/indian-express-malayalam/media/media_files/2025/01/22/february-23-to-march-1-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ മകം മുതൽ വിശാഖം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു.
ചൊവ്വ ജൂലൈ 28 ന് ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. ഉത്രം നക്ഷത്രത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ കർക്കടകം രാശിയിൽ, വക്രമൗഢ്യത്തിലാണ്. ശുക്രൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ ഈയാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും പിൻഗതിയായി സഞ്ചാരം തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ചുകൊണ്ട് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അശ്വതി
ഉദ്യോഗാർത്ഥികൾക്ക് ദിവസ വേതനം മുൻനിർത്തിയുള്ള ജോലിയെങ്കിലും ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് ഉത്സവക്കാലത്തെ മുൻനിർത്തിയുള്ള ആസൂത്രണങ്ങളിൽ മുഴുകേണ്ടതായി വന്നേക്കും. മനസ്സമാധാനം കുറയാനിടയുണ്ട്. വിശേഷിച്ചും ആദ്യ രണ്ടുദിവസങ്ങളിൽ. മക്കളുടെ ശാഠ്യശീലങ്ങൾ വിഷമത്തിന് കാരണമാകാം. സാമ്പത്തിക വിഷയങ്ങളിൽ സ്വാതന്ത്ര്യം ഉണ്ടാവും. വ്യാപാരത്തിൽ ലാഭം കുറയില്ല. ചൊവ്വ മുതൽ ഇഷ്ടജനസമാഗമം, ഭോഗസുഖം, ശുഭവാർത്താ ശ്രവണം എന്നിവ സാധ്യതകൾ. എതിർക്കുന്നവർ നിശബ്ദരാവുന്നതാണ്. ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്.
ഭരണി
തൊഴിൽ രംഗത്ത് മുന്നേറാനാവും. കരാറുക ൾ പുതുക്കിക്കിട്ടുന്നത് ആശ്വാസമുണ്ടാക്കും. വീട്ടിനടുത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് പ്രതീക്ഷിക്കുമെങ്കിലും വൈകാനാണിട. ആരംഭിച്ച കാര്യങ്ങൾക്ക് തടസ്സം വരാം. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. പുതിയ തലമുറയുടെ രീതികൾ ആശ്വാസം പകരില്ല. മൗനമാണ് നല്ലതെന്ന് ജീവിത പങ്കാളി ഉപദേശിച്ചേക്കും. വ്യാപാരത്തിൽ മുതൽ മുടക്കുന്നത് കരുതലോടെ വേണം. പഴയ കടംവീട്ടാൻ ഉത്സാഹിക്കണം. സുഹൃത്തുക്കളുടെ വാക്കുകൾ വിശ്വസിക്കും. ബന്ധുകലഹത്തിൽ നീതിയുടെ ഭാഗത്ത് നിൽക്കാനാവും.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കാർത്തിക
ഉന്മേഷദായകമാവില്ല, വാരാദ്യ ദിവസങ്ങൾ. സർവ്വത്ര ആശയക്കുഴപ്പം അനുഭവപ്പെടും. തീരുമാനങ്ങൾ എടുക്കാൻ വിഷമിക്കുന്നതാണ്. തൊഴിലിടത്തിലും അതിൻ്റെ പ്രതിഫലനം കാണാം. ബുധൻ മുതൽ സ്വാഭാവികതാളം തിരിച്ചു കിട്ടും. നവോന്മേഷം ഉണ്ടാവും. വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം മുഴുവനായും ലഭിക്കും. വിപണന തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങും. കുടുംബകാര്യങ്ങളിൽ സ്വസ്ഥത വരാം. സൗഹൃദം ഗുണം ചെയ്യും. ലഘുയാത്രകൾ ആശ്വാസത്തിനിടവരുത്തും. വായ്പകളുടെ തിരിച്ചടവിന് ധനം കൈവശമെത്തിച്ചേരുന്നതാണ്.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
രോഹിണി
ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങൾക്ക് ഗുണം കുറവായിരിക്കും. പ്രയത്നം ഫലവത്താവണമെന്നില്ല. രേഖകൾ അശ്രദ്ധമായി പൂരിപ്പിച്ചതിൻ്റെ ഫലമായി അപേക്ഷ തള്ളപ്പെടാം. അല്ലെങ്കിൽ വീണ്ടും സമർപ്പിക്കേണ്ടി വരും. സംഘടനകളിൽ എതിർപ്പുയരുന്നത് അറിയും. എന്നാൽ അവയ്ക്ക് മറുപടി നൽകാൻ സാധിച്ചേക്കില്ല. ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നതാണ്. വ്യാപാരത്തിൽ നിന്നും ലാഭം വന്നെത്തും. വാക്കുകൾ മറ്റുള്ളവരുടെ ആദരവ് നേടുന്നതാണ്. കൃത്യനിഷ്ഠ പുലർത്തും.
മകയിരം
പല കാര്യങ്ങളും കരുതിയതിലും വേഗത്തിൽ സഫലമാവും. ഏകോപനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ്. പുതുവാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്. രോഗാരിഷ്ടകൾക്ക് ആശ്വാസം വരുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ അമളി പറ്റരുത്. ശുഭഗ്രഹങ്ങളുടെ അനുകൂലസ്ഥിതിയാൽ വാഗ്വിലാസമുണ്ടാവും. മേലധികാരികൾ അഭിനന്ദിക്കാം. പഠനത്തിൽ മികവ് പുലർത്തുന്നതാണ്. പുതിയ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ഔൽസുക്യം പുലർത്തും. കുടുംബാംഗങ്ങൾ തമ്മിലുള്ള അനൈക്യം പരിഹരിക്കാനാവും. സ്വാശ്രയത്വം വളരും.
തിരുവാതിര
നല്ല തുടക്കം കിട്ടുന്ന വാരമാവും. ആസൂത്രണം പാളിപ്പോകില്ല. ന്യായമായ ആവശ്യങ്ങൾ കരഗതമാവും. നേതൃത്വവുമായി പിണങ്ങാതെ കാര്യങ്ങളെ സമരസമായി കൊണ്ടുപോകും. അഭിമുഖങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും. മറ്റുദിവസങ്ങളിൽ സമ്മിശ്ര ഫലമായിരിക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. നാലിൽ ചൊവ്വയുള്ളതിനാൽ അഗ്നി,യന്ത്രം, വാഹനം ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം.
പുണർതം
പുതുമയുടെ പിന്നാലെ പോകേണ്ടതില്ലെന്ന് തീരുമാനിക്കും. പാരമ്പര്യ തൊഴിലുകളിൽ പരിചയം നേടാൻ ആഗ്രഹിക്കും. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. ഗൃഹനിർമ്മാണം അല്പം മെല്ലെയാവും. കടം വാങ്ങിയ തുക തിരികെ നൽകാൻ സമ്മർദ്ദങ്ങൾ ഉണ്ടാവും. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരും. സഹപ്രവർത്തകർക്ക് ഉചിത നിർദ്ദേശങ്ങൾ നൽകും. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാവും. ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. അന്യദേശത്തുള്ളവർക്ക് നാട്ടിലെത്താൻ കാത്തിരിക്കേണ്ട സ്ഥിതി വരാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്.
പൂയം
ചുറ്റുപാടുകളുടെ മാറ്റം തിരിച്ചറിഞ്ഞ് സ്വയം മാറാൻ തയ്യാറാവും. ഔദ്യോഗിക കൃത്യനിർവഹണം ചിലപ്പോൾ മുഷിപ്പനായി തോന്നും. വ്യാഴം, ശുക്രൻ എന്നിവർ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ നല്ല കാര്യങ്ങൾക്കായി ചെലവുണ്ടാവും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബത്തോട് ഒരുവാക്ക് ചോദിക്കുന്നത് നന്നായിരിക്കും. ഏജൻസി പ്രവർത്തനത്തിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. സഹോദരൻ്റെ രോഗത്തിന് തുടർ ചികിത്സ ആവശ്യമായി വരുന്നതാണ്. വാഗ്ദാനം പാലിക്കാൻ കൂടുതൽ സമയം ചോദിച്ചേക്കും.
ആയില്യം
സഹായഹസ്തവുമായി എത്തുന്നവരെ സംശയ ദൃഷ്ടിയോടെ നോക്കും. ഉദ്യമങ്ങളിൽ വിജയിക്കാൻ കഠിനാദ്ധ്വാനം വേണ്ടതുണ്ട്. മകളുടെ വിദ്യാഭ്യാസത്തിനായി വായ്പാസഹായം ലഭിക്കുന്നത് ആശ്വാസമാകും. സഹപ്രവർത്തകരുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും. അപ്രസക്ത കാര്യങ്ങൾക്ക് ഊർജ്ജം ചെലവഴിക്കുന്നതാണ്. കടമുറിയുടെ നിർമ്മാണച്ചെലവ് അധികരിക്കും. കുടുംബത്തോടൊപ്പം മംഗളകർമ്മത്തിൽ പങ്കെടുക്കും. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.