/indian-express-malayalam/media/media_files/2025/01/07/Vs9WzGtm2ER33BOISF9j.jpg)
Source: Freepik
നെയ്യ് ഇന്ത്യൻ അടുക്കളകളിലെ ഒഴിച്ചു കൂടാനാവാത്തതാണ്. നിറയെ ആരോഗ്യ ഗുണങ്ങളും നെയ്യ് നൽകുന്നുണ്ട്. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് മാസ്റ്റർഷെഫ് ഇന്ത്യയുടെ സെമിഫൈനലിസ്റ്റ് കൃതി ധിമാൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരുന്നു.
മുൻപത്തെക്കാളും ചർമ്മത്തിന് തിളക്കം വന്നുവെന്നും, മുടിയുടെ ആരോഗ്യത്തിൽ നേരിയ മാറ്റം വന്നുവെന്നും അവർ പറഞ്ഞിരുന്നു. മാത്രമല്ല, നെയ്യ് കഴിക്കുന്നത് കൊണ്ട് തനിക്ക് വണ്ണം കൂടുകയോ വണ്ണം കുറയുകയോ ചെയ്തിട്ടില്ലെന്നും വെറും വയറ്റിൽ കഴിക്കുന്നത് പ്രഭാതഭക്ഷണത്തിൽ നിന്നുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിച്ചുവെന്നും അവർ അവകാശപ്പെട്ടു. ഇതിലെ വാസ്തവം എന്തെന്ന് ആരോഗ്യ വിദഗ്ധരോട് ചോദിക്കാം.
ഗ്യാസ്, ദഹനക്കേട്, വയർവീർക്കൽ, അല്ലെങ്കിൽ മലബന്ധം തുടങ്ങിയ വയർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നെയ്യ് കഴിക്കുന്നത് സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ജിനാൽ പട്ടേൽ പറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ നെയ്യ് ചേർത്ത വെള്ളം വളരെ ജനപ്രിയമാണ്. ചർമ്മത്തിലെ കൊളാജൻ വർധിപ്പിക്കുന്നതിനും പ്രതിരോധശേഷിയും ഊർജവും വർധിപ്പിക്കുന്നതിനും നെയ്യ് പ്രധാനമാണ്. നെയ്യ് ഗുണകരമാണെങ്കിലും മിതമായി കഴിക്കണമെന്നും പട്ടേൽ നിർദേശിച്ചു.
വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുന്നത് ആയുർവേദ രീതിയാണെങ്കിലും അതിന്റെ നേട്ടങ്ങളെക്കുറിച്ച് അവകാശപ്പെടുന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകൾ മാത്രമേ ഉള്ളൂവെന്ന് ഹൈദരാബാദിലെ ഡയറ്റീഷ്യൻ ഡോ.ബിരാലി ശ്വേത പറഞ്ഞു. ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും നെയ്യ് ചെയ്യുന്നുണ്ട്. പതിവായുള്ള മലവിസർജനത്തിനും സഹായിക്കുന്നു. അതേസമയം, ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നുവെന്നത് സ്ഥിരീകരിക്കാൻ വളരെ കുറച്ച് തെളിവുകളേ ഉള്ളൂവെന്ന് അവർ വ്യക്തമാക്കി.
നെയ്യിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾ ജാഗ്രതയോടെ കഴിക്കണം. കൊഴുപ്പ് കൂടുതലാകുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ഡോ.ബിരാലി പറഞ്ഞു. മിതമായ അളവിൽ നെയ്യ് വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ, ആരോഗ്യസംബന്ധമായ പ്രശ്നമുള്ളവർ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.