scorecardresearch

Weekly Horoscope Apr 20- Apr 26: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, April 20 - April 26: ഏപ്രിൽ 20 ഞായർ മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, April 20 - April 26: ഏപ്രിൽ 20 ഞായർ മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഉച്ചസ്ഥനായി മേടം രാശിയിലുണ്ട്. ആദിത്യൻ്റെ പരമോച്ചമായി കരുതപ്പെടുന്ന മേടപ്പത്ത്, ഏപ്രിൽ 23 ന് ബുധനാഴ്ചയാണ്. ഈയാഴ്ച മുഴുവൻ അശ്വതി ഞാറ്റുവേലയുണ്ട്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, സപ്തമി മുതൽ  ചതുർദ്ദശി വരെയുള്ള തിഥികളിൽ സഞ്ചരിക്കുന്നു. അതിനാൽ ചന്ദ്രൻ പക്ഷബല ശൂന്യനാണ്. ചൊവ്വ നീചസ്ഥനാണ്. കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ തുടരുന്നു. ബുധനും നീചനാണ്; മീനം രാശിയിൽ ഉത്രട്ടാതിയിൽ സഞ്ചരിക്കുകയാണ്.

Advertisment

മീനം രാശിയിൽ പൂരൂരുട്ടാതിയിൽ (പൂരുരുട്ടാതി നാലാംപാദത്തിൽ) ശനി ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങൾ തുടരുന്നു. ശുക്രന്റെ ഉച്ചക്ഷേത്രമാണ് മീനം എന്നത് സ്മരണീയം. രാഹുവിൻ്റെ ഏഴാമെടമായ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിൽ കേതുവും സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. മകയിരം ഒന്നാം പാദത്തിൽ തുടരുന്നു. 

ഏപ്രിൽ 20ന്, ഞായറാഴ്ച ഇടവക്കൂറിലെ നക്ഷത്രക്കാർക്ക് അഷ്ടമരാശിയാണ്. തിങ്കളും ചൊവ്വയും മിഥുനക്കൂറുകാർക്കും, ബുധനും വ്യാഴവും കർക്കിടകക്കൂറുകാർക്കും വെള്ളിയും ശനിയും ചിങ്ങക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു. കരുതൽ വേണ്ട ദിവസങ്ങളാണവ. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ സമ്പൂർണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ ആയില്യംവരെ

Advertisment

അശ്വതി

ചന്ദ്രസഞ്ചാരം അനുകൂലഭാവങ്ങളിലൂടെ ആവുകയാൽ മനസ്സമാധാനം പ്രതീക്ഷിക്കാം. നേട്ടങ്ങൾ പലതും അനുഭവത്തിൽ വരും. തൊഴിൽപരമായി ഉണർവ്വുണ്ടാവും. നിർദ്ദേശങ്ങൾക്ക് സ്വീകാര്യതയേറും. നിലപാടുകൾ സ്വാഗതാർഹമാവും. പരീക്ഷണങ്ങൾക്ക് മുതിരാനുള്ള മനസ്സാന്നിദ്ധ്യം ഭവിക്കും. ചവിട്ടിത്തേഞ്ഞ പാതകൾ ഉപേക്ഷിച്ച് പുതുവഴികൾ തെളിക്കാൻ മനസ്സുണരുന്നതാണ്. അനാവശ്യ ചിന്തകളിൽ കുരുങ്ങിക്കിടക്കില്ല. വ്യക്തിപരമായ തീരുമാനങ്ങളിൽ പുനരാലോചന അനിവാര്യമാണ്. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതുണ്ട്. സാമ്പത്തിക ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല.

ഭരണി

പ്രതീക്ഷിച്ചഫലം വന്നുചേർന്നേക്കും. മേലധികാരികൾ ഏല്പിച്ച ചുമതലകൾ കാര്യവിളംബം കൂടാതെ നിർവഹണത്തിലെത്തിക്കുന്നതാണ്. ഏകോപനം സുഗമമാവും. വ്യക്തിപരമായും സന്തോഷാനുഭവങ്ങളുണ്ടാവുന്നതാണ്. ഭരണിയുടെ നാഥനായ ശുക്രൻ ഉച്ചസ്ഥിതിയിൽ തുടരുകയാൽ ഭൗതിക നേട്ടങ്ങൾ കുറയില്ല. ആഢംബര സാമഗ്രികൾ, ആടയാഭരണങ്ങൾ ഇത്യാദി പാരിതോഷികമായി ലഭിക്കുന്നതാണ്. ശുക്രന് പാപഗ്രഹങ്ങളുമായി യോഗമുള്ളതിനാൽ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. വാരാന്ത്യത്തിലെ ഒന്നുരണ്ടു ദിവസങ്ങൾ ചന്ദ്രൻ്റെ പന്ത്രണ്ടിലെ സഞ്ചാരത്താൽ മേന്മ കുറഞ്ഞവയാവും.

കാർത്തിക

സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയുക്തനാവും. അനുഭവ സമ്പത്ത് വിജയഘടകമാവും. നേട്ടങ്ങളിൽ അഹങ്കരിക്കാതിരിക്കാനുള്ള മാനസിക പരിപാകം അഭിനന്ദിക്കപ്പെടും. കുടുംബ ജീവിതത്തിൽ സാമാന്യം സന്തോഷമുണ്ടാവും. പുതിയതരം ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ബുധഗ്രഹം നീചനായി തുടരുന്നതിനാൽ ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുമ്പോൾ കരുതൽ വേണം. യാത്രകളിൽ നിന്നും നേട്ടങ്ങളുണ്ടാവും. ബിസിനസ്സുകാർ വിപണി മത്സരത്തിൽ വിജയം വരിക്കും. വാരാദ്യ ദിവസങ്ങൾക്ക് ഗുണം കുറയാം.

രോഹിണി

നക്ഷത്രാധിപനായ ചന്ദ്രൻ പക്ഷബലരഹിതനാകയാൽ മനസ്സിൻ്റെ ഉന്മേഷം കുറയും. വേണോ വേണ്ടയോ എന്ന സന്ദിഗ്ദ്ധത എപ്പോഴുമുണ്ടാവും. എന്നാൽ ഭൗതികമായ സാഹചര്യം പൊതുവേ അനുകൂലമാണ്. അതിനാൽ തടസ്സങ്ങളെ മറികടക്കും.  കാര്യാലോചനകളിൽ സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കും. എതിർപ്പുകളെ അവഗണിക്കുന്നതാണ്. മൂന്നാം ഭാവത്തിൽ ചൊവ്വ സ്ഥിതിചെയ്യുന്നതിനാൽ സഹോദരരുടെ ആനുകൂല്യമുണ്ടാവും. വിൽക്കപ്പെടാതെ കിടന്ന ഭൂമി വിൽക്കാനുള്ള വഴി തെളിഞ്ഞേക്കും. രഹസ്യ നിക്ഷേപങ്ങൾ നടത്തുന്നതാണ്.

മകയിരം

നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി  ആത്മവിശ്വാസം കുറയാൻ കാരണമായേക്കും. കർമ്മരംഗത്ത് ചില വെല്ലുവിളികളുയരും. ഉന്നതാധികാരികൾ പ്രതികൂല നിലപാടുകൾ കൈക്കൊള്ളാം. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങളിൽ നിന്നും പിന്മാറില്ല. ഒരുവിധം ഭംഗിയായി മുഴുമിപ്പിക്കും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ ആത്മാർത്ഥതയെ  അഭിനന്ദിക്കും. ബിസിനസ്സിൽ സമ്മിശ്രമായ ഫലങ്ങൾ  ഉണ്ടാവുന്നതാണ്. ഉല്പന്നങ്ങൾക്ക് വിപണിയിൽ സ്വീകാര്യത വന്നെത്തും. കടം കൊടുത്ത പണം വസൂലാക്കുന്നത് തലവേദനയുണ്ടാക്കും.

തിരുവാതിര

ഞായർ മുതൽ ബുധൻ വരെ അനുകൂലത കുറയാം. പുനർ ശ്രമങ്ങൾ വേണ്ടി വരാം. ചിലതൊക്കെ തിടുക്കത്തിൽ ചെയ്യേണ്ടി വന്നേക്കും. മാനസിക ശക്തി പരീക്ഷിക്കപ്പെടാം.  മറ്റുള്ള ദിവസങ്ങളിൽ സമാശ്വാസം, സന്തോഷം ഇവ പ്രതീക്ഷിക്കാവുന്നതാണ്. മത്സരങ്ങളിൽ വിജയിക്കും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ആരോഗ്യ സ്ഥിതിയിൽ മെച്ചമുണ്ടാവും. രാഷ്ട്രീയക്കാരുടെ ജനസ്വാധീനമുയരും. കരാർ ജോലി ലഭിക്കുന്നതാണ്.  പിതാവിൻ്റെ വാൽസല്യത്തിന് പാത്രമാവും. സഹായധനം കിട്ടാം.  സുഹൃൽ - ബന്ധു സമാഗമം സന്തോഷം, മാനസികോർജ്ജം എന്നിവ പകരുന്നതാണ്.

പുണർതം

പുതിയ കാര്യങ്ങൾ പഠിച്ചറിയും. അവ സ്വന്തം ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്നതായിരിക്കും. കർമ്മരംഗത്ത് തടസ്സങ്ങൾ ആവർത്തിക്കാം. എന്നാൽ അനാവശ്യമായ ഉൽക്കണ്ഠകൊണ്ട് കാര്യമില്ലെന്നറിയും. ആവശ്യപ്പെടാതെ തന്നെ സഹായിക്കാൻ ഉയർന്ന പദവിയിൽ ഉള്ളവർ മുന്നോട്ടുവരാം. അശ്രാന്ത പരിശ്രമത്തിലൂടെ ധനാഗമ മാർഗങ്ങളിലെ തടസ്സങ്ങൾ നീക്കുവാനാവും. കുടുംബത്തിൻ്റെ പിന്തുണയിൽ അഭിമാനിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കരുതലുണ്ടാവണം. ശുഭാരംഭങ്ങൾ ഒഴിവാക്കണം.

പൂയം

നക്ഷത്രാധിപനായ ശനിക്ക് ശുഭ - പാപ യോഗം ഉള്ളതിനാൽ സുഹൃൽ ഗുണം, ബന്ധുഗുണം എന്നിവയൊക്കെ സമ്മിശ്രമാവും.  ഏകാഗ്രത പുലർത്താൻ കഴിയണമെന്നില്ല. എല്ലാവരുടെ എല്ലാ ഉപദേശങ്ങളും കൈക്കൊള്ളാതിരിക്കാൻ കൂടി വിവേകമുണ്ടാവണം. പൂയം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുക നിമിത്തം അനാവശ്യമായ ഉദ്വേഗം ഉണ്ടാവും.  ആരോഗ്യപാലനത്തിൽ ശ്രദ്ധ കുറയുന്നതാണ്. പത്താം ഭാവത്തിൽ ആദിത്യൻ ഉച്ചനാകയാൽ തൊഴിലിടത്തിൽ സമാധാനം വരും. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ അനുഭവപ്പെട്ടിരുന്ന അസംതൃപ്തി മാറും.

ആയില്യം

സുഖാനുഭവങ്ങൾ വേണ്ടുവോളം ഉണ്ടാവും. ആഢംബര വസ്തുക്കൾ വാങ്ങുന്നതണ്. നക്ഷത്രാധിപൻ ബുധൻ നീചത്തിൽ തുടരുന്നത് ആത്മവിശ്വാസം കുറയാൻ കാരണമായേക്കും. ജന്മരാശിയിൽ നീചസ്ഥനായ ചൊവ്വ ഉള്ളതിനാൽ ക്ഷോഭശീലം കൂടാം. തിടുക്കത്തിൽ തീരുമാനമെടുത്ത് കുഴപ്പത്തിലാവും. ആദിത്യൻ്റെ അനുകൂലതയാൽ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. തടസ്സപ്പെട്ടിരുന്ന അവസരങ്ങൾ തിരികെകിട്ടും. മത്സരങ്ങളിലും അഭിമുഖങ്ങളിലും സംതൃപ്തി തോന്നും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരുന്നതിനാൽ കരുതലുണ്ടാവണം.

മകം

കാര്യങ്ങൾ പൂർണമായും വരുതിയിലാവുമെന്ന് പറയാനാവില്ല. 'വന്നപാട് ചന്തം'  എന്ന മട്ടിൽ ചിലപ്പോഴൊക്കെ പ്രവർത്തിക്കേണ്ടി വരുന്നതാണ്. പൊതുരംഗത്ത് സ്വീകാര്യത ലഭിക്കും. നിർദ്ദേശങ്ങൾ സഹപ്രവർത്തകർക്ക് പ്രയോജനകരമാവും. നവസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട മേഖലയിലുള്ളവർക്ക്  കൂടുതൽ സമയം ജോലി ചെയ്യേണ്ട സ്ഥിതിയാവും. മറ്റുള്ളവർക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ധാരാളം സമയമുണ്ടാവും. ഇഷ്ടഭക്ഷണ യോഗം, ഭോഗസുഖം ഇവ ഭവിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ കരുതൽ വേണം.

പൂരം

ഔദ്യോഗിക മേഖലയിൽ ഔത്സുകതയും തല്പരതയുമുണ്ടാവും. എതിർപ്പുകളെ കാര്യമാക്കുകയില്ല. വ്യാപാരത്തിൽ സുസ്ഥിതി തുടരും. പകരക്കാരെ ഏർപ്പെടുത്തിയിട്ടുണ്ടെ ങ്കിൽ അവരെ നിരീക്ഷിക്കാൻ മറക്കരുത്. ഗാർഹിക കാര്യങ്ങൾ തൃപ്തികരമാവും. വിശ്രമിക്കാനും വിഷയസുഖങ്ങൾ അനുഭവിക്കാനും സകുടുംബം ഷോപ്പിംഗിനു പോകാനും സമയവും സന്ദർഭവും ഒത്തുവരും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ്. വാരാന്ത്യ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.

ഉത്രം

നക്ഷത്രനാഥനായ ആദിത്യൻ ഉച്ചത്തിൽ സഞ്ചരിക്കുന്നതിൻ്റെ ഗുണം എല്ലാരംഗത്തും പ്രകടമാവും. സാമൂഹികമായി സ്വീകാര്യതയുണ്ടാവും. പുതിയ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കും. ആദർശം ഉപേക്ഷിക്കില്ല. ചിങ്ങക്കൂറുകാർക്ക് പലതരം ഭാഗ്യാനുഭവങ്ങൾ ഭവിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ കേൾക്കും. വെള്ളി, ശനി ദിവസങ്ങളിൽ സാഹസങ്ങളരുത്. കന്നിക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്രമാവും കാര്യങ്ങളുടെ പോക്ക്. ചെറിയ ആശയക്കുഴപ്പം ഉണ്ടാവാം. ബുധനാഴ്ച തൊട്ട് ഗുണമേറുന്നതാണ്.

അത്തം

ചന്ദ്രസഞ്ചാരം നാലു മുതൽ ഏഴുവരെ രാശികളിലാകയാൽ ആഴ്ചയിലെ ആദ്യ മൂന്നുദിനങ്ങളിൽ സ്വൈരം കുറയാം. ദേഹാലസ്യം, കർമ്മ വൈമുഖ്യം ഇവയുണ്ടാവും. പ്രധാനപ്പെട്ട കാര്യങ്ങൾ പിന്നീടത്തേക്കാക്കും. മറ്റുള്ളവർക്കായി സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തും. ബുധൻ മുതൽ ശനിവരെ സ്വസ്ഥത അനുഭവപ്പെടും. മനസ്സിന് സന്തോഷമുണ്ടാവും. വ്യായാമം, ഭക്ഷണം, ജോലി എല്ലാം കൃത്യമാവും. ഭോഗസുഖവും അനുഭവക്കുന്നതാണ്. ദമ്പതികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. വ്യാപാരാഭിവൃദ്ധി പ്രതീക്ഷിക്കാം. യാത്രകൾ പ്രയോജനകരമാവും.

ചിത്തിര

പ്രവർത്തനങ്ങളിൽ അനാവശ്യമായ തിടുക്കം ഉണ്ടാവാനിടയുകണ്ട്. തന്മൂലം സൂക്ഷ്മതക്കുറവ് വരുന്നതാണ്. മേലധികാരി / മാതാപിതാക്കൾ എന്നിവരുടെ ശാസന കേൾക്കാനിടയാവുന്നതാണ്. മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടും. പണയ വസ്തുവിൻ്റെ പലിശ/ കാർ ലോൺ മുതലായവ മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവാദങ്ങളിലും തർക്കങ്ങളിലും നിന്ന് വിട്ടുനിൽക്കുന്നത് ഉചിതം. പ്രിയപ്പെട്ടവരുടെ നല്ലവാക്കുകൾ സന്തോഷമേകുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും.

ചോതി

ഗുണഫലങ്ങൾ ഭാഗികമായി കിട്ടിത്തുടങ്ങുന്നതാണ്. പതിനൊന്നാം ഭാവാധിപനായ സൂര്യൻ ഉച്ചത്തിൽ സഞ്ചരിക്കുകയാൽ ധനോന്നതി, സ്ഥാനോന്നതി എന്നിവ സാധ്യതകളാണെന്ന് കരുതുന്നതിൽ തെറ്റില്ല. അല്പം അലച്ചിലും യാത്രാക്ലേശവും ഭവിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണകിട്ടും. സൗഹൃദങ്ങൾ കൊണ്ട് ഗുണമാണോ ദോഷമാണോ എന്ന് സന്ദേഹമുണ്ടായേക്കും. കുടിശ്ശിക തുക കിട്ടാനിടയുണ്ട്. പഴയ കാര്യങ്ങൾ ആലോചിച്ച് അവയിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളും. ദുഷ്പ്രേരണകളെ ചെറുക്കാനുള്ള മനപ്പരിപാകം നേടും. 

വിശാഖം

ആത്മവിശ്വാസം അമിതമാവാതിരക്കാൻ ശ്രദ്ധിക്കണം. ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം പുനപ്പരിശോധന വേണ്ട സന്ദർഭമാണ്. മുൻവിധി ഒഴിവാക്കുകയും വേണം. ഊഹക്കച്ചവടം കൊണ്ട് പ്രതീക്ഷിച്ച ആദായം കൈവന്നേക്കില്ല. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. കൃത്യനിർവഹണത്തിൽ അലംഭാവമരുത്.  കരാർ പണികൾ തുടർന്നും ലഭിച്ചേക്കും. എന്നാൽ അതിലെ വ്യവസ്ഥകൾ വായിച്ചറിയണം. വീടുപണിക്കായി ബന്ധുവിൻ്റെ ധനസഹായം പ്രയോജനപ്പെടുത്തും.  മകൻ്റെ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച അവ്യക്തത പൂർണമായും മാറിയേക്കില്ല.

അനിഴം

പഞ്ചമ ഭാവത്തിലെ ഗ്രഹാധിക്യത്താൽ ആശയക്കുഴപ്പം ഏർപ്പെടുന്നതാണ്. മുൻഗണന നിശ്ചയിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ അപ്രധാന കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. ആറാം ഭാവത്തിൽ ആദിത്യൻ ഉച്ചനാകയാൽ വരുമാനം ഉയരുന്നതാണ്.  സർക്കാർ കാര്യങ്ങളിൽ അനുകൂലതയുണ്ടാവും. മത്സരങ്ങളിൽ ശേഭിക്കാൻ കഴിഞ്ഞേക്കും. ജന്മനാട്ടിലുള്ള പിതൃബന്ധുക്കളെ സന്ദർശിക്കാനാവും. രോഗികൾക്ക് ആശ്വാസമുണ്ടാവും. പൊതുപ്രവർത്തകർക്ക് ജനപിന്തുണ കൂടുന്നതാണ്. കലാപരമായ കഴിവുകളെക്കുറിച്ച് ബോധ്യം വരും.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധൻ്റെ നീചസ്ഥിതയും ശുഭപാപയോഗവും സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകും. പ്രതീക്ഷിച്ച കാര്യങ്ങളിൽ അല്പമായ വിളംബം ഭവിക്കുന്നതായിരിക്കും. ശുക്രൻ അഞ്ചാം ഭാവത്തിൽ തുടരുകയാൽ ഭാവനയുണരും. കലാകാരന്മാർക്ക് അവസരം ലഭിക്കാം. ആദിത്യൻ ഉച്ചത്തിൽ സഞ്ചരിക്കുകയാൽ ജോലിയിൽ അഭ്യുദയം ഉണ്ടാവുന്നതാണ്. സ്വതന്ത്ര ചുമതലകൾ, ഇൻക്രിമെൻ്റ് ഇവയൊക്കെ സാധ്യതകളാണ്. പിതൃ-പുത്രബന്ധം കൂടുതൽ രമ്യമാവും. ഉപാസനകൾ തുടരാൻ കഴിയുന്നതാണ്. വിവാഹാലോചനകളിൽ പുരോഗതി ഭവിക്കാം.

മൂലം

സ്വയം കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അവ പ്രാവർത്തികമാക്കാൻ തിടുക്കം കാട്ടും. തന്മൂലം വിരോധികളെ സമ്പാദിക്കുന്നതാണ്. കുടുംബത്തിലെ അനൈക്യം തീർക്കാൻ ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വന്നേക്കും. വാഹനത്തിന് അറ്റകുറ്റത്തിനോ ആഢംബരത്തിനോ ചെലവുണ്ടാവും. സഹപ്രവർത്തകർ / പഴയ സഹപാഠികൾ ഒത്തുചേർന്ന് വിനോദയാത്ര ആസൂത്രണം ചെയ്യുന്നതാണ്. സ്വാശയ സംരംഭങ്ങളിൽ നിന്നും ധനാഗമം ഉണ്ടാവും.  മകൻ്റെ ഉപരിപഠനകാര്യത്തിൽ വ്യക്തത കൈവരുന്നതാണ്.

പൂരാടം

പിണങ്ങിയ സ്വജനങ്ങൾ ഇണങ്ങും. മക്കളുടെ നേട്ടങ്ങളാൽ സന്തോഷം സംജാതമാകുന്നതാണ്. ബുദ്ധിപരമായ ഉത്തരങ്ങൾ നൽകി ഒപ്പമുള്ളവരെ അത്ഭുതപ്പെടുത്തും.  പാചകത്തിൻ്റെ രുചിവൈവിധ്യം പ്രശംസിക്കപ്പെടും. ആർഭാടങ്ങൾ കുറയ്ക്കാൻ നോക്കിയാലും ചിലവേറുന്നതാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ ഉണ്ടാവും. സംയുക്ത സംരംഭങ്ങളിൽ പ്രവർത്തിക്കുക ക്ലേശകരമായേക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കാൻ ധാരണയാവും. നല്ലവാക്കുകൾ പറഞ്ഞ് സങ്കടത്തിൽ പെട്ടവരെ ആശ്വസിപ്പിക്കും.

ഉത്രാടം

അനാവശ്യ കാര്യങ്ങളിൽ ഉദ്വേഗം ഉണ്ടാവും. ക്ഷമ കുറയും. നാലിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ഹൃദയശൂന്യരാണെന്ന പേര് കേൾപ്പിക്കുകയും ചെയ്യും. പ്രയത്നങ്ങളിൽ ഭാഗികമായ വിജയം ഉണ്ടാവാൻ നക്ഷത്രാധിപനായ ആദിത്യൻ്റെ ഉച്ചസ്ഥിതി കാരണമാകും. സംഘടനകളിൽ നേതൃപദവിയോ മത്സരങ്ങളിൽ വിജയമോ കൈവരും. ധനുക്കൂറുകാർക്ക് ഭൂമിവ്യാപാരത്തിൽ അമളി പിണഞ്ഞേക്കാം. സഹോദരരുമായി കലഹിക്കാനിടയുണ്ട്. മകരക്കൂറുകാർ ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് മുതിരണം. കുട്ടികളുടെ ഭാവികാര്യങ്ങൾക്ക് സമയം ചെലവഴിക്കും.

തിരുവോണം

നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലഹാനി വരുന്നത് ഗുണകരമല്ല. മനസ്സിൽ വെറുതേ ആശങ്കകൾ ഉയരും. ആത്മവിശ്വാസം ദുർബലമാവും. കൃത്യനിർവഹണത്തിൽ പരാശ്രയം വേണ്ടിവരുന്നതാണ്. പലരും സഹായിക്കാൻ മുന്നോട്ടുവരും. രോഗഗ്രസ്തർക്ക് ചികിൽസ കൊണ്ട് വലിയ മാറ്റം ഉണ്ടാവണമെന്നില്ല. ദാമ്പത്യത്തിൽ ഭിന്നതകൾ ഉരുവാകാം. അന്യനാട്ടിൽ മകളുടെ വീട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാൻ കാലതാമസം നേരിടുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഉയരും. ജീവകാരുണ്യ പ്രവർത്തനത്തിന് സന്നദ്ധരാവും. ഞായർ, തിങ്കൾ, വ്യാഴം ശുഭത്വം കുറയുന്നതാണ്.

അവിട്ടം

രോഗക്ലേശിതർക്ക് കൂടുതൽ ചികിൽസ ആവശ്യമായി വരും. മുൻപ് ആസൂത്രണം ചെയ്ത കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റി വെക്കേണ്ടി സ്ഥിതി ഭവിക്കാം. വാഗ്ദാനങ്ങൾ പാലിക്കാനാവാതെ കുഴങ്ങുന്നതാണ്. പരാശ്രയത്വം കൂടാനിടയുണ്ട്. ഭൂമി സംബന്ധിച്ച തർക്കങ്ങൾ വ്യവഹാരമായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ധനം ചെലവഴിക്കുന്നതിൽ മിതവ്യയം നിർബന്ധം. സുഹൃത്തുക്കളുടെ ഉപദേശം പ്രയോജനപ്പെടുത്തും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ചുമതലകൾ ഉള്ളവരാവും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് കൂടുതൽ മേന്മയുണ്ടായേക്കും.

ചതയം

രണ്ടാംനക്ഷത്രത്തിൽ ശനിയും രാഹുവും സഞ്ചരിക്കുകയാൽ സാമ്പത്തിക ശോച്യത ഉണ്ടാവും. കടം വാങ്ങാനിടയുണ്ട്. കിട്ടാനുള്ള കൈവായ്പ കിട്ടാനുമിടയില്ല. വാഗ്വാദങ്ങൾക്ക് മുതിരരുത്. മനപ്പൂർവ്വമല്ലാതെ കള്ളം പറയാം. ഒപ്പമുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചുവേണം. ഉന്നതാധികാരികളുടെ അനുകൂലതയുണ്ടാവുന്നതാണ്. പൊതുപ്രവർത്തനത്തിൽ ക്രിയാത്മകതയുണ്ടാവും. കൃഷികാര്യങ്ങൾ നോക്കി നടത്താൻ ഔത്സുക്യം വരും. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. അഷ്ടമത്തിൽ കേതു തുടരുകയാൽ സാംക്രമിക രോഗം വരാൻ സാധ്യതയുണ്ട്.

പൂരൂരുട്ടാതി

വൈജ്ഞാനിക മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിക്കാനാവും. ഗവേഷണ പ്രബന്ധം എഴുതി പൂർത്തിയാക്കും. ശനിയും രാഹുവും ജന്മനക്ഷത്രത്തിൽ തുടരുകയാൽ ചെറുതോ വലുതോ ആയ സമ്മർദ്ദങ്ങൾ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കും. പ്രണയികൾക്ക് ഒത്തുചേരുന്നതിന് അവസരം കുറയുന്നതാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. ശുക്രനും ബുധനും അനുകൂലത്തിലാകയാൽ ധനാഗമം ഒരുവിധം തൃപ്തികരമായിരിക്കും. വിനോദ യാത്രകൾ തീരുമാനിക്കപ്പെടും. എന്നാൽ മാറ്റിവെക്കാൻ സാധ്യതയുണ്ട്.

ഉത്രട്ടാതി

സെമിനാർ, ചർച്ചാസമ്മേളനം ഇവകളിലേക്ക് ക്ഷണം ലഭിക്കാനിടയുണ്ട്. വേണ്ടത്ര തയ്യാറെടുപ്പ് നടത്താൻ സമയം കിട്ടിയേക്കില്ല. തിടുക്കം കാരണം എന്തെങ്കിലും വസ്തുക്കൾ മറന്നുപോവാനോ നഷ്ടപ്പെടാനോ ഇടയുണ്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയില്ല. പഞ്ചമ ഭാവത്തിലെ ചൊവ്വ പിടിവാശിക്ക് കാരണമാകും. മക്കളുമായി വഴക്കിന് ഇടയുള്ളതിനാൽ വാക്കുകളിൽ കരുതൽ വേണം. അനുരാഗികൾക്കിടയിൽ അനൈക്യം വരാം. ആദ്ധ്യാത്മിക സാധനകൾക്ക് ഭംഗം ഉണ്ടാവാനിടയുണ്ട്. ഊഹക്കച്ചവടം, നറുക്കെടുപ്പ് എന്നിവയിൽ നിന്നും ധനവരവ് സാധ്യത കാണുന്നു.

രേവതി

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ളാസ്സുകൾ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിയണമെന്നില്ല. ബുധൻ്റെ നീചസ്ഥിതിയാൽ ബന്ധുക്കൾ അകാരണമായി വിരോധിച്ചേക്കാം. പിതൃ-പുത്ര ബന്ധത്തിൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്.  വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിക്കും. സുഹൃത്തുക്കളുമായി ആഹ്ളാദിക്കാനാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറുന്നതാണ്. ദേഹസുഖം കുറഞ്ഞേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള രൂപരേഖ തയ്യാറാക്കും. എന്നാൽ ഗ്രഹാനുകൂല്യം ഇല്ലാത്തതിനാൽ പിന്നീടത്തേക്ക് മാറ്റിവെക്കുകയാവും കരണീയം.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: