/indian-express-malayalam/media/media_files/2024/11/02/3MUdey3gi7JpespI7srS.jpg)
Weekly Horoscope
ആദിത്യൻ മിഥുനം രാശിയിലാണ്. ജൂലൈ 6ന് ഞായറാഴ്ച രാവിലെ പുണർതം ഞാറ്റുവേല തുടങ്ങും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 10 ന് വ്യാഴാഴ്ചയാണ് ആഷാഢത്തിലെ വെളുത്തവാവ്. 'ഗുരുപൂർണ്ണിമ' ആയി അറിയപ്പെടുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം/ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ ഇടവം രാശിയിലാണ്. കാർത്തിക/ രോഹിണി നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ജൂലൈ 7 ന് തിങ്കളാഴ്ച വ്യാഴത്തിൻ്റെ വാർഷികമായ മൗഢ്യം തീരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുകയാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമായി സഞ്ചരിക്കുന്നു.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം വിശദീകരിക്കുന്നു.
മൂലം
കാര്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. ജോലി സംബന്ധിച്ച് പുതിയതായി ചിലതൊക്കെ ഉൾക്കൊള്ളും. കാര്യാലോചനകളിൽ സജീവ സാന്നിദ്ധ്യമായിരിക്കും. എതിർപ്പുകളുയരുമെങ്കിലും അവയെ കൂസുകയില്ല. സ്വന്തം വളർച്ചയ്ക്ക് കാരണക്കാരനായ ഗുരുനാഥൻ്റെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠയുണ്ടാവും. യാത്രയിൽ ധനം, മൊബൈൽ, വിലപ്പെട്ട രേഖകൾ മുതലായവ നഷ്ടപ്പെടാനിടയുണ്ട്. കരുതൽ വേണം. ഗൃഹാന്തരീക്ഷത്തിൽ സ്നേഹദ്വേഷങ്ങൾ വരുകയും പോവുകയും ചെയ്യുന്നതായിരിക്കും. വായ്പയുടെ തിരിച്ചടവ് മുടങ്ങാനിടയില്ല.
പൂരാടം
ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൈവെടിയുകയില്ല. കാര്യങ്ങൾ ഒരുവിധം വരുതിയിലാവും. ജീവിതത്തിൻ്റെ സ്വാഭാവിക താളത്തിനനുസരിച്ച് നീങ്ങാൻ കഴിഞ്ഞേക്കും. ബിസിനസ്സിൽ നിന്നും മറ്റും ധനാഗമം പ്രതീക്ഷിച്ചതിലും അധികമാവും. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ചെലവു വർദ്ധിക്കാം. ജോലിക്കായി ശ്രമിക്കുന്നവർ അല്പം കൂടി കാത്തിരിക്കണം. പുതിയ ഉദ്യമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേടിയെടുക്കുക ദുഷ്കരമാവും. തൽസംബന്ധമായി മുഷിച്ചിലുണ്ടായേക്കും. ഏഴാം ഭാവത്തിൽ ആദിത്യനുള്ളത് യാത്രാക്ലേശത്തിന് കാരണമാകുന്നതാണ്.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
ഉത്രാടം
ഉദ്ദേശിച്ച കാര്യം നേടിയെടുക്കാൻ പരിശ്രമം മാത്രം പോര. 'താൻ പാതി ദൈവം പതി' എന്ന ചൊല്ല് ഓർക്കേണ്ട സന്ദർഭങ്ങൾ ഉരുവാകുന്നതാണ്. കൂട്ടുകച്ചവടത്തിൻ്റെ ലാഭനഷ്ടങ്ങൾ കണക്കാക്കാൻ മുതിരും. കടബാധ്യത കൂട്ടാതിരിക്കാൻ ആവുന്നത്ര ശ്രമിക്കേണ്ടതുണ്ട്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാൽ പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുവാൻ ആലോചിക്കും. എന്നാൽ ഇപ്പോൾ ആഗ്രഹസാഫല്യത്തിന് ഗ്രഹാനുകൂല്യം വേണ്ടത്രയില്ലെന്നത് മറക്കരുത്. യാത്രകൾ കരുതലോടെയാവണം. വാരാദ്യ ദിവസങ്ങൾക്ക് ഗുണപുഷ്ടിയേറും.
തിരുവോണം
കുടുംബജീവിതം ഒട്ടൊക്കെ സന്തുഷ്ടമായിരിക്കും. വിഭവസമൃദ്ധിയുണ്ടായിരിക്കും. അഞ്ചിലെ ശുക്രസ്ഥിതിയാൽ സൽകാര്യങ്ങൾ ഭാവന ചെയ്യുന്നതാണ്. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠക്ക് അവകാശം ഉണ്ടാവില്ല. ദൈവിക സമർപ്പണങ്ങൾ തടസ്സം വരാതെ നടന്നുകിട്ടുന്നതാണ്. ദേഹാസ്വാസ്ഥ്യം കൂടുകയാൽ വൈദ്യോപദേശം തേടേണ്ടി വരാം. കർമ്മഗുണം മോശമാവില്ല. ചുമതലകളുടെ നിർവഹണം സ്തുത്യർഹമായിരിക്കും. പണച്ചെലവ് കുറയ്ക്കുന്നതിൽ കുറച്ചധികം ശ്രദ്ധയുണ്ടാവണം. വീടുമാറ്റം ആഗ്രഹിക്കുന്നവർക്ക് അതിന് വഴിതെളിയും.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അവിട്ടം
ധാരാളം യാത്രകൾ വേണ്ടിവരുന്നതാണ്. അവയിൽ ഔദ്യോഗികവും അനൗദ്യോഗികവും ആയ കാര്യങ്ങൾ ഉൾപ്പെടും. ചുമതലകൾ പകരക്കാരെ ഏൽപ്പിക്കുന്നതിൽ കരുതലുണ്ടാവണം. ദാമ്പത്യത്തിൽ സ്നേഹദ്വേഷങ്ങൾ കലരുന്നതാണ്. കഠിനരോഗികൾക്ക് ചികിൽസാമാറ്റം ഗുണവത്തായിത്തുടങ്ങും. കള്ളം പറഞ്ഞതിൽ പിന്നീട് ഖേദിച്ചേക്കും. വീടിൻ്റെ അറ്റകുറ്റം ആവർത്തിക്കുന്നതിൽ മനം മടുപ്പുണ്ടാവും. ബന്ധുത്വം ശത്രുത്വമാണോ എന്ന് ചിന്തിക്കേണ്ട സാഹചര്യം വരാം. ആഴ്ചയുടെ ആദ്യപകുതിക്കാവും കൂടുതൽ ശോഭനത്വം.
ചതയം
ഗൃഹസൗഖ്യം പ്രതീക്ഷിക്കാം. കൂടുതൽ സൗകര്യമുള്ള വീട്ടിലേക്ക് മാറാൻ തീരുമാനിക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. ജോലിക്കാര്യത്തിൽ സമ്മിശ്ര ഫലമാവും. ചുമതലകൾ തടസ്സപ്പെടില്ല. ചിലപ്പോൾ ആലസ്യം അനുഭവപ്പെടാം. പ്രത്യേക കാരണമില്ലാതെ ലീവെടുത്തേക്കും.
പ്രണയ കാര്യങ്ങളിൽ തടസ്സം വരുന്നതാണ്. പഠനം സംബന്ധിച്ച വിദേശ യാത്രകൾക്കുള്ള ശ്രമം തുടരപ്പെടും. ബിസിനസ്സ് തന്ത്രങ്ങൾ പൂർണ്ണമായും ഫലവത്തായെന്ന് പറയുക വയ്യ. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ചെവിക്കൊള്ളും.
പൂരൂരുട്ടാതി
സ്വന്തം കഴിവും കരുത്തുമെല്ലാം ലക്ഷ്യപ്രാപ്തിക്ക് പരമാവധി പ്രയോജനപ്പെടുത്തേണ്ടിവരും. ശകുനംമുടക്കികളെ തൃണവൽഗണിക്കും. സ്വന്തം ആലസ്യത്തോടും പരാങ്മുഖത്വത്തോടും തന്നെ ചിലപ്പോൾ ഗുസ്തി നടത്തേണ്ടി വന്നേക്കാം. ധനപരമായ ശോച്യതകൾക്ക് പരിഹാരം കണ്ടെത്തുന്നതാണ്. ബന്ധുവിൻ്റെ വിവാഹത്തിന് വേണ്ട സാമ്പത്തിക സഹായം നൽകും. ഭാവികാര്യങ്ങളെ സംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കും. ഞായർ, തിങ്കൾ ദിവസങ്ങളൊഴികെ മറ്റു ദിവസങ്ങൾക്ക് മേന്മയുണ്ടാവുന്നതാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രട്ടാതി
വാരാദ്യം ചില തടസ്സങ്ങൾ അനുഭവപ്പെടാം. ഇഷ്ടമില്ലാത്തവരുമായി സഹകരിക്കേണ്ടി വരാം. പുതിയ ജോലിയിൽ സമ്മർദങ്ങൾ കൂടുന്നതാണ്. സ്വന്തം കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാവും. അതിനാൽ നൈരാശ്യം അനുഭവപ്പെടില്ല. ബുധനാഴ്ച മുതൽ ഗൃഹസ്വാസ്ഥ്യം, തൊഴിലിൽ ഉന്മേഷം ഇവയുണ്ടാവും. മൂന്നാം തലമുറയുമായി ഒത്തുചേരാൻ അവസരം വരുന്നതാണ്. വിവാദങ്ങളിൽ അകന്നുനിൽക്കും. വ്യാപാരം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാവും. സാമ്പത്തികമായി ഗുണം ഭവിക്കുന്നതാണ്.
രേവതി
കൃത്യമായ കണക്കുകൂട്ടലുകൾ എല്ലാക്കാര്യത്തിലും ഉണ്ടാവും. അവ തെറ്റുകയുമില്ല. പ്രവർത്തിയിൽ ഉദാസീനതയുണ്ടാവില്ലെന്ന് മാത്രമല്ല ഉത്സുകത നിറയുകയും ചെയ്യും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. സുഹൃത്തുക്കൾക്ക് സന്ദർഭോചിതമായ നിർദ്ദേശങ്ങൾ നൽകും. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വർദ്ധിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് കൂടുതൽ ചുമതലകൾ / വേതന വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിച്ചേക്കും. സഹോദരരുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതാണ്.
Read More: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.