/indian-express-malayalam/media/media_files/2025/01/22/february-23-to-march-1-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope
ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ മകം മുതൽ വിശാഖം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു.
ചൊവ്വ ജൂലൈ 28 ന് ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. ഉത്രം നക്ഷത്രത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ കർക്കടകം രാശിയിൽ, വക്രമൗഢ്യത്തിലാണ്. ശുക്രൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ ഈയാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും പിൻഗതിയായി സഞ്ചാരം തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ചുകൊണ്ട് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മകം
ജന്മരാശിയിലൂടെ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാദ്യ ദിവസങ്ങളിൽ സന്തോഷം, സമാധാനം, ഇഷ്ടഭക്ഷണ യോഗം, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും. പ്രിയജനസമാഗമം പ്രതീക്ഷിക്കാം. ചൊവ്വയും ബുധനും വാക്കുകളുടെ പാരുഷ്യം അഹിതമാവും. ആർക്കെങ്കിലും മനക്ലേശത്തിനിട വരുത്തും. സമചിത്തത നഷ്ടപ്പെടാം. മറ്റു ദിവസങ്ങളിൽ സഹോദര ഗുണം, സഹായലബ്ധി എന്നിവ വന്നെത്തും. നല്ലവണ്ണം ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ നന്നായി നിർവഹിക്കാനും കഴിയുന്നതായിരിക്കും. ധനപരമായ സമ്മർദങ്ങൾ ഉണ്ടായേക്കില്ല.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പൂരം
പുതിയ സാഹചര്യങ്ങളുമായി എളുപ്പം പൊരുത്തപ്പെടുന്നതാണ്. സമാധാനക്കേടുകൾ പരിഹരിക്കാൻ ആത്മാർത്ഥ ശ്രമം നടത്തുന്നതാണ്. കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിവതും ശ്രമിക്കും. സ്വന്തം ആത്മാർത്ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുന്നതാണ്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ നിർദ്ദയം ചൂണ്ടിക്കാണിക്കും. തന്മൂലം ശത്രുക്കളെ സമ്പാദിച്ചേക്കും. അധ്വാനം അമിതമാവില്ല. ജീവിതശൈലീരോഗങ്ങളെ നിയന്ത്രണത്തിലാക്കാനാവും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രം
ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാൽ വിയോജിപ്പുകളെ നേരിടേണ്ടി വന്നേക്കാം. തൊഴിലിൽ മടുപ്പ് അനുഭവപ്പെടുന്നതാണ്. ഇപ്പോൾ ഉദ്യോഗലബ്ധിക്ക് അനുകൂലമായ സാഹചര്യത്തിലല്ല ഗ്രഹസ്ഥിതിയുള്ളത്. കരാർപണികളുടെ ധനം വന്നു ചേരാൻ വൈകിയേക്കും. അവധിക്കാലയാത്ര മുൻനിർത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ്. സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിൽ ആഭിമുഖ്യം ഏറും. ക്ഷേത്രദർശനം ഉണർവ്വേകും. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് ശുഭത്വം കുറയാം. പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാം.
അത്തം
ചന്ദ്രസഞ്ചാരം പന്ത്രണ്ടാം ഭാവത്തിലാകയാൽ ഞായറും തിങ്കളും അല്പം സുഖക്കുറവ് അനുഭവപ്പെടും. പണച്ചെലവുണ്ടാവും. ചെറുയാത്രകൾ സാധ്യതയാണ്. ചൊവ്വ ജന്മരാശിയിൽ പ്രവേശിച്ചതിനാൽ ദേഹാരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കേണ്ടതുണ്ട്. വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കാം. ദുഷ്‌പ്രേരണകളെ നിയന്ത്രിക്കണം. ഉപജാപങ്ങളെ തിരിച്ചറിയാനാവും. മൗനവും തമസ്കരണവും ശത്രുവിനെ നിരായുധനാക്കാം. നവാരംഭങ്ങൾക്ക് ഈ വാരം ഗുണകരമാവില്ല.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചിത്തിര
സങ്കല്പവും യാഥാർത്ഥ്യവും രണ്ടെന്നറിയും. സ്വയം തിരുത്താൻ സന്നദ്ധതയുണ്ടാവും. പ്രമുഖന്മാരെ പരിചയപ്പെടാൻ സാഹചര്യം ഒരുങ്ങും. സുലഭ വസ്തുക്കൾ ദുർലഭമാവാനിടയുണ്ട്. പൊതുപ്രവർത്തനത്തിന് അധികം സമയം ചെലവഴിക്കേണ്ടി വരുന്നതാണ്. പിതൃ-പുത്ര ബന്ധത്തിൽ ചില പൊരുത്തക്കേടുകളുണ്ടാവാം. സാമ്പത്തികമായി മോശം വാരമല്ല.
പുതിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങാനിടയുണ്ട്. കുടുംബ സ്വത്തിൽ നിന്നും ആദായം ലഭിക്കുന്നതാണ്. സുഹൃൽ ബന്ധങ്ങൾ വളരും. തുലാക്കൂറുകാർക്ക് ഭാഗ്യപുഷ്ടി പ്രതീക്ഷിക്കാം. വിശ്രമത്തിന് നേരം കുറയാം.
ചോതി
പ്രതീക്ഷിച്ച കാര്യങ്ങൾ അഭംഗുരം നടക്കും. മേലധികാരി ഏല്പിച്ച പ്രധാന ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കുവാനാവും. ബിസിനസ്സുകാർക്ക് ലോൺ ലഭിക്കാനിടയുണ്ട്. ഗവേഷകർക്ക് അന്വേഷണ യാത്രകൾ വേണ്ടി വരുന്നതാണ്. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ചെലവിൽ നിയന്ത്രണം വേണം. ഭൂമിയിൽ നിന്നും ആദായം കുറയും. നറുക്കെടുപ്പ്, ചിട്ടി ഇവയിൽ നേട്ടങ്ങൾ ഉണ്ടാവാം.ഒരു ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. മകളുടെ പഠനത്തിൽ പുരോഗതി ദൃശ്യമാവും. പാരിതോഷികങ്ങൾ ലഭിക്കാം. ആത്മീയ സാധനകൾ മുടങ്ങില്ല. ചൊവ്വയും ബുധനും ശുഭദിനങ്ങളല്ല.
വിശാഖം
പ്രവർത്തന മേഖലയിൽ വലിയ രീതിയിലുള്ള അസംതൃപ്തി ഉണ്ടാവില്ല. തടസ്സങ്ങളെ പ്രായോഗിക ബുദ്ധികൊണ്ടു നേരിടുന്നതാണ്. ബന്ധുവിൻ്റെ ബിസിനസ്സ് വിപുലീകരിക്കാൻ അഹോരാത്രം പ്രവർത്തിക്കും. പരസ്യങ്ങളെ ആശ്രയിക്കാനിടയുണ്ട്. മാർക്കറ്റിംഗ് രംഗത്തുള്ളവർക്ക് അധ്വാനഭാരം കൂടും. വിദ്യാർത്ഥികൾ ആലസ്യം കൈവെടിയേണ്ടതുണ്ട്. കലാരംഗത്ത് സക്രിയരാവും. അവസരങ്ങൾ തേടിവന്നേക്കാം. ഗൃഹാലങ്കാര വസ്തുക്കൾ വാങ്ങും. ഹൃദയ രോഗികൾ ശ്രദ്ധാലുക്കളാവണം.
അനിഴം
ധനലാഭം സന്തോഷിപ്പിക്കും. തൊഴിലിനോടുണ്ടായിരുന്ന ചാഞ്ചാട്ട മനസ്ഥിതിക്ക് മാറ്റം വരുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാനിടയുണ്ട്. കുടുംബ ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. വസ്തുക്കച്ചവടം ഗുണം ചെയ്യും. പണയവസ്തു തിരിച്ചെടുക്കാനാവും. വിട്ടുമാറാത്ത അലർജി വിഷമിപ്പിക്കും. സുഹൃത്തുക്കളുമായുള്ള അഭിപ്രായാന്തരം പരിഹരിക്കുന്നതാണ്. മകളുടെ വിവാഹക്കാര്യത്തിൽ ശുഭതീരുമാനം വരും. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നതാണ്. ക്ഷേത്ര ദർശനത്തിന് നേരം കണ്ടെത്തും. പൂർവ്വകാല സുഹൃത്തുക്കളെ കാണുന്നതിന് ശ്രമം തുടരുന്നതാണ്.
തൃക്കേട്ട
പത്തും പതിനൊന്നും ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ കർമ്മഗുണം പ്രതീക്ഷിക്കാം. ലക്ഷ്യപ്രാപ്തി കഠിനാദ്ധ്വാനം കൂടാതെ തന്നെ കൈവരിക്കാൻ കഴിഞ്ഞേക്കും. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്. ആത്മശക്തി ഉയരുന്നതാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സം വരാം. ഓൺലൈൻ ക്ളാസ്സുകളിലൂടെ ചിലതൊക്കെ പഠിക്കാനും പഠിപ്പിക്കാനും അവസരം ഉണ്ടാവുന്നതാണ്. വാഹനത്തിൻ്റെ / വീടിൻ്റെ അറ്റകുറ്റത്തിന് പണം ചെലവാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതിയകാര്യങ്ങൾ തുടങ്ങുക ഉചിതമായേക്കില്ല.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.