scorecardresearch

2024 മേയ് മാസത്തിലെ നക്ഷത്രഫലം, മൂലം മുതൽ രേവതിവരെ

മൂലം മുതൽ രേവതി വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മേയ് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

മൂലം മുതൽ രേവതി വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മേയ് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Astrology

May 2024 Horoscope Astrological Predictions

ഇംഗ്ലീഷ് അക്ഷരമാലയിലെ ഏറ്റവും കുറച്ച് അക്ഷരങ്ങൾ ഉപയോഗിച്ചുള്ള  പേരാണ് മേയ് (May) മാസത്തിന് നൽകപ്പെട്ടിരിക്കുന്നത്. സന്ദിഗ്ദ്ധതയുടെ സ്വരം പേരിൻ്റെ അർത്ഥത്തിലുമുണ്ട്. ജ്യോതിഷരീത്യാ പ്രാധാന്യമുള്ളതാണ് മേയ് മാസം. നവഗ്രഹങ്ങളിൽ ഗുരുതുല്യനായി കരുതപ്പെടുന്ന വ്യാഴം/ബൃഹസ്പതി (Jupiter) മേയ് ഒന്നാം തീയതി രാശി മാറുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രമാണ് വ്യാഴത്തിൻ്റെ രാശിമാറ്റം വരുന്നത്.

Advertisment

ആദിത്യൻ മേടം, ഇടവം രാശികളിലൂടെയും ഭരണി, കാർത്തിക,രോഹിണി എന്നീ ഞാറ്റുവേലകളിലൂടെയും സഞ്ചരിക്കുന്നു. മേയ് 1-ാം തീയതി ചന്ദ്രൻ തിരുവോണം നക്ഷത്രത്തിലാണ്. മേയ് 31 ന് ചന്ദ്രൻ രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്ത് പൂരൂരുട്ടാതി നക്ഷത്രത്തിൽ എത്തിനിൽക്കുന്നു. ചൊവ്വയും ബുധനും മീനം രാശിയിലാണ്. 

ബുധൻ മേയ് 10 ന് മേടത്തിലേക്ക് പകരുന്നു. ശുക്രൻ മേടത്തിലാണ്. മേയ് 19 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. വ്യാഴം മേയ് 1 ന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ്. ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള രാശിമാറ്റമാണ് വ്യാഴത്തിൻ്റേത്. ശനി കുംഭം രാശിയിലും (പൂരൂരുട്ടാതി നാളിലും) രാഹു മീനം രാശിയിലും (രേവതി നാളിലും) കേതു കന്നി രാശിയിലും (അത്തം നാളിലും) തുടരുന്നു. 

വ്യാഴത്തിനും ശുക്രനും മൗഢ്യമുണ്ട്. മേയ് 3 ന് ശുക്രൻ്റെ മൗഢ്യം തുടങ്ങുന്നു. രണ്ടുമാസം നീളും. വ്യാഴമൗഢ്യം മേയ് 4 ന് തുടങ്ങുന്നു. ഒരു മാസത്തോളമുണ്ട് വ്യാഴത്തിൻ്റെ മൗഢ്യം. ഗ്രഹങ്ങളുടെ ശക്തി ക്ഷയിക്കുന്ന അവസ്ഥയാണ് മൗഢ്യം. സൂര്യസാമീപ്യമാണ് കാരണം. മേയ് 7,8 തീയതികളിൽ അമാവാസി അഥവാ കറുത്തവാവ് വരുന്നു. മേയ് 23 ന് ആണ് പൗർണമി അഥവാ വെളുത്തവാവ് സംഭവിക്കുന്നത്. 

Advertisment

കൊല്ലവർഷം1199 ലെ മേടം, ഇടവം മാസങ്ങൾ ചേർന്നതാണ് 2024 മേയ് മാസം. മേടമാസം 18 ന് മേയ് മാസം തുടങ്ങുന്നു. ഇടവം 17 ന് മേയ് 31 വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മേയ് മാസത്തിലെ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

To check out more Horoscope columns, click here

മൂലം

ഗാർഹികമായ സ്വൈരക്കേടുകൾ കൂടിയെന്നുവരാം. ജ്യേഷ്ഠാനുജന്മാർക്കിടയിൽ അനൈക്യം ഭവിക്കുന്നതാണ്. നാലാം ഭാവത്തിലെ രാഹുവും ചൊവ്വയും മനശ്ശാന്തി കുറയ്ക്കും. ഗൃഹത്തിൽ ശുചിമുറി, അടുക്കള മുതലായവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടി വരുന്നതാണ്. തൊഴിലിൽ പരിമിതമായ നേട്ടങ്ങൾ വന്നുചേരും.  മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ശോഭനമായ ഫലങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയിൽ സമുന്നത വിജയമുണ്ടാകും. ബൗദ്ധികമായ നീക്കങ്ങളിലൂടെ എതിർപ്പുകളെ പരാജയപ്പെടുത്തുന്നതാണ്. തീർത്ഥാടനത്തിന് അവസരമുണ്ടാവും.
കിട്ടാക്കടങ്ങൾ പാർശ്വികമായെങ്കിലും തിരികെക്കിട്ടാം. മത്സരാധിഷ്ഠിതമായ വലിയ കരാറുകൾ നേടിയെടുക്കും.

പൂരാടം

സുചിന്തതമായ തീരുമാനം കൈക്കൊള്ളന്നതിനാൽ നേട്ടങ്ങളുണ്ടാവും. സമയബന്ധിതമായ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെടാം. സാമൂഹികമായ അംഗീകാരം ലഭിക്കും. അഭിമുഖങ്ങളിൽ ശോഭിക്കാനാവും. ബന്ധുക്കളിൽ നിന്നും നിസ്സഹകരണത്തിന് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത അനിവാര്യം. സുഹൃത്തുക്കളുടെ വാക്കുകൾ വിഷമിപ്പിക്കാം. പാരമ്പര്യമായിട്ടുള്ള വസ്തുക്കളുടെ അവകാശത്തിനുള്ള ശ്രമം പുരോഗമിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഇൻക്രിമെൻ്റ്, പ്രൊമോഷൻ ഇവയുണ്ടാകുന്നതാണ്. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും. കലാപരമായിട്ടുള്ള അവസരങ്ങൾ സംജാതമാകുന്നതാണ്. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം തുടങ്ങിയ മേഖലകളിൽ നിന്നും കൂടുതലായ ധനാഗമം പ്രതീക്ഷിക്കാം.

ഉത്രാടം

സമ്മിശ്രമായ അനുഭവങ്ങൾ മേയ് മാസത്തിൽ പ്രതീക്ഷിക്കാം. അർഹതയ്ക്ക് അനുസരിച്ചോ അധികമായിട്ടോ ഉള്ള ഉദ്യോഗം ലഭിക്കാം. നിലവിലെ ജോലി മാറാനുള്ള ശ്രമം വിജയം വരിക്കുന്നതാണ്.  ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങിയേക്കും.  സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്നതാണ്. പഴയ കുടിശ്ശികകൾ പിരിഞ്ഞുകിട്ടാം. ജീവിത പങ്കാളിയുടെ സ്വത്തിൽ നിന്നുള്ള ഒരുഭാഗം വിൽക്കാൻ തീരുമാനിക്കും. ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും ചെലവുണ്ടാകും. കുടുംബത്തിൽ വിവാഹാദികൾ നടക്കാം. സമൂഹത്തിലെ ഉന്നതരുമായി പരിചയം സമ്പാദിക്കും. ബന്ധുസമാഗമത്തിൽ സന്തോഷം അനുഭവപ്പെടുന്നതാണ്. വിരസതയകറ്റാൻ അടുക്കള / മട്ടുപ്പാവ് കൃഷിക്ക് സാധ്യതയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം.

തിരുവോണം

ഭാവിസംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ നിർബന്ധിതരാവും. ചിലരുടെ പിന്തുണ താൽകാലിക നേട്ടമുണ്ടാക്കുമെങ്കിലും പിന്നീട് ഉപദ്രവമാകാം. ഗൃഹാന്തരീക്ഷത്തിൽ ഭിന്നസ്വരങ്ങൾ പതിവാകുന്നത് വേദനിപ്പിച്ചേക്കും. അന്യദേശവാസത്തിന് സാഹചര്യമൊരുങ്ങും. വാടകവീട് മാറുന്നതാണ്. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ  ആശയക്കുഴപ്പങ്ങൾ ഉയരുന്നതായിരിക്കും. കച്ചവടത്തിൽ ഭാര്യാസഹോദരനെ പങ്കാളിയാക്കുവാൻ തീരുമാനിക്കും. കച്ചവടത്തിൽ നിന്നും ആദായം വർദ്ധിച്ചേക്കാം. വ്യാപാരത്തിൻ്റെ പോഷണത്തിനായി നവീന സാധ്യതകൾ ആരായുന്നതാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവത പുലർത്തും. സ്ഥാപനത്തിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം. മുൻപ് കൈക്കൊണ്ട അപക്വമായ തീരുമാനങ്ങളെയോർത്ത് വിഷാദിക്കും. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം ഭവിക്കുകയാൽ കൂട്ടുകെട്ടുകൾ ദോഷഹേതുകമാവാം. ചിലരുടെ ഉപദേശങ്ങൾ 'തൊണ്ടതൊടാതെ' വിഴുങ്ങുന്നതാണ്. മനസ്സിൻ്റെ മൃദുഭാവങ്ങൾ പരുക്കനായി മാറാം. മാസാദ്യത്തിലെ വ്യാഴമാറ്റം നിലവിലെ അവസ്ഥയിൽ നിന്നും ഉയർത്താനിടയുണ്ട്. മുൻപ് ആഗ്രഹിച്ച പദവികളോ അധികാരമോ ഇപ്പോൾ ലഭിച്ചെന്ന് വന്നേക്കും. വീടുപണിക്ക് തുടക്കമിടാൻ കഴിയുന്നതാണ്.  അവസാനിപ്പിക്കാൻ വിചാരിച്ച സംരംഭത്തിന് പുത്തനുണർവ്വ് കിട്ടിയേക്കും. നാട്ടുകാര്യങ്ങളുടെ നിർവഹണത്തിനായി അധികം സമയം ചെലവഴിക്കുന്നത് കുടുംബത്തിൻ്റെ എതിർപ്പിന് കാരണമാകുന്നതാണ്. ഉപരിപഠനത്തിന് ഇഷ്ടവിഷയം തെരഞ്ഞെടുക്കും.  മിതവ്യയം പുലർത്താൻ മക്കളെ പ്രേരിപ്പിക്കുന്നത് അനൈക്യത്തിന് കാരണമാകുന്നതാണ്.

ചതയം

ബിസിനസ്സ് കാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവും. വീടിനോട് ചേർന്ന് ചെറിയ തോതിൽ വ്യാപാരം തുടങ്ങാൻ ആഗ്രഹിക്കും.  വിഷാദചിന്തകൾ അകലുന്നതാണ്. ഉദ്യോഗസ്ഥർ അധികാരികളുടെ 
പ്രീതി നേടും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. സഹോദരിയിൽ നിന്നും പണം കടം വാങ്ങും. പഴയ ബാദ്ധ്യതകൾ ഇടയ്ക്കിടെ ശല്യത്തിന് കാരണമാകും. എഴുത്തകാർക്ക് രചനകളുടെ പൂർത്തീകരണം സാധ്യമാകുന്നതാണ്. ഗവേഷണ ബിരുദത്തിന് അവസരം ലഭിക്കും. കുടുംബക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. ഗാർഹികാന്തരീക്ഷം കുറച്ചൊക്കെ സമാധാനമുള്ളതാവും. രണ്ടാം ഭാവത്തിൽ രാഹുവും ചൊവ്വയും സഞ്ചരിക്കുകയാൽ വാക്കുകൾക്ക് പാരുഷ്യം വന്നു ചേരുന്നതാണ്.

പൂരൂരുട്ടാതി

സമ്മിശ്രമായ അനുഭവങ്ങളാവും വന്നുചേരുക. ഭൂതകാല സ്മരണകൾ ഉന്മേഷമേകുന്നതാണ്. പൂർവ്വവിദ്യാർത്ഥി സംഘടനയിൽ സജീവമാകും. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് വരാൻ സാഹചര്യം ഒരുങ്ങും.  ചെറിയ മുതൽമുടക്കുകൾക്ക് അർഹമായ ലാഭം പ്രതീക്ഷിക്കാം. അനുബന്ധ ജോലികളിൽ നിന്നും സന്തോഷമുണ്ടാവും.  പാപഗ്രഹങ്ങളായ ശനിയും ചൊവ്വയും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാൽ മാനസിക പിരിമുറുക്കം വർദ്ധിക്കുന്നതാണ്.  തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കപ്പെടാം. കൂടുതൽ അധ്വാനിച്ചാലും ഫലം തൃപ്തികരമാവില്ല എന്നു വന്നേക്കാം. ബന്ധുക്കളുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനായി മുന്നിട്ടിറങ്ങും. മകളുടെ വീട്ടിലേക്ക് താമസം മാറ്റാൻ കാരണങ്ങൾ വന്നെത്തും. മാസത്തിൻ്റെ 
രണ്ടാം പകുതിക്ക് മെച്ചമേറുന്നതാണ്.

ഉത്രട്ടാതി

സാമാന്യമായ നേട്ടങ്ങളും ഭാഗികമായ വിജയവും ഉണ്ടാകും.  സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കുന്നതാണ്. സംഘടനകളിൽ  വിമർശിക്കപ്പെടും. ഏറ്റെടുത്ത ദൗത്യങ്ങൾ വൈകിയാവും പൂർത്തീകരിക്കുക. കുടുംബാംഗങ്ങളുമായി തീർത്ഥാടനം നടത്തുവാനാവും. അകലങ്ങളിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. വീട്ടിൽ നിന്നും ജോലി ക്രമീകരിച്ചിരുന്നവർക്ക് ഓഫീസിൽ പോയി ജോലിയെടുക്കേണ്ടി വന്നേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനാവസരം കിട്ടാൻ അല്പം വൈകാം. സ്വത്തുകൈമാറ്റത്തിൽ ഓഹരി കുറഞ്ഞതായി ആക്ഷേപമുയർത്തും. കരാറപണികളിൽ നിന്നും ആദായമുണ്ടാകും. മാസത്തിൻ്റെ പകുതിയ്ക്കുശേഷം മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാനാവും. ഭൂമി കച്ചവടത്തിൽ നിന്നും അല്പലാഭമാവും കൈവരുക. യോഗ, ധ്യാന, വ്യായമം ഇവയുടെ പരിശീലനം പ്രയോജനപ്പെടുത്തും.

രേവതി

 രാഹുകുജന്മാർ ജന്മത്തിലും ആദിത്യൻ രണ്ടിലും വ്യാഴം മൂന്നിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുന്ന കാലമാണ്. ഇച്ഛാജ്ഞാനക്രിയകളെ ഏകോപിക്കുക ദുഷ്കരമാവും. സാമ്പത്തിക സ്ഥിതി കുറച്ചൊക്കെ അനുകൂലമാവും. ചെലവുകൾ നിയന്ത്രിതമാവാൻ ശ്രമിക്കേണ്ടതുണ്ട്. വലിയ മുതൽമുടക്കി ബിസിനസ്സ് തുടങ്ങുവാൻ കാലം അനുകൂലമല്ല. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. ഭൂമി വ്യാപാരത്തിൽ അമളി പറ്റാനിടയുണ്ട്.  വിദേശത്ത് പഠനം, ജോലി ഇവയ്ക്കായുള്ള ശ്രമം വിജയിക്കും.  സെക്കനാൻ്റ് വാഹനം സ്വന്തമാക്കിയേക്കും. വായ്പാ കുടിശിക തവണകളായി അടയ്ക്കാൻ അവസരം ഉണ്ടാവുന്നതാണ്. അനാവശ്യതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക ഉചിതമായിരിക്കും. ആരാധനാലയങ്ങൾ സന്ദർശിച്ചേക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: