scorecardresearch

Weekly Horoscope Apr 06- Apr 12: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, April 06 - April 12: ഏപ്രിൽ 06 ഞായർ മുതൽ ഏപ്രിൽ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, April 06 - April 12: ഏപ്രിൽ 06 ഞായർ മുതൽ ഏപ്രിൽ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ. ഏപ്രിൽ 12 ന്  ശനിയാഴ്ചയാണ് വെളുത്തവാവ്. ചൊവ്വ തൻ്റെ നീചക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുന്നു. ഏപ്രിൽ 12 ന് ചൊവ്വ പുണർതത്തിൽ നിന്നും പൂയം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ സഞ്ചരിക്കുന്നു. ഏപ്രിൽ 10 ന് മകയിരം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. 

Advertisment

ശനിയും രാഹുവും ബുധനും ശുക്രനും മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലുണ്ട്.   ബുധശുക്രന്മാരുടെ മൗഢ്യം തീർന്നുകഴിഞ്ഞു. ഏപ്രിൽ 11 ന് ബുധൻ ഉത്രട്ടാതിയിലേക്ക് സംക്രമിക്കന്നുണ്ട്. കേതു  കന്നിരാശിയിൽ തുടരുന്നു. 

ഞായർ മുതൽ ചൊവ്വ പ്രഭാതം വരെ ധനുക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് വ്യാഴം സന്ധ്യ വരെ മകരക്കൂറുകാർക്കും അതിനുമേൽ ആഴ്ച തീരുന്നതുവരെ കുംഭക്കൂറുകാർക്കും അഷ്ടമരാശിയാകുന്നു. 

ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെ ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

മൂലം

ഗാർഹികമായ ചെറിയ കാര്യങ്ങൾ ആയാൽപ്പോലും സ്വയം തീരുമാനം കൈക്കൊള്ളരുത്. എല്ലാവരുടേയും അഭിപ്രായം അറിയണം. മനസ്സുഖം, ദേഹസുഖം എന്നിവ ശരാശരിയാവും. സുഹൃത്തുക്കൾ പിണങ്ങാനിടയുണ്ട്. ഞായറും തിങ്കളും അഷ്ടമരാശിയാകയാൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. മാതാവിൻ്റെ ആരോഗ്യത്തിൽ പ്രത്യേക കരുതൽ വേണ്ടതാണ്. വാഹന യാത്രയിൽ ജാഗ്രത പുലർത്തണം. ചൊവ്വ മുതൽ ധനപരമായി ഗുണമുണ്ടാവും. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ മേലുദ്യോഗസ്ഥർക്ക് സ്വീകാര്യമായിരിക്കും.

പൂരാടം

കാര്യങ്ങൾ മുഴുവനായും  അനുകൂലമായ വാരമാണെന്ന് പറയാനാവില്ല. കാര്യവിഘ്നം ഉണ്ടാവുന്നതാണ്. ക്ഷമ പരീക്ഷക്കപ്പെടും. പ്രഥമപരിശ്രമം വിജയിക്കണമെന്നില്ല.  ബന്ധുക്കളുടെ നിലപാടുകളോട് അസഹിഷ്ണുത പുലർത്തുവാനിടയുണ്ട്. ഭൂമിയുടെ ക്രയവിക്രയത്തിൽ ലാഭം കുറയാം. മുൻആധാരം, അനുബന്ധ രേഖകൾ എന്നിവ പരിശോധിക്കണം. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഭാഗികമായി വിജയിക്കും. ഗൃഹാരംഭം, ഗൃഹപ്രവേശം എന്നിവയ്ക്ക് അനുകൂലമായ കാലമല്ല. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കരുതൽ വേണം.

ഉത്രാടം

രോഗക്ലേശാദികളാൽ വലയുന്നവർക്ക് സമാശ്വാസം വന്നുചേരുന്നതാണ്. സർക്കാർ കാര്യങ്ങളിലെ പ്രതിബന്ധങ്ങൾ നീങ്ങാം. സ്നേഹബന്ധം ആത്മാർത്ഥമാവും. സഹോദരങ്ങളെക്കൊണ്ട് ഗുണം ഭവിക്കാം. തീർത്ഥാടനയോഗം കാണുന്നു. കർമ്മരംഗത്ത് അഭ്യുദയം വരുന്ന കാലമാണ്. ഭാവിയെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളിൽ മുഴുകാനാവും. നിക്ഷേപങ്ങളിലെ വരുമാനം സദുദ്യമങ്ങൾക്ക് ചെലവഴിക്കുന്നതാണ്. ധനുക്കൂറിലെ ഉത്രാടം നാളുകാർ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകാഗ്രതയോടെ കൊണ്ടുപോകാൻ വിഷമിച്ചേക്കും.

തിരുവോണം

ചെറിയ, വലിയ യാത്രകൾ ഉണ്ടാവുന്നതാണ്. ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കാനാവും. സഹപ്രവർത്തകർക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകും. വയോജനങ്ങളുടെ നിർലോഭമായ പിന്തുണ കൈവരുന്നതാണ്. സംഘടനകളിൽ വീണ്ടും നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം. പുതിയ കാര്യങ്ങൾ സമാരംഭിക്കുവാൻ ചൊവ്വയും ബുധനും അനുകൂല ദിവസങ്ങളല്ല. വസ്തുനിഷ്ഠമായ വിലയിരുത്തലുകളും തുറന്ന അഭിപ്രായപ്രകടനങ്ങളും ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയേക്കില്ല. ചൊവ്വ ഏഴാമെടത്തിൽ സഞ്ചരിക്കുന്നതിനാൽ പ്രണയത്തിൽ പുനരാലോചന വന്നേക്കും.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വയുടെ നീചക്ഷേത്രസ്ഥിതി സ്വസ്ഥതയ്ക്ക് ഭംഗം വരുത്താം. ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തിക്കുറവുണ്ടാകും. അശ്രദ്ധയാൽ അപകടാം വരാം. മകരക്കൂറുകാർക്ക് ദാമ്പത്യ പ്രശ്നങ്ങൾ ഉദയം ചെയ്യുന്നതാണ്. കുംഭക്കൂറുകാർക്ക് സ്ഥിതിഗതികൾ ഇത്രയും മോശമാവില്ല. കർമ്മവിജയപ്രാപ്തി പ്രതീക്ഷിക്കാം. അവിട്ടത്തിൻ്റെ മൂന്നാം നക്ഷത്രത്തിൽ രാഹുവും ശനിയും യോഗം ചെയ്യുന്നത് സമ്മർദ്ദങ്ങൾക്ക് വഴിതുറന്നേക്കും. ചിലർ കൂടുതൽ സ്വാർത്ഥമതികളായി മാറിയേക്കാം. ചിലർ സ്വന്തം കാര്യം പാടേ മറന്ന് അന്യർക്കായി ജീവിക്കാനുമിടയുണ്ട്.

ചതയം

വാക്സ്ഥാനത്ത് പാപഗ്രഹങ്ങൾ ഉള്ളതും അഷ്ടമത്തിലേക്ക് അവയുടെ ദൃഷ്ടി വരുന്നതും ധനസ്ഥിതിയെ ബാധിക്കാം. കടം കൊടുത്ത തുക മടക്കിക്കിട്ടുക വിഷമമാവും. ആരോഗ്യക്ലേശം ഭവിക്കാം. വാഗ്ദാനലംഘനം പരിഹസിക്കപ്പെടും. ബുധശുക്രന്മാർ രണ്ടിലുള്ളതിനാൽ സല്പേര് ബാധിക്കപ്പെടില്ല എന്നുമാത്രം. കലാപ്രവർത്തനത്തിൽ ശുഷ്കാന്തി കുറയുന്നതാണ്. ആറിലെ ചൊവ്വ ശത്രൂപദ്രവത്തെ പ്രതിരോധിക്കുന്നതിന് പര്യാപ്തമാണ്. വസ്തുവ്യവഹാരത്തിലെ തടസ്സം നീങ്ങാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. സാഹസങ്ങൾക്ക് മുതിരരുത്.

പൂരൂരുട്ടാതി

പലതരം സമ്മർദ്ദങ്ങൾ അനുഭവിക്കും. വിഷാദചിന്തകളുണ്ടാവുന്നതാണ്. ഇതികർത്തവ്യതാമൂഢത മറ്റൊരു സാധ്യതയാണ്. സുഹൃത്തുക്കളോട് അകാരണമായി പിണങ്ങാം. കർമ്മരംഗത്ത് മരവിപ്പുണ്ടാവും. വലിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ ഇപ്പോൾ കാലം അനുകൂലമല്ലെന്ന് ഓർമ്മിക്കണം. മീനക്കൂറുകാർ കൂടുതൽ ബാധിക്കപ്പെടാം. ബന്ധങ്ങൾ ശിഥിലമാവാതിരിക്കാൻ ജാഗ്രത വേണം. ആലസ്യമുണ്ടാവും. അപവാദങ്ങൾ പ്രചരിപ്പിക്കപ്പെടാം. ഏജൻസി വ്യാപാരം, കമ്മീഷൻ ഏർപ്പാടുകൾ എന്നിവ ലാഭകരമാവും. അല്പനേട്ടങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരുന്നതാണ്.

ഉത്രട്ടാതി

ജന്മരാശിയിലെ ബഹുഗ്രഹയോഗം തുടരുകയാൽ കാര്യവിളംബം / കാര്യവിഘ്നം ഇവ ഏർപ്പെടുന്നതാണ്. ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാവില്ല. അലച്ചിലുണ്ടാവും. ധനച്ചെലവേർപ്പെടാം. കരാറുകൾ നീട്ടിക്കിട്ടാൻ കടുത്ത പരിശ്രമം ആവശ്യമായി വന്നേക്കും. ഭോഗസുഖങ്ങൾ   അനുഭവിക്കുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്പ്പേരിനിടവരുത്തും. ആത്മാഭിമാനത്തിന് ഇടിച്ചിൽ വരുത്തുന്ന സംഭവങ്ങൾ ഏർപ്പെടാം. ഈയാഴ്ചയിൽ ബുധൻ മുതൽ കുറെശ്ശയായി ആനുകൂലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. ദാമ്പത്യത്തിൽ തൃപ്തിയുണ്ടാവും.

രേവതി

നിർബന്ധശീലം മൂലം ശത്രുക്കൾ വർദ്ധിക്കുന്നതാണ്. അപ്രസക്ത കാര്യങ്ങൾക്കായി ധാരാളം ഊർജ്ജം ചെലവഴിക്കും. ബഹുമാനിക്കേണ്ടവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് ഒപ്പം ചേരും. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞില്ലെന്ന് വരാനിടയുണ്ട്. വിദേശയാത്രയ്ക്ക് അവസരം വരാം. ചിലർക്ക് നാടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉദിക്കും. കലാപഠനം, പുതിയ ഭാഷ പഠിക്കൽ, സാങ്കേതികമായ അറിവ് സമ്പാദിക്കൽ എന്നിവയ്ക്ക് അവസരം കൈവരും. ആരോഗ്യ സംരക്ഷണത്തിൽ ഉദാസീനതയുണ്ടാവും. ബിസിനസ്സ് വിപുലീകരണം സംബന്ധിച്ച ആശയങ്ങൾ രൂപപ്പെടാം.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: