scorecardresearch

Horoscope August 2025: ഓഗസ്റ്റ് മാസഫലം, അശ്വതി മുതൽ ആയില്യം വരെ

August Month 2025-Astrological Predictions for stars Aswathi to Ayilyam: 2025 ഓഗസ്റ്റ് മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

August Month 2025-Astrological Predictions for stars Aswathi to Ayilyam: 2025 ഓഗസ്റ്റ് മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
August Horoscope 2025

August Month 2025 Astrological Predictions for stars Aswathi to Ayilyam

ആഗസ്റ്റ് 16 വരെ ആദിത്യൻ കർക്കടകം രാശിയിലും തുടർന്ന് ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു. ആയില്യം, മകം എന്നീ ഞാറ്റുവേലകൾ പൂർണ്ണമായും 
പൂരം ഞാറ്റുവേല ഭാഗികമായും ആഗസ്റ്റിൽ വരുന്നു. കൊല്ലവർഷത്തിലെ കർക്കടകം 16 മുതൽ ചിങ്ങം 15 വരെ വരെയാണ് ആഗസ്റ്റ് മാസം.

Advertisment

ആഗസ്റ്റ് മാസത്തിലെ വെളുത്തവാവ് ആഗസ്റ്റ് 9 നും കറുത്തവാവ് 22/23 തീയതികളിലും ആയി ഭവിക്കുന്നു. ശ്രാവണം, ഭാദ്രപദം എന്നീ ചാന്ദ്രമാസങ്ങളും ആഗസ്റ്റിലുണ്ട്. ചൊവ്വ കന്നിരാശിയിൽ സഞ്ചരിക്കുന്നു. ബുധൻ കർക്കടകം രാശിയിലാണ്. ആഗസ്റ്റ് 30 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ആഗസ്റ്റ് 10 ന് ബുധൻ്റെ മൗഢ്യം തീരുകയാണ്. ശുക്രൻ മിഥുനം രാശിയിലാണ് മാസാദ്യം. 20 ന് കർക്കടകത്തിലേക്ക് സംക്രമിക്കും. 

വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ആഗസ്റ്റ് 13 ന് പുണർതത്തിൽ പ്രവേശിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. 

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ആഗസ്റ്റ് മാസത്തെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

അശ്വതി

ആദിത്യൻ നാലും അഞ്ചും ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ പ്രവൃത്തിയിൽ വെല്ലുവിളികൾ വരാം. സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടും  പരിഹരിച്ചുകൊണ്ടും മാത്രമേ പുരോഗതി സാധ്യമാവുകയുള്ളൂ! കാര്യസാധ്യത്തിന് പരാശ്രയത്വം വേണ്ടിവരുന്നത് മനക്ലേശത്തിന് കാരണമാകുന്നതാണ്. കുജൻ ആറാമെടത്ത് സഞ്ചരിക്കുകയാൽ അധികാരവും സ്ഥാനമാനവും നിലനിർത്തുവാനാവും. എതിർപ്പുകളെ നിരാകരിച്ചുകൊണ്ട് മുന്നേറും. സാങ്കേതികജ്ഞാനം നേടാൻ സന്നദ്ധത വേണ്ടകാലമാണ്. അല്ലെങ്കിൽ കിടമത്സരങ്ങളിൽ പിന്തള്ളപ്പെടും. സ്ത്രീകളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം മോശമാവില്ല. പരോക്ഷ ധനാഗമങ്ങൾ സാധ്യതയാണ്. പന്ത്രണ്ടിലെ ശനി സഞ്ചാരം ആലസ്യം, ആകസ്മിക യാത്രകൾ, കാര്യവിളംബം എന്നിവയ്ക്ക് കാരണമായേക്കാം.

ഭരണി

കാര്യനിർവഹണത്തിൽ അധികം ശ്രദ്ധവെക്കേണ്ട സാഹചര്യം ഉരുത്തിരിയുന്നതാണ്. ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. സ്വസ്ഥാപനങ്ങളിൽ നിന്നും ധനലാഭം പതിവുപോലെയാവും. എന്നാൽ ചെലവധികരിക്കാം. സർക്കാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കാര്യസാധ്യത്തിന് പുനർശ്രമങ്ങൾ ആവശ്യമായി വരും. സമീപനങ്ങൾ ഉദാരമാക്കുന്നത് ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മക്കളുടെ കാര്യത്തിൽ കൈക്കൊണ്ട ചില നിലപാടുകൾ തെറ്റായിപ്പോയോ എന്ന് സംശയിക്കാം.  വ്യത്യസ്ത കാഴ്ചപ്പാടുകൾ ദാമ്പത്യത്തെ കലുഷമാക്കാനിടയുണ്ട്.  ദീർഘ യാത്രകൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങുന്നതാണ്. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ പ്രതീക്ഷിക്കാം. വസ്തുവാങ്ങുന്ന കാര്യം പുനപ്പരിശോധിക്കും. രോഗഗ്രസ്തർക്ക് ആശ്വാസം ഭവിക്കും. 

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കാർത്തിക

സന്ദിഗ്ദ്ധതയും ചാഞ്ചല്യവും മനസ്സിനെ ഇടക്കിടെ ബാധിക്കാം. അതേസമയം തന്നെ ഏകോപനവും കർമ്മകുശലതയും പ്രകടിപ്പിക്കാനുമാവും. സർക്കാരിൽ നിന്നും ബിസിനസ്സ് തുടങ്ങാൻ അനുമതി ലഭിക്കുന്നതാണ്. ബന്ധുസഹായം പ്രതീക്ഷിക്കാം. തൊഴിൽ യാത്രകൾ വിജയപ്രദമാവും. സംഘടനാരംഗത്ത് സ്വാധീനം വർദ്ധിക്കുന്നതാണ്. സ്ഥിരപരിശ്രമത്തിൽ അലംഭാവമരുത്. മത്സരാധിഷ്ഠിതമായ കരാറുകളിൽ മുൻനിരയിലെത്തും. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. എതിർപ്പുകളെ കേട്ടില്ലെന്ന് നടിക്കും. ഗാർഹിക സാഹചര്യം സമ്മിശ്രമായിരിക്കും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പണച്ചെലവുണ്ടാവും. മകൻ്റെ ഉപരിപഠനത്തിനുള്ള വിദ്യാഭ്യാസ ലോൺ കൈവരുന്നത് ആശ്വാസമാകും. തീർത്ഥാടനത്തിന് അവസരം സംജാതമാകും.

രോഹിണി

കാര്യങ്ങൾ ഭംഗിയായി ആസൂത്രണം ചെയ്യാനും മികച്ച ഏകോപനത്തോടെ അവയെ ലക്ഷ്യത്തിലെത്തിക്കാനും കഴിയുന്നതാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ വലിയതായിരിക്കും. പ്രോജക്ടുകൾക്ക് മേലധികാരികളുടെ അംഗീകാരമുണ്ടാവും. കടബാധ്യതകളിൽ നല്ലൊരുപങ്കും വീട്ടാനായേക്കും. മങ്ങിയിരുന്ന സാമ്പത്തിക സ്രോതസ്സുകൾ വീണ്ടും ഫലവത്താകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഭവിക്കുന്നതാണ്. കുടുംബ കാര്യങ്ങളിൽ വേണ്ടത്ര കരുതൽ കൈക്കൊള്ളാനാവും. മക്കളുടെ നിർബന്ധം, പഠന വൈമുഖ്യം ഇവ വിഷമിപ്പിക്കാനുള്ള സാധ്യത കാണുന്നു. ഗൃഹ/കെട്ടിട നിർമ്മാണം തടസ്സപ്പെടുന്നതാണ്. കൂട്ടുകച്ചവടത്തിൽ പലകാരണങ്ങളാൽ താത്പര്യം കുറഞ്ഞേക്കും.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകയിരം

ചെയ്തുപോരുന്ന തൊഴിലിന് ഇണങ്ങുന്ന പുതിയ കാര്യങ്ങൾ പഠിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്. കർമ്മരംഗം വിപുലീകരിച്ചേക്കും. ആസന്നമായ ഉത്സവകാലത്തെ മുൻനിർത്തി വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടിയേക്കാം. ആവശ്യപ്പെട്ട വേതന വർദ്ധനവ് നടപ്പാക്കാത്തതിൽ സഹപ്രവർത്തകർക്കൊപ്പം പ്രതിഷേധം സമരരൂപേണ രേഖപ്പെടുത്താം. പ്രണയികൾ വിവാഹിതരാവാൻ തീരുമാനിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയെ സഹായിക്കാൻ നേരം കിട്ടാത്തത്  അസ്വാരസ്യങ്ങൾക്ക് കാരണമാകാം. നീണ്ടവർഷമായി തുടരുന്ന ഗൃഹവായ്പ അടഞ്ഞു തീരുന്നത് സ്വാസ്ഥ്യമുണ്ടാക്കും. രോഗാരിഷ്ടകൾക്ക് ശമനം ഉണ്ടാകുന്നതാണ്.

തിരുവാതിര

പ്രവർത്തന മേഖലയിലെ ഉദാസീനത നീങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ലഭിക്കാനിടയുണ്ട്. സ്വയം ചെയ്യുന്ന തൊഴിൽ പുഷ്ടിപ്പെടാൻ സാധ്യത കാണുന്നു. മാറ്റങ്ങൾ കൊണ്ടുവന്നത് ഫലപ്രദമാവും. അക്കാര്യത്തിന് വായ്പാ സഹായം പ്രയോജനപ്പെടുത്താം. ഏജൻസി ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. അന്യദേശത്ത് പഠനാവസരം അവസാനനിമിഷം കൈവന്നേക്കും. തടസ്സപ്പെട്ടിരുന്ന യാത്ര തുടരാനാവും. പിണങ്ങിയ ബന്ധുക്കളുമായി ഇണങ്ങുന്നതിന് അവസരം ഒത്തുവരുന്നതാണ്. സാഹിത്യം, കല തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവർക്ക് അഭ്യുദയം ഭവിക്കും. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും ധനാഗമം വരാം. ദാമ്പത്യം സുഖകരമാവും. ജീവിതപങ്കാളിക്ക് ആഗ്രഹിച്ച ആഭരണം സമ്മാനിക്കും.

പുണർതം

തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടും. എന്നാൽ ചൂണ്ടിക്കാണിക്കാനാൻ മടിക്കും. വിദ്യാർത്ഥികൾ അലസരാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ തലവേദന സൃഷ്ടിക്കാനിടയുണ്ട്. വേതന വർദ്ധനവിനുള്ള അപേക്ഷയ്ക്ക് കൃത്യമായ മറുപടി ലഭിക്കണമെന്നില്ല. വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല എന്നറിയണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യസാധ്യം സുഗമമാവും. പാരമ്പര്യമായി  ചെയ്തുപോരുന്ന തൊഴിലുകളിൽ വിജയിക്കാൻ കഴിയുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് കുടുംബത്തിനൊപ്പം ചേരാനായേക്കും. സ്വതന്ത്രമായി ചെയ്യുന്ന ബിസിനസ്സിൽ വരുമാനം വർദ്ധിക്കുന്നതാണ്.

പൂയം

ജന്മത്തിലും രണ്ടിലുമായി ആദിത്യൻ സഞ്ചരിക്കുകയാൽ കർമ്മമേഖലയിൽ സമ്മർദ്ദങ്ങളുണ്ടാവും. കാര്യവിജയത്തിന് പരാശ്രയത്വം വേണ്ടി വരുന്നതാണ്. ചെറുപ്പക്കാരുടെ തൊഴിൽ അന്വേഷണം തടസ്സപ്പെടാം. അലച്ചിൽ, വഴിനടത്ത ഇവയുണ്ടാവുന്നതാണ്. പൊതു പ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയർന്നേക്കും. സുഹൃത്തുക്കളുടെ പിന്തുണ ആശ്വാസമേകും. സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ  നേട്ടങ്ങൾ നാമമാത്രമായിരിക്കും. ബിസിനസ്സ് സ്ഥാപനത്തിന് ശാഖ തുടങ്ങാനുള്ള ശ്രമം നീണ്ടുപോയേക്കാം. ഗൃഹനിർമ്മാണത്തിന് ധനം കണ്ടെത്തുവാൻ കഴിയുന്നതാണ്. ഓൺലൈൻ ബിസിനസ്സിലും മുന്നോട്ട് പോകുവാനാവും. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.

ആയില്യം

ആദിത്യൻ, വ്യാഴം, രാഹു തുടങ്ങിയ ഗ്രഹങ്ങൾ അനിഷ്ടസ്ഥിതി തുടരുകയാൽ ലക്ഷ്യം നേടുക എളുപ്പമാവില്ല. അധികാരികൾ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിച്ചേക്കും. ആവശ്യങ്ങൾ ബധിരകർണ്ണങ്ങളിലാവും പതിക്കുക. വരവിലും ചെലവ് അധികരിക്കുന്നതാണ്. ആഢംബരം നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. വഴിനടത്തയും അലച്ചിലുമേറുന്നതാണ്. പ്രണയികൾ ഭാവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. സഹോദരനിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. വിദേശത്തുകഴിയുന്ന വർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്താനാവും. കരാർ പണികൾ, ചെറുസംരംഭം ഇവ ലാഭകരമാവുന്നതാണ്. നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും. എതിർപ്പുകളെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. ആരോഗ്യപരമായി കരുതലുണ്ടാവണം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: