/indian-express-malayalam/media/media_files/2025/07/22/august-2025-2025-07-22-14-22-51.jpg)
August Month 2025 Astrological Predictions for stars Moolam to Revathy
ആഗസ്റ്റ് 16 വരെ ആദിത്യൻ കർക്കടകം രാശിയിലും തുടർന്ന് ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു. ആയില്യം, മകം എന്നീ ഞാറ്റുവേലകൾ പൂർണ്ണമായും
പൂരം ഞാറ്റുവേല ഭാഗികമായും ആഗസ്റ്റിൽ വരുന്നു. കൊല്ലവർഷത്തിലെ കർക്കടകം 16 മുതൽ ചിങ്ങം 15 വരെ വരെയാണ് ആഗസ്റ്റ് മാസം.
ആഗസ്റ്റ് മാസത്തിലെ വെളുത്തവാവ് ആഗസ്റ്റ് 9 നും കറുത്തവാവ് 22/23 തീയതികളിലും ആയി ഭവിക്കുന്നു. ശ്രാവണം, ഭാദ്രപദം എന്നീ ചാന്ദ്രമാസങ്ങളും ആഗസ്റ്റിലുണ്ട്.
ചൊവ്വ കന്നിരാശിയിൽ സഞ്ചരിക്കുന്നു. ബുധൻ കർക്കടകം രാശിയിലാണ്. ആഗസ്റ്റ് 30 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ആഗസ്റ്റ് 10 ന് ബുധൻ്റെ മൗഢ്യം തീരുകയാണ്. ശുക്രൻ മിഥുനം രാശിയിലാണ് മാസാദ്യം. 20 ന് കർക്കടകത്തിലേക്ക് സംക്രമിക്കും.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ആഗസ്റ്റ് 13 ന് പുണർതത്തിൽ പ്രവേശിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ ആഗസ്റ്റ് മാസത്തെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
മൂലം
ഗ്രഹങ്ങളിൽ വ്യാഴം, രാഹു എന്നിവ ഇഷ്ടഭാവങ്ങളിലാണ്. കണ്ടകശനി, ആദിത്യൻ്റെ അഷ്ടമസ്ഥിതി മുതലായവ മൂലമുള്ള ദോഷങ്ങളെ പ്രതിരോധിക്കാൻ അവമതിയാകും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം ലഭിക്കുകയില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ അനുകൂലമല്ലാത്ത ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ഉത്കണ്ഠയുണ്ടാവും. പഴയ കടബാധ്യത വലയ്ക്കാനിടയുണ്ട്. ചിലപ്പോൾ ഭാഗ്യാനുഭവങ്ങൾ 'കപ്പിനും ചുണ്ടിനും ഇടയിൽ' നഷ്ടപ്പെടാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. സ്ഥാനലബ്ധി പ്രതീക്ഷിക്കാം. കാര്യനിർവഹണം സുഗമമാവുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായിരിക്കും. ധനപരമായി സമ്മർദ്ദം അനുഭവപ്പെടില്ല.
പൂരാടം
പുരോഗതി പ്രതീക്ഷിച്ചിടത്ത് കഷ്ടിച്ച് കാര്യങ്ങൾ നടന്നുപോകും എന്ന സ്ഥിതിയുണ്ടാവും. മേലധികാരികൾ കൃത്യനിർവഹണത്തിൽ സമ്മർദ്ദം ചെലുത്താം. മനസ്സിന് സ്വസ്ഥത കുറയാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. കടബാധ്യതകൾ സ്വൈരം കെടുത്തിയേക്കും. സ്വന്തം ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. കെടുകാര്യസ്ഥത മൂലം നഷ്ടം വരാനുമിടയുണ്ട്. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടരുത്. വീട്ടിലെ ജീർണ്ണോദ്ധാരണം നീണ്ടുപോകാം. പൊതുവേ പലനിലയ്ക്കും ചെലവധികരിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് ഉചിതമായ ജോലി കിട്ടിയേക്കും. ഗാർഹികാന്തരീക്ഷം സമാധാനമുള്ളതാവും. ഭാഗ്യപുഷ്ടിയുള്ള കാലമായിരിക്കും. നവ സംരംഭങ്ങൾ തടസ്സമില്ലാതെ തുടങ്ങുവാനാവും.
ന്യായമായ ധനം കൈവശമെത്തുന്നതാണ്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രാടം
കണക്കുകൂട്ടലുകളിൽ ചിലതൊക്കെ തെറ്റിയെന്നുവരാം. തൊഴിലിടത്തിൽ സ്വാതന്ത്ര്യം കുറയും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെടില്ല. സ്വന്തം സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് പോവുക ക്ലേശകരമാവും. കരാർ വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവർക്ക് അവ പുതുക്കിക്കിട്ടുന്ന കാര്യത്തിൽ ആശങ്കയുണ്ടാവും. ജോലിയിൽ നിന്നും വിരമിച്ചവർക്ക് ആനുകൂല്യം ലഭിക്കാൻ തുടർ ശ്രമം വേണ്ടി വന്നേക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം അത്ര രമ്യമാവണമെന്നില്ല. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുന്നതാണ്. ജോലിയിലെ സമ്മർദത്തിന് അയവുവരാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുവാനാവും. രോഗക്ലേശിതർക്ക് ഫലപ്രദമായ ചികിൽസ ലഭിക്കുന്നതായിരിക്കും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം സംജാതമാകുന്നതാണ്.
തിരുവോണം
ആദിത്യൻ ഏഴിലും എട്ടിലും സഞ്ചരിക്കുന്നു. സ്വന്തം തൊഴിലിൽ പുരോഗതി നാമമാത്രമാവും. കാര്യസാധ്യം എളുപ്പമായേക്കില്ല. തുടർ ശ്രമങ്ങൾ ഏതുകാര്യത്തിനും ആവശ്യമായി വന്നേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി/ ലൈസൻസ് മുതലായവയ്ക്കായി അലച്ചിൽ വന്നെത്തും. പണച്ചെലവ് നിയന്ത്രിക്കാനാവില്ല. സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവർ തീരുമാനമെടുക്കുന്ന സ്ഥിതി വരാം. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നത് ക്ലേശകരമായിത്തോന്നും. നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് തിളക്കം കുറവായിരിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനവസരം സംജാതമാകുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പ്രശ്നങ്ങളിൽ കരുത്തുപകരും. മക്കൾക്ക് ശ്രേയസ്സുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭം വന്നെത്തും.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അവിട്ടം
മകരക്കൂറുകാർക്ക് ലക്ഷ്യത്തിലെത്താൻ കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നതാണ്. പരാശ്രയത്വം മനസ്സ് മടുപ്പിക്കും. പുതിയ സംരംഭങ്ങൾ തടസ്സപ്പെടുന്നതാണ്. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളണമെന്നില്ല. മകൻ്റെ നിർബന്ധ ശീലം ഗാർഹികാന്തരീക്ഷത്തെ തെല്ല് കലുമാക്കാനിടയുണ്ട്. വഴിനടത്ത മൂലം ക്ലേശങ്ങളേർപ്പെടാം. ധനാഗമം ഒച്ചിൻ്റെ വേഗത്തിലായിരിക്കും. വിശ്വസ്തരിൽ നിന്നും പ്രതീക്ഷിച്ച പെരുമാറ്റം ഉണ്ടായില്ലെന്ന് വരാം. കുംഭക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതിയിൽ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ഊഹക്കച്ചവടം കൊണ്ട് മെച്ചം വന്നെത്തുന്നതായിരിക്കും. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. കുത്തഴിഞ്ഞുകിടക്കുന്ന സ്ഥാപനത്തെ ഒരുവിധം നേരെയാക്കുന്നതാണ്. രണ്ടാം പകുതി ഗുണദോഷസമ്മിശ്രമായിരിക്കും.
ചതയം
തൊഴിൽപരമായി ഉയർച്ചയുണ്ടാവുന്ന കാലമായിരിക്കും. ബിസിനസ്സുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കും. കൂടുതൽ നേരം അദ്ധ്വാനിക്കും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിച്ചേക്കും. സാഹിത്യകാരന്മാർ കൂടുതൽ ഭാവനാവിലാസം പുലർത്തുന്നതാണ്. വേണ്ടപ്പെട്ടവരുടെ വിരോധം തീർക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തും. ആസൂത്രണ മികവ് അംഗീകരിക്കപ്പെടും. ആത്മീയ കാര്യങ്ങളിലും താല്പര്യമുണ്ടാവും. ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ഭൂമിവ്യാപാരം തടസ്സപ്പെടാനിടയുണ്ട്. പുതിയ തലമുറയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്ത വന്നെത്തും. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനാവും.
പൂരൂരുട്ടാതി
ബൗദ്ധികമായ ഉണർവ്വോടുകൂടി പ്രവർത്തിക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുന്നതാണ്. ചുമതലകൾ സത്യസന്ധതയോടെ നിർവഹിക്കും. പുതിയ ജോലിക്കായുള്ള ശ്രമം ഫലം കാണുന്നതാണ്. വിദേശത്ത് ഗവേഷണത്തിന് അപേക്ഷിക്കും. സാമ്പത്തിക പിരിമുറുക്കത്തിന് തത്കാലം അയവുണ്ടാവും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ നിന്നും പിന്മാറിയേക്കും. പുതിയ സംരംഭങ്ങളുടെ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാനായി പരിശ്രമം തുടരുന്നതാണ്. ആഗസ്റ്റ് പകുതിക്കുശേഷം അലച്ചിലും കർമ്മരംഗത്ത് ഉന്മേഷക്കുറവും വരാം. ആരോഗ്യപ്രശ്നങ്ങൾക്ക് ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ട്. കാര്യാലോചനകളിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനാൽ ശത്രുക്കൾ സംഘടിക്കാം.
ഉത്രട്ടാതി
ആദിത്യൻ അഞ്ചിലും ആറിലും സഞ്ചരിക്കുകയാൽ വാഗ്ദാനങ്ങൾ പാലിക്കാൻ വിളംബമുണ്ടാവും. മേലധികാരികളുടെ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല. ഉപജാപങ്ങളെ നേരായ വഴികളിലൂടെ നേരിടുന്നതാണ്. പൊതുപ്രവർത്തകർക്ക് എതിർപ്പേറും. ജന്മനാട്ടിലെ ക്ഷേത്ര ജീർണ്ണോദ്ധാരണത്തിന് സക്രിയമായ പങ്കുവഹിക്കുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. മകളുടെ വിവാഹകാര്യത്തിൽ തീരുമാനം നീളാനിടയുണ്ട്. കുടുംബ സമേതം വിനോദയാത്രകൾ ആസൂത്രണം ചെയ്യും. സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുന്ന അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിച്ചേക്കാം. സുഹൃദ്ബന്ധങ്ങൾ ദൃഢമാവും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ നിലപാട് എന്താവുമെന്ന ചിന്ത ഉറക്കം കെടുത്തിയേക്കാം.
രേവതി
കാര്യനിർവഹണത്തിലെ സഹജമായിട്ടുള്ള കുശലതയും ചടുലതയും അല്പം മങ്ങാനിടയുണ്ട്. പരാശ്രയത്വം ഏറും. സ്വന്തം ബിസിനസ്സിൻ്റെ വളർച്ച അല്പം മന്ദഗതിയിലാവും. കൂടുതൽ മുതൽമുടക്കുന്നതിൽ ജാഗ്രത വേണം. വായ്പയുടെ തിരിച്ചടവിന് ക്ലേശിക്കുന്നതാണ്. ഏഴിലെ ചൊവ്വയുടെ സഞ്ചാരം ദാമ്പത്യത്തെ ക്ലേശിപ്പിക്കാം. പ്രണയികൾക്കിടയിൽ ഹൃദയൈക്യം കുറയും. പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ വിദ്യാർത്ഥികൾക്ക് ആലസ്യം ഉണ്ടാവാം. മാസത്തിൻ്റെ രണ്ടാം പകുതിക്കുമേൽ ഉദ്യോഗസ്ഥർ മേലധികാരികളുടെ വിശ്വാസ്യത നേടുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിൽ ത്വരിതഗതി പ്രതീക്ഷിക്കാം. സഹോദരരിൽ നിന്നും ധനലാഭം ഉണ്ടായേക്കും. മാതാപിതാക്കൾക്ക് മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരാം. പുതുതലമുറയുടെ സഹവാസം ബാല്യകാലസ്മൃതികളിലേക്ക് നയിക്കാം
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.