/indian-express-malayalam/media/media_files/october-13-to-19-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope, August 10- August 16
Weekly Horoscope, August 10- August 16: കൊല്ലവർഷം 1200 ലെ അവസാന ആഴ്ചയാണ് കടന്നുപോകുന്നത്. പിന്നിലേക്ക് തിരിഞ്ഞുനോക്കാനും ശരിതെറ്റുകൾ സ്വയം വിലയിരുത്താനും ഉചിത സന്ദർഭമാണ്. പുതുപ്രതിജ്ഞകൾ കൈക്കൊള്ളാനും സംവത്സര സംക്രമ വാരം പ്രയോജനപ്പെടട്ടെ! ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം വായനക്കാർക്ക് സമ്പൽസമൃദ്ധമായ, സ്വപ്നങ്ങൾ പൂവണിയുന്ന പുതുവർഷം ആശംസിക്കുന്നു.
സൂര്യൻ കർക്കടകം രാശിയിലാണ്. ആയില്യം ഞാറ്റുവേലയിലൂടെ കടന്നുപോവുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പ്രഥമ മുതൽ അഷ്ടമി വരെ തിഥികളിലാണ്.
കുജൻ അഥവാ ചൊവ്വ കന്നിരാശിയിൽ ഉത്രം - അത്തം നക്ഷത്രങ്ങളിലൂടെ നീങ്ങുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതി സഞ്ചാരം നടത്തുന്നു. ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര - പുണർതം നക്ഷത്രങ്ങളിലാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ആഗസ്റ്റ് 13 മുതൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രത്തിലാണ്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
ഞായറും തിങ്കളും ചന്ദ്രൻ പതിനൊന്നാം ഭാവത്തിൽ രാഹുവിനൊപ്പമാണ്. മനസ്സന്തോഷം ഭവിക്കും. അനായാസേന കാര്യസിദ്ധിയുണ്ടാവും. മുൻകൂട്ടി തീരുമാനിച്ചവ നടപ്പിലാക്കുന്നതാണ്. ഭോഗസുഖം, പ്രിയസമാഗമം ഇവയും സാധ്യതകൾ. ചൊവ്വയും ബുധനും ചന്ദ്രസഞ്ചാരം ശനിക്കൊപ്പം പന്ത്രണ്ടാമെടത്തിൽ വരികയാൽ മന്ദഗതി വന്നുചേരും. പരാശ്രയത്വം വിഷമപ്പിക്കുന്നതാണ്. ചെലവ് കൂടാനിടയുണ്ട്. കൃത്യനിഷ്ഠ തെറ്റിയേക്കും. മറ്റു ദിവസങ്ങളിൽ ചന്ദ്രൻ ജന്മരാശിയിലാവുകയാൽ ഗുണദോഷങ്ങൾ സമ്മിശ്രമാവും. നല്ലവാക്കുകൾ പറയാനും കേൾക്കാനും സാധിച്ചേക്കും. രുചിഭക്ഷണം, വിനോദം ഇവയുണ്ടാവുന്നതാണ്.
ഭരണി
അനുകൂല രാശികളിലൂടെ ചന്ദ്രൻ സഞ്ചരിക്കുകയാൽ ബിസിനസ്സിൽ വിജയിക്കാനാവും. മനസ്സമാധാനം പുലരുന്നതാണ്. കൈവായ്പ മടക്കിക്കിട്ടും. ദുർലഭം എന്നുതോന്നിയ കാര്യങ്ങൾ സുലഭമായിത്തീരാം. പരീക്ഷകൾക്ക് നല്ല രീതിയിൽ തയ്യാറെടുക്കാൻ സാധിക്കുന്നതാണ്. ആരോഗ്യ പരിരക്ഷക്കായി കരുതൽ കൈക്കൊള്ളും. വസ്തുവിൽ നിന്നും നല്ല ആദായം കിട്ടും. വിയോജിപ്പുകളേയും വിമർശനങ്ങളേയും പുച്ഛരസത്തോടെ തള്ളിക്കളയുന്നതാണ്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതായിരിക്കും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കാർത്തിക
ഇടവക്കൂറുകാർക്ക് വാരാന്ത്യദിനങ്ങളൊഴികെ എല്ലാ ദിവസങ്ങളും ഗുണകരമായിരിക്കും. കർമ്മരംഗം ഉണരുന്നതാണ്. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. പദവിയിൽ ശോഭിക്കുവാനാവും. വേണ്ടപ്പെട്ടവരുടെ സഹകരണം അഭംഗുരമായി ലഭിച്ചേക്കാം. വാരാന്ത്യത്തിൽ മനസ്സന്തോഷം കുറയും. ദുർവ്യയമേറുന്നതാണ്. വാഗ്ദാനങ്ങൾ സ്വയം ലംഘിക്കും. മേടക്കൂറുകാർക്ക് ചൊവ്വ, ബുധൻ ദിവസങ്ങൾ കാര്യതടസ്സത്തിന് സാധ്യത കാണുന്നു. മേലധികാരികളുടെ തൃപ്തിയുണ്ടാവില്ല. മറ്റു ദിവസങ്ങളിൽ ഭോഗസുഖം, ബിസിനസ്സിൽ ലാഭം, കുടുംബ സന്തോഷം ഇവയുണ്ടാവും.
രോഹിണി
ഞായർ മുതൽ വ്യാഴം വരെ പ്രായേണ കർമ്മഗുണം അനുഭവപ്പെടും. ചുമതലകൾ വെടിപ്പായി പൂർത്തിയാക്കും. തൊഴിലിടത്തിൽ ഏവരുടേയും സഹകരണം പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ആദായം ഉയരുന്നതാണ്. അധ്വാനത്തിന് ഫലം വന്നുചേരും. ആകസ്മിക ധനലാഭത്തിന് സാധ്യത കാണുന്നു. പ്രണയികൾക്ക് സമാഗമ സല്ലാപാദികൾക്ക് അവസരം തെളിയും. വാരാന്ത്യദിനങ്ങളിൽ ദേഹസുഖം കുറയാം. യാത്രകൾ ക്ലേശിപ്പിച്ചേക്കും. മകൻ്റെ ആവശ്യങ്ങൾ പരിധി വിടുന്നുണ്ടോ എന്ന സന്ദേഹം വിഷമിപ്പിക്കാം.
മകയിരം
ഇടവക്കൂറുകാർക്ക് വാരാന്ത്യത്തിലെ രണ്ടു ദിവസങ്ങൾ അല്പം ക്ലേശകരമാവും. ചെലവ് കൂടാനിടയുണ്ട്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവാം. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ അധ്വാനമേറുന്നതായിരിക്കും. മറ്റു ദിവസങ്ങൾ ക്ഷേമകരമായി അനുഭവപ്പെടും. മിഥുനക്കൂറുകാർക്ക് പൊതുവേ വാരം മുഴുവൻ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാവുന്നതാണ്. വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ദാമ്പത്യത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടായേക്കും.
തിരുവാതിര
സമസ്ത മേഖലകളിലും പുരോഗതി ദൃശ്യമാകും. അധ്വാനം സഫലമായതിൽ സന്തോഷമുണ്ടാവും. സഹപ്രവർത്തകരോട് നന്ദി അറിയിക്കും. സംഘടനയിൽ ശത്രുക്കൾ നിശബ്ദരാവുന്നതാണ്. പ്രതീക്ഷിച്ച ലാഭം അക്കൗണ്ടിലെത്തും. പുതിയ വ്യാപാര ശാഖ നല്ലരീതിയിൽ മുന്നോട്ടു പോകും. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് വർദ്ധിച്ച അവസരങ്ങൾ വന്നെത്താം. കിടപ്പുരോഗികൾക്ക് സമാശ്വാസം സംജാതമാകുന്നതാണ്. പ്രണയത്തിലും ദാമ്പത്യത്തിലും സന്തോഷമുണ്ടാവും. വിലപ്പെട്ട പാരിതോഷികങ്ങൾ സമ്മാനിക്കപ്പെടുന്നതാണ്.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പുണർതം
കർക്കടകക്കൂറുകാർക്ക് ഞായറും തിങ്കളും പരീക്ഷണങ്ങൾ നിറയും. മാനസിക പിരിമുറുക്കം ഉണ്ടാവാം. മറ്റു ദിവസങ്ങളിൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ നിറവേറ്റുവാനാവും. മിഥുനക്കൂറുകാർക്ക് കുടുംബത്തിലും തൊഴിലിടത്തിലും സമാധാനം പ്രതീക്ഷിക്കാം. സ്വതസ്സിദ്ധമായ കഴിവുകൾ കാര്യസിദ്ധിക്ക് പ്രയോജനം ചെയ്യും. സംരംഭകർക്ക് ദിശാബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. ഭോഗസുഖം, ഇഷ്ടഭക്ഷണ യോഗം, പ്രിയ സല്ലാപം, ആവശ്യത്തിന് വിശ്രമം എന്നിവയുണ്ടാവും. പണച്ചെലവ് നിയന്ത്രിക്കാനായേക്കും. ആശിച്ച പദവി തേടി വരുന്നതാണ്.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
പൂയം
ഞായർ, തിങ്കൾ അഷ്ടമരാശിക്കൂറ് വരികയാൽ യാത്രയിലും വൈദ്യുതോപകരണം കൈകാര്യം ചെയ്യുമ്പോഴും ജാഗ്രതയുണ്ടാവണം. ചൊവ്വയും ബുധനും ക്ഷേത്രാദി കാര്യങ്ങൾക്ക് സമയം കണ്ടെത്തും. തീർത്ഥാട യോഗമുണ്ട്. ബന്ധു സന്ദർശനം മനസ്സന്തോഷമേകും. ചില പ്രസ്താവനകൾ ചിലരെ അസ്വസ്ഥരാക്കാം. ധനപരമായി ചെലവേറുന്നതാ ണ്. വായ്പ കുടിശിക അടക്കാൻ നോട്ടീസ് ലഭിക്കാം. പരാശ്രയത്വം വേണ്ടി വന്നേക്കും. മറ്റു ദിവസങ്ങളിൽ കർമ്മാഭിവൃദ്ധി ഉണ്ടാവും. കാര്യങ്ങൾ ഭംഗിയായി പഠിക്കും. മേലധികാരികളാൽ അംഗീകരിക്കപ്പെടാം.
ആയില്യം
പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നിർബന്ധിതരാവും. കുടുംബ പ്രശ്നങ്ങളിൽ ജാഗ്രത അനിവാര്യമാണ്. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കാൻ തയ്യാറാവണം. ചില ദിവസങ്ങളിൽ ഉന്മേഷക്കുറവ്, ആലസ്യം ഇവ അനുഭവപ്പെടുന്നതാണ്. അകാരണഭയം ഭവിച്ചേക്കാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ വേണ്ടതുണ്ട്. ചുമതലകൾ സ്വയം നിർവഹിക്കേണ്ട സ്ഥിതി വന്നേക്കാം. വസ്ത്രാഭരണാദികൾ പാരിതോഷികമായി കിട്ടിയേക്കാം. ജോലിയില്ലാത്തവർക്ക് താൽകാലിക ജോലിയിൽ പ്രവേശിക്കാനവസരം സംജാതമാകും. കടബാധ്യതകൾ കൂടാതിരിക്കാൻ കരുതൽ വേണം.
Read More: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.