/indian-express-malayalam/media/media_files/2025/01/22/february-23-to-march-1-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
ആദിത്യൻ മേടം -ഇടവം രാശികളിൽ കാർത്തിക ഞാറ്റുവേലയിലാണ്. മേയ് 14 ന് മേടമാസം തീരുന്നു. മേയ് 15 ന് ഇടവമാസം തുടങ്ങുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി വൈശാഖ പൗർണമി വരുന്നുണ്ട്. ചൊവ്വ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുകയാണ്.
ബുധൻ മേടം രാശിയിൽ അശ്വതി - ഭരണി നക്ഷത്രങ്ങളിൽ തുടരുന്നു. ചൊവ്വ കർക്കടകം രാശിയിൽ പൂയം - ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ മീനം രാശിയിൽ ഉച്ചസ്ഥിതി തുടരുകയാണ്. ഉത്രട്ടാതി - രേവതി നക്ഷത്രങ്ങളിലാണ് ശുക്രൻ്റെ സഞ്ചാരം.
വ്യാഴത്തിൻ്റെ വാർഷികമായ രാശിമാറ്റം ഈ ആഴ്ചയിലാണ്. ഏറെ പ്രാധാന്യമുള്ള ജ്യോതിഷ പ്രതിഭാസമാണത്. മേയ് 14 ന് / മേടം 31 ന് ബുധനാഴ്ച രാത്രി 10 മണി 7 മിനിട്ടിന് വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. മകയിരം നക്ഷത്രമണ്ഡലത്തിലാണ് ഇപ്പോൾ വ്യാഴം സഞ്ചരിക്കുന്നത്.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുന്നു. രാഹുവും കേതുവും രാശിമാറ്റത്തിൻ്റെ വക്കിലാണ്.രാഹു മീനം രാശിയിൽ പൂജ്യം (0) ഡിഗ്രിയോടടുക്കുന്നു. കേതുവാകട്ടെ കന്നിരാശിയിൽ പൂജ്യം (0) ഡിഗ്രിയുടെ അടുത്തെത്താറായി.
ഗ്രഹങ്ങൾ രാശിസന്ധിയിൽ (Cuspൽ) സഞ്ചരിക്കുമ്പോൾ അവയുടെ തമശ്ശക്തികൾ കൂടും. ദുരിതപ്രദമാവുകയും ചെയ്യും. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
ചന്ദ്രസഞ്ചാരം 7, 8, 9 രാശികളിലാകയാൽ വാരാദ്യത്തിലെ രണ്ടു ദിനങ്ങളും വാരാന്ത്യത്തിലെ രണ്ടുദിനങ്ങളുമാവും ഗുണകരമാവുക. ഈ ദിവസങ്ങളിൽ മാനസികോല്ലാസം പ്രതീക്ഷിക്കാം. ചെയ്യുന്ന കർമ്മത്തിൽ സംതൃപ്തി അനുഭവപ്പെടും. ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധം തെളിയുന്നതാണ്. ഏകോപനത്തിൽ വിജയിക്കുവാനാവും. സമീപഭാവിയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഏകദേശ ധാരണ വന്നുചേരും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. പണമെടപാടുകളിൽ കരുതലുണ്ടാവണം. മനസ്സ് മ്ളാനമാവുന്ന സാഹചര്യങ്ങളെ ദൃഢനിശ്ചയത്തോടെ അഭിമുഖീകരിക്കേണ്ടതാണ്.
ഭരണി
നക്ഷത്രാധിപൻ ശുക്രൻ ശനിയുടെ നക്ഷത്രത്തിൽ നിന്നും ബുധൻ്റെ നക്ഷത്രത്തിലേക്ക് മാറുന്നു. സ്വാതന്ത്ര്യം എല്ലാരംഗത്തുമുണ്ടാവും. എന്നാലും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തണം. യാത്രകൾ കഴിഞ്ഞ് ജന്മനാട്ടിൽ മടങ്ങിയെത്താനാവും. എതിർപ്പുകളിൽ മനസ്സ് മടുക്കും. കൂട്ടുബിസിനസ്സിൽ സാമാന്യം പുരോഗതി പ്രതീക്ഷിക്കാം. പണമെടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് ഉചിതമാവും. വാരമധ്യത്തിൽ അഷ്ടമരാശി വരികയാൽ വാഹനം, യന്ത്രം, ധനം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം.
കാർത്തിക
നക്ഷത്രാധിപനായ ആദിത്യന് ഉച്ചസ്ഥിതിയിൽ നിന്നും മാറ്റം വരുന്നുണ്ട്. ചില ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെടാം. ആഢംബരച്ചെലവുകൾ ഉണ്ടായേക്കും. രോഗഗ്രസ്തർക്ക് ഉപരി ചികിൽസ ആവശ്യമായേക്കും. സുഹൃത്തുക്കളുടെ വാക്കുകൾ വേദനിപ്പിക്കാം. കുടുംബ പ്രശ്നങ്ങൾക്കുള്ള പോംവഴി കുറശ്ശെയായി തെളിയും. കലാപ്രവർത്തനത്തിൽ ഉണർവ്വുണ്ടാകും. സാഹിത്യരചന പൂർത്തിയാക്കും. സഹോദരരുടെ മാനസിക പിന്തുണ / സാമ്പത്തിക സഹായം എന്നിവ ലഭിക്കാം. മേടക്കൂറുകാർക്ക് ബുധനും വ്യാഴവും, ഇടവക്കൂറുകാർക്ക് വെള്ളിയും ശനിയും ശുഭദിനങ്ങളല്ല.
രോഹിണി
ആദിത്യൻ പന്ത്രണ്ടിൽ നിന്നും ജന്മരാശിയിലേക്ക് മാറുന്നു. സർക്കാരിൽ നിന്നും കിട്ടേണ്ട കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാവും. അലച്ചിലിന് സാധ്യതയുണ്ട്. പരീക്ഷാഫലത്തിൽ വലിയ പ്രതീക്ഷപുലർത്തും. കാര്യനിർവഹണത്തിൽ ഉന്മേഷം കുറയില്ല. സാങ്കേതികജ്ഞാനം നേടാൻ പരിശ്രമിക്കും. മകൻ്റെ നിർബന്ധത്താൽ ആധുനികമായ ഇലക്ട്രോണിക് ഉല്പന്നം വാങ്ങുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. വാരാന്ത്യ ദിവസങ്ങളിൽ സാമ്പത്തികമായി വല്ല അമളിയും പിണയാം. കരുതൽ വേണ്ടതുണ്ട്.
മകയിരം
വ്യാഴം ഈയാഴ്ച രാശി മാറുന്നുണ്ടെങ്കിലും മകയിരം നക്ഷത്രത്തിൽ തന്നെ സഞ്ചരിക്കുകയാണ്. ആകയാൽ മാനസിക-ശാരീരിക സ്വസ്ഥതക്കുറവ് വരാം. ശുക്രസ്ഥിതിയാൽ സുഹൃൽ ബന്ധം ദൃഢമാകുന്നതാണ്. പഠിപ്പിലും പരീക്ഷയിലും നല്ല വിജയം കരസ്ഥമാക്കും. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് സൂക്ഷിച്ചാവണം. നക്ഷത്രനാഥനായ ചൊവ്വ നീചസ്ഥിതിയിൽ തുടരുന്നതിനാൽ ആത്മവിശ്വാസത്തിന് ഭംഗം വരുന്നതാണ്. ഭൂമി/ വസ്തു സംബന്ധിച്ച ചെലവുകൾ വരാം. ഇടവക്കൂറുകാർക്ക് വെള്ളിയും ശനിയും അശുഭ ദിനങ്ങൾ.
തിരുവാതിര
നക്ഷത്രനാഥനായ രാഹു മീനം രാശി-കുംഭം രാശി സന്ധിയിലേക്ക് നീങ്ങുകയാണ്. തിരുവാതിരക്കാർക്ക് ജോലിയിൽ തടസ്സങ്ങളോ മനക്ലേശങ്ങളോ വരാനിടയുണ്ട്. ആരോഗ്യപരമായും ശ്രദ്ധയുണ്ടാവണം. ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. പൊതുപ്രവർത്തകരെ ദുരാരോപണങ്ങൾ വലയ്ക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ഭാഗികമായ തൃപ്തി പ്രതീക്ഷിച്ചാൽ മതി. കലാപരമായ ആവിഷ്കാരങ്ങളിൽ വിജയിക്കുന്നതാണ്. വായ്പകളുടെ തിരിച്ചടവിന് കൂടുതൽ സമയം അനുവദിച്ചുകിട്ടും. വാരാദ്യത്തിന് മേന്മ കുറയും.
പുണർതം
നക്ഷത്രാധിപനായ വ്യാഴത്തിന് രാശിമാറ്റം വരികയാലും പുണർതം നാളുകാരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാവുന്ന കാലമാണ്. കുറഞ്ഞ പക്ഷം ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ ശ്രമിക്കും. ഉന്നമനേച്ഛയുണ്ടാവും. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ മുന്നോട്ടുവരുന്നതാണ്. കുടുംബ ബന്ധങ്ങൾ ദൃഢമാക്കാൻ വഴിതേടും. ഓഫീസിലായാലും അനാരോഗ്യ പ്രവണതകൾ ചൂണ്ടിക്കാട്ടാൻ മടിക്കില്ല. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉന്മേഷം കുറയാനിടയുണ്ട്. ആലസ്യം തോന്നും. മറ്റു ദിവസങ്ങളിൽ ഭോഗസുഖം, ആവശ്യത്തിന് വിശ്രമം എന്നിവ പ്രതീക്ഷിക്കാം.
പൂയം
രാശിനാഥനായ ചന്ദ്രൻ പൂർണ ബലവാനാവുന്നത് വാരാദ്യദിവസങ്ങളിൽ ഗുണകരമാവും. മനസ്സിന് സ്വാസ്ഥ്യം ഉണ്ടാവുന്നതാണ്. ധനവരവ് അധികരിക്കും. വിരുന്ന്/ കുടുംബ സമേതം ഷോപ്പിംഗ് / ഉല്ലാസം ഇവയുണ്ടാവും. പരീക്ഷാഫലം സന്തോഷമേകും. പാരിതോഷികങ്ങൾ ലഭിക്കാം. ചൊവ്വയും ബുധനും തിരക്കേറും. സമയബന്ധിതമായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ വിഷമമുണ്ടാവും. മറ്റു ദിവസങ്ങളിൽ കാര്യാലോചനകളിൽ പങ്കെടുക്കുന്നതാണ്. വിശദീകരണം മേലധികാരികളെ തൃപ്തിപ്പെടുത്താം.
ആയില്യം
നക്ഷത്രനാഥനായ ബുധൻ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രവൃത്തി ഗുണമുണ്ടാവും. പറയാനുള്ളവ ഭംഗിയായി അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം പ്രതീക്ഷിച്ചതിലും അനുകൂലമാവും. ആദിത്യൻ പതിനൊന്നിൽ വരുന്നത് ആത്മവിശ്വാസം ഉയർത്തും. കച്ചവടത്തിലെ മ്ളാനത നീങ്ങുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണയിൽ സന്തോഷിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. ആവശ്യമായ സാമ്പത്തികം സംബന്ധിച്ച് ചില വാഗ്ദാനങ്ങൾ ലഭിക്കുന്നതായിരിക്കും. പിതാവിൻ്റെ ആരോഗ്യം സംബന്ധിച്ചുണ്ടായ ഉൽക്കണ്ഠ നീങ്ങുന്നതാണ്.
Read More
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us