/indian-express-malayalam/media/media_files/2025/03/18/april-27-to-may-3-2025-weekly-horoscope-astrological-predictions-makam-tothriketta-143489.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിലാണ്. ഏപ്രിൽ 27 ഞായറാഴ്ച അമാവാസി. പിറ്റേന്നു മുതൽ ചന്ദ്രൻ വെളുത്ത പക്ഷത്തിൽ സഞ്ചരിക്കുന്നു. അന്നുമുതൽ വൈശാഖമാസം ആരംഭിക്കുകയാണ്.
ശനി മീനം രാശിയിലാണ്. ഏപ്രിൽ 28ന് വെളുപ്പിന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ചൊവ്വ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ സ്വന്തം നക്ഷത്രമായ രേവതിയിലാണ്. ശുക്രനും ഉച്ചരാശിയായ മീനത്തിലുണ്ട്. ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. നവഗ്രഹങ്ങളുടെ രാശിസ്ഥിതി, നക്ഷത്രസ്ഥിതി ഇവ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം അപഗ്രഥിക്കുന്നു.
മകം
രാശിനാഥനായ ആദിത്യൻ്റെ ഉച്ചസ്ഥിതി മൂലം സമൂഹത്തിൻ്റെ ആദരവിന് പാത്രമാകും. പിതാവിൽ നിന്നും സഹായധനം ലഭിക്കുന്നതാണ്. മനസ്സിന് ഉന്മേഷം അനുഭവപ്പെടും. ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്നതാണ്. ലഘുപ്രയത്‌നം കൊണ്ടുതന്നെ വലിയ കാര്യങ്ങൾ പലതും നേടാനാവും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭ്യമായേക്കും. അതുസംബന്ധിച്ച അറിയിപ്പ് കിട്ടും. ബന്ധുക്കളുടെ ഇടയിലെ പിണക്കം പറഞ്ഞുതീർക്കുവാൻ കഴിയും. നവസംരംഭങ്ങളിൽ നിന്നും ലാഭം വന്നുതുടങ്ങും.
പൂരം
നക്ഷത്രേശനായ ശുക്രൻ ഉച്ചസ്ഥിതി പുലർത്തുകയാൽ കാര്യനിർവഹണത്തിന് മുൻപ് ഉണ്ടായിരുന്ന തടസ്സം ഇപ്പോൾ ഉണ്ടാവില്ല. സ്ത്രീകൾ, സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണ കൈവരും. സഹപ്രവർത്തകർ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ആദിത്യൻ ഉച്ചസ്ഥനായി തുടരുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ വന്നുചേരാം. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ആദായം വരും. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസ ഫലപ്രദമാവും. ഏജൻസികളിലൂടെ വരുമാനം കൂടുന്നതാണ്. ഭൂമി സംബന്ധിച്ച വ്യവഹാരം കോടതിക്കു പുറത്തുവെച്ച് ഒത്തുതീർക്കും.
ഉത്രം
സത്യാവസ്ഥ ബോധിപ്പിച്ചാലും ഒപ്പമുള്ള ചിലർക്ക് യാഥാർത്ഥ്യം തിരിയില്ല. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് കൈവശമെത്താൻ വൈകും. പിതൃ-പുത്രബന്ധത്തിൽ രമ്യത അനുഭവപ്പെടും. കുടുംബ ക്ഷേത്രത്തിലെ നവീകരണത്തിന് ധനസമാഹരണം തുടങ്ങുന്നതാണ്. സാഹിത്യം, കല ഇവയിൽ അഭിനിവേശം വർദ്ധിക്കും. വാരാദ്യദിനങ്ങളിൽ മനക്ലേശത്തിനിടയുണ്ട്. അധികച്ചെലവ് നിയന്ത്രിക്കാൻ കഴിയും. ജീവിത പങ്കാളി തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന് സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതാണ്.
അത്തം
സ്വതസ്സിദ്ധമായ പ്രവർത്തനശൈലി അംഗീകരിക്കപ്പെടും. ഉദ്യോഗസ്ഥർ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുകയാൽ മേലധികാരികളുടെ അഭിനന്ദനം നേടും. സ്വകാര്യ സ്ഥാപനത്തിൽ ജോലിഷിഫ്റ്റ് കുറഞ്ഞൊന്ന് അസൗകര്യപ്രദമായ സമയത്തേക്കാവും. കമ്പനികളുമായുള്ള വ്യാപാരക്കരാറുകൾ പുതുക്കാൻ കഴിയുന്നതാണ്. പഴയവീട് പുതുക്കാനായി ശ്രമം തുടങ്ങും. മകൻ്റെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കില്ല. ആദർശവും പ്രായോഗികതയും പൊരുത്തപ്പെടുത്താൻ ആകാതെ വിഷമിക്കുന്നതാണ്. ഞായർ, തിങ്കൾ ദിനങ്ങൾക്ക് മേന്മ കുറയും.
Also Read: Daily Horoscope April 25, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ചിത്തിര
പ്രയത്‌നം ഫലം കാണുന്നതാണ്. കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കും. നക്ഷത്രാധിപന് നീചമുളളത് ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.
ചില കാര്യങ്ങളിൽ മറവിയുണ്ടാവും. പുതുവാഹനം വാങ്ങാനുള്ള ശ്രമം നീളുന്നതാണ്. സഹോദരന്മാരുമായി അഭിപ്രായ ഭിന്നത രൂപപ്പെടാനിടയുണ്ട്. മാധ്യസ്ഥ ശ്രമങ്ങൾ ഫലിക്കണമെന്നില്ല. വേലി/മതിൽ കെട്ടാനോ മറ്റോ ആയി ഭൂമി സംബന്ധമായ ചെലവേർപ്പെടാം. ഈശ്വര കാര്യങ്ങൾക്ക് സമയം കണ്ടെത്തും.
വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങൾ അകലുന്നതാണ്.
ചോതി
സാമാന്യം അനുകൂലമായ ആഴ്ചയാണ്. പലനിലയ്ക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുവാനവസരം കിട്ടും. അലച്ചിലുണ്ടായാലും ബിസിനസ്സിൽ പുരോഗതി ദൃശ്യമാവുന്നതാണ്. ശത്രുക്കൾ ഇണങ്ങരാവും. പൂർവ്വിക സ്വത്ത് ലഭിക്കുന്ന കാര്യത്തിലെ തടസ്സങ്ങൾ ഒഴിയാം. പ്രണയ ബന്ധത്തിൽ മനക്ലേശത്തിന് സാധ്യത കാണുന്നു. മേലധികാരികളുടെ തെറ്റ് ചൂണ്ടിക്കാണിച്ച് വിരോധം സമ്പാദിക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരുതലുണ്ടാവണം.
വിശാഖം
സംഘടനാരംഗത്തെ ഏകോപനസിദ്ധി അഭിനന്ദിക്കപ്പെടും. തൊഴിൽ മേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഫലവത്തായേക്കും. വായ്പകൾ സമയബന്ധിതമായി തിരിച്ചടയക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷമുണ്ടാക്കും. വിദ്യാർത്ഥികളുടെ ഉപരി വിദ്യാഭ്യാസത്തിൽ അവ്യക്തത തുടരാം. വാഗ്ദാനങ്ങൾ നിറവേറ്റാൻ
കിണഞ്ഞു ശ്രമിക്കുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽപരമായി ആശ്വാസമുണ്ടാവും. വിനോദയാത്ര വിജയകരമായി പൂർത്തിയാക്കും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാം.
അനിഴം
നിശ്ചയദാർഢ്യം പ്രവർത്തനത്തിൽ നിറയുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങളിലെ ഉത്തരവാദിത്വം ശ്ലാഘിക്കപ്പെടും. നവസാങ്കേതിക പരിജ്ഞാനം സഹപ്രവർത്തകർക്ക് പകർന്നുകൊടുക്കും. സാമ്പത്തിക കാര്യത്തിൽ മെച്ചമുണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് കലാപരമായ പരിശീലനം ലഭിക്കുന്നതിന് അവസരം വന്നെത്തും. മാർക്കറ്റിംഗ് മേഖല, ഏജൻസി, കരാർ പണികൾ ഇവകളിൽ ശോഭിക്കുവാനാവും. രാശിനാഥനായ ചൊവ്വയ്ക്ക് നീചം വന്നതിനാൽ അനാവശ്യമായി ക്ഷോഭിച്ചേക്കാം. വീടുപണിയിൽ തടസ്സം വരാനിടയുണ്ട്.
തൃക്കേട്ട
പത്താം ഭാവാധിപൻ്റെ ഉച്ചസ്ഥിതിയാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. അടുക്കും ചിട്ടയും പുലർത്തുന്നതാണ്. ഉന്നതാധികാരികളുടെ പ്രീതി നേടുവാനാവും. നക്ഷത്രനാഥനായ ബുധൻ നീചരാശിയിലാണെങ്കിലും സ്വനക്ഷത്രമായ രേവതിയിൽ സഞ്ചരിക്കുന്നത് ബൗദ്ധിക നേട്ടത്തിന് കാരണമാകുന്നതാണ്. ജന്മനാട്ടിലെ ഉത്സവത്തിൽ സജീവമാകും. പൊതുജനമധ്യത്തിൽ സ്വീകാര്യത വരും. മറ്റുള്ളവർ മടിച്ചുനിൽക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണ്ടതുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us