/indian-express-malayalam/media/media_files/2HJKTJNCfYe146s84Fmp.jpg)
Weekly Horosope
Weekly Astrology Predictions: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിൽ. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ആയില്യം മുതൽ ചിത്തിര - ചോതി നക്ഷത്രങ്ങൾ വരെ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ മകയിരം നക്ഷത്രത്തിൽ.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും സഞ്ചരിക്കുന്നു. ചൊവ്വ ജൂൺ 6 ന് അർദ്ധരാത്രി ഇടവം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക്, ആയില്യം നക്ഷത്രത്തിൽ നിന്നും മകം നക്ഷത്രത്തിലേക്ക് സംക്രമിക്കുകയാണ്.
ബുധൻ ശനിയാഴ്ച വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും പ്രവേശിക്കുന്നു. ബുധൻ വ്യാഴത്തിനൊപ്പം മകയിരം നക്ഷത്രത്തിലാണ്. ബുധൻ ഈയാഴ്ച മുഴുവൻ മൗഢ്യത്തിൽ തുടരുന്നു എന്നതും പ്രസ്താവ്യം.
ശുക്രൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
ലാഘവത്വത്തോടെ ഒരു കാര്യത്തിലും ഏർപ്പെടരുത്. ബിസിനസ്സുകാർ പുതിയ ഏജൻസികൾ സ്വീകരിച്ചേക്കും. സന്ധി സംഭാഷണങ്ങൾ വിജയം കാണണമെന്നില്ല. അനാവശ്യമായ തിടുക്കം ഉണ്ടാവും. ദാമ്പത്യത്തിലെ നുണകൾ തിരിച്ചറിയപ്പെടും. ട്രാഫിക് നിയമങ്ങൾ തെറ്റിക്കാനിടയുണ്ട്. തന്മൂലം പിഴയൊടുക്കുന്നതാണ്. ഓഫീസിലെ കാര്യാലോചനകളിൽ വ്യക്തമായ അഭിപ്രായം പറയും. ശത്രുക്കൾ കൂടാനിടയുണ്ട്. മകളുടെ ഉപരിപഠനച്ചെലവുകൾ മനസ്സിൽ അമ്പരപ്പുണ്ടാക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കരുതലുണ്ടാവണം.
പൂരം
ഉച്ചരാശിയിൽ സഞ്ചരിച്ചിരുന്ന നക്ഷത്രാധിപനായ ശുക്രൻ ഇനി ചൊവ്വയുടെ രാശിയിൽ ഭാഗ്യഭാവത്തിൽ സഞ്ചരിക്കും. അതിനാൽ ഗുണാനുഭവങ്ങൾ കുറയില്ല. ക്ഷേത്രാടനത്തിൻ് അവസരം വന്നുചേരുന്നതാണ്. ജോലിസ്ഥലത്ത് സമാധാനമുണ്ടാവും. സഹപ്രവർത്തകർക്കിടയിൽ സ്വീകാര്യത പ്രതീക്ഷിക്കാം.
ധനവരവ് കരുതിയതിലും കുറയാനിടയില്ല. കമ്മീഷൻ ഇനത്തിൽ മോശമല്ലാത്ത തുക കൈവരുന്നതായിരിക്കും. ആരംഭിച്ച കാര്യങ്ങൾ തടസ്സപ്പെടാനുള്ള സാധ്യതയില്ല. ദാമ്പത്യത്തിൻ്റെ സുഗമതയ്ക്ക് അനുരഞ്ജനം വേണ്ടതായേക്കും. തിങ്കൾ, ചൊവ്വ, വെള്ളി നല്ല ദിവസങ്ങൾ.
ഉത്രം
കേതുഗ്രഹം ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ജാഗ്രത വേണം. സാഹസകർമ്മങ്ങൾ ഒഴിവാക്കപ്പെടണം. തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിച്ചേക്കും. ബിസിനസ്സുകാർ ലോണിനായി ശ്രമിക്കുന്നതാണ്. അകാരണമായി മനസ്സിനെ ഗ്ലാനി ബാധിക്കാം. പ്രണയികൾക്കിടയിൽ കലഹങ്ങൾ ഉണ്ടാവും. കലാപ്രവർത്തനത്തിനുള്ള സാഹചര്യങ്ങൾ പൂർണ്ണമായി അനുകൂലമാണെന്ന് പറയുകവയ്യ. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവുണ്ടാവും. ബന്ധുസമാഗമം സന്തോഷമേകും. വാരമധ്യാന്ത്യങ്ങളിൽ കൂടുതൽ ഗുണം പ്രതീക്ഷിക്കാം.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അത്തം
പതിവുകാര്യങ്ങൾ ഒക്കെ ഒരുവിധം നടന്നുപോകുന്നതാണ്. എന്നാൽ പുതുകാര്യങ്ങൾ തുടങ്ങാൻ തടസ്സമേറും. വേണോ വേണ്ടയോ എന്ന സന്ദിഗ്ദ്ധത മനസ്സിനെ മഥിക്കും.. സാങ്കേതിക കാര്യങ്ങൾ അറിയേണ്ടതായി വന്നേക്കും. ബന്ധുസമാഗമം സന്തോഷമേകുന്നതാണ്. ഭാവിയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണരും. അമിതാദ്ധ്വാനം ഒഴിവാക്കുകയാവും ഉചിതം. ജന്മദിനത്തിന് ഇഷ്ടവ്യക്തിയുടെ സന്ദേശം ലഭിക്കാം. ആത്മവിശ്വാസം വന്നും പോയുമിരിക്കും. രാഷ്ട്രീയ താത്പര്യം കുറയുന്നതാണ്. പെൻഷൻ പറ്റിയവർക്ക് കുടിശ്ശിക തുകയ്ക്കായി കാത്തിരിക്കേണ്ടി വരും.
ചിത്തിര
തുലാക്കൂറുകാർക്ക് അല്പം ഗുണം കൂടുതലുള്ള സമയമാണ്. തടസ്സങ്ങളുണ്ടാവില്ല. കാര്യസാധ്യത്തിന് അധികാരികളുടെ പിന്തുണയുണ്ടാവും. കടം കൊടുത്ത തുക ഭാഗികമായി മടക്കിക്കിട്ടും. ചടുലമായ നീക്കങ്ങൾ നടത്തുന്നതിലൂടെ എതിരാളികൾ നിഷ്പ്രഭരാവുന്നതാണ്. കന്നിക്കൂറുകാർക്ക് കാര്യപ്രാപ്തിക്ക് പരാശ്രയത്വം വേണ്ടിവന്നേക്കും. ജോലിഭാരം കൂടും. തന്മൂലം വീട്ടിലെത്താൻ വൈകുന്നതാണ്. തർക്കങ്ങളിൽ ഒഴിഞ്ഞു നിൽക്കുന്നതാവും നല്ലത്. ദാമ്പത്യത്തിൽ സംതൃപ്തി കുറയും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ ദേഹാലസ്യം അനുഭവപ്പെടാം.
ചോതി
ഞായർ മുതൽ ചൊവ്വ വരെ അനുകൂലം. ബുധനും വ്യാഴവും അല്പം മങ്ങൽ. വെള്ളിയും ശനിയും മെച്ചം - ഈ വിധത്തിൽ സാമാന്യമായ ഒരു വിശകലനം പറയാം. ധനവിഷയത്തിൽ സംതൃപ്തിയുണ്ടാവും. ചെലവുകളിൽ മിതത്വം പാലിക്കേണ്ടതുണ്ട്. ഔദ്യോഗികമായി അംഗീകാരമുണ്ടാവും. ജോലിസ്ഥലത്ത് പ്രാധാന്യം കൂടുന്നതാണ്. ബിസിനസ്സ് ആശയങ്ങളുമായി മുന്നോട്ടുപോകും. എടുത്തുചാട്ടം ദോഷം ചെയ്തേക്കും. വസ്തുവിൽപ്പനയിലെ തടസ്സം നീങ്ങിയേക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ശുക്രൻ ഏഴിൽ സഞ്ചരിക്കുന്നതിനാൽ മനസ്സ് പ്രണയനിർഭരമാവും.
വിശാഖം
ഇണക്കത്തിൽ തന്നെ പിണക്കവും, മറിച്ചും അനുഭവപ്പെടാം. യാത്രകൾ വേണ്ടിവരുന്നതാണ്. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. ദൗത്യങ്ങൾ പകരക്കാരെ ഏല്പിക്കരുത്. പുതിയ ശാഖ തുടങ്ങുന്നത് ഒന്നുകൂടി അലോചിച്ചു മതി. ചില ദൗത്യങ്ങൾ സ്വയം ഏറ്റെടുക്കുകയാവും ഉചിതം. വ്യക്തിജീവിതത്തിൽ സാമാന്യമായ സുഖം ഉണ്ടാവുന്നതാണ്. മകളുടെ വിവാഹലോചന ഫലവത്തായേക്കും. രോഗചികിത്സയിൽ മാറ്റം അനിവാര്യം. വിദേശത്തു പോകുവാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി ലഭിക്കാം.
അനിഴം
ആത്മപരിശോധന നടത്തും. പുതുയത്നങ്ങൾ ഫലപ്രദമാവാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ട സ്ഥിതിവരാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സത്തിന് സാധ്യത കാണുന്നു. മകന് സാങ്കേതിക നൂതനത്വമുള്ള കോഴ്സുകളിൽ പ്രവേശനം കിട്ടും. വരവ് തടസ്സപ്പെടില്ല. ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാനാവും. എന്നാൽ പ്രതീക്ഷിച്ച വേതന വർദ്ധനവ് ഉണ്ടാവണമെന്നില്ല. ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവും.
തൃക്കേട്ട
ഉന്മേഷമുണ്ടാവും, പ്രവർത്തനങ്ങളിൽ. തൊഴിലിടത്തിൽ സമാധാനം പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം മുന്നത്തെ അപേക്ഷിച്ച് കുറയാം. മേലധികാരികളുടെ പ്രീതിയുണ്ടാവും. അന്യദേശത്തുള്ളവർക്ക് നാട്ടിലേക്ക് വരാൻ അവധി ലഭിച്ചേക്കും. ഗൃഹത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. കമ്മീഷൻ / ഏജൻസി വ്യാപാരത്തിൽ താത്പര്യം ജനിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. ലഘുയാത്രകൾ സന്തോഷമേകും. സുഹൃത്തുക്കളുടെ വാക്കുകൾ അപ്പടി ചെവിക്കൊള്ളരുത്. സ്വന്തം വിവേക / വിവേചനങ്ങൾ പ്രയോജനപ്പെടുത്തണം.
Read More: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us