/indian-express-malayalam/media/media_files/2025/03/18/april-20-to-april-26-2025-weekly-horoscope-astrological-predictions-moolam-to-revathi-932357.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ഉച്ചസ്ഥനായി മേടം രാശിയിലുണ്ട്. ആദിത്യൻ്റെ പരമോച്ചമായി കരുതപ്പെടുന്ന മേടപ്പത്ത്, ഏപ്രിൽ 23 ന് ബുധനാഴ്ചയാണ്. ഈയാഴ്ച മുഴുവൻ അശ്വതി ഞാറ്റുവേലയുണ്ട്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, സപ്തമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളിൽ സഞ്ചരിക്കുന്നു. അതിനാൽ ചന്ദ്രൻ പക്ഷബല ശൂന്യനാണ്. ചൊവ്വ നീചസ്ഥനാണ്. കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ തുടരുന്നു. ബുധനും നീചനാണ്; മീനം രാശിയിൽ ഉത്രട്ടാതിയിൽ സഞ്ചരിക്കുകയാണ്.
മീനം രാശിയിൽ പൂരൂരുട്ടാതിയിൽ (പൂരുരുട്ടാതി നാലാംപാദത്തിൽ) ശനി ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങൾ തുടരുന്നു. ശുക്രന്റെ ഉച്ചക്ഷേത്രമാണ് മീനം എന്നത് സ്മരണീയം. രാഹുവിൻ്റെ ഏഴാമെടമായ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിൽ കേതുവും സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. മകയിരം ഒന്നാം പാദത്തിൽ തുടരുന്നു.
ഏപ്രിൽ 20ന്, ഞായറാഴ്ച ഇടവക്കൂറിലെ നക്ഷത്രക്കാർക്ക് അഷ്ടമരാശിയാണ്. തിങ്കളും ചൊവ്വയും മിഥുനക്കൂറുകാർക്കും, ബുധനും വ്യാഴവും കർക്കിടകക്കൂറുകാർക്കും വെള്ളിയും ശനിയും ചിങ്ങക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു. കരുതൽ വേണ്ട ദിവസങ്ങളാണവ. ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
- Weekly Horoscope Apr 20- Apr 26: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
 - Weekly Horoscope Apr 20- Apr 26: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
 
മൂലം
സ്വയം കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അവ പ്രാവർത്തികമാക്കാൻ തിടുക്കം കാട്ടും. തന്മൂലം വിരോധികളെ സമ്പാദിക്കുന്നതാണ്. കുടുംബത്തിലെ അനൈക്യം തീർക്കാൻ ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വന്നേക്കും. വാഹനത്തിന് അറ്റകുറ്റത്തിനോ ആഢംബരത്തിനോ ചെലവുണ്ടാവും. സഹപ്രവർത്തകർ / പഴയ സഹപാഠികൾ ഒത്തുചേർന്ന് വിനോദയാത്ര ആസൂത്രണം ചെയ്യുന്നതാണ്. സ്വാശയ സംരംഭങ്ങളിൽ നിന്നും ധനാഗമം ഉണ്ടാവും. മകൻ്റെ ഉപരിപഠനകാര്യത്തിൽ വ്യക്തത കൈവരുന്നതാണ്.
പൂരാടം
പിണങ്ങിയ സ്വജനങ്ങൾ ഇണങ്ങും. മക്കളുടെ നേട്ടങ്ങളാൽ സന്തോഷം സംജാതമാകുന്നതാണ്. ബുദ്ധിപരമായ ഉത്തരങ്ങൾ നൽകി ഒപ്പമുള്ളവരെ അത്ഭുതപ്പെടുത്തും. പാചകത്തിൻ്റെ രുചിവൈവിധ്യം പ്രശംസിക്കപ്പെടും. ആർഭാടങ്ങൾ കുറയ്ക്കാൻ നോക്കിയാലും ചിലവേറുന്നതാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ ഉണ്ടാവും. സംയുക്ത സംരംഭങ്ങളിൽ പ്രവർത്തിക്കുക ക്ലേശകരമായേക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കാൻ ധാരണയാവും. നല്ലവാക്കുകൾ പറഞ്ഞ് സങ്കടത്തിൽ പെട്ടവരെ ആശ്വസിപ്പിക്കും.
ഉത്രാടം
അനാവശ്യ കാര്യങ്ങളിൽ ഉദ്വേഗം ഉണ്ടാവും. ക്ഷമ കുറയും. നാലിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ഹൃദയശൂന്യരാണെന്ന പേര് കേൾപ്പിക്കുകയും ചെയ്യും. പ്രയത്നങ്ങളിൽ ഭാഗികമായ വിജയം ഉണ്ടാവാൻ നക്ഷത്രാധിപനായ ആദിത്യൻ്റെ ഉച്ചസ്ഥിതി കാരണമാകും. സംഘടനകളിൽ നേതൃപദവിയോ മത്സരങ്ങളിൽ വിജയമോ കൈവരും. ധനുക്കൂറുകാർക്ക് ഭൂമിവ്യാപാരത്തിൽ അമളി പിണഞ്ഞേക്കാം. സഹോദരരുമായി കലഹിക്കാനിടയുണ്ട്. മകരക്കൂറുകാർ ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് മുതിരണം. കുട്ടികളുടെ ഭാവികാര്യങ്ങൾക്ക് സമയം ചെലവഴിക്കും.
തിരുവോണം
നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലഹാനി വരുന്നത് ഗുണകരമല്ല. മനസ്സിൽ വെറുതേ ആശങ്കകൾ ഉയരും. ആത്മവിശ്വാസം ദുർബലമാവും. കൃത്യനിർവഹണത്തിൽ പരാശ്രയം വേണ്ടിവരുന്നതാണ്. പലരും സഹായിക്കാൻ മുന്നോട്ടുവരും. രോഗഗ്രസ്തർക്ക് ചികിൽസ കൊണ്ട് വലിയ മാറ്റം ഉണ്ടാവണമെന്നില്ല. ദാമ്പത്യത്തിൽ ഭിന്നതകൾ ഉരുവാകാം. അന്യനാട്ടിൽ മകളുടെ വീട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാൻ കാലതാമസം നേരിടുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഉയരും. ജീവകാരുണ്യ പ്രവർത്തനത്തിന് സന്നദ്ധരാവും. ഞായർ, തിങ്കൾ, വ്യാഴം ശുഭത്വം കുറയുന്നതാണ്.
അവിട്ടം
രോഗക്ലേശിതർക്ക് കൂടുതൽ ചികിൽസ ആവശ്യമായി വരും. മുൻപ് ആസൂത്രണം ചെയ്ത കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റി വെക്കേണ്ടി സ്ഥിതി ഭവിക്കാം. വാഗ്ദാനങ്ങൾ പാലിക്കാനാവാതെ കുഴങ്ങുന്നതാണ്. പരാശ്രയത്വം കൂടാനിടയുണ്ട്. ഭൂമി സംബന്ധിച്ച തർക്കങ്ങൾ വ്യവഹാരമായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ധനം ചെലവഴിക്കുന്നതിൽ മിതവ്യയം നിർബന്ധം. സുഹൃത്തുക്കളുടെ ഉപദേശം പ്രയോജനപ്പെടുത്തും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ചുമതലകൾ ഉള്ളവരാവും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് കൂടുതൽ മേന്മയുണ്ടായേക്കും.
ചതയം
രണ്ടാംനക്ഷത്രത്തിൽ ശനിയും രാഹുവും സഞ്ചരിക്കുകയാൽ സാമ്പത്തിക ശോച്യത ഉണ്ടാവും. കടം വാങ്ങാനിടയുണ്ട്. കിട്ടാനുള്ള കൈവായ്പ കിട്ടാനുമിടയില്ല. വാഗ്വാദങ്ങൾക്ക് മുതിരരുത്. മനപ്പൂർവ്വമല്ലാതെ കള്ളം പറയാം. ഒപ്പമുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചുവേണം. ഉന്നതാധികാരികളുടെ അനുകൂലതയുണ്ടാവുന്നതാണ്. പൊതുപ്രവർത്തനത്തിൽ ക്രിയാത്മകതയുണ്ടാവും. കൃഷികാര്യങ്ങൾ നോക്കി നടത്താൻ ഔത്സുക്യം വരും. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. അഷ്ടമത്തിൽ കേതു തുടരുകയാൽ സാംക്രമിക രോഗം വരാൻ സാധ്യതയുണ്ട്.
പൂരൂരുട്ടാതി
വൈജ്ഞാനിക മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിക്കാനാവും. ഗവേഷണ പ്രബന്ധം എഴുതി പൂർത്തിയാക്കും. ശനിയും രാഹുവും ജന്മനക്ഷത്രത്തിൽ തുടരുകയാൽ ചെറുതോ വലുതോ ആയ സമ്മർദ്ദങ്ങൾ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കും. പ്രണയികൾക്ക് ഒത്തുചേരുന്നതിന് അവസരം കുറയുന്നതാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. ശുക്രനും ബുധനും അനുകൂലത്തിലാകയാൽ ധനാഗമം ഒരുവിധം തൃപ്തികരമായിരിക്കും. വിനോദ യാത്രകൾ തീരുമാനിക്കപ്പെടും. എന്നാൽ മാറ്റിവെക്കാൻ സാധ്യതയുണ്ട്.
ഉത്രട്ടാതി
സെമിനാർ, ചർച്ചാസമ്മേളനം ഇവകളിലേക്ക് ക്ഷണം ലഭിക്കാനിടയുണ്ട്. വേണ്ടത്ര തയ്യാറെടുപ്പ് നടത്താൻ സമയം കിട്ടിയേക്കില്ല. തിടുക്കം കാരണം എന്തെങ്കിലും വസ്തുക്കൾ മറന്നുപോവാനോ നഷ്ടപ്പെടാനോ ഇടയുണ്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയില്ല. പഞ്ചമ ഭാവത്തിലെ ചൊവ്വ പിടിവാശിക്ക് കാരണമാകും. മക്കളുമായി വഴക്കിന് ഇടയുള്ളതിനാൽ വാക്കുകളിൽ കരുതൽ വേണം. അനുരാഗികൾക്കിടയിൽ അനൈക്യം വരാം. ആദ്ധ്യാത്മിക സാധനകൾക്ക് ഭംഗം ഉണ്ടാവാനിടയുണ്ട്. ഊഹക്കച്ചവടം, നറുക്കെടുപ്പ് എന്നിവയിൽ നിന്നും ധനവരവ് സാധ്യത കാണുന്നു.
രേവതി
വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ളാസ്സുകൾ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിയണമെന്നില്ല. ബുധൻ്റെ നീചസ്ഥിതിയാൽ ബന്ധുക്കൾ അകാരണമായി വിരോധിച്ചേക്കാം. പിതൃ-പുത്ര ബന്ധത്തിൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിക്കും. സുഹൃത്തുക്കളുമായി ആഹ്ളാദിക്കാനാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറുന്നതാണ്. ദേഹസുഖം കുറഞ്ഞേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള രൂപരേഖ തയ്യാറാക്കും. എന്നാൽ ഗ്രഹാനുകൂല്യം ഇല്ലാത്തതിനാൽ പിന്നീടത്തേക്ക് മാറ്റിവെക്കുകയാവും കരണീയം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us