scorecardresearch

Weekly Horoscope July 27-Aug 02: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope, July 27- August 02: ജൂലൈ 27 ഞായർ മുതൽ ഓഗസ്റ്റ് 02 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, July 27- August 02: ജൂലൈ 27 ഞായർ മുതൽ ഓഗസ്റ്റ് 02 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weekly July 2025 26

Weekly Horoscope

ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ മകം മുതൽ വിശാഖം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ ജൂലൈ 28 ന് ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. ഉത്രം നക്ഷത്രത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ കർക്കടകം രാശിയിൽ, വക്രമൗഢ്യത്തിലാണ്. ശുക്രൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ ഈയാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും പിൻഗതിയായി സഞ്ചാരം തുടരുന്നു.

ഈ ഗ്രഹനിലയെ അവലംബിച്ചുകൊണ്ട് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ഉദ്യോഗാർത്ഥികൾക്ക് ദിവസ വേതനം മുൻനിർത്തിയുള്ള ജോലിയെങ്കിലും ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് ഉത്സവക്കാലത്തെ  മുൻനിർത്തിയുള്ള ആസൂത്രണങ്ങളിൽ മുഴുകേണ്ടതായി വന്നേക്കും. മനസ്സമാധാനം കുറയാനിടയുണ്ട്. വിശേഷിച്ചും ആദ്യ രണ്ടുദിവസങ്ങളിൽ. മക്കളുടെ ശാഠ്യശീലങ്ങൾ വിഷമത്തിന് കാരണമാകാം. സാമ്പത്തിക വിഷയങ്ങളിൽ സ്വാതന്ത്ര്യം ഉണ്ടാവും. വ്യാപാരത്തിൽ ലാഭം കുറയില്ല.  ചൊവ്വ മുതൽ ഇഷ്ടജനസമാഗമം, ഭോഗസുഖം, ശുഭവാർത്താ ശ്രവണം എന്നിവ സാധ്യതകൾ. എതിർക്കുന്നവർ നിശബ്ദരാവുന്നതാണ്. ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്.

Advertisment

ഭരണി

തൊഴിൽ രംഗത്ത് മുന്നേറാനാവും. കരാറുക ൾ പുതുക്കിക്കിട്ടുന്നത് ആശ്വാസമുണ്ടാക്കും. വീട്ടിനടുത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് പ്രതീക്ഷിക്കുമെങ്കിലും വൈകാനാണിട. ആരംഭിച്ച കാര്യങ്ങൾക്ക് തടസ്സം വരാം. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. പുതിയ തലമുറയുടെ രീതികൾ ആശ്വാസം പകരില്ല. മൗനമാണ് നല്ലതെന്ന് ജീവിത പങ്കാളി ഉപദേശിച്ചേക്കും. വ്യാപാരത്തിൽ മുതൽ മുടക്കുന്നത് കരുതലോടെ വേണം. പഴയ കടംവീട്ടാൻ ഉത്സാഹിക്കണം. സുഹൃത്തുക്കളുടെ വാക്കുകൾ വിശ്വസിക്കും. ബന്ധുകലഹത്തിൽ നീതിയുടെ ഭാഗത്ത് നിൽക്കാനാവും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

കാർത്തിക

ഉന്മേഷദായകമാവില്ല, വാരാദ്യ ദിവസങ്ങൾ. സർവ്വത്ര ആശയക്കുഴപ്പം അനുഭവപ്പെടും. തീരുമാനങ്ങൾ എടുക്കാൻ വിഷമിക്കുന്നതാണ്. തൊഴിലിടത്തിലും അതിൻ്റെ പ്രതിഫലനം കാണാം. ബുധൻ മുതൽ സ്വാഭാവികതാളം തിരിച്ചു കിട്ടും. നവോന്മേഷം ഉണ്ടാവും. വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം മുഴുവനായും ലഭിക്കും. വിപണന തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങും. കുടുംബകാര്യങ്ങളിൽ സ്വസ്ഥത വരാം. സൗഹൃദം ഗുണം ചെയ്യും. ലഘുയാത്രകൾ ആശ്വാസത്തിനിടവരുത്തും. വായ്പകളുടെ തിരിച്ചടവിന് ധനം കൈവശമെത്തിച്ചേരുന്നതാണ്.

രോഹിണി

ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങൾക്ക് ഗുണം കുറവായിരിക്കും. പ്രയത്നം ഫലവത്താവണമെന്നില്ല. രേഖകൾ അശ്രദ്ധമായി പൂരിപ്പിച്ചതിൻ്റെ ഫലമായി അപേക്ഷ തള്ളപ്പെടാം. അല്ലെങ്കിൽ വീണ്ടും സമർപ്പിക്കേണ്ടി വരും. സംഘടനകളിൽ എതിർപ്പുയരുന്നത് അറിയും. എന്നാൽ അവയ്ക്ക് മറുപടി നൽകാൻ സാധിച്ചേക്കില്ല. ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നതാണ്. വ്യാപാരത്തിൽ നിന്നും ലാഭം വന്നെത്തും. വാക്കുകൾ മറ്റുള്ളവരുടെ ആദരവ് നേടുന്നതാണ്. കൃത്യനിഷ്ഠ പുലർത്തും.

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മകയിരം

പല കാര്യങ്ങളും കരുതിയതിലും വേഗത്തിൽ സഫലമാവും. ഏകോപനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ്. പുതുവാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്. രോഗാരിഷ്ടകൾക്ക് ആശ്വാസം വരുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ അമളി പറ്റരുത്. ശുഭഗ്രഹങ്ങളുടെ അനുകൂലസ്ഥിതിയാൽ വാഗ്വിലാസമുണ്ടാവും. മേലധികാരികൾ അഭിനന്ദിക്കാം. പഠനത്തിൽ മികവ് പുലർത്തുന്നതാണ്. പുതിയ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ഔൽസുക്യം പുലർത്തും. കുടുംബാംഗങ്ങൾ തമ്മിലുള്ള അനൈക്യം പരിഹരിക്കാനാവും. സ്വാശ്രയത്വം വളരും.

തിരുവാതിര

നല്ല തുടക്കം കിട്ടുന്ന വാരമാവും. ആസൂത്രണം പാളിപ്പോകില്ല. ന്യായമായ ആവശ്യങ്ങൾ കരഗതമാവും. നേതൃത്വവുമായി പിണങ്ങാതെ കാര്യങ്ങളെ സമരസമായി കൊണ്ടുപോകും. അഭിമുഖങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും. മറ്റുദിവസങ്ങളിൽ സമ്മിശ്ര ഫലമായിരിക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. നാലിൽ ചൊവ്വയുള്ളതിനാൽ അഗ്നി,യന്ത്രം, വാഹനം ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം.

പുണർതം

പുതുമയുടെ പിന്നാലെ പോകേണ്ടതില്ലെന്ന് തീരുമാനിക്കും. പാരമ്പര്യ തൊഴിലുകളിൽ പരിചയം നേടാൻ ആഗ്രഹിക്കും. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. ഗൃഹനിർമ്മാണം അല്പം മെല്ലെയാവും. കടം വാങ്ങിയ തുക തിരികെ നൽകാൻ സമ്മർദ്ദങ്ങൾ ഉണ്ടാവും. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരും. സഹപ്രവർത്തകർക്ക് ഉചിത നിർദ്ദേശങ്ങൾ നൽകും. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാവും. ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. അന്യദേശത്തുള്ളവർക്ക് നാട്ടിലെത്താൻ കാത്തിരിക്കേണ്ട സ്ഥിതി വരാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. 

പൂയം

ചുറ്റുപാടുകളുടെ മാറ്റം തിരിച്ചറിഞ്ഞ് സ്വയം മാറാൻ തയ്യാറാവും. ഔദ്യോഗിക കൃത്യനിർവഹണം ചിലപ്പോൾ മുഷിപ്പനായി തോന്നും. വ്യാഴം, ശുക്രൻ എന്നിവർ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ നല്ല കാര്യങ്ങൾക്കായി ചെലവുണ്ടാവും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബത്തോട് ഒരുവാക്ക് ചോദിക്കുന്നത് നന്നായിരിക്കും. ഏജൻസി പ്രവർത്തനത്തിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. സഹോദരൻ്റെ രോഗത്തിന് തുടർ ചികിത്സ ആവശ്യമായി വരുന്നതാണ്. വാഗ്ദാനം പാലിക്കാൻ കൂടുതൽ സമയം ചോദിച്ചേക്കും.

ആയില്യം

സഹായഹസ്തവുമായി എത്തുന്നവരെ സംശയ ദൃഷ്ടിയോടെ നോക്കും. ഉദ്യമങ്ങളിൽ വിജയിക്കാൻ കഠിനാദ്ധ്വാനം വേണ്ടതുണ്ട്. മകളുടെ വിദ്യാഭ്യാസത്തിനായി വായ്പാസഹായം  ലഭിക്കുന്നത് ആശ്വാസമാകും. സഹപ്രവർത്തകരുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും. അപ്രസക്ത കാര്യങ്ങൾക്ക് ഊർജ്ജം ചെലവഴിക്കുന്നതാണ്. കടമുറിയുടെ നിർമ്മാണച്ചെലവ് അധികരിക്കും. കുടുംബത്തോടൊപ്പം മംഗളകർമ്മത്തിൽ പങ്കെടുക്കും. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്.

മകം

ജന്മരാശിയിലൂടെ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാദ്യ ദിവസങ്ങളിൽ സന്തോഷം, സമാധാനം, ഇഷ്ടഭക്ഷണ യോഗം, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും. പ്രിയജനസമാഗമം പ്രതീക്ഷിക്കാം. ചൊവ്വയും ബുധനും വാക്കുകളുടെ പാരുഷ്യം അഹിതമാവും. ആർക്കെങ്കിലും മനക്ലേശത്തിനിട വരുത്തും. സമചിത്തത നഷ്ടപ്പെടാം. മറ്റു ദിവസങ്ങളിൽ സഹോദര ഗുണം, സഹായലബ്ധി എന്നിവ വന്നെത്തും. നല്ലവണ്ണം ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ നന്നായി നിർവഹിക്കാനും കഴിയുന്നതായിരിക്കും. ധനപരമായ സമ്മർദങ്ങൾ ഉണ്ടായേക്കില്ല.

പൂരം

പുതിയ സാഹചര്യങ്ങളുമായി എളുപ്പം പൊരുത്തപ്പെടുന്നതാണ്. സമാധാനക്കേടുകൾ പരിഹരിക്കാൻ ആത്മാർത്ഥ ശ്രമം നടത്തുന്നതാണ്. കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിവതും ശ്രമിക്കും. സ്വന്തം ആത്മാർത്ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുന്നതാണ്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ നിർദ്ദയം ചൂണ്ടിക്കാണിക്കും. തന്മൂലം ശത്രുക്കളെ സമ്പാദിച്ചേക്കും. അധ്വാനം അമിതമാവില്ല. ജീവിതശൈലീരോഗങ്ങളെ നിയന്ത്രണത്തിലാക്കാനാവും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

ഉത്രം

ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാൽ വിയോജിപ്പുകളെ നേരിടേണ്ടി വന്നേക്കാം.  തൊഴിലിൽ മടുപ്പ് അനുഭവപ്പെടുന്നതാണ്. ഇപ്പോൾ ഉദ്യോഗലബ്ധിക്ക്  അനുകൂലമായ സാഹചര്യത്തിലല്ല ഗ്രഹസ്ഥിതിയുള്ളത്. കരാർപണികളുടെ ധനം വന്നു ചേരാൻ വൈകിയേക്കും. അവധിക്കാലയാത്ര മുൻനിർത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ്. സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിൽ ആഭിമുഖ്യം ഏറും. ക്ഷേത്രദർശനം  ഉണർവ്വേകും. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് ശുഭത്വം കുറയാം. പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാം.

അത്തം

ചന്ദ്രസഞ്ചാരം പന്ത്രണ്ടാം ഭാവത്തിലാകയാൽ ഞായറും തിങ്കളും അല്പം സുഖക്കുറവ് അനുഭവപ്പെടും. പണച്ചെലവുണ്ടാവും. ചെറുയാത്രകൾ സാധ്യതയാണ്. ചൊവ്വ ജന്മരാശിയിൽ പ്രവേശിച്ചതിനാൽ  ദേഹാരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കേണ്ടതുണ്ട്. വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കാം. ദുഷ്‌പ്രേരണകളെ നിയന്ത്രിക്കണം.  ഉപജാപങ്ങളെ തിരിച്ചറിയാനാവും. മൗനവും തമസ്കരണവും ശത്രുവിനെ നിരായുധനാക്കാം. നവാരംഭങ്ങൾക്ക് ഈ വാരം ഗുണകരമാവില്ല.

ചിത്തിര

സങ്കല്പവും യാഥാർത്ഥ്യവും രണ്ടെന്നറിയും. സ്വയം തിരുത്താൻ സന്നദ്ധതയുണ്ടാവും. പ്രമുഖന്മാരെ പരിചയപ്പെടാൻ സാഹചര്യം ഒരുങ്ങും. സുലഭ വസ്തുക്കൾ ദുർലഭമാവാനിടയുണ്ട്. പൊതുപ്രവർത്തനത്തിന് അധികം സമയം ചെലവഴിക്കേണ്ടി വരുന്നതാണ്. പിതൃ-പുത്ര ബന്ധത്തിൽ ചില പൊരുത്തക്കേടുകളുണ്ടാവാം. സാമ്പത്തികമായി മോശം വാരമല്ല. പുതിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങാനിടയുണ്ട്. കുടുംബ സ്വത്തിൽ നിന്നും ആദായം ലഭിക്കുന്നതാണ്. സുഹൃൽ ബന്ധങ്ങൾ വളരും. തുലാക്കൂറുകാർക്ക് ഭാഗ്യപുഷ്ടി പ്രതീക്ഷിക്കാം. വിശ്രമത്തിന് നേരം കുറയാം.

ചോതി

പ്രതീക്ഷിച്ച കാര്യങ്ങൾ അഭംഗുരം നടക്കും. മേലധികാരി ഏല്പിച്ച പ്രധാന ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കുവാനാവും. ബിസിനസ്സുകാർക്ക് ലോൺ ലഭിക്കാനിടയുണ്ട്. ഗവേഷകർക്ക് അന്വേഷണ യാത്രകൾ വേണ്ടി വരുന്നതാണ്. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ചെലവിൽ നിയന്ത്രണം വേണം. ഭൂമിയിൽ നിന്നും ആദായം കുറയും. നറുക്കെടുപ്പ്, ചിട്ടി ഇവയിൽ നേട്ടങ്ങൾ ഉണ്ടാവാം.ഒരു ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. മകളുടെ പഠനത്തിൽ പുരോഗതി ദൃശ്യമാവും. പാരിതോഷികങ്ങൾ ലഭിക്കാം. ആത്മീയ സാധനകൾ മുടങ്ങില്ല. ചൊവ്വയും ബുധനും ശുഭദിനങ്ങളല്ല.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

പ്രവർത്തന മേഖലയിൽ വലിയ രീതിയിലുള്ള അസംതൃപ്തി ഉണ്ടാവില്ല. തടസ്സങ്ങളെ പ്രായോഗിക ബുദ്ധികൊണ്ടു നേരിടുന്നതാണ്. ബന്ധുവിൻ്റെ ബിസിനസ്സ് വിപുലീകരിക്കാൻ അഹോരാത്രം പ്രവർത്തിക്കും. പരസ്യങ്ങളെ ആശ്രയിക്കാനിടയുണ്ട്. മാർക്കറ്റിംഗ് രംഗത്തുള്ളവർക്ക് അധ്വാനഭാരം കൂടും.  വിദ്യാർത്ഥികൾ ആലസ്യം കൈവെടിയേണ്ടതുണ്ട്. കലാരംഗത്ത് സക്രിയരാവും. അവസരങ്ങൾ തേടിവന്നേക്കാം. ഗൃഹാലങ്കാര വസ്തുക്കൾ വാങ്ങും. ഹൃദയ രോഗികൾ ശ്രദ്ധാലുക്കളാവണം.

അനിഴം

ധനലാഭം സന്തോഷിപ്പിക്കും. തൊഴിലിനോടുണ്ടായിരുന്ന ചാഞ്ചാട്ട മനസ്ഥിതിക്ക് മാറ്റം വരുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാനിടയുണ്ട്. കുടുംബ ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. വസ്തുക്കച്ചവടം ഗുണം ചെയ്യും. പണയവസ്തു തിരിച്ചെടുക്കാനാവും. വിട്ടുമാറാത്ത അലർജി വിഷമിപ്പിക്കും. സുഹൃത്തുക്കളുമായുള്ള അഭിപ്രായാന്തരം പരിഹരിക്കുന്നതാണ്. മകളുടെ വിവാഹക്കാര്യത്തിൽ ശുഭതീരുമാനം വരും. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നതാണ്. ക്ഷേത്ര ദർശനത്തിന് നേരം കണ്ടെത്തും. പൂർവ്വകാല സുഹൃത്തുക്കളെ കാണുന്നതിന് ശ്രമം തുടരുന്നതാണ്.

തൃക്കേട്ട

പത്തും പതിനൊന്നും ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ കർമ്മഗുണം പ്രതീക്ഷിക്കാം. ലക്ഷ്യപ്രാപ്തി കഠിനാദ്ധ്വാനം കൂടാതെ തന്നെ കൈവരിക്കാൻ കഴിഞ്ഞേക്കും. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്. ആത്മശക്തി ഉയരുന്നതാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സം വരാം. ഓൺലൈൻ ക്ളാസ്സുകളിലൂടെ ചിലതൊക്കെ പഠിക്കാനും പഠിപ്പിക്കാനും അവസരം ഉണ്ടാവുന്നതാണ്. വാഹനത്തിൻ്റെ / വീടിൻ്റെ അറ്റകുറ്റത്തിന്  പണം ചെലവാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതിയകാര്യങ്ങൾ തുടങ്ങുക ഉചിതമായേക്കില്ല.

മൂലം

ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണ്. മുൻപ് തടസ്സപ്പെട്ട കാര്യങ്ങൾ ഇപ്പോൾ നിർവഹണത്തിലെത്തിക്കാനാവും. കർമ്മമണ്ഡലം ഉണരും. ഉറ്റവരുടെ സഹായ സഹകരണം ആവശ്യപ്പെടാതെ തന്നെ കൈവരും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റും. ബിസിനസ്സ് പുരോഗതിയുടെ ദിശയിലാണെന്ന് ബോധ്യമാകുന്നതാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ ഫലവത്താകും. നിക്ഷേപങ്ങളിൽ നിന്നും ആദായം കൈവരും. മകളുടെ ഭാവികാര്യങ്ങളിൽ ശുഭസൂചനകൾ വന്നെത്തും. രോഗികൾക്ക് സമാശ്വാസം ഭവിക്കുന്നതാണ്.

പൂരാടം

പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യമുണ്ടാവും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളും. മത്സരം/ അഭിമുഖം ഇവകളിൽ ശോഭിക്കും. ഭൗതിക പുരോഗതി സന്തോഷിപ്പിക്കും. സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥർ വേതന വർദ്ധനവിന് ശുപാർശ ചെയ്യപ്പെടും. ധനാഗമം സുഗമമാവും. സഹപ്രവർത്തകരുടെ പിന്തുണ കൈവരും. ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ജോലി തേടുന്നവർ   വിശദമായ ബയോഡേറ്റ തയ്യാറാക്കും.  ചെലവിനങ്ങൾ നിയന്ത്രിക്കാനായേക്കും. മനസ്സന്തോഷം ഉണ്ടാവും. 

ഉത്രാടം

ഉന്നമനേച്ഛയോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. പുതിയ അവസരങ്ങൾ തേടിക്കൊണ്ടിരിക്കും. വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങളിൽ നിന്നും സ്വയം പിൻവാങ്ങുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യത്തിന് ഉലച്ചിൽ തട്ടുന്നതായി തോന്നാം. അവയുടെ കാരണം കണ്ടെത്തി പരിഹരിക്കാൻ  തയ്യാറാവും.  നവസംരംഭങ്ങൾ കടം വാങ്ങിയ തുക കൊണ്ട് ആരംഭിക്കുന്നത് ആലോചിച്ചുവേണം. തത്കാലം ഇത്തരം സാമ്പത്തികവും അല്ലാത്തതുമായ സാഹസങ്ങൾക്ക് ഒരുമ്പെടാതിരിക്കുകയാവും ഉചിതം.  കൃത്യനിഷ്ഠ കൈവിടരുത്. നിത്യവ്യായാമം ഉപേക്ഷിക്കയുമരുത്.

തിരുവോണം

തികഞ്ഞ ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. സ്വന്തബന്ധങ്ങൾ കൊണ്ട് ഗുണമാണോ  ദോഷമാണോ എന്ന് ചിന്തിക്കേണ്ട സാഹചര്യം ഉരുത്തിരിയും. ഉത്സവക്കാലം മുൻനിർത്തി ബിസിനസ്സ് വിപുലീകരിക്കുന്നതാണ്. പുതിയ തൊഴിലാളികളെ നിയമിക്കും. ഉദ്യോഗസ്ഥർ ദുർഘട പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ടേക്കും. വിദ്യാർത്ഥികൾ ഏകാഗ്രത പുലർത്തും. സാമ്പത്തിക സമ്മർദ്ദങ്ങളുണ്ടാവില്ല. ഞായറും തിങ്കളും അഷ്ടമരാശിയാകയാൽ എല്ലാക്കാര്യങ്ങളിലും ജാഗ്രതയുണ്ടാവണം.

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അവിട്ടം

കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കുന്നതായിരിക്കും. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകും. തർക്കങ്ങളിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. സാമ്പത്തിക വഴികൾ കൂടുതൽ തെളിയും. സർവ്വീസിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ കിട്ടിത്തുടങ്ങാം.  ചെറിയ കടബാധ്യതകൾ കൊടുത്തു തീർക്കാനായേക്കും. മകളുടെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കപ്പെടും. അക്കാര്യം ജീവിത പങ്കാളിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണ്. ഉപജാപങ്ങൾ, ദുഷ്പ്രേരണകൾ എന്നിവയെ പ്രതിരോധിക്കാനാവും.

ചതയം

സമ്മിശ്രാനുഭവങ്ങൾ വന്നെത്തും. ഞായറും തിങ്കളും ഗൃഹസൗഖ്യം, ഭോഗസുഖം, വിശിഷ്ട ഭക്ഷണ യോഗം എന്നിവയുണ്ടാവും. ശുഭവാർത്തകൾ കേൾക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേളകൾ ചെലവഴിക്കാൻ കഴിയുന്നതാണ്. ചൊവ്വയും ബുധനും അഷ്ടമരാശിക്കൂറ് ആകയാൽ ജാഗ്രത വേണം. ദുർവ്യയം നിയന്ത്രിക്കണം. ശുഭകാര്യങ്ങൾ ആരംഭിക്കാൻ നന്നല്ല. മേലധികാരികൾക്ക് അപ്രീതി തോന്നാം. മറ്റു ദിവസങ്ങളിൽ കർമ്മോന്മുഖത പ്രതീക്ഷിക്കാം.  അല്പം ദുർഘടം പിടിച്ച ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിച്ചേക്കും. അപകടത്തിൽ നിന്നും രക്ഷനേടുന്നതാണ്.

പൂരൂരുട്ടാതി

അകർമ്മണ്യതയും ആലസ്യവും ഉണ്ടാവും. ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. ഉദ്യോഗസ്ഥർ കാരണമൊന്നും കൂടാതെ ലീവെടുക്കുന്നതാണ്. പ്രമാണങ്ങളിലും മറ്റും ഒപ്പിടുന്നതിനു മുന്നേ നിബന്ധനകൾ വായിച്ചറിയുക നന്നായിരിക്കും. കരാർ പണികളുടെ ആദായം കിട്ടിത്തുടങ്ങുവാൻ സാധ്യത കാണന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മാറ്റിവെക്കേണ്ട സ്ഥിതിയുണ്ടാവാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതുതുടക്കങ്ങൾ നന്നല്ല.

ഉത്രട്ടാതി

ഊർജ്ജസ്വലമായ തുടക്കം കിട്ടുന്ന വാരമായിരിക്കും. പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. തൊഴിലിടത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിലും മനസ്സന്തോഷം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ നല്ലവാർത്തയുണ്ടാവും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ ധനമാർഗങ്ങൾ തെളിയുന്നതാണ്. കച്ചവടരംഗത്ത് പുതിയ ശാഖ തുറക്കുന്ന കാര്യം നീണ്ടുപോയേക്കാം. ബന്ധുകലഹത്തിൽ കക്ഷിചേരാതിരിക്കുന്നത് അഭികാമ്യം. പ്രണയികൾക്ക് പ്രതിസന്ധികളുണ്ടാവാം. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടായേക്കും. അമിതാധ്വാനം കുറയ്ക്കണം.

രേവതി

ഉപരിപഠനത്തിന് ബാങ്ക് വായ്പ ലഭിക്കും. ബിസിനസ്സിൽ പുരോഗതി ദൃശ്യമാകുന്നതാണ്. പഴയ കടബാധ്യതകൾ ശല്യം ചെയ്യാം. കോൺട്രാക്ട് ജോലികളിൽ നിന്നും വരുമാനം കിട്ടിത്തുടങ്ങാം. ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ദാമ്പത്യത്തിൽ അല്പം അസ്വസ്ഥത തലപൊക്കാം. വസ്തു വാങ്ങാൻ / വിൽക്കാൻ ഉദ്ദേശിക്കുന്നവർ മുൻപ്രമാണങ്ങൾ പരിശോധിക്കാൻ മറക്കരുത്. കുടുംബയോഗം സംഘടിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാവും. അഷ്ടമരാശിക്കൂറ് വരികയാൽ വാരാന്ത്യ ദിവസങ്ങളിൽ ജാഗ്രത അനിവാര്യം.

Read More: Mars Transit to Virgo: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: