/indian-express-malayalam/media/media_files/2025/05/31/mars-kethu-horoscope-2025-4-466456.jpeg)
ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ?
2025 ജൂൺ 6 ന് അർദ്ധരാത്രി ചൊവ്വ അഥവാ കുജൻ (Mars) കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 3ന് ആണ് ചൊവ്വ തൻ്റെ നീചരാശിയായ കർക്കടകത്തിൽ പ്രവേശിച്ചത്.
ജൂൺ 6 ന് രാത്രി കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 52/53 ദിവസങ്ങൾക്ക് ശേഷം, ജൂലൈ 28 ന്, ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വയുടെ ബന്ധുവായ ആദിത്യൻ്റെ ഭവനമാണ് ചിങ്ങം. അതിനാൽ ചൊവ്വയ്ക്ക് ചിങ്ങം രാശിയിൽ ബലമുണ്ട്. ഇതൊരു സാമാന്യ തത്ത്വമാണ്.
എന്നാൽ ചൊവ്വ ദുർബലനാവുന്നതും അപകടകാരിയാവുന്നതും കേതുയോഗം വരുന്നതിനാലാണ്. കേതു ചിങ്ങം രാശിയിലാണിപ്പോൾ. രാഹുവിൻ്റെ ദൃഷ്ടി ചൊവ്വയ്ക്കുള്ളതിനാൽ ചൊവ്വയുടെ പാപത്വം അധികരിക്കും. ശുഭഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ ചൊവ്വയ്ക്കുണ്ടാവുന്നില്ല എന്നതും പ്രസ്താവ്യമാണ്.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യംവരെ
കഴിഞ്ഞ കുറേ മാസങ്ങളായി കാളസർപ്പയോഗം തുടരുകയാണ്. ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് ജൂലൈ ഒടുവിൽ പ്രവേശിക്കുമ്പോഴാണ് കാളസർപ്പയോഗത്തിന് ഭംഗം വരുന്നത്. അക്കാര്യവും പ്രധാനമാണ്.
ചിങ്ങം രാശിയിൽ സംഭവിക്കുന്ന ഈ അത്യപൂർവ്വമായ ചൊവ്വ-കേതുയോഗം ഏതേതു കൂറുകാർക്ക് അനുകൂലം, ഏതേതു കൂറുകാർക്ക് പ്രതികൂലം എന്നതാണ് ഇവിടെ അവലോകനം ചെയ്യുന്ന വിഷയം.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറുകാർക്ക് ഒമ്പതാം ഭാവത്തിലായിട്ടാണ് കുജനും കേതുവും ഒരുമിക്കുന്നത്. പാപഗ്രഹങ്ങൾ ഭാഗ്യഭാവമായ ഒമ്പതാമെടത്തിൽ സഞ്ചരിക്കുന്നത് പ്രതികൂലഫലങ്ങൾ സൃഷ്ടിക്കും. നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' എന്നോണം നഷ്ടമാകാം. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച കോഴ്സുകളിലോ ആഗ്രഹിച്ച കലാശാലകളിലെ പ്രവേശനം കിട്ടിയേക്കില്ല. അച്ഛനും അമ്മയ്ക്കും സുഖക്കുറവ് വരാം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാവില്ല. ബിസിനസ്സിൽ പലതരം തടസ്സങ്ങൾ ഉണ്ടാവും. കുടുംബാംഗങ്ങൾ ഭിന്നാഭിപ്രായം പറയുന്നതാണ്. ഉപാസനകൾ, ക്ഷേത്രാടനം എന്നിവ തടസ്സപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ക്ളേശമുള്ള ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടതായി വരുന്നതായിരിക്കും. സഹായിക്കാമെന്നേറ്റവർ വാക്കുപാലിക്കില്ല. സ്വഭാവത്തിൽ അറിഞ്ഞോ അറിയാതെയോ പരുക്കൻമട്ടുകൾ ഇടം പിടിക്കുന്നതാണ്.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ട വരെ
മകരക്കൂറിന്(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ചൊവ്വയും കേതുവും ചേർന്ന് അഷ്ടമഭാവത്തിൽ സഞ്ചരിക്കുകയാൽ ഒട്ടും തന്നെ അനുകൂലമല്ലാത്ത കാലമാണെന്ന് ഓർമ്മയുണ്ടാവണം. തീരുമാനങ്ങൾ പുനരാലോചിക്കണം. റിസ്ക് സാധ്യത തെല്ലെങ്കിലും ഉള്ള കാര്യങ്ങൾ -- അതു സാമ്പത്തികമാവാം, വസ്തുവാങ്ങുന്നതാവാം, യാത്രകളാവാം -- ഒഴിവാക്കുകയാണ് അഭികാമ്യം. അധികാരികളുടെ അപ്രീതി ഭവിക്കും. സുഹൃത്തുക്കൾക്ക് നമ്മളറിയാത്ത ഒരുവശം ഉണ്ടെന്നറിയുന്നതാണ്. ബന്ധുക്കളുടെ വാഗ്ദാനങ്ങൾ ജലരേഖകളാവും. വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങളോ അനിശ്ചിതത്വമോ ഏർപ്പെടാനിടയുണ്ട്. അഗ്നി, ആയുധം, യന്ത്രം, വൈദ്യുതി, വാഹനം എന്നിവയുടെ ഉപയോഗത്തിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്. ജാമ്യം നിൽക്കുക, സാക്ഷ്യം പറയുക ഇവയിൽ കരുതൽ പുലർത്തണം. ഭാഗ്യാനുഭവങ്ങൾ കൈവിട്ടുപോകുന്ന പ്രതീതിവരാം.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ഏഴാം ഭാവത്തിലാണ് ചൊവ്വയും കേതുവും ഒന്നിക്കുന്നത്. പ്രണയത്തിൽ ശൈഥില്യം വരാം. ദാമ്പത്യത്തിലും തർക്കങ്ങൾ ഏർപ്പെടാനിടയുണ്ട്. ജോലിവശാലോ മറ്റു കാരണങ്ങളാലോ ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത ദിക്കുകളിൽ കഴിയാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. സഞ്ചാരം കൊണ്ട് പ്രതീക്ഷിച്ച നേട്ടങ്ങൾ വന്നുചേർന്നേക്കില്ല. പാർട്ണർഷിപ്പേ ബിസിനസ്സ് നഷ്ടത്തിലാവാം. വിപണനതന്ത്രങ്ങൾ പൊളിയാനിടയുണ്ട്. ചെറുപ്പക്കാർക്കായുള്ള വിവാഹാലോചനകൾ നീളുന്നതായിരിക്കും. വിലപിടിച്ച വസ്തുക്കൾ കളഞ്ഞുപോകാൻ സാധ്യത കാണുന്നു. ഇപ്പോൾ വഹിക്കുന്ന പദവിയിൽ നിന്നും തരംതാഴ്ത്തപ്പെടാം. എതിർലിംഗത്തിലുള്ളവരുടെ വിരോധത്തിന് പാത്രമാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. പകർച്ചവ്യാധികൾ ഉപദ്രവിക്കാം. ഗൃഹനിർമ്മാണത്തിന് ധനം കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ്.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ചൊവ്വയും കേതുവും ആറാമെടത്തിലാണ്. പാപഗ്രഹങ്ങൾ ആറാംഭാവത്തിൽ സഞ്ചരിക്കുമ്പോൾ പലതരം നേട്ടങ്ങൾ വന്നെത്തും. കഴിവിന് അംഗീകാരം സിദ്ധിക്കുന്നതാണ്. സ്വശക്തി തിരിച്ചറിയുന്നതിനാൽ ആത്മവിശ്വാസം പ്രകടമാവും. തൊഴിലിടത്താൽ ആധികാരികതയും ആദരവും കൈവരുന്നതാണ്. ശത്രുക്കളെ തോൽപ്പിക്കാനാവും. മത്സരങ്ങളിൽ വിജയം കരസ്ഥമാക്കുന്നതാണ്. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാം. സ്വശ്രയ ബിസിനസ്സിൽ ആദായം വർദ്ധിക്കുന്നതാണ്. പുതിയ ശാഖകൾ തുടങ്ങാനാവും. രോഗഗ്രസ്തർക്ക് ചികിൽസകൾ ഫലവത്താകും.
ജോലി തേടുന്നവർക്ക് നിയമന ഉത്തരവ് കൈവരും. കടബാധ്യതകളിൽ നിന്നും മുക്തി നേടാൻ വഴിതെളിയുന്നതാണ്. വ്യവഹാരത്തിൽ വിജയിക്കും. ഇലക്ട്രോണിക് ഉല്പന്ദങ്ങൾ സമ്മാനിക്കപ്പെടാം.
Read More: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us