scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Jan 05 -Jan 11

Weekly Horoscope, January 05-January 11: ജനുവരി 05 ഞായർ മുതൽ ജനുവരി 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, January 05-January 11: ജനുവരി 05 ഞായർ മുതൽ ജനുവരി 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ധനുരാശിയിൽ പൂരാടം - ഉത്രാടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ ഷഷ്ഠി മുതൽ ത്രയോദശി വരെയുള്ള തിഥികളിലാണ്. പൂരൂരുട്ടാതി മുതൽ രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ കടന്നുപോകുന്നത്. 

Advertisment

ചൊവ്വ വക്രഗതിയിൽ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലാണ്. ബുധൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്.  

ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ വക്രഗതിയിൽ രോഹിണിയിലും സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും 
കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുകയാണ്. 

ഞായറാഴ്ച രാവിലെ വരെ കർക്കടകക്കൂറുകാർക്കും തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണി വരെ ചിങ്ങക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച സന്ധ്യവരെ കന്നിക്കൂറുകാർക്കും തുടർന്ന് വാരാന്ത്യംവരെ തുലാക്കൂറുകാർക്കും അഷ്ടരാശിക്കൂറുണ്ട്. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

മകം

ശത്രുതാമനോഭാവം പുലർത്തിയ ചിലർ മിത്രങ്ങളായി മാറാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അപ്പടി അനുസരിക്കുന്നതു മൂലം സുഹൃത്തുക്കളുടെ പരിഹാസത്തിന് പാത്രമായേക്കും.  സാമ്പത്തിക വരുമാനം പ്രതീക്ഷിച്ചതിലും കുറയില്ല. സമയബന്ധിതമായി ചുമതലകൾ തീർക്കാൻ ക്ലേശിക്കുന്നതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി നീണ്ടേക്കാം. അമിതോത്സാഹവും അമിതമായ ആത്മവിശ്വാസവും ഒഴിവാക്കുക കരണീയം. വ്യാപാരികൾക്കും വ്യവസായികൾക്കും വിപണിയിൽ ചലനം സൃഷ്ടിക്കാനാവും. ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കേണ്ടതുണ്ട്.

പൂരം

ഔദ്യോഗികമായി സമ്മിശ്രമായ കാലമാണ്. മേലധികാരിയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അബദ്ധത്തിലാവാനിടയുണ്ട്. കലാകാരന്മാർ പുതിയ അവസരങ്ങൾ തേടുന്നതാണ്. ഗൃഹത്തിൽ സ്വസ്ഥത കുറയാം. പിതൃ-പുത്ര ബന്ധത്തിൽ രമ്യത ഉണ്ടായേക്കില്ല. ദാമ്പത്യത്തിൽ സമരസം  വേണ്ടി വരുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യ പരിശോധനയ്ക്ക് സമയം കണ്ടെത്തും.  വിദ്യാഭ്യാസപരമായി തെളിമയുള്ള വാരമാണ്. ഭൂമി വ്യാപാരത്തിൽ അമളി വരാനിടയുണ്ട്.  സുഹൃത്തുക്കളുമായി വിനോദയാത്ര നടത്തും. വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ കരുതൽ വേണം.

ഉത്രം

കരുതിയതുപോലെ പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ല.  അകാരണമായ വിഷാദം ബാധിക്കാം. ഊർജ്ജം വീണ്ടെടുക്കാൻ സ്വയം തയ്യാറാവണം. സംഘടനയിൽ
നേതൃത്വത്തോട് കലഹിക്കാനിടയുണ്ട്.  സാമ്പത്തിക ശോച്യത മാറുന്നതിനാൽ ആശ്വാസമുണ്ടാവും. വിദേശത്തുള്ള ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. സാങ്കേതിക വിഷയമോ പുതിയ ഭാഷയോ പഠിക്കാൻ ശ്രമം തുടർന്നേക്കും. വായ്പകൾ തിരിച്ചടക്കാൻ സാധിക്കും. പ്രണയികൾക്ക് ശനി - ശുക്ര യോഗത്താൽ തടസ്സങ്ങൾ അനുഭവത്തിൽ വരാം. വാരാവസാന ദിനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.

അത്തം

ഉന്നമനേച്ഛ നിലനിർത്തുന്നതാണ്. കർമ്മരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കും.  ബിസിനസ്സിൽ വിപുലീകരണം സാധ്യമാകുന്നതാണ്. താത്കാലിക ജോലി തുടർന്ന് ലഭിക്കുന്നതിൽ അനിശ്ചിതത്വം വരാം. ബന്ധുക്കളുടെ പ്രീതിക്ക് പാത്രമാവും. ദാമ്പത്യസുഖം ഉണ്ടാവും.  കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭാവിതീരുമാനങ്ങൾ കൈക്കൊള്ളും. ചിലവുകളെ നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. ഉപാസന, ദൈവിക സമർപ്പണങ്ങൾ ഇവ പൂർത്തീകരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ വേണം.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വയുടെ നീചവും വക്രഗതിയും കാരണം കാര്യതടസ്സം നിരന്തരമാവും. മറ്റുള്ളവരെ അപേക്ഷിച്ച് ലക്ഷ്യപ്രാപ്തിക്ക് കൂടുതൽ അധ്വാനം ആവശ്യമാവുന്നതാണ്. പാരമ്പര്യ ബിസിനസ്സിൽ താല്പര്യക്കുറവ് ഉണ്ടായേക്കും. കൂട്ടുകച്ചവടത്തിൽ ചില ഭിന്നതകൾ രൂപപ്പെടാം. എങ്കിലും ധനപരമായി ക്ലേശിക്കേണ്ടി വരില്ല. കടം കൊടുത്ത തുക മടക്കി ലഭിക്കാം. ഗൃഹം / വാഹനം മുതലായവയുടെ പ്രതിമാസ വായ്പ അവസാനിച്ചതിനാൽ ആശ്വാസമുണ്ടാവും.  ദാമ്പത്യബന്ധം ദൃഢമാകും. പൊതു പ്രവർത്തനം തൃപ്തികരമായി തോന്നും. സാഹസകർമ്മങ്ങളിൽ നിന്നും ഒഴിയുന്നത് ഉത്തമം.

ചോതി

തൊഴിലിടത്തിൽ സമാധാനമുണ്ടാവും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതാണ്. കുടുംബ ജീവിതത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. മകൻ്റെ പഠനോത്സുകതയിൽ സന്തോഷിക്കും. സ്വന്തം ഭാവനാത്മകത ഉയരുന്നതാണ്.  എന്തിലും പുതുമ വരുത്താൻ ശ്രമിക്കും. വയോജനങ്ങൾക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. അവരുടെ പരിരക്ഷയിൽ അലംഭാവമരുത്. വിദേശത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സംജാതമായേക്കും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും തൽകാലം ശോഭിക്കാൻ കഴിഞ്ഞേക്കില്ല.

വിശാഖം

വാരാദ്യദിനങ്ങളിൽ കുറച്ചു മനപ്രയാസം വരാനിടയുണ്ട്. എത്ര ശ്രമിച്ചിട്ടും ചിലരെ നന്നാക്കാനാവാത്തത് ആത്മഖേദത്തിന് വഴിതെളിക്കും. കുടുംബ ബഡ്ജറ്റിൽ ആശുപത്രിച്ചെലവുകൾ കൂടി ഇടം പിടിച്ചേക്കാം. തൊഴിലിൽ വലിയ മാറ്റമൊന്നും തത്കാലം പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ സ്ഥിതി തുടരപ്പെടും. വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായേക്കും. തുലാക്കൂറുകാർ വാരാന്ത്യത്തിൽ എതിർപ്പുകളെ നേരിടുന്നതാണ്. വൃശ്ചികക്കൂറുകാർക്ക് പാർട്ണർഷിപ്പിൽ ലാഭമുണ്ടാവും. പ്രണയം മൂലം സന്തോഷം ഭവിക്കുന്നതാണ്.

അനിഴം

പ്രവർത്തന മികവുണ്ടാവും. നന്നായി ആസൂത്രണം ചെയ്ത കാര്യങ്ങൾ നന്നായിത്തന്നെ നിർവഹണത്തിലെത്തിക്കാനും കഴിയും. ഔദ്യോഗിക കാര്യങ്ങളിൽ സഹപ്രവർത്തകർ ഉപദേശം തേടിയേക്കും. മക്കളെ സംബന്ധിച്ച കാര്യങ്ങളിൽ ചില മനപ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. പണ്ഡിതോചിതമായ സംഭാഷണവും മറുപടിയും മതിപ്പ് കൂട്ടുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരാനുഭവങ്ങൾ കുറയില്ല. ബന്ധുജനങ്ങളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കുന്നതാണ്. രാശിനാഥനായ ചൊവ്വ നീചരാശിയിൽ തുടരുകയാൽ അമിതമായ ആത്മവിശ്വാസമുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധൻ രണ്ടാമെടത്ത് സഞ്ചരിക്കുകയാൽ വാക്സിദ്ധി വർദ്ധിക്കും. സിമ്പോസിയങ്ങളിലും പ്രഭാഷണങ്ങളിലും കീർത്തി നേടുന്നതാണ്. ധനക്ലേശങ്ങൾക്ക് അയവുണ്ടാവും. ചിന്തിച്ച് തീരുമാനമെടുക്കും.  പുതിയ ചുമതലകളിൽ  പ്രവർത്തന നിരതത്വം വന്നുചേരുന്നതാണ്. സുഖസ്ഥാനത്ത് ശുക്രൻ തുടരുകയാൽ മാനസികവും ശാരീരികവുമായ സൗഖ്യം അനുഭവപ്പെടും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചന്ദ്രന് രാഹുബന്ധം വരികയാൽ സർവ്വകാര്യങ്ങളിലും ജാഗ്രതയുണ്ടാവണം. മറ്റു ദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ അഭംഗുരമായി നടന്നുകിട്ടുന്നതാണ്. ഗതകാലസ്മരണകൾ മനസ്സിൽ നിറയാം.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: