/indian-express-malayalam/media/media_files/2025/01/17/8bhxfHlQr5Ol78PXnD19.jpg)
Source: Freepik
തൈറോയ്ഡ് പ്രശ്നമുള്ളവരോട് എല്ലാ ദിവസവും മുടങ്ങാതെ മരുന്നു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, ചിലരെങ്കിലും തൈറോയ്ഡ് നിയന്ത്രണത്തിലാണെന്ന് കരുതി സ്വയം ഗുളികകൾ കഴിക്കുന്നത് നിർത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിനു മുൻപ് ചില കാര്യങ്ങളെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും. തൈറോയ്ഡ് മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നു.
ഒരു വ്യക്തി തൈറോയ്ഡ് മരുന്ന് കഴിക്കുന്നത് നിർത്തുമ്പോൾ, ശരീരം നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. "ഉപാപചയപ്രവർത്തനം, ഊർജ്ജ നില, വിവിധ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഗ്രന്ഥിക്ക്, മരുന്നുകളുടെ സഹായമില്ലാതെ മതിയായ ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. അതിനെ തുടർന്ന് ക്ഷീണം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്യാം, ”ബെംഗളൂരുവിലെ എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. മഹേഷ് ഡി.എം പറഞ്ഞു.
ശരീരത്തിന്റെ ഉപാപചയ പ്രക്രിയകൾ മന്ദഗതിയിലാകാനും ഊർജ നില കുറയാനും ശരീരഭാരം വർധിക്കാനും സാധ്യതയുണ്ട്. അതിനാൽ, രോഗികൾ അവരുടെ മരുന്നുകൾ നിർത്തുന്നതിനു മുമ്പ് ആരോഗ്യ വിദഗ്ധരുമായി സംസാരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തൈറോയ്ഡ് മരുന്നുകൾ ഉടനടി നിർത്തുന്നത് ദീർഘകാലത്തേക്ക് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കും. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ ഈ മരുന്നുകളെ ആശ്രയിക്കുന്നവർക്ക് മുടി കൊഴിച്ചിൽ, ഊർജ നിലയിലെ ഏറ്റക്കുറച്ചിലുകൾ, മാനസികാവസ്ഥയിലെ അസ്വസ്ഥതകൾ, ആർത്തവ അസ്വസ്ഥതകൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കും.
തൈറോയ്ഡ് മരുന്നുകൾ നിർത്തുന്നത് ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ്, വന്ധ്യത, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ബെംഗളൂരുവിലെ എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ.അനുഷ നാഡിഗ് പറഞ്ഞു.
തൈറോയ്ഡ് മരുന്നുകൾ എത്ര തവണ കഴിക്കണം?
ഹോർമോൺ അളവ് നിലനിർത്തുന്നതിന്, ദിവസവും ഒരിക്കൽ, രാവിലെ വെറും വയറ്റിൽ ഈ മരുന്നുകൾ കഴിക്കാൻ ഡോ.മഹേഷ് നിർദേശിച്ചു. എന്നാൽ, ചില വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോസേജിൽ വ്യത്യാസം വരാമെന്ന് അദ്ദേഹം പറഞ്ഞു. ചില രോഗികളിൽ തൈറോയ്ഡ് മരുന്നുകൾ നിർത്തണോ വേണ്ടയോ എന്നത് ഡോക്ടർമാരുമായി കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.