scorecardresearch

Weekly Horoscope July 20-July 26: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, July 20-July 26: ജൂലൈ 20 ഞായർ മുതൽ ജൂലൈ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, July 20-July 26: ജൂലൈ 20 ഞായർ മുതൽ ജൂലൈ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope July 20-July 26 FI

Weekly Horoscope

Weekly Horoscope: ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിൽ. ജൂലൈ 24ന്/കർക്കടകം 8ന് വ്യാഴാഴ്ച ആണ്  'കർക്കടക വാവ്' (കർക്കടകത്തിലെ കറുത്തവാവ്). 

Advertisment

പിറ്റേന്ന്, ശുക്ള പ്രഥമ മുതൽ വർഷഋതുവും ശ്രാവണമാസവും ആരംഭിക്കുന്നു. ശുക്രൻ ഇടവത്തിൽ തുടരുന്നു. ജൂലൈ 10 ന് രാവിലെ മിഥുനം രാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വ ചിങ്ങം രാശിയിലുണ്ട്. ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ജൂലൈ 24 ന് ബുധൻ്റെ വക്രമൗഢ്യം തുടങ്ങുന്നതാണ്.  

വ്യാഴം മിഥുനം രാശിയിലും ശനി മീനം രാശിയിലും തുടരുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ്. രാഹു, ജൂലൈ 20 ന് പൂരൂരുട്ടാതി മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ പിൻഗതിയിൽ നീങ്ങും. സ്വാഭാവികമായും കേതു ഉത്രം ഒന്നാം പാദത്തിൽ നിന്നും പൂരം നാലാംപാദത്തിലേക്ക് മാറുകയും ചെയ്യും.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ സമ്പൂർണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Advertisment

അശ്വതി

അമിതസമ്മർദ്ദം കൂടാതെ തന്നെ ചുമതലകൾ നിർവഹിക്കാനാവും. കൃത്യമായ കണക്കുകൂട്ടലുകൾക്കൊപ്പം കർമ്മരംഗത്തെ മുൻപരിചയവും തുണയ്ക്കുന്നതാണ്.  സഹജമായ കഴിവുള്ളവരെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് അനുമോദിക്കപ്പെടും. ചന്ദ്രശുക്രയോഗം വാക്കുകൾക്ക് മസൃണത്വമരുളും. തൊഴിലിടത്തിലും പുറത്തും നല്ലരീതിയിൽ സഹകരണം ലഭിക്കുന്നതാണ്. ചിലരുടെ തെറ്റിദ്ധാരണകൾ നീങ്ങുന്നതായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നവാരംഭങ്ങൾക്ക് മുതിരാതിരിക്കുക ഉത്തമം. ഗാർഹികമായ കാര്യങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.

ഭരണി

ചില ഗ്രഹപ്പിഴകൾ ഒഴിഞ്ഞു തുടങ്ങുന്ന കാലമാണ്. വാക്കുകളിൽ നീതിയും ന്യായവും നിറയും. കൃത്യമായ ഇടപാടുകളും ഇടപെടലുകളും സമൂഹത്തിൽ ബഹുമാന്യത ഉയരാൻ കാരണമാകും. സൽകാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. ആദരണീയരെ സന്ദർശിക്കുവാനാവും. ബിസിനസ്സിൽ ധനവരവ് തൃപ്തി തരും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാവില്ല. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയരാനിടയുണ്ട്.  വികാരക്ഷോഭം നിയന്ത്രിക്കപ്പെടണം. ജന്മനാട്ടിൽ പോകാനുള്ള യാത്രക്ക് തയ്യാറെടുപ്പുകൾ തുടരുന്നതാണ്.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

കാർത്തിക

വാരാദ്യം ജന്മനക്ഷത്രം ആകയാൽ ആശംസകളും പാരിതോഷികങ്ങളും ഭോജന സുഖവും ഉണ്ടാവും.  സുഹൃത്തുക്കളെ സന്ദർശിക്കുന്നതാണ്. ഔദ്യോഗികമായി ശരാശരി നേട്ടങ്ങൾ ഭവിക്കുന്ന വാരമായിരിക്കും. സന്ദർഭോചിതമായ നടപടികൾ സ്വീകാര്യത ഉയർത്തുന്നതാണ്. ശത്രുക്കളെ അകറ്റാനാവും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. തൊഴിലിൽ വളർച്ചയുടെ കാലഘട്ടത്തിന് തുടക്കമാവും. ജോലിയില്ലാത്തവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും തുറന്നു കിട്ടും. കുടുംബത്തിൻ്റെ പിന്തുണ വലുതായിരിക്കും.

രോഹിണി

ഉദ്യോഗസ്ഥർക്ക് സംതൃപ്തിയുള്ള വാരമായിരിക്കും. സഹോദരാനുകൂല്യം ഉണ്ടാവുന്നതാണ്. കാര്യനിർവഹണത്തിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മവേണം. മനസ്സിൽ അകാരണ വിഷാദം തലപൊക്കാം. ബിസിനസ്സിനായി കടം വാങ്ങുന്നത് ദോഷമുണ്ടാക്കും. കുടുംബകാര്യങ്ങൾക്ക് സമയം കണ്ടെത്തും. അനുഷ്ഠാനങ്ങൾ വിധിയാംവണ്ണം നിർവഹിക്കുന്നതിനാൽ ആത്മസംതൃപ്തി ഭവിക്കും. പുതിയ തലമുറയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തീരുമാനിച്ചേക്കും.

മകയിരം

ശത്രൂപദ്രവം ഉണ്ടാവാം. കാര്യങ്ങൾ എത്ര ശ്രമിച്ചാലും വേഗതയിലെത്തില്ല. ചിലരുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കും. എന്നാൽ പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നാനിടയുള്ളതിനാൽ കരുതലോടെ കൈക്കൊള്ളേണ്ടതുണ്ട്. മകൻ്റെ വിദ്യാഭ്യാസകാര്യത്തിൽ ആശാവഹമായ മാറ്റം പ്രതീക്ഷിക്കാം. ഏജൻസി ഏർപ്പാടിൽ  ലാഭം കുറയില്ല. ഉദ്യോഗസ്ഥർക്ക് അധികഭാരം വരാനിടയുണ്ട്. പ്രണയ വിവാഹത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് കരുതിയതിലും ചെലവുണ്ടാവുന്നതാണ്.

തിരുവാതിര

കാര്യങ്ങൾ കുറച്ചൊക്കെ അനുകൂലമാവുന്നതാണ്. മുൻകരുതലുകൾ ഫലം കണ്ടുതുടങ്ങും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കുന്നതിന് കഴിഞ്ഞേക്കും. ഭാവികാര്യങ്ങളിൽ ഇപ്പോൾ ചർച്ച അപ്രസക്തമാണ്. സ്ഥിതിഗതികൾ ക്രമേണ അനുകൂലമായേക്കാം എന്നതാണ് സാധ്യത. ബിസിനസ്സിലെ തന്ത്രങ്ങൾ വിപണിയിൽ ചെറുചലനങ്ങൾ സൃഷ്ടിച്ചേക്കും. അക്കാര്യത്തിൽ ഇനിയും ശ്രദ്ധ വേണം. ചികിൽസാ മാറ്റം ജീവിതശൈലീ രോഗങ്ങൾക്ക് കുറച്ചൊക്കെ ആശ്വാസമേകുന്നതാണ്. വീടുമാറ്റത്തിന് അല്പം കൂടി കാത്തിരിക്കണം.

പുണർതം

പുരോഗമന ചിന്തകളുണ്ടാവും. എന്നാൽ പാരമ്പര്യത്തെ തീരെ തള്ളിപ്പറയാനും കഴിഞ്ഞേക്കില്ല. ഭൗതിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആത്മീയ സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്. ജോലിയിൽ സമാധാനം പുലരുന്നതായിരിക്കും. ക്രയവിക്രയങ്ങളിൽ നിയമസാധുത ഉറപ്പുവരുത്തേണ്ടതുണ്ട്. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കും. സാഹിത്യം, കല മുതലായവയിൽ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തും. ഉദ്യോഗസ്ഥർ ഫയലുകൾ നന്നായി പഠിച്ച് അഭിപ്രായം പറയുന്നതിനാൽ മേലധികാരികൾക്ക് സ്വീകാര്യതയുണ്ടാവും.

പൂയം

പ്രിയജനങ്ങളുടെ ഒത്തുചേരൽ സന്തോഷമേകും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവും. കിട്ടാനുള്ള ധനം കൈവരുന്നതാണ്. പഴയ കടബാധ്യത കുറയ്ക്കാനായേക്കും. വസ്ത്രാഭരണാദികൾ വാങ്ങും. വിലകൂടിയ പാരിതോഷികങ്ങൾ ലഭിച്ചേക്കാം. സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നതാണ്. പ്രശ്നപരിഹാരത്തിന് സ്വയം മുൻകൈയെടുക്കും. ശുഭവാർത്തകൾ ശ്രവിക്കുന്നതിനാവും. കുടുംബാംഗങ്ങൾക്കൊപ്പം ആത്മീയ യാത്രകൾ നടത്തുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ ആശ്വാസം ഭവിക്കും. ഉന്നത വ്യക്തികളുടെ പരിചയം നേടും.

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ആയില്യം

ജന്മരാശിയിലെ ആദിത്യ - ബുധ സഞ്ചാരം തടസ്സങ്ങൾ സൃഷ്ടിക്കാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ഭാരിച്ച ചുമതലകൾ ഒറ്റക്ക് ചെയ്യേണ്ടതായി വന്നേക്കാം. ഇഷ്ടപ്പെട്ടവരുടെ പിന്തുണ ലഭിക്കുന്നതാണ്. ഭോഗസുഖമുണ്ടാവും. പ്രണയം അഭംഗുരമായി തുടരുന്നതാണ്. വായ്പ കുടിശിക വരുത്താതെ അടയ്ക്കുന്നതാണ്. കുടുംബാംഗങ്ങളിൽ ചിലരുമായുള്ള പിണക്കം തുടരപ്പെടും. കലാപരമായ കാര്യങ്ങളിൽ വിജയമുണ്ടാവും. കൗതുകവസ്തുക്കൾ, ആഭരണങ്ങൾ ഇവ വാങ്ങാനിടയുണ്ട്. ബുധനും വ്യാഴവും പണച്ചെലവേറും. ശുഭാരംഭത്തിന് ഉചിതദിവസങ്ങളല്ല.

മകം

കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. കാര്യാസൂത്രണവും കാര്യനിർവഹണവും ഒരേപോലെ തന്നെ ചെയ്യാനാവും. പുതിയ ജോലി തേടുന്നവർക്ക് അല്പം ദൂരത്തായി അവസരങ്ങൾ ലഭിച്ചേക്കാം.  ശുഭകാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കും. മനസ്സിന് സന്തോഷമുണ്ടാവും. ജീവകാരുണ്യത്തിന്  നേരം കണ്ടെത്തുന്നതാണ്. ഗവേഷണവുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടിവന്നേക്കും. ധനപരമായി ഉയർച്ച വരുന്നതാണ്. ഊഹക്കച്ചവടം, ചിട്ടി ഇവയിലൂടെ ആദായം കൈവരിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും. ദേഹക്ലേശം അനുഭവപ്പെടാം.

പൂരം

സാധാരണ കാര്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കാനായേക്കും. ചന്ദ്രഗ്രഹത്തിൻ്റെ സഞ്ചാരം ഞായർ മുതൽ വ്യാഴം വരെ അനുകൂലഭാവങ്ങളിലാകയാൽ തൊഴിലിടത്തിൽ സമാധാനം ഭവിക്കും. ധനക്ലേശം ഉണ്ടാവില്ല. ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതാണ്. നീതി നിഷേധിക്കപ്പെടുന്ന കാര്യങ്ങളൊന്നും ഉണ്ടാവുകയുമില്ല. സ്വന്തം ബിസിനസ്സ് വരുന്ന ഉത്സവക്കാലത്ത് വിപുലീകരിക്കുന്നത് എങ്ങനെ എന്ന കാര്യത്തിൽ ആസൂത്രണമുണ്ടാവും. കുടുംബാംഗങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. വാരാന്ത്യ ദിവസങ്ങളിൽ സ്വൈരം കുറയാനിടയുണ്ട്.

ഉത്രം

അദ്ധ്വാനം പാഴാവില്ല. അവയുടെ മൂല്യം അറിയേണ്ടവർ അറിയുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകും. ചെറുകിട സംരംഭങ്ങളിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. കൂട്ടുബിസിനസ്സിൽ ചേരുന്നത് കൂടുതൽ ആലോചനകൾ നടത്തിയ ശേഷം മതിയാകുന്നതാണ്. പുതിയ സാങ്കേതികവിദ്യ പഠിക്കുന്നതിൽ ആഹ്ളാദിക്കും. രോഗക്ലേശിതനായ പിതാവിന് ആശ്വാസകാലമായിരിക്കും. സഹോദരൻ്റെ ക്ലേശം മനസ്സിലാക്കി സാമ്പത്തിക സഹായം ചെയ്യുന്നതാണ്. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് യോഗമുണ്ട്.

അത്തം

ഗ്രഹാനുകൂല്യം വാരം മുഴുവൻ അനുഭവപ്പെടും. മുൻപ് ശ്രമിച്ച് പിൻവാങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ ലഘുയത്നം കൊണ്ടുതന്നെ വിജയം കൈവരിക്കാനാവും. തൊഴിൽപരമായി പുരോഗതി പ്രതീക്ഷിക്കാം. ഉന്നതാധികാരികളുടെ ഒത്താശ ലഭിക്കുന്നതാണ്. പ്രവൃത്തികളിൽ മിടുക്ക് തെളിയിക്കാനാവും. വായ്പയുടെ തിരിച്ചടവ് സുഗമമായി നടത്തും. ആധ്യാത്മിക കാര്യങ്ങൾ തൃപ്തികരമായി നിർവഹിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിൽ ശ്രദ്ധ പുലർത്തും. സാമൂഹികമായ അംഗീകാരം നേടുന്നതാണ്. കലാപരമായ കഴിവുകൾ അഭിനന്ദിക്കപ്പെടും.
 
ചിത്തിര

വാഗ്ദാനങ്ങൾ പാലിക്കാനാവും. വ്യാപാരത്തിൽ സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നേറ്റമുണ്ടാക്കും. ഉത്തരവാദിത്വങ്ങൾക്ക് നേരെ മുഖം തിരിഞ്ഞുനിൽക്കില്ല. സാമൂഹിക ഇടപെടലുകലും പ്രതികരണങ്ങളും ശത്രുക്കളെ സൃഷ്ടിച്ചേക്കാം. ഗുരുജനങ്ങളെ സന്ദർശിക്കാനവസരം വന്നെത്തുന്നതാണ്. വാഹനം, ഭൂമി ഇവയുടെ ക്രയവിക്രയം വിജയകരമാവും. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിച്ച് ആശ്വസിപ്പിക്കും. തൊഴിൽ മാറ്റത്തെക്കുറിച്ച് തൽകാലം ചിന്തിക്കേണ്ടതില്ല. വാരാദ്യ ദിവസങ്ങളിൽ ജാഗ്രത കൈവെടിയരുത്.

ചോതി

ജോലിക്കാര്യത്തിൽ കൂടുതൽ ശുഷ്കാന്തി ആവശ്യമാണ്. ഒന്നും നിസ്സാരമായി കാണരുത്. സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. വിശ്രമിക്കാൻ പോലും വേണ്ടത്ര സമയം കിട്ടണമെന്നില്ല. കർമ്മരംഗത്ത് പ്രതീക്ഷിച്ച മാറ്റങ്ങൾ വൈകാതെ വന്നെത്തുന്നതാണ്. ഗവേഷകർക്ക് ഉചിതവേളയാണ്. ബൗദ്ധികമായ അന്വേഷണങ്ങൾ ശരിവഴിക്കുതന്നെ നീങ്ങും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു. ധനാഗമം സുഗമമായിരിക്കും. ശത്രുക്കൾക്ക് ഒന്നും ചെയ്യാനായേക്കില്ല. എന്നാലും അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. ഞായറും തിങ്കളും അഷ്ടമരാശിയാകയാൽ ശുഭാരംഭത്തിന് നന്നല്ല.

വിശാഖം

ചില വിശ്വാസങ്ങൾക്ക് ഉലച്ചിൽ തട്ടാം. ചിലരോട് തോന്നിയ ബഹുമാനം ഇല്ലാതെയാവാനുമിടയുണ്ട്. എന്നാലും ജീവിതസ്നേഹം വർദ്ധിക്കുക തന്നെ ചെയ്യും. കാര്യങ്ങളെ നേർവഴിക്കാക്കാൻ ക്ലേശിച്ചിട്ടായാലും വിജയിക്കുന്നതാണ്.  കുടുംബത്തിൻ്റെ പിന്തുണയ്ക്ക് ഒന്നും പകരമാവില്ലെന്ന് ബോധ്യമാവും. ന തൊഴിൽ ഉപേക്ഷിച്ചാൽ ഉടനെ പുതിയത് കിട്ടിയേക്കില്ല. ക്ഷമയും അനിവാര്യമായ സന്ദർഭമാണ്. ഏജൻസി, ഫ്രാഞ്ചൈസി, കരാർപണികൾ ഇവയിൽ നിന്നും ആദായം മോശമാവില്ല. വാരാദ്യരണ്ടു ദിനങ്ങൾ തുലാക്കൂറുകാർക്കും തുടർന്നുള്ള രണ്ടുദിനങ്ങൾ വൃശ്ചികക്കൂറുകാർക്കും ശുഭദായകമല്ല.

അനിഴം

ദേഹസുഖവും മനസ്സുഖവുമെല്ലാം സമ്മിശ്രമായിരിക്കും. അപര്യാപ്തതകളിൽ അന്തസ്സംഘർഷം ഉടലെടുക്കാം. സ്വസ്ഥാപനത്തിൽ നിന്നും കരുതിയത്ര വരുമാനം വന്നെത്തണമെന്നില്ല. എങ്കിലും കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹണസന്ധിയിൽ എത്തിക്കുവാനാവും. അനിഴം നാളുകാരുടെ സഹജമായ കഴിവാണത്. ഭാഗ്യാധിപനായ ചന്ദ്രന് പൂർണ്ണബലഹാനി വരികയാൽ ഉദ്യമങ്ങൾ വിജയിക്കണമെന്നില്ല. "കപ്പിനും ചുണ്ടിനും ഇടയിൽ" എന്നവിധം ചില തോൽവികളും പിണയാം. കുടുംബത്തിൽ മനസ്സമാധാനം പുലരുന്നതാണ്. ലഘുയാത്രകളാൽ കാര്യസാധ്യം വരും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മാറ്റ് കുറവായിരിക്കും.

തൃക്കേട്ട

വിദ്യാഭ്യാസത്തിൽ ഏകാഗ്രത കുറയാം. തൊഴിലന്വേഷകർക്ക് ആലസ്യം ഉണ്ടാവും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. പൊതുവേ ചിന്താപരത ഏറുന്നതാണ്. തന്മൂലം അകർമ്മണ്യത വരാം. സ്വകാര്യസ്ഥാപനത്തിൽ ചുമതലകൾ കൂടുന്നതാണ്. എന്നാൽ വേതനം വർദ്ധിക്കാൻ സാധ്യതയില്ല. സന്താനങ്ങളെക്കൊണ്ട് നേട്ടങ്ങൾ വരാം. പണമെടപാടുകളിൽ ശ്രദ്ധയുണ്ടാവണം. ഉത്സവക്കാലത്തെ വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ കൂടിയാലോചനകൾ ഉണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷകാലമാവും. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. ആഴ്ച മധ്യത്തിൽ അലച്ചിലേറും.

മൂലം

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെക്കേണ്ട സാഹചര്യം ഉദിക്കാം. മേലധികാരികൾ മനപ്പൂർവ്വം ക്ലേശിപ്പിക്കുകയാണെന്ന് തോന്നാനിടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഈയാഴ്ച അനുകൂലമല്ല. സ്ഥലം മാറ്റ ഉത്തരവ് ലഭിക്കാൻ കാലതാമസം ഉണ്ടാവുന്നതാണ്. ധനവരവും ചെലവും പൊരുത്തപ്പെടുകയില്ല. ഗൃഹസൗഖ്യം സമ്മിശ്രമായിരിക്കും. "തലമുറകൾ തമ്മിലുള്ള വിടവ്" എന്ന ചൊല്ലിൻ്റെ പൊരുൾ സ്വയം അനുഭവിക്കും. കടം വാങ്ങാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം. വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്. ആരോഗ്യപരിപാലനത്തിൽ ജാഗ്രതവേണം.

പൂരാടം

ഔദ്യോഗികമായി തിരക്കുകൾ വർദ്ധിക്കുന്നതാണ്. ലഘു യാത്രകൾ, ജോലി അധിക സമയം നീളുക എന്നിവ പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിന്നും കരുതിയത്ര ആദായം വരണമെന്നില്ല. കുടുംബത്തിൻ്റെ പിന്തുണ വലിയ ആശ്വാസമാകും. സർക്കാരുമായി ബന്ധപ്പെട്ടു നേടേണ്ട കാര്യങ്ങളിൽ തടസ്സം കാണുന്നു. ആവർത്തിത ശ്രമം വേണ്ടി വന്നേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കുറയരുത്. പുണ്യകർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും നേരം കണ്ടെത്തും. പിതൃസ്മരണകളിൽ ഗതകാലം നിറയും. വാരാന്ത്യ ദിവസങ്ങൾക്ക് ഗുണദായകത്വം കുറയുന്നതായിരിക്കും.

ഉത്രാടം

തൊഴിൽ രംഗം വിപരീത കാലാവസ്ഥ കാരണം മ്ളാനമാവുന്നതാണ്. പ്രതീക്ഷിച്ച വരുമാനം ഉണ്ടാവാത്തത് പല സ്വപ്നങ്ങളെയും ബാധിക്കാം. കടം വാങ്ങാനുള്ള പ്രേരണ വരാം. ഉദ്യോഗസ്ഥരുടെ അധികജോലിഭാരം ദേഹക്ലേശത്തിന് കാരണമാകാം. സ്വകാര്യ സ്ഥാപനത്തിൽ നീതി നിഷേധിക്കപ്പെടാം. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നതിൽ ഏറ്റവും കരുതൽ വേണം. തീർത്ഥാടനത്തിന് മറ്റൊരു സന്ദർഭം തെരഞ്ഞെടുക്കും. ഏജൻസി, കമ്മീഷൻ വ്യാപാരം ലാഭം നൽകും. വായ്പയുടെ തിരിച്ചടവുകൾ തടസ്സപ്പെടുകയില്ല.

തിരുവോണം

കാര്യപ്രാപ്തിക്ക് കുറുക്കുവഴികളെ ആശ്രയിക്കേണ്ടി വരാം. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലിനോട് താല്പര്യം കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ നാമമാത്രമായിരിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക കരണീയം. സാമ്പത്തികം മോശമാവുമെന്ന് പറയാനാവില്ല. പുതിയ ധനാഗമ മാർഗങ്ങൾ സദാ ചിന്തയിലുണ്ടായിരിക്കും. കാര്യാലോചനകളിൽ സക്രിയ സാന്നിധ്യമാവും. വിവാഹാലോചനകൾ നീളുന്നതിൽ അതൃപ്തി തോന്നും. വീട്ടുകാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവും. ദാമ്പത്യം ശോഭനമായിരിക്കും.

അവിട്ടം

ബിസിനസ്സ് സംബന്ധിച്ച യാത്രകൾ അനിവാര്യമാവും. കർമ്മരംഗത്ത് ഉന്മേഷം ഭവിക്കുന്നതാണ്. കാലത്തിൻ്റെ മാറ്റം തിരിച്ചറിയും. ജീവിതശൈലി കൂടുതൽ പരിഷ്കൃതമാവുന്നതാണ്. സുഖഭോഗങ്ങളാൽ താല്പര്യം അധികരിക്കും. മാതൃസ്വത്തിന്മേൽ ഉള്ള തർക്കം  അനുകൂലമായേക്കും. സാങ്കേതിക മേഖലയിൽ ധാരാളം അവസരങ്ങൾ സംജാതമാകുന്നതാണ്. ഗൃഹാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.  നിക്ഷേപങ്ങൾ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ചെയ്യുകയാവും ഉചിതം. എതിർപ്പുകളെ കണ്ടില്ലെന്ന് നടിക്കും. വാരാദ്യത്തെക്കാൾ തുടർ ദിവസങ്ങൾക്ക് മെച്ചമേറുന്നതാണ്.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചതയം

ജനമധ്യത്തിൽ സ്വീകാര്യത ലഭിക്കുന്നതായിരിക്കും. ബഹുമാന്യരുടെ പരിഗണനയിലിടം പിടിക്കുവാനാവും. ദൂരയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അവസരം വന്നെത്തും. ധാർമ്മിക കർമ്മങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. വസ്തുതർക്കം വ്യവഹാരമാവാൻ സാധ്യത കാണുന്നു. വിവാഹ കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പിടുമ്പോൾ ജാഗ്രത കൈവെടിയരുത്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ മാധ്യസ്ഥം ഫലിച്ചേക്കില്ല. ഒന്നിലധികം കാര്യങ്ങളിൽ മുഴുകുന്നത് മാനസിക ക്ലേശം സൃഷ്ടിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾ ശുഭാരംഭങ്ങൾക്ക് വർജ്യം.

പൂരൂരുട്ടാതി

ആശയങ്ങളും ചിന്തകളും മനസ്സിൽ ധാരാളമുണ്ടാവും. അവയെ ആവിഷ്കരിക്കാനും പ്രവൃത്തിപഥത്തിലെത്തിക്കാനും വിഷമിക്കും. അധികാരികളുടെ അനുകൂലത കൈവരും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. യാത്രകളാൽ നേട്ടം വരുന്നതാണ്. സഹോദരൻ്റെ സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ ജോലിക്കുചേരും.  ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. നിക്ഷേപങ്ങൾ പുതുക്കാൻ നേരമാവും. വിരുന്നുകളിൽ പങ്കെടുക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ്.

ഉത്രട്ടാതി

ഉത്തമ വിശ്വാസങ്ങളിൽ ചിലത് അങ്ങനെയല്ലെന്ന് അറിയുന്നത് മനോവ്യഥ സൃഷ്ടിക്കാം.  പുതിയ ഭാഷയോ/ സാങ്കേതിക വിദ്യയോ പഠിപ്പിക്കുന്ന കോഴ്സുകളിൽ ചേരുന്നതാണ്. രോഗക്ലേശിതർക്ക് പൂർണസുഖപ്രാപ്തിക്ക് തുടർ ചികിൽസകൾ ആവശ്യമായി വരാം. സുഹൃത്തുക്കളുടെ എല്ലാ അഭിപ്രായങ്ങളും കണ്ണടച്ച് വിശ്വസിക്കരുത്. പണച്ചെലവ് കുറയ്ക്കാൻ കഴിഞ്ഞേക്കും.  ഉപജാപങ്ങളെ മൗനം കൊണ്ട് പ്രതിരോധിക്കും. സർവ്വീസിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ ആവർത്തിത ശ്രമങ്ങൾ വേണ്ടിവരും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും.

രേവതി

കർമ്മപുരോഗതി ഉണ്ടാവുന്ന വാരമായിരിക്കും. ആസൂത്രിത ശ്രമങ്ങൾ ഫലവത്താകുന്നതാണ്. പതിവിലുമധികം യാത്രകൾ വേണ്ടിവരാം. അവയിൽ തീർത്ഥാടനവും ഉൾപ്പെട്ടേക്കും. പകരക്കാരെ ബിസിനസ്സ് ചുമതലകൾ ഏൽപ്പിക്കുന്നത് കരുതലോടെ വേണം. കുടുംബകാര്യങ്ങൾ തൃപ്തിയേകും.  ശത്രുക്കൾ മിക്കവാറും നിശബ്ദരാവുന്നതാണ്. പിതാവിൻ്റെ / ഗുരുവിൻ്റെ വാക്കുകൾ ആശങ്കകളെ അകറ്റും. വസ്തുക്കളുടെ പരിപാലനത്തിന് ചെലവാകുന്ന ധനം കൂടി വരുന്നതിൽ ആശങ്കപ്പെടാം.  വാരാന്ത്യദിനങ്ങളിൽ ശുഭകാര്യങ്ങൾ കൈക്കൊള്ളരുത്.

Read More: ജൂലൈയിൽ അശ്വതിക്കാർക്ക് തൊഴിലിടത്തിൽ സ്വസ്ഥത, ഭരണിക്കാർക്ക് മനക്ലേശം, കാർത്തികക്കാർക്ക് ഭവന നിർമ്മാണത്തിൽ തടസം

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: