/indian-express-malayalam/media/media_files/Q7KftB6xWMzo72FDQo7b.jpg)
ചിത്രം: ഫ്രീപിക്
'അമിത കോപം ആരോഗ്യത്തിന് ഹാനികരം' ഇത് വെറും ചൊല്ലല്ല. അമിതമായ ദേഷ്യം മാനസികമായി മാത്രമല്ല ശാരീരികമായും പല വ്യതിയാനങ്ങൾക്കു കാരണമായേക്കും. അവയിൽ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?.
അമിതമായ കോപം ഉണ്ടായതിനു ശേഷം ഏകദേശം ഏഴ് മണിക്കൂർ സമയം വേണ്ടി വരും കോർട്ടിസോൾ സാധാരണ നിലയിലേക്ക് എത്താൻ. അത് ദഹനം തടയുകയും, തലച്ചോറിൻ്റെ പ്രവർത്തനം കുറക്കുകയും, തൈറോയ്ഡ് പ്രവർത്തന രഹിതമാക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും ഈ സമയം നിയന്ത്രിക്കപ്പെടുന്നു എന്ന് ഡോ. റോബെർട്ട് ജി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ പറഞ്ഞു.
വളരെ സമ്മർദ്ദമേറിയ സാഹചര്യത്തിൽ ദേഷ്യം അനുഭവപ്പെടുക സ്വഭാവികമാണ്. എന്നാൽ അത് പരിധിവിട്ടു പോയാൽ മൊത്തത്തിലുള്ള മാനസികാവസ്ഥയെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും എന്ന് വോക്കാർഡ് ഹോസ്പിറ്റലിലെ സൈക്യട്രിസ്റ്റ് ഡോ. സോണൽ ആനന്ദ് പറഞ്ഞു.
അമിതമായി ദേഷ്യപ്പെടാൻ തയ്യാറാകുമ്പോൾ ശരീരം സ്വഭാവികമായ ഒരു ഫൈറ്റ് അല്ലെങ്കിൽ ഫ്ലൈറ്റ് പ്രതികരണത്തിലേക്കാണ് എത്തുന്നത്. ഇത് ഒരു അതിജീവന മാർഗമാണ്. ഈ പ്രതികരണം നിയന്ത്രിക്കുന്നതി ഓട്ടോണമിക് നാഡീവ്യവസ്ഥയാണ് എന്ന് സൈക്യാട്രിസ്റ്റായ ഡോ. രാഹുൽ റായ് പറയുന്നു.
എന്താകും സംഭവിക്കുക?
തലച്ചോറിലാണ് ആദ്യ മുന്നറിയിപ്പ് ഉണ്ടാകുന്നത്. അഡിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ അമിഗ്ഡാല ഹൈപ്പോതലാമസിന് തലച്ചോർ സൂചന നൽകുന്നു. ഈ ഹോർമോണുകൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും പേശികളിലേക്ക് കൂടുതൽ രക്തം എത്തിച്ച് പ്രവർത്തന സജ്ജമാക്കുന്നു. ആ അവസരത്തിൽ ശ്വാസോച്ഛ്വാസം വേഗത്തിലാകുകയും, ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഈ സമയം ഉയർന്നിരിക്കും.
ദേഷ്യം പേശികളിൽ പിരിമുറുക്കം ഉണ്ടാക്കുന്നു, പ്രത്യേകിച്ച് കഴുത്ത്, തോളുകൾ, താടിയെല്ല് എന്നിവിടങ്ങളിൽ. ദഹനം മന്ദഗതിയിലാകുകയും, ദഹനേന്ദ്രിയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനാൽ ഓക്കാനം, വയറുവേദന എന്നിവ അനുഭവപ്പെടുകയും ചെയ്തേക്കാം.
നീണ്ടു നിൽക്കുന്നതോ അല്ലെങ്കിൽ ഇടക്കിടെ ഉണ്ടാകുന്നതോ ആയ അമിതമായ ദേഷ്യം കാലക്രമേണ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. കൂടാതെ രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തുകയും, ഉത്കണ്ഠ വിഷാദം എന്നിവ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. നിരാശ, പ്രകോപനം, കുറ്റബോധം, പ്രക്ഷോഭം, സങ്കടം, അമിതമായി ചിന്തിക്കൽ, ദേഷ്യം എന്നിങ്ങനെ പരിണിത വികാരങ്ങൾ ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്നു.
ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തന്നെ വളരെയധികം ഇത് ബാധിച്ചേക്കും. ഇത്തരക്കാരിൽ ശ്രദ്ധക്കുറവ്, വ്യക്തമായി ചിന്തിക്കാൻ സാധിക്കാതെ വരിക, എന്നിവയും അനുഭവപ്പെട്ടേക്കാം. അതിനാൽ ദേഷ്യം നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്. സമ്മർദ്ദ പൂരിതമായ സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക, ശാന്തത പാലിക്കാൻ ശ്രമിക്കുക.
യോഗ, മറ്റ് വ്യായാമങ്ങൾ എന്നിവയിലൂടെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ ഒരു പരിധി വരെ ഒഴിവാക്കി ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.