്

medam, astrology, ie malayalam
മേട മാസത്തെ നക്ഷത്രഫലം

Medam Month 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ഏപ്രിൽ 15 ന് ആണ് 1198 മേടമാസം ഒന്ന് വരുന്നത്. മുപ്പത് ദിവസങ്ങളാണ് മേടമാസത്തിനുള്ളത്. മേയ് 14 ന് മേടം അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞ് സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് പകരുന്നത്. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.

മേടം 7 ന് ആണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ മേടമാസത്തെ സാമാന്യമായ അനുഭവങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

അശ്വതി: രാഹു അശ്വതിയുടെ നാലാം പാദത്തിൽ സഞ്ചരിക്കുകയാണ്. മേടം പത്ത് മുതൽ മൂന്നാം പാദത്തിൽ പ്രവേശിക്കും. മേടം 7 ന് വ്യാഴം അശ്വതിയിൽ പ്രവേശിക്കുന്നു.14-ാം തീയതി വരെ അശ്വതി ഞാറ്റുവേലയാണ്. (സൂര്യൻ അശ്വതിയിൽ). മാസാന്ത്യം വക്രഗതിയിൽ ബുധനും അശ്വതിയിൽ വരുന്നു. കുറച്ചൊക്കെ ആശയക്കുഴപ്പങ്ങളും ചീത്തചാഞ്ചല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാവാം. ശുക്രൻ രണ്ടിലും ശനി പതിനൊന്നിലും സ്വക്ഷേത്രസ്ഥന്മാരായി തുടരുകയാൽ ധനപരമായി നല്ലഫലങ്ങൾ പ്രതീക്ഷിക്കാനാവും. സംഭാഷണവശ്യത ശ്രദ്ധിക്കപ്പെടും. പഠനത്തിൽ മികച്ച വിജയമുണ്ടാകുന്നതാണ്. തൊഴിൽരംഗം സന്തുലിതമാകും. ആരോഗ്യപരമായി കൂടുതൽ
ശ്രദ്ധ വേണ്ടതുണ്ട്. വിവാഹകാര്യത്തിൽ പുരോഗതി വരുന്നതാണ്. സാഹസികത, തർക്കം എന്നിവയ്ക്ക് മുതിരരുത്.

ഭരണി: നക്ഷത്രനാഥൻ ശുക്രൻ സ്വക്ഷേത്രത്തിൽ നിൽക്കുകയാൽ മനോവാക്കർമ്മങ്ങൾക്ക് ബലമുണ്ടാവും. മൂന്നിലെ ചൊവ്വ സഹപ്രവർത്തകരിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കാൻ കാരണമാകും. വസ്തുക്കൾ, നിക്ഷേപങ്ങൾ ഇവയിൽ നിന്നും വരുമാനം വർദ്ധിച്ചേക്കാം. അവിവാഹിതർക്ക് വിവാഹതീരുമാനം ഭവിക്കുന്നതാണ്. തൊഴിലിൽ നൂതനത്വം വരുത്തും. മുഖാഭരണങ്ങൾ, കണ്ണട എന്നിവ വാങ്ങാനോ പാരിതോഷികമായി ലഭിക്കുവാനോ സാധ്യതയുണ്ട്.. സുഖഭോഗങ്ങളുണ്ടാകുന്നതാണ്. കലാപ്രവർത്തനം പുരസ്കൃതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹത്തിനനുസരിച്ച വിഷയങ്ങളിൽ ഉപരിപഠനം സിദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടാം. ആരോഗ്യകാര്യത്തിൽ അശ്രദ്ധയരുത്. മേടം മൂന്നാം ആഴ്ച മുതൽ അലച്ചിലേറും.

കാർത്തിക: നക്ഷത്രനാഥൻ ആയ ആദിത്യൻ ഉച്ചത്തിലും അത്യുച്ചത്തിലും ഒക്കെയായി സഞ്ചരിക്കുകയാൽ മനോബലവും കർമ്മബലവും ഭവിക്കും. പ്രതികൂലതകളെ തുച്ഛീകരിക്കും. ഉന്നതമായ ചിന്താശക്തിയുണ്ടാകുന്നതാണ്. മത്സരം, പരീക്ഷ ഇവയിൽ വിജയം വരിക്കും. അധികാരികളുടെ ആദരം ലഭിക്കുന്നതാണ്. ഒപ്പമുള്ളവരുടെ ക്ലേശങ്ങൾക്ക് കഴിയുംവിധം സഹായമേകും. ഇടയ്ക്ക് യാത്രകൾ വേണ്ടിവന്നേക്കും. കച്ചവടത്തിൽ നിന്നും വരവ് വർദ്ധിക്കുന്നതാണ്. മേടം അവസാനം മുതൽ ഇടവം പത്ത് വരെ കാർത്തിക ഞാറ്റുവേലയാകയാൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഹൃദയ /ശിരോരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ഇടവക്കൂറുകാരായ കാർത്തിക നാളുകാർക്ക് മേടത്തിൽ ചെലവധികരിക്കുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കുന്നത് അഭിലഷണീയം.

രോഹിണി: പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം ചെലവുകൾ, വിഭവനാശം, അപ്രതീക്ഷിത യാത്രകൾ തുടങ്ങിയവയ്ക്ക് വഴിതുറക്കാം. രണ്ടിലെ ചൊവ്വ വാഗ്വാദങ്ങളിലേക്ക് നയിച്ചേക്കും. ചിലപ്പോൾ കടബാധ്യതകൾ വലയ്ക്കാനും ഇടയുണ്ട്. എങ്കിലും ജന്മരാശിയിൽ സഞ്ചരിക്കുന്ന സ്വക്ഷേത്രാധിപനായ ശുക്രൻ വിശിഷ്ടമായ അനുഭവങ്ങളും നേട്ടങ്ങളും ഭോഗവും നൽകുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ കൈവരും. പ്രണയാനുഭവങ്ങൾ പുഷ്പസുരഭിലമാകും. ദാമ്പത്യത്തിലെ നീരസങ്ങൾ പിൻവാങ്ങുന്നതാണ്. പങ്കുകച്ചവടത്തിൽ നിന്നും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം, വ്യയം എന്നിവയിൽ ജാഗ്രത പുലർത്തുന്നത് അഭിലഷണീയം.

മകയിരം: മകയിരം നക്ഷത്രത്തിന്റെ ആദ്യ പകുതി ഇടവക്കൂറിലും രണ്ടാം പകുതി മിഥുനക്കൂറിലും വരുന്നു. മിഥുനക്കൂറുകാർക്കാവും, ഈ മാസം പ്രായേണ ഗുണപ്രദം. വ്യാഴം, രാഹു, ആദിത്യൻ, ബുധൻ എന്നിവ പതിനൊന്നാമെടത്തിൽ സഞ്ചരിക്കുന്നു. ധനപരമായി നേട്ടങ്ങൾ ഉണ്ടാവും. പിതൃസ്വത്തിന്റെ അവകാശം, ഭൂമിയിൽ നിന്നും ആദായം ഇവ പ്രതീക്ഷിക്കാനാവും. പഠനത്തിൽ ഉയർന്ന വിജയം നേടും. മത്സരങ്ങളിൽ തിളങ്ങും. രാഷ്ട്രീയത്തിൽ പദവികൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഇടവക്കൂറുകാർ ചെലവ് നിയന്ത്രിക്കണം. പ്രധാന തീരുമാനങ്ങൾ അല്പം നീട്ടിവെക്കുകയാവും ഉചിതം. വാക്കുകളുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം. സാഹസങ്ങൾക്ക് മുതിരരുത്. വാഹനവും അഗ്നിയും ഉപയോഗിക്കുമ്പോൾ ജാഗ്രത കുറക്കരുത്. എന്നാലും ശുക്രന്റെ ആനുകൂല്യത്താൽ ജീവിതം ഒട്ടൊക്കെ ആസ്വാദ്യമായിത്തീരുന്നതാണ്.

തിരുവാതിര: പതിനൊന്നാം രാശിയിലെ ഗ്രഹാധിക്യം ഗുണമേകും. ചിരകാലത്തെ ആഗ്രഹങ്ങൾ നിറവേറപ്പെടാം. സാമ്പത്തികമായ സുസ്ഥിതിയുണ്ടാകുന്നതാണ്. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കും. സഹപ്രവർത്തകരുടെ വക്താവോ നേതാവോ ആയി മുൻനിരയിൽ നിൽക്കാൻ അവസരമുണ്ടാകും. ഭാഗ്യപുഷ്ടിയുള്ള സമയവുമാണ്. പരീക്ഷാവിജയം, ഇഷ്ടവിഷയങ്ങളിൽ ഉന്നതപഠനാരംഭം എന്നിവയും സാധ്യതകൾ. വ്യാപാര വ്യവസായികൾക്ക് ലാഭമധികരിക്കും. എന്നാൽ ആർഭാടങ്ങൾക്കായി ചിലവും വന്നുചേരുന്നതാണ്. കലഹപ്രേരണ, ആരോഗ്യ സൗഖ്യക്കുറവ്, വീഴ്ച, മുറിവ് തുടങ്ങിയവയ്ക്ക് രാശിസ്ഥിതനായ ചൊവ്വ കാരണമാകാം. കരുതൽ വേണം.

പുണർതം: ഗുണാനുഭവങ്ങൾ വർദ്ധിക്കും. വിദേശ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പ്രൊഫഷണലുകൾക്ക് തൊഴിലുകളിൽ മുന്നേറാൻ കഴിയും. സർക്കാർ ആനുകൂല്യങ്ങൾ കരഗതമാകും. പൊതുപ്രവർത്തകർക്ക് പുതിയ പദവി സിദ്ധിക്കുന്നതാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. തർക്കങ്ങളിൽ നയോപായ ചാതുര്യത്തോടെ ഇടപെടുന്നതാണ്. മുൻ മുതൽ മുടക്കുകൾ ലാഭം കണ്ടുതുടങ്ങും. ചില കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ പോലെ അനുഭവത്തിൽ വരും. രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. കലാപ്രവർത്തകരുടെ കഴിവുകൾക്ക് പിന്തുന്ന സിദ്ധിക്കും. മേടം പകുതി മുതൽ ചൊവ്വ പുണർതത്തിലൂടെ സഞ്ചരിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.

പൂയം: കർമ്മരംഗത്ത് വളർച്ച പ്രതീക്ഷിക്കാം. അധികാരികളുടെ അനുമോദനത്തിന് അർഹരാവും. തൊഴിലിടത്തിലെ പ്രതികൂല സാഹചര്യങ്ങളെ സമർത്ഥമായി മറികടക്കും. പഠന ഗവേഷണങ്ങളിൽ ഉണർന്ന് പ്രവർത്തിക്കും. കലാപരമായി ഉയർച്ചയുണ്ടാകുന്നതാണ്. കടബാധ്യതകൾ കുറയും. അധ്വാനവും സമർപ്പണവും വിലമതിക്കപ്പെടും. സൗഹൃദങ്ങൾ ഗാഢമാകുന്നതാണ്. പ്രണയം സഫലമാകും. കുടുംബഭദ്രത പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾ ഒരു സാധ്യതയാണ്. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

ആയില്യം: നക്ഷത്രനാഥനായ ബുധന്റെ ചൊവ്വയുമായുള്ള പരിവർത്തനം മാസാന്ത്യം വരെ നീളുകയാൽ ചില അനിശ്ചിതത്ത്വങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നടന്നുകിട്ടുകയും ചെയ്യും. തൊഴിലിൽ നിന്നും പ്രശസ്തിയും ആദായവും വന്നുചേരുന്നതാണ്. സ്വന്തമായി തൊഴിൽ തേടുന്നവർക്ക് ന്യായമായവരുമാന മാർഗം ലഭിച്ചേക്കും. കുടുംബഭദ്രത പ്രതീക്ഷിക്കാം. വിദേശ / അന്യദേശ യാത്രക്ക് കളമൊരുങ്ങും. വീടോ വാഹനമോ വാങ്ങാനോ, നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ ഏതാണ്ട് വിജയിക്കും. വ്യവഹാരങ്ങൾക്ക് ഇത് അനുകൂലവേളയല്ല. ആരോഗ്യകാര്യത്തിൽ അനാസ്ഥയരുത്. ക്രയവിക്രയത്തിൽ ജാഗ്രത വേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Medam month 2023 star predictions aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars